മുതിർന്ന നടന്മാർക്ക് ഈഗോയും അരക്ഷിതാവസ്ഥയും കൂടുതലെന്ന് നീന ഗുപ്ത

നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാരംഗത്തുണ്ട് നീന ഗുപ്ത. പല ഭാഷകളിൽ പല അഭിനേതാക്കൾക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ള നീന അടുത്തിടെ നടത്തിയ പരാമർശം ശ്രദ്ധിക്കപ്പെടുകയാണ്. തനിക്ക് കൂടുതൽ അടുപ്പം തോന്നുന്നത് ജൂനിയറായ യുവഅഭിനേതാക്കളോടാണെന്നാണ് 67-കാരിയായ നീന പറഞ്ഞത്. തന്‍റെ തലമുറയിലെ അഭിനേതാക്കൾക്കിടയിലുള്ള ‘ഈഗോയും അരക്ഷിതബോധവുമാണ്’ ഇതിന് കാരണമെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കുന്നു.
ഏകദേശം നാലോ അഞ്ചോ തലമുറകളിലെ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടല്ലോ, ഇതിലേറ്റവും exhausting ആയിത്തോന്നിയത് ഏത് തലമുറയാണെന്ന് ചോദിച്ചപ്പോൾ, മുതിർന്ന തലമുറ എന്നവർ തുറന്നടിച്ചു.
“യുവതലമുറയുമായി ഞാൻ നന്നായി ഒത്തൊരുമിച്ചു പോകുന്നു. ഞാൻ അവരേക്കാളും ഒരുപാട് മൂത്തയാളാണെന്ന് എനിക്ക് തോന്നാറേയില്ല. എന്നാൽ എന്റെ തലമുറയിലെ അഭിനേതാക്കൾക്കൊപ്പം ജോലി ചെയ്യുമ്പോൾ, അത് വലിയ ബുദ്ധിമുട്ടാണ്.”-അവർ പറഞ്ഞു.
തന്റെ തലമുറയിലെ അഭിനേതാക്കൾ അരക്ഷിതബോധമുള്ളവരാണെന്നും അവർ പറയുന്നു. “അവർക്ക് വലിയ ഈഗോയാണ്. ഒരിക്കൽ ഷൂട്ടിങ്ങിനിടയിൽ, ഒരു നടൻ എനിക്ക് പിന്നിൽ നിൽക്കുകയായിരുന്നു, താൻ (ഫ്രെയിമിൽ) ഇല്ലെന്ന് മനസ്സിലാക്കിയ അയാൾ എന്നെ പിന്നിലേക്ക് വലിച്ച് ആ സ്ഥലം പിടിച്ചു. അങ്ങനെയൊക്കെയാണ് കാര്യം. അവർക്ക് ഈഗോ പ്രശ്നങ്ങളും അരക്ഷിതബോധവുമുണ്ട്.”-അവർ പറഞ്ഞു.
നീനയുടെ ഏറ്റവും പുതിയ സിനിമ 'ചുംബക്' ആണ്. ചിത്രത്തിലെ സഹതാരങ്ങളിൽ ഭൂരിഭാഗവും നീനയേക്കാൾ 20 വയസ്സിനെങ്കിലും ഇളയവരാണ്. നീന തുടർന്നു- “കൂടാതെ, അവർക്ക് ഏത് കാര്യവും പെട്ടെന്ന് വിഷമമുണ്ടാക്കും. അവരത് വ്യക്തിപരമായി എടുക്കുന്നു. ഈ ആളുകളോട് (ചുംബകിലെ സഹതാരങ്ങളോട്) എനിക്കെന്തും പറയാം, അവർക്കതിൽ വിഷമമില്ല. അതുകൊണ്ട് ഞാനെപ്പോഴും യുവാക്കൾക്കൊപ്പം ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.”
ദേവൻ ഭോജാനി, സന്ദീപ് ധർ, സുമീത് വ്യാസ്, മാനസി ജോഷി തുടങ്ങി വലിയ താരനിരയാണ് 'ചുംബക്' എന്ന ചിത്രത്തിൽ നീനയ്‌ക്കൊപ്പമുള്ളത്. ആതിഷ് കപാഡിയ രചനയും സംവിധാനവും നിർവഹിച്ച് ജെ.ഡി മജീതിയ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 11 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi