'ചരിത്രം തെറ്റിദ്ധരിച്ച സ്ത്രീ'; രാമായണത്തിലെ കൈകേയിയെക്കുറിച്ച് നടി

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ കൈകേയിയായി വേഷമിട്ടതിന്റെ അനുഭവവും സന്തോഷവും പങ്കുവെയ്ക്കുകയാണ് നടി ലാറ ദത്ത. ചരിത്രത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് കൈകേയിയെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും താരം വ്യക്തമാക്കി. സിനിമയുടെ റിലീസ് ദിനത്തിൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് ലാറ മനസ്സ് തുറന്നത്.
"വർഷങ്ങൾക്ക് മുൻപ് മനസ്സിൽ തോന്നിയ വലിയൊരു ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. വ്യക്തികൾക്കും സമയത്തിനും അതീതമായി നിൽക്കുന്ന, നമ്മുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഒരു മഹത്തായ കഥയുടെ ഭാഗമാകാൻ കഴിഞ്ഞു," അവർ കുറിച്ചു.
കൈകേയി എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ, ആത്മബന്ധങ്ങൾ, കുറ്റബോധം എന്നിവയെല്ലാം സ്ക്രീനിൽ ജീവസ്സുറ്റതാക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമായിരുന്നു എന്ന് ലാറ പറയുന്നു. "ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച, അല്ലെങ്കിൽ വിധി നിശ്ചയിച്ച വഴിയിലൂടെ ചരിത്രത്തെ നയിച്ച ഒരു അമ്മയെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയൊരവസരമാണ്. നൂറ്റാണ്ടുകളായുള്ള മുൻവിധികൾക്കപ്പുറത്തേക്ക് കൈകേയിയെ നോക്കിക്കാണാനും, ഒരു ദൈവിക നിയോഗം പൂർത്തിയാക്കുന്നതിൽ അവർ വഹിച്ച നിർണ്ണായക പങ്ക് മനസ്സിലാക്കാനും പ്രേക്ഷകർക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," താരം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ നിർമ്മാതാവ് നമിത് മൽഹോത്രയ്ക്കും സംവിധായകൻ നിതീഷ് തിവാരിയ്ക്കും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് ലാറ നന്ദി അറിയിച്ചു. ജീവിതത്തിലെ ഈ സുപ്രധാന നേട്ടം കാണാൻ തൻ്റെ പിതാവ് ഒപ്പമില്ലല്ലോ എന്ന സങ്കടവും താരം കുറിപ്പിൽ പങ്കുവെച്ചു.
ജൂലൈയിൽ പുറത്തിറങ്ങിയ 'രാമായണ' ട്രെയിലറിൽ ലാറ ദത്തയുടെ വ്യത്യസ്തമായ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 27-ന് ലോസ് ഏഞ്ചലസിൽ നടന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിന് അന്താരാഷ്ട്ര നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന അണിയറപ്രവർത്തകരുടെയും താരങ്ങളുടെയും പ്രീമിയർ ഷോയിലും ലാറ ദത്ത തിളങ്ങിയിരുന്നു.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. അതേസമയം, മുൻപ് രാമായണ പരമ്പരയിൽ ലക്ഷ്മണനായി വേഷമിട്ട സുനിൽ ലാഹിരി, ചിത്രത്തിലെ സംഗീത സംവിധാനത്തിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lara Dutta plays Kaikeyi in Nitesh Tiwari's high-budget Ramayana film., She described Kaikeyi as one of the most misunderstood characters in history., The film is released in two parts, with the first part currently in theaters., Lara expressed her emotional journey and gratitude to the director and producer.