കുട്ടി ഡാവിