'ടോക്‌സിക്കി'ലെ തന്റെ ഇന്റിമേറ്റ് സീനുകൾ വെട്ടിമാറ്റണമെന്ന് കിയാര; യഷിന്റെ ഉറപ്പിലാണ് അഭിനയിച്ചത്

കിയാര അദ്വാനി, ടോക്‌സിക്കിൽ കിയാരയും യഷും / IMDb
കിയാര അദ്വാനി, ടോക്‌സിക്കിൽ കിയാരയും യഷും / IMDb

യഷ് നായകനാവുന്ന ചിത്രമാണ് 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്‌സ് (Toxic: A Fairy Tale for Grown-ups). 800 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഇതുവരെ നിർമിച്ച ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഏപ്രിൽ 2025-ൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പിന്നീട് 2026 മാർച്ചിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. അതും നീട്ടിവെച്ചതായി യഷ് അറിയിച്ചു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ജൂണിലാണ് സിനിമ റിലീസ് ചെയ്യുക.

ആദ്യത്തെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ വിവാദത്തിലായ സിനിമ കൂടിയാണ് 'ടോക്‌സിക്'. യഷും മറ്റൊരു താരവും തമ്മിലുള്ള ഇന്റിമേറ്റ് രംഗമാണ് വിമർശനങ്ങൾക്കിടയാക്കിയത്. സ്ത്രീകളെ വിൽപ്പനച്ചരക്കാക്കുന്നു, കടുത്ത അശ്ലീലതയാണ് എന്നൊക്കെ ആരോപിച്ച്

ആം ആദ്മി പാർട്ടിയുടെ വനിതാവിഭാഗം ടീസറിനെതിരെ പരാതിയും നൽകി. എന്നാൽ, ടീസറിന് സെൻസറിങ് ഇല്ലെന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് ഗീതു മോഹൻദാസിനെതിരെയും വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ, നായകനായ യഷ് ഗീതുവിനെ പിന്തുണച്ച് രംഗത്തെത്തി.

ഇപ്പോഴിതാ 'ടോക്‌സിക്കു'മായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. സിനിമയിലെ തന്റെ ഇന്റിമേറ്റ് രംഗങ്ങളിലെ ചില ഭാഗങ്ങൾ വെട്ടിമാറ്റണമെന്ന് കിയാര അദ്വാനി ആവശ്യപ്പെട്ടതായിട്ടാണ് ഒരു തെലുഗു വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഫൈനൽ കട്ട് കണ്ടശേഷമാണ് ഇക്കാര്യം നിർമാതാക്കളോട് കിയാര അഭ്യർഥിച്ചതെന്നും വാർത്തയിൽ പറയുന്നു.

ചില സീക്വൻസുകളുടെ എഡിറ്റ് ചെയ്ത ഭാഗം കണ്ടശേഷമാണ് കിയാര ഇങ്ങനെ പറഞ്ഞതത്രേ. അത് സ്‌ക്രീനിൽ എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന കാര്യത്തിൽ അവർ അസ്വസ്ഥയാണെന്നും പറയപ്പെടുന്നു. നേരത്തെ യഷിന്റെ ഉറപ്പിലാണ് റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ കിയാര തയ്യാറായത്. അത് കിയാരയുടെ കംഫർട്ട് ലെവലിലുള്ള രംഗമാണെന്നാണ് യഷ് ഉറപ്പുനൽകിയത്. എന്നാൽ ഫൈനൽ കട്ട് കണ്ടതോടെ കിയാര തന്റെ തീരുമാനം നിർമാതാക്കളെ അറിയിക്കുകയായിരുന്നു.

നേരത്തെ തന്നെ സിനിമയിലെ രംഗങ്ങൾക്കെതിരെയുള്ള എതിർപ്പുകളാണ് കിയാരയുടെ ഈ തീരുമാനത്തിന് പിന്നിലെന്നും അറിയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kiara Advani requests removal of specific intimate scenes in the film Toxic. The film, directed by Geetu Mohandas and starring Yash, is now targeting a June 2026 release.