'കണ്ടിട്ട് നദിയയെ പോലെയുണ്ടല്ലോ, പേര് വേറെയും'- ഇലക്ഷന്‍ ബൂത്തില്‍ വച്ച് എന്നോട് ചോദിച്ചു

നദിയാ മൊയ്തു
നദിയാ മൊയ്തു

നദിയ മൊയ്തു എന്ന് പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഒരു മുഖമാണ് മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുക, നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ഗേളി എന്ന പെണ്‍കുട്ടി. ചുരുങ്ങിയ കാലംകൊണ്ട് മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി നല്ല കുറേ സിനിമകളുടെ ഭാഗമായി നദിയ മൊയ്തു. വെള്ളിവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെയാണ് അവര്‍ സിനിമയോട് വിടപറഞ്ഞ്, കുടുംബജീവിതത്തിലേക്ക് കടന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്നു. രണ്ടാം വരവിലും കരുത്തുറ്റ കഥാപാത്രങ്ങളുമായി നദിയ തിളങ്ങുകയാണ്. 

നോക്കെത്താദൂരത്തിലെ ഗേളിയില്‍നിന്നും ഇന്നത്തെ നദിയയിലേക്ക് എത്തുമ്പോള്‍ വലിയ മാറ്റങ്ങളൊന്നും ഇപ്പോഴും തോന്നുന്നില്ല..

മാറ്റങ്ങള്‍ സ്വാഭാവികമായിട്ടുമുണ്ട്. അതുണ്ടാവുമല്ലോ. എന്റെ ചിന്താഗതികള്‍ മാറി. സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്കും വലിയ വ്യത്യാസം വന്നു. പക്ഷേ, എന്നെക്കാണുമ്പോള്‍ പലരും പറയാറുണ്ട്, പഴയതുപോലെ തന്നെ എന്ന്. നമ്മുടെ മനസ്സിലൊരു ചിന്തയുണ്ട്. മുപ്പത് വയസ്സായാല്‍ ആളുകള്‍ ഇങ്ങനെയായിരിക്കണം, നാല്പത് വയസ്സില്‍ ഇങ്ങനെവേണം, അമ്പതില്‍ ഇങ്ങനെയായിരിക്കണം എന്നൊക്കെ. അത് ഒരു ചിന്ത മാത്രമാണ്. പക്ഷേ, അതെല്ലാം നമുക്ക് മാറ്റാനാകും, നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളിലൂടെയും. ഞാന്‍ ജീവിതത്തിലെപ്പോഴും സന്തോഷം കണ്ടെത്തുന്നയാളാണ്.
ഇരുന്ന് ചിന്തിച്ചാല്‍ ദിവസവും സന്തോഷിക്കാന്‍ മൂന്ന് കാരണങ്ങളെങ്കിലും കാണാന്‍ പറ്റും. നമ്മള്‍ യാത്ര ചെയ്യുകയാണെന്നിരിക്കട്ടെ.നമ്മുടെ ഫ്‌ലൈറ്റ് കൃത്യസമയത്തിന് വരുന്നു, എത്തിയയുടന്‍ വണ്ടി കിട്ടുന്നു. ഇതൊക്കെ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന അവസരങ്ങളല്ലേ.
വേണമെങ്കില്‍ ഫ്‌ളെറ്റ് വൈകാം, നമ്മുടെ വണ്ടി കേടാവും. എന്തും സംഭവിക്കാം. പക്ഷേ അതൊന്നും സംഭവിക്കുന്നില്ല എന്നതില്‍ നമുക്ക് സന്തോഷിക്കാം. ഇങ്ങനെ ഓരോ കാര്യങ്ങളിലൂടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പറ്റും.

ഓര്‍മയുണ്ടോ നോക്കെത്താ ദൂരത്തിലെ ആ ദിനങ്ങള്‍?

