'പത്ത് ക്യാമറകളുമായി പെട്ടെന്ന് മുന്നിലെത്തുമ്പോൾ എനിക്ക് ബുദ്ധിമുട്ടാണ്'; നിഖില വിമൽ

നിഖില വിമൽ/Instagram
നിഖില വിമൽ/Instagram

പെട്ടെന്ന് ചുറ്റും ക്യാമറകൾ നിറയുക. ഒന്നിനു പിന്നാലെ ഒന്നായി ചോദ്യങ്ങളെത്തുക. എന്ത് പറയണമെന്ന് പോലും ആലോചിക്കാൻ സമയം കിട്ടാതെ മറുപടി പറയേണ്ടിവരിക. താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും സ്വാഭാവികമാണ്. എന്നാൽ, അത്തരം അപ്രതീക്ഷിത മാധ്യമ ഇടപെടലുകൾ തനിക്ക് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്ന് തുറന്നുപറയുകയാണ് നടി നിഖില വിമൽ.

പുതിയ ചിത്രം 'ധൂമകേതു' വിജയകരമായി പ്രദർശനം തുടരുന്നതിനിടെ നടന്ന വാർത്താസമ്മേളനത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്. പെട്ടെന്ന് ക്യാമറകൾക്ക് മുന്നിലെത്തുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോകുന്നതാണ് തന്റെ പ്രശ്‌നമെന്നും, അത് മാധ്യമപ്രവർത്തകരോടുള്ള ദേഷ്യമല്ലെന്നും നടി വ്യക്തമാക്കി.

''പെട്ടെന്ന് ക്യാമറകൾ വരുമ്പോൾ അത് എന്റെ സ്വന്തം സ്വകാര്യ ഇടം പോലെയാണ് എനിക്ക് തോന്നുന്നത്. അത് എന്റെ പ്രശ്‌നമാണ്, നിങ്ങളുടേതല്ല. നിങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്തതാണ് പ്രശ്‌നം. നിങ്ങൾക്ക് കണ്ടന്റ് വേണമെന്ന് എനിക്കറിയാം. അതിന്റെ ഭാഗമായാണ് നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത്. ചിലപ്പോൾ ചോദ്യം വളരെ അലോസരപ്പെടുത്തുന്നതാണെങ്കിലും, മറുപടി പറയേണ്ടതില്ലല്ലോ, അതിൽനിന്ന് ഒഴിഞ്ഞുമാറാമല്ലോ എന്ന് എനിക്ക് തോന്നും. നിങ്ങളോട് ദേഷ്യമുള്ളതുകൊണ്ടൊന്നുമല്ല,'' നിഖില പറഞ്ഞു.

മുൻകൂട്ടി അറിയാവുന്ന മാധ്യമ ഇടപെടലുകളും അപ്രതീക്ഷിതമായ ക്യാമറാ സാന്നിധ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും നിഖില പറയുന്നു. ''പ്രസ് മീറ്റാണെങ്കിൽ ഞാൻ തയ്യാറായിരിക്കും. എന്നാൽ കാറിൽനിന്ന് പെട്ടെന്ന് പുറത്തിറങ്ങുമ്പോൾ പത്ത് വീഡിയോ ക്യാമറകൾ മുന്നിൽ വന്ന് 'സംസാരിക്കൂ' എന്ന് പറഞ്ഞാൽ, ചിലപ്പോൾ അതിനായി ഞാൻ തയ്യാറായിട്ടുണ്ടാകില്ല. അതാണ് പ്രശ്‌നം. അത് എന്റെ പ്രശ്‌നമാണ്,'' നിഖില കൂട്ടിച്ചേർത്തു.

പുതിയചിത്രം 'ധൂമകേതു'വിലെ നിഖിലയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. വ്യത്യസ്തമായ ആശയവും ടൈം ലൂപ്പ് പശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രത്യേകത. അതേസമയം, ചിത്രത്തിലെ ചില രംഗങ്ങളും ശ്രദ്ധേയമാണ്. സ്വവർഗാനുരാഗത്തെ സ്വാഭാവികമായി കാണുന്ന സംഭാഷണവും, ഒരു പെൺകുട്ടിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള നാട്ടുകാരുടെ സംസാരത്തെ അത്ര ഗൗരവമായി കാണേണ്ടതില്ലെന്ന് കഥാപാത്രം പറയുന്ന രംഗവുമെല്ലാം ചിത്രത്തിന്റെ ശ്രദ്ധേയമായ ഭാഗങ്ങളായി നിരൂപകർ ചൂണ്ടിക്കാട്ടുന്നു. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi