നമ്മുടെയുള്ളിലെ ബിജുക്കുട്ടന് എന്നും നിത്യയൗവനമാണ്. 'പോത്തന്‍ വാവ'യിലെ മത്തായിയും 'ഛോട്ടാ മുംബൈ'യിലെ സുശീലനും 'ആട് ഒരു ഭീകരജീവിയാണ് ' എന്ന സിനിമയിലെ ബാറ്ററി സൈമണും 'അടി കപ്യാരെ കൂട്ടമണി'യിലെ ശാന്തപ്പനും നമ്മളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നതിന് കാരണം ആ 'ചെറുപ്പം' കൂടിയാണ്. ''സിനിമയും മിമിക്രിയും കൊണ്ടാണ് ഞാനിപ്പോഴും ജീവിക്കുന്നത്. പഴയതുപോലെ വലിയ സിനിമകള്‍ കുറവാണെങ്കിലും ആളുകളുടെ മനസ്സില്‍ ഞാനുണ്ട്. അതിന് ട്രോളുകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്'', ബിജുക്കുട്ടന്‍ ചിരിച്ചു. 

ഇപ്പോള്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്നെങ്കിലും, സിനിമയിലൊന്ന് മുഖം കാണിക്കണമെന്ന ആഗ്രഹവുമായി തേരാപ്പാരാ നടന്നൊരു ഭൂതകാലം ബിജുക്കുട്ടനുണ്ട്. പറവൂരിലെ വീട്ടിലിരുന്ന് പഴയകാലം ഓര്‍ത്തെടുക്കുമ്പോള്‍ ഭാര്യ സുബിതയും മക്കളായ ലക്ഷ്മിയും പാര്‍വതിയും കൂടെയുണ്ട്. 
''കുഞ്ഞുന്നാളിലേ മിമിക്രിയും മോണോ ആക്ടും എന്റെ കൂടെയുണ്ട്. അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമല്ലോ എന്നായിരുന്നു ചിന്ത. അതുകൊണ്ട് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ ഞാന്‍ വല്ല ഡോക്ടറുമായേനെ...''ബിജുക്കുട്ടന്‍ സരോജ് കുമാര്‍ ശൈലിയില്‍ ഒരു പൊട്ടിച്ചിരിയിലേക്ക് വഴുതിവീണു. 
''മിമിക്രിക്കും മോണോ ആക്ടിനും മാത്രമല്ല, ആവേശം മൂത്ത് എല്ലാത്തിലും പേരുകൊടുക്കും. ഏതുവഴിയാണ് സിനിമയില്‍ കേറിപ്പറ്റുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ. ശാസ്ത്രീയസംഗീതം വരെ പാടിയിട്ടുണ്ട്. കുളിച്ച് കുട്ടപ്പനായി കുറിയും തൊട്ട് സ്റ്റേജില്‍ കേറും. കോമഡി കാണിക്കാനാണ് വരുന്നതെന്ന് ടീച്ചര്‍മാര്‍ക്കെല്ലാം അറിയാം. അതിനിടെ സ്‌പോര്‍ട്‌സിലും ഒരു കൈ നോക്കി. 1500 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ച് പകുതിയായപ്പോള്‍ തോല്‍ക്കുമെന്ന് മനസ്സിലായി. അതോടെ നൈസായിട്ട് തലകറങ്ങിവീണു. പിന്നെയാണ് ഓര്‍ത്തത്, സ്‌പോര്‍ട്‌സ് വഴി സിനിമയിലെത്താന്‍ പറ്റില്ലല്ലോ എന്ന്. അങ്ങനെ അതും നിര്‍ത്തി. 
സ്‌കൂളില്‍ നിന്നിറങ്ങിയിട്ടും മിമിക്രി തന്നെയായിരുന്നു ആശ്രയം. ഞാനും കൂട്ടുകാരും ചേര്‍ന്ന് ചുമ്മാ മിമിക്രി കാണിച്ചുനടക്കും. അന്ന് കലാഭവന്‍, ഹരിശ്രീ, ഓസ്‌കാര്‍ എന്നിങ്ങനെ രണ്ടോ മൂന്നോ മിമിക്രി ട്രൂപ്പുകള്‍ മാത്രമേയുള്ളൂ. ട്രൂപ്പുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നുവെന്ന് പത്രത്തില്‍ കാണുമ്പോള്‍ അപേക്ഷിക്കും. ഞാനും കൂട്ടുകാരന്‍ രാജേഷ് പറവൂരും കൂടി ഇന്റര്‍വ്യൂവിനും പോവും. അവനെ ട്രൂപ്പിലെടുക്കും. കാരണം അവന്‍ താരങ്ങളെയൊക്കെ അനുകരിക്കും. എനിക്ക് കോമഡിയുണ്ടാക്കാനേ അറിയൂ. കോമഡി ചെയ്യാന്‍ ഹരിശ്രീ അശോകന്‍ ചേട്ടനൊക്കെയുള്ളപ്പോള്‍ എനിക്ക് ചാന്‍സില്ല. അല്ലെങ്കില്‍ പിന്നെ പാട്ടുപാടാനറിയണം. പാരഡിക്കൊക്കെ നല്ല മാര്‍ക്കറ്റായിരുന്നു അന്ന്. 


ഭസ്മവും തേച്ച് പണ്ട് സ്‌കൂള്‍ സ്റ്റേജില്‍ പാടാനെന്ന പേരില്‍ കേറിയിട്ടുണ്ടെന്നല്ലാതെ പാട്ടുപാടാനും അറിയില്ല. ഒടുവില്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്നൊരു ട്രൂപ്പുണ്ടാക്കി, 'ആലുവ മിമി വോയ്‌സ്'. ചെറിയ പരിപാടികളൊക്കെ ചെയ്തുതുടങ്ങി. ചിലര് പൈസ തരും. ചിലര്‍ തരില്ല.  പരിപാടി അവതരിപ്പിച്ചുകഴിഞ്ഞാല്‍ നല്ല പൊറോട്ടയും സാമ്പാറും കിട്ടും. അതിനിടയ്ക്കാണ് സലിംകുമാര്‍ എന്നെ കാണുന്നത്. അദ്ദേഹവും ഇടയ്ക്ക് ചില പരിപാടികള്‍ക്ക് വിളിക്കും. ടിനി ടോം അന്ന് സെഞ്ച്വറി മിമിക്‌സില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് വലിയ വണ്ടിയൊക്കെയുണ്ട്. അതിലാണ് ഓരോ പരിപാടിക്കും പോവുന്നത്. പറവൂര് വഴി പോവുമ്പോഴെല്ലാം ഞാനാ വണ്ടിക്ക് വട്ടംവയ്ക്കും. എന്നിട്ട് ചാന്‍സ് ചോദിക്കും. ഒടുവില്‍ അവരെന്നെ പേടിച്ച് വേറെ വഴിക്ക് പോവാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ നമ്മുടെ ട്രൂപ്പും വലുതായി. 5000 രൂപയൊക്കെ പ്രതിഫലം കിട്ടുന്ന രീതിയിലായി.''  

ഞാന്‍ പോലും അറിയാതെ ഞാന്‍ ഫേമസായി.. 

ഒരുദിവസം സലിംകുമാറിന്റെ കൂടെ പരിപാടിക്ക് പോയതായിരുന്നു. അന്ന് കൈയില്‍ ഫോണൊന്നുമില്ല. യാത്രയ്ക്കിടയിലാണ് ഒരാളുടെ ഫോണിലേക്ക് ടിനിയുടെ കോള്‍ വരുന്നത്, എന്നോട് പെട്ടെന്ന് തിരിച്ചുവിളിക്കാന്‍ പറഞ്ഞു. ടിനിയും പക്രുവും കൂടി സൂര്യാ ടിവിയില്‍ 'സവാരിഗിരിഗിരി' എന്ന പരിപാടി തുടങ്ങിയ കാര്യമറിയാം. അതില്‍ വല്ല റോളും ചെയ്യാനായിരിക്കുമോ?  തൊട്ടടുത്തുള്ള ബൂത്തില്‍നിന്ന് ടിനിയെ വിളിച്ചു, ''സവാരിഗിരിഗിരിയില്‍ നീയൊരു ഐറ്റം ചെയ്യണം നാളെ'', ഫോണ്‍ എടുത്തയുടനെ ടിനി പറഞ്ഞു. ഒരു കുടിയന്റെ വേഷമായിരുന്നു. അതിന് 250 രൂപയും കിട്ടി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ടിനിയുടെ ഫോണ്‍, ''എടാ, നാളെ നീയൊന്ന് വരുമോ?'' പിറ്റേന്ന് അവിടെയെത്തി. പ്രൊഡ്യൂസര്‍ക്ക് എന്നെ കണ്ടപ്പോള്‍ ഭയങ്കര സ്‌നേഹം. ''അന്ന് ചെയ്ത പരിപാടി നന്നായിരുന്നു, അതുകൊണ്ട് നീ ഇവിടെ നില്‍ക്ക്...''അദ്ദേഹം പറഞ്ഞു. അങ്ങനെ അവിടെ സ്ഥിരമായി.  

ചാനലില്‍ പരിപാടിയുള്ളപ്പോള്‍ പോയി ഷൂട്ട് ചെയ്തിട്ട് വരും. ബസ്സിലാണ് പോക്കും വരവുമെല്ലാം. കാണുമ്പോള്‍ പലരും ചോദിക്കും, ''ഇതെന്താ ബസ്സിലൊക്കെ.''തിരക്കുണ്ടെങ്കില്‍ സീറ്റൊഴിഞ്ഞുതരും. അറിയാത്ത ആളുകളാണ്. ഞാന്‍ കരുതും, ''നമ്മടെ സ്വന്തക്കാരോ ബന്ധുക്കാരോ ആണെന്ന്.'' പിന്നെയാണ് മനസ്സിലായത്, ഞാന്‍ പോലും അറിയാതെ ഞാന്‍ ഫേമസായി മാറുകയാണെന്ന്. 'സവാരിഗിരിഗിരി' കുറേ എപ്പിസോഡ് ചെയ്തു. അതിനിടയ്ക്കാണ് പക്രുവിന് 'അദ്ഭുതദ്വീപ്' എന്ന സിനിമയിലേക്ക് അവസരം കിട്ടുന്നത്. അതോടെ പരിപാടി നിര്‍ത്തേണ്ടിവന്നു. എന്റെ കാര്യം കട്ടപ്പൊകയായി. 
അപ്പോഴാണ് ടിനിയെ ഒരു പരിപാടി അവതരിപ്പിക്കാനായി ഏഷ്യാനെറ്റില്‍നിന്ന് വിളിക്കുന്നത്. ടിനിയും പക്രുവും ഞാനുമായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് അഞ്ചുപേരായി, അങ്ങനെ 'ഫൈവ് സ്റ്റാര്‍ തട്ടുകട' എന്ന് പേരുമിട്ടു. അതിലൂടെ എന്റെ പേരും ജീവിതവും മാറി. ബിജു എന്നാണ് വീട്ടുകാരെനിക്കിട്ട പേര്. 'ഫൈവ് സ്റ്റാര്‍ തട്ടുകട'യില്‍ നമ്മുടെ സ്വന്തം പേര് ഉപയോഗിക്കാമെന്ന് തീരുമാനമായി. ടിനി ടോം എന്നത് തൊമ്മിച്ചനായി. ബിജു എന്നത് ബിജുക്കുട്ടനാക്കിയത് ടിനിയാണ്. ''എടാ, അങ്ങനെയാക്കിയാല്‍ നന്നാവും...'' അവന്‍ പറഞ്ഞു. ആ പേരിലൊരു പാവത്തമുണ്ട്. അതെനിക്ക് ഭാഗ്യമായി മാറുകയായിരുന്നു.'' അവിടുന്നങ്ങോട്ട് ബിജുക്കുട്ടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

അങ്ങനെ തലവര തെളിഞ്ഞു...
 
''എന്റെ വീടിന് തൊട്ടടുത്തുള്ള സ്റ്റോപ്പാണ് സലിംകുമാറിന്റേത്. സമയം കിട്ടുമ്പോഴൊക്കെ പുള്ളിയുടെ വീട്ടില്‍ ചെന്നിരിക്കും. സലിംകുമാര്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. വീട്ടിലെപ്പോഴും നിറയെ ആളുകളാവും. നിര്‍മാതാക്കളും തിരക്കഥാകൃത്തുക്കളുമായി കുറേ പേര്‍. അവിടെവെച്ച് പരിചയപ്പെട്ടൊരു നിര്‍മാതാവാണ് എനിക്ക് സിനിമയില്‍ ആദ്യമായി വേഷം തരുന്നത്. അമ്പിളിച്ചേട്ടന്റെ ശിഷ്യനായിട്ട്. ഷൂട്ടിങ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേക്കും അമ്പിളിച്ചേട്ടന്റെ ഡേറ്റ് കഴിഞ്ഞു. പിന്നീടതിന്റെ ഷൂട്ടിങ് നടന്നതുമില്ല. പിന്നെയാണ് 'പച്ചക്കുതിര' വരുന്നത്. അതില്‍ കലാഭവന്‍ ഷാജോണും അഭിനയിക്കുന്നുണ്ട്. ഒരുദിവസം ഷാജോണ്‍ റൂമില്‍ വന്നു, ''എടാ, നീ ഫ്രീയാണെങ്കില്‍, നമുക്ക് ജോണി ആന്റണി സാറിനെ കാണാന്‍ പോകാം.'' 'തുറുപ്പുഗുലാന്‍' തുടങ്ങാനിരിക്കുന്ന സമയമാണ്. അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തിയപ്പോള്‍ ഷാജോണ്‍ പരിചയപ്പെടുത്തി, ''സാറേ, ഇത് ബിജുക്കുട്ടന്‍. ഇവനിതില്‍ എന്തെങ്കിലും റോളുണ്ടാവുമോ.'' നോക്കാമെന്ന് സാര്‍ പറഞ്ഞു. ഒരുദിവസം രാത്രി അവിടുന്ന് വിളിച്ച് നാളെ വരാന്‍ പറ്റുമോയെന്ന് ചോദിച്ചു, മമ്മൂക്കയുടെ കൂടെ അഭിനയിക്കാനായിട്ട്. പിറ്റേദിവസം 'പച്ചക്കുതിര'യില്‍ ഷൂട്ടുണ്ട്. അതുകൊണ്ട് പോവാന്‍ പറ്റിയില്ല. ശരിക്കും സങ്കടം വന്നു. 
ആ സങ്കടം മാറിയത് 'പോത്തന്‍ വാവ'യിലൂടെയാണ്. 'പോത്തന്‍വാവ'യില്‍ ഞാനില്ലാത്ത സീനുകളിലും മമ്മൂക്ക പറഞ്ഞിട്ട് എന്നെ കേറ്റിയിരുന്നു. സീനെടുക്കുമ്പോള്‍ മമ്മൂക്ക ചോദിക്കും, ''അവനിതില്‍ വേണ്ടേ. അവനെ വിളിക്ക്.'' ഉടന്‍ തന്നെ ബെന്നിച്ചേട്ടന്‍ ആ സീനില്‍ എന്നെയും കൂട്ടിച്ചേര്‍ക്കും. അങ്ങനെ സിനിമയിലെ എന്റെ തലവര തെളിഞ്ഞു. മമ്മൂക്ക, ജോഷി സാര്‍, ലാല്‍ ക്രിയേഷന്‍സ്, ഉഷ ഉതുപ്പ്, ആന്റോ ജോസഫ് എന്നിവരൊന്നിച്ച 'പോത്തന്‍വാവ'. അതുകഴിഞ്ഞ് ലാലേട്ടന്റെയും അന്‍വര്‍ റഷീദിന്റെയും 'ഛോട്ടാ മുംബൈ', 'കിച്ചാമണി എം.ബി.എ', 'ട്വന്റി ട്വന്റി'...ഇതുവരെ എഴുപതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.''  

ബ്രേക്ക് ബിജുവായ കാലം... 
  
''മിമിക്രിയുമായി നടക്കുന്ന സമയം. കാര്യമായി  വരുമാനമൊന്നും കിട്ടി തുടങ്ങിയിട്ടില്ല. അന്ന് മിമിക്രിക്കാര്‍ക്ക് പെണ്ണ് കിട്ടാനും പാടാണ്. വീട്ടുകാരൊരു പെണ്ണിനെ കണ്ടിട്ട് എന്നോട് പോയി കാണാന്‍ പറഞ്ഞു. കണ്ടു, ഇഷ്ടപ്പെട്ടു. മിമിക്രിയുടെ കാര്യമൊന്നും സുബിതയുടെ വീട്ടുകാരോട് പറഞ്ഞില്ല. ടൈല്‍ പണിയാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ, അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും അവരെനിക്ക് പെണ്ണിനെ തന്നു. രണ്ടുമക്കളാണ് ഞങ്ങള്‍ക്ക്. ലക്ഷ്മിയും പാര്‍വതിയും. ലക്ഷ്മി മാലിയങ്കര കോളേജില്‍ ബികോം സെക്കന്‍ഡ് ഇയര്‍ പഠിക്കുകയാണ്. പാര്‍വതി അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ സ്‌കൂളില്‍ ഒന്നാം ക്ലാസ്സിലും. എന്റെ അച്ഛന്‍ അനന്തനും അമ്മ ചന്ദ്രികയും. അവരുടെയുള്ളിലും കലയുണ്ടായിരുന്നു. പക്ഷേ, പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതാവും ഞങ്ങള്‍ മൂന്നുമക്കള്‍ക്കും കിട്ടിയത്. എന്റെ നേരെ ഇളയ അനിയന്‍ രാജു ഗ്ലാസ് പെയിന്റിങ്ങൊക്കെ ചെയ്യും. ഏറ്റവും ഇളയയാള്‍ ബൈജു മൂന്നാല് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. പിന്നെ ലക്ഷ്മി നൃത്തം പഠിക്കുന്നുണ്ട്. അതൊക്കെ അവള്‍ പരീക്ഷിക്കുന്നത് എന്റെ കൂടെയാണ്'', ബിജുക്കുട്ടന്‍ മോളെ നോക്കി ചിരിച്ചു. 


''സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ബ്രേക്ക് ഡാന്‍സും ചെയ്തിരുന്നു. ഞങ്ങള്‍ടെ ഒരു എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് സമയത്ത് ബ്രേക്ക് ഡാന്‍സിന്റെ തരംഗമായിരുന്നു. ബ്രേക്ക് ഡാന്‍സെന്നു കേട്ടാല്‍ അവിടെയെല്ലാം ഞാനെത്തും. അത് കണ്ടുപഠിക്കും. ഇത് സ്‌കൂളില്‍ അവതരിപ്പിച്ചപ്പോള്‍, എല്ലാവരും അദ്ഭുതപ്പെട്ടു. 'ബിജൂന്ന് പറയുന്ന പയ്യന്‍ ഭയങ്കരനാണ് കേട്ടോ, അവന്‍ ചില്ലിന്റെ മോളിലൂടെ കേറിപ്പോയത് കണ്ടില്ലേ...'

അങ്ങനെ ബ്രേക്ക് ബിജുവെന്ന് പേരും വീണു. ഈ കഥകളൊക്കെ മോള്‍ക്കറിയാം. അവള്‍ കുറേയായി ഡാന്‍സ് കളിക്കാമെന്നും പറഞ്ഞ് പുറകെ നടക്കാന്‍ തുടങ്ങിയിട്ട്. ''അച്ഛാ... നമുക്ക് ഡാന്‍സ് കളിക്കാം. അച്ഛന്‍ ബ്രേക്ക് ബിജുവല്ലേ...''അങ്ങനെ പറഞ്ഞുപറഞ്ഞ് അവളും ഞാനും കുറച്ച് ഡാന്‍സ് വീഡിയോ ചെയ്തു. അതൊക്കെ യൂട്യൂബിലിട്ടു. കുറേയാളുകള്‍ കണ്ടു, അഭിപ്രായം പറഞ്ഞു. അതുമൊരു സന്തോഷം...'' ബിജുക്കുട്ടന്‍ ഒന്ന് നിര്‍ത്തി. ''ഇടയ്‌ക്കൊക്കെ ഞാനാലോചിക്കും, സിനിമയല്ലായിരുന്നുവെങ്കില്‍ എന്തായേനെ എന്ന്. ഇപ്പോള്‍ പ്രായമുള്ള അപ്പൂപ്പന്‍മാര്‍ മുതല്‍ ചെറിയ പിള്ളേര്‍ക്ക് വരെ ഞാന്‍ ബിജുക്കുട്ടനാണ്. അതൊക്കെയൊരു ഭാഗ്യമല്ലേ...''