പിന്നേ, നല്ല ഓര്‍മയുണ്ട്. ഞാനാദ്യമായി ചെയ്യുന്ന സിനിമയാണത്.സൈറ്റില്‍ വരുമ്പോഴും സിനിമയില്‍ അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. സ്‌കൂളില്‍ ഏതോ ഒരു നാടകത്തില്‍ അഭിനയിക്കുകയാണെന്നേ തോന്നിയിട്ടുള്ളൂ.ഫാസിലങ്കിളിന്റെ സഹോദരന്‍മാരെല്ലാം എന്റെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. ആ ഒരു അടുപ്പമു ണ്ടായിരുന്നു. ഈ സിനിമ നന്നായി ഓടണം, അതുകഴിഞ്ഞ് കുറേ പടങ്ങള്‍ ചെയ്യണം, അങ്ങനെയുള്ള വിചാരങ്ങളൊന്നും തീരെ ഉണ്ടായിരുന്നില്ല. നല്ല പരിചയമുള്ള ആള്‍ക്കാര്‍ ഒരു പടം ചെയ്യാന്‍ ഓഫര്‍ തന്നു, ചെയ്തു..അത്രേയുള്ളൂ.
അന്നെനിക്ക് മലയാളം അത്ര നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. എനിക്കാണെങ്കില്‍ കുറേ ഡയലോഗ് ഉണ്ട് പറയാന്‍.സംവിധായകന്‍ സിദ്ദിഖ് ആയിരുന്നു അന്ന് ഫാസില്‍ സാറിന്റെ അസോസിയേറ്റ്. എനിക്ക് ഡയലോഗുകള്‍ പഠിപ്പിച്ചുതരാനും അത് മനപ്പാഠമാക്കിത്തരാനും ഒക്കെ സിദ്ദിഖ് കുറേ മെനക്കെട്ടിട്ടുണ്ട്. സൈറ്റില്‍ ഇടവേളകളില്‍ ലാലും സിദ്ദിഖും കുറേ മിമിക്രിയും അതുമിതുമൊക്കെ കാണിക്കുമായിരുന്നു. അത് ആസ്വദിക്കും.എന്നാലും എനിക്ക് പഠിക്കാന്‍ കുറേ ഡയലോഗുകള്‍ ഉള്ളതുകൊണ്ട് അതിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ.

ആ സിനിമയിലെ നദിയയുടെ ഹെയര്‍സ്‌റ്റൈല്‍ പിന്നീട് പലരും അനുകരിച്ചിട്ടുണ്ട്..?

അതേ, അതൊക്കെ കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. എനിക്ക് കുറേ സ്വാതന്ത്യം തന്നിരുന്നു, ഫാസിലങ്കിള്‍. എന്റെ ഡ്രസ്സിങ് ആണെങ്കിലും അദ്ദേഹം എന്റെ കൈയിലേക് വിട്ടുതന്നു. കോളേജിലേക്ക് എങ്ങനെയാണ് പോവുക, അതുപോലെ റെഡിയായി വന്നാല്‍ മതിയെന്ന് പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റൊക്കെയുണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ട രീതിയിലാണ് ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്. നമ്മളെ സ്‌ക്രീനില്‍ കാണുമ്പോള്‍ എങ്ങനെയിരിക്കും എന്ന് ചിന്തിക്കാന്‍ മാത്രമുള്ള വിവരമൊന്നും ഇല്ലായിരുന്നു. കാരണം, പതിനെട്ട് വയസ്സല്ലേയുള്ളൂ എനിക്കന്ന്.

വീട്ടുകാരിട്ട പേര് സറീന മൊയ്തു എന്നാണ്. സറീനയും നദിയയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടോ?

അങ്ങനെയല്ല. ശരിക്കും രണ്ട് പേഴ്‌സണാലിറ്റിയായിട്ടാണ് ഞാന്‍ കാണുന്നത്. ഒന്നൊരു പ്രൊഫഷണല്‍ പേരും, പിന്നൊരു പേഴ്‌സണല്‍ പേരും. അങ്ങനെയേ ഞാനത് കാണുള്ളൂ. എല്ലാ റെക്കോര്‍ഡുകളിലും ഞാന്‍ സറീന എന്ന പേരാണ് ഉപയോഗിക്കുന്നത്. വോട്ട് ചെയ്യാനൊക്കെ പോകുമ്പോള്‍, ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോ കണ്ടാല്‍ അവര്‍ക്ക് മനസ്സിലാവും. പക്ഷേ പേര് സറീന എന്നായിരിക്കും അതില്‍. അപ്പോള്‍ അവര്‍ക്കാകെ കണ്‍ഫ്യൂഷനാവും. കണ്ടിട്ട് നദിയയെ പോലെയുണ്ടല്ലോ. പേര് വേറെയും എന്ന്.അങ്ങനെ കുറേ തമാശകള്‍..

സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്ത് തന്നെയാണല്ലോ, കുടുംബജീവിതത്തിലേക്ക് കടന്നത്? എല്ലാം നേരത്തെ പ്ലാന്‍ഡ് ആയിരുന്നോ ?

എനിക്ക് കല്യാണം കഴിക്കാന്‍ തോന്നി, കഴിച്ചു. അതുകഴിഞ്ഞ് നേരെ അമേരിക്കയില്‍ പോയി. പിന്നെ കുട്ടികളുണ്ടായി. പിന്നീട് ഭര്‍ത്താവ് സിറീഷിന് ജോലി മുംബൈയിലേക്ക് മാറിയപ്പോള്‍ ഞങ്ങള്‍ തിരിച്ചു വന്നു. അപ്പോഴാണ് തമിഴിലേക്ക് ഒരു ഓഫര്‍ വരുന്നത്. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സിനിമ. സിറീഷിന്റെ മനസ്സില്‍ അന്നേ ഒരു ചിന്തയുണ്ടായിരുന്നു, ഞാന്‍ കരിയറിന്റെ പീക്കിലാണ് സെറ്റിലായതെന്ന് . സിറീഷും സപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ ഓഫര്‍ സ്വീകരിച്ചു.അത് വിജയിച്ചപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ പടങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അന്ന് കുട്ടികളുടെ അവധിയൊക്കെ നോക്കിയിട്ടായിരുന്നു സിനിമ കമ്മിറ്റ് ചെയ്തത്.ഇപ്പോള്‍ കുട്ടികളും വലുതായി.മൂത്ത മോള്‍ ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുകയാണ്. ഇളയ മോള്‍ ബോസ്റ്റണില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴെനിക്ക് അഭിനയിക്കാന്‍ കുറച്ച് സമയം കൂടി കിട്ടി.

നദിയ സജീവമായിരുന്ന കാലത്തുനിന്ന് സിനിമ ഒരുപാട് മാറിയോ?

ഒ.ടി.ടി.യുള്ളതുകൊണ്ട് ഇപ്പോള്‍ ഒരുപാട് സിനിമകള്‍ കാണും. ഹിന്ദി, മറാഠി, ഹിന്ദി, മലയാളം എല്ലാം കണ്ടു. പ്രത്യേകിച്ച് ഈ കോവിഡ് സമയത്ത്. കഴിവുള്ള കുറേ ആര്‍ട്ടിസുമാരെ പല സിനിമകളിലും കണ്ടു. അതുകാണുമ്പോള്‍ നമുക്ക് തന്നെ നമ്മുടെ കഴിവിനെക്കുറിച്ച് സംശയം തോന്നും. നമുക്കിങ്ങനെ പെര്‍ഫോം ചെയ്യാന്‍ പറ്റുമോ, എന്തൊരു ടാലന്റാണ്. അവര്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും എന്തൊരു ആഴമാണ്? ഒ.ടി.ടി വന്നപ്പോള്‍ മനസ്സിലായൊരു കാര്യമുണ്ട്. കണ്ടന്റ് ആണ് രാജാവ്.നമ്മളൊക്കെ അതിലൊരു കഥാപാത്രം മാത്രം. പടം കഴിഞ്ഞാലും നമ്മളിരുന്ന് ചിന്തിക്കും.ഇരുന്ന് ചര്‍ച്ച ചെയ്യാന്‍ പറ്റിയ പടങ്ങള്‍. സാറാസും ഹോമുമാണ് ഒടുവില്‍ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.

സ്ത്രീകള്‍ക്ക് ഇപ്പോഴും നല്ല റോളുകള്‍ കിട്ടുന്നുണ്ടാ? 

വളരെ കുറച്ച് ആര്‍ട്ടിസ്റ്റുമാര്‍ക്ക് മാത്രമേ നല്ല റോളുകള്‍ കിട്ടുന്നുള്ളൂ. സ്ത്രീകള്‍ക്ക് നല്ല റോള്‍ കിട്ടുക എന്നത് ശരിക്കും ബുദ്ധിമുട്ട് തന്നെയാണിപ്പോഴും. കാരണം ഇപ്പോഴും സിനിമ വളരെയധികം യൂത്ത് ഓറിയന്റഡും മെയില്‍ ഓറിയന്റഡുമാണ്.പക്ഷേ പതുക്കെ പതുക്കെ മാറ്റങ്ങള്‍ വരുന്നുണ്ട്. അതിന് കുറച്ച് സമയമെടുക്കും.

മലയാളത്തിലേക്ക് ഉടനെയൊന്നും ഇല്ലേ?

ഇനിയും നല്ല റോളുകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. ശരിക്കും നോക്കുമ്പോള്‍ ഞാനേറ്റവും കുറവ് പടങ്ങള്‍ ചെയ്തത് മലയാളത്തിലാണ്. പക്ഷേ നോക്കെത്താ ദൂരത്ത് എന്ന ഒറ്റസിനിമിലൂടെ ആളുകളുടെ സ്‌നേഹവും, അംഗീകാരവുമൊക്കെ നേടാന്‍ കഴിഞ്ഞു. ഇപ്പോഴും ആ സ്‌നേഹമുള്ളത് ഒരു അംഗീകാരമായിട്ടാണ് കാണുന്നത്.
 

Content Highlights: interview with actress nadia moidu