സൂപ്പർതാരം രജനീകാന്ത് തന്റെ ആത്മകഥ എഴുതുകയാണെന്ന വാർത്ത അദ്ദേഹത്തിന്റെ മകൾ സൗന്ദര്യ രജനീകാന്ത് സ്ഥിരീകരിച്ചു. ആരാധകർക്കിടയിലും സിനിമാ ലോകത്തും വലിയ ആവേശമാണ് ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.

To advertise here,

സൗന്ദര്യയുടെ പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് രജനീകാന്ത് തന്റെ ജീവിതകഥ എഴുതാൻ തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്. ആദ്യകാലം മുതൽ സിനിമയിലെത്തിയതു വരെയുള്ള യാത്ര പുസ്തകത്തിൽ വിവരിക്കുമെന്നും അവർ പറഞ്ഞു.

"കഠിനാധ്വാനത്തിലൂടെ സ്വന്തം വഴി വെട്ടിത്തെളിച്ച നമ്മുടെ പ്രിയപ്പെട്ട തലൈവർ തന്റെ ജീവിതചരിത്രം എഴുതാൻ തുടങ്ങിക്കഴിഞ്ഞു. ബെംഗളൂരുവിലെ ബസ് കണ്ടക്ടർ കാലം മുതൽ കോളിവുഡിലെ സൂപ്പർതാര പദവി വരെയുള്ള കാര്യങ്ങൾ അതിലുണ്ടാകും," സൗന്ദര്യ 'ഗലാട്ട' മീഡിയയോട് പറഞ്ഞു.

രജനീകാന്തിന്റെ വ്യക്തിജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും രൂപപ്പെടുത്തിയ നിർണ്ണായക നിമിഷങ്ങൾ ആത്മകഥയിലുണ്ടാകും. ആരാധകർക്ക് ഇതുവരെ അറിയാത്ത പല സ്വകാര്യ അനുഭവങ്ങളിലേക്കും പുസ്തകം വെളിച്ചം വീശുമെന്ന് സൗന്ദര്യ സൂചിപ്പിച്ചു. "അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളെക്കുറിച്ച് അറിയാൻ ആളുകൾക്ക് കൗതുകമുണ്ട്. ഓരോ വേഷത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നങ്ങളും ഇതിൽ വിവരിക്കും. ഇതൊരു ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പുസ്തകമായിരിക്കും," സൗന്ദര്യ കൂട്ടിച്ചേർത്തു.

'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് ദിവസവും എഴുതാറുണ്ടായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ് നേരത്തെ സൂചിപ്പിച്ചിരുന്നു. ആ പ്രസ്താവന ശരിവെക്കുന്നതാണ് ഇപ്പോൾ സൗന്ദര്യയുടെ വാക്കുകൾ.

അഞ്ച് പതിറ്റാണ്ടിലേറെ നീളുന്നതാണ് രജനീകാന്തിന്റെ സിനിമാ ജീവിതം. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകൾക്ക് പുറമെ ഹോളിവുഡിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ചടക്കവും പ്രതിസന്ധികളെ അതിജീവിച്ച രീതിയും ആത്മകഥയുടെ ഭാഗമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിലവിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2'-ന്റെ ചിത്രീകരണത്തിലാണ് രജനീകാന്ത്. ഇതിന് പിന്നാലെ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന 'തലൈവർ 173' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi