'അതിനുശേഷം സ്ത്രീകളെ തല്ലാൻ അനുവദിച്ചില്ല, 55-ാം വയസ്സിലും പ്രണയരംഗങ്ങളിൽ അഭിനയിക്കാം'

ചോക്ലേറ്റ് ബോയ് എന്നാണ് നടൻ ആർ.മാധവൻ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ചെയ്ത റൊമാന്റിക് കഥാപാത്രങ്ങളാണ് അങ്ങനെയൊരു പേരുവരാൻ കാരണമായത്. അലൈപായുതേ, മിന്നലെ, രഹ്നാ ഹെ തേരെ ദിൽ മേം, തനു വെഡ്‌സ് മനു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട റൊമാന്റിക് സിനിമകൾ. അതിൽ തന്നെ ഒതുങ്ങുമെന്ന് കരുതിയപ്പോഴാണ് മറ്റു ജോണറുകളിലേക്ക് അദ്ദേഹം മാറിയത്.
മാധവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിലൊന്നായിട്ടാണ് 'അലൈ പായുതേ' അറിയപ്പെടുന്നത്. ചിത്രത്തിലെ സ്‌നേഹിതനേ, പച്ചൈ നിറമേ, സാത്തിയ എന്നീ പാട്ടുകൾക്ക് ഇന്നും ആരാധകരേറെയാണ്.
പ്രണയചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ താരം. പ്രായം കൂടുന്നതോടെ സിനിമയിലെ പ്രണയരംഗങ്ങൾക്കുള്ള സാധ്യത പൂർണമായും അടയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
''അലൈപായുതേ'യിലേതുപോലെയുള്ള നായകവേഷങ്ങൾ ഇനി ചെയ്യില്ലെന്ന് എനിക്കറിയാം. എന്നാൽ, അത്രതന്നെ സ്വാധീനമുള്ള റൊമാന്റിക്-റിലേഷൻഷിപ്പ് വേഷങ്ങൾ ചെയ്യാൻ എനിക്ക് കഴിയില്ലെന്ന് കരുതേണ്ട കാര്യമില്ല''. പ്രായത്തിനനുസൃതമായ പ്രണയരംഗങ്ങൾ അവതരിപ്പിക്കുന്നതിൽ താൻ എപ്പോഴും ശ്രദ്ധാലുവാണെന്നും, പ്രായത്തിന് ചേരാത്ത വേഷങ്ങൾ ഒരിക്കലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''55 വയസ്സായി എന്നതുകൊണ്ട് പ്രണയത്തിന് സ്ഥാനമില്ലെന്നർത്ഥമില്ല. തീർച്ചയായും അങ്ങനെയല്ല'', അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എഡിസൺ എന്നറിയപ്പെടുന്ന ജി.ഡി.നായിഡുവിനെക്കുറിച്ചുള്ള ജീവചരിത്രസിനിമയിലാണ് മാധവൻ ഇനി അഭിനയിക്കുന്നത്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ജീവിതകഥയിൽ പ്രണയവും വന്നുപോകുന്നുണ്ട്. അതിനിടയ്ക്കാണ് പ്രണയത്തെക്കുറിച്ചുള്ള മാധവന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ആവേശകരമായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. ''കുറേ കാലത്തിന് ശേഷം ഒടുവിൽ എനിക്കൊരു പ്രണയരംഗം ചെയ്യാൻ അവസരം ലഭിച്ചു. അത് ചെയ്യാൻ എനിക്ക് വലിയ താത്പര്യമാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ക്രീനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചിത്രീകരിക്കുന്ന കാര്യത്തിൽ കരിയറിലുടനീളം താൻ പാലിക്കുന്ന നിബന്ധനയെക്കുറിച്ചും ഈ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
തന്റെ സിനിമകളിലൊന്നിലും സ്ത്രീകളെ തല്ലുന്ന രംഗം അനുവദിച്ചിട്ടില്ലെന്നും, എന്നാൽ കരിയറിന്റെ തുടക്കകാലത്ത് ഒരൊറ്റ തവണ മാത്രം അതിനൊരു അപവാദം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ഒരു സിനിമയിൽ, ആ രംഗത്തിന് ആവശ്യമാണെന്ന് സംവിധായകൻ പറഞ്ഞതിനാൽ സ്ത്രീയുടെ മുഖത്തടിക്കുന്നതായി ചിത്രീകരിച്ചത് എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. എന്നാൽ അതിനുശേഷം, ഒരു സിനിമയിലും സ്ത്രീയുടെ മുഖത്തടിച്ചിട്ടില്ല, അങ്ങനെയൊന്ന് അനുവദിച്ചിട്ടുമില്ല'', മാധവൻ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: R. Madhavan believes age does not limit the ability to perform romantic roles. The actor maintains a strict policy against scenes depicting violence against women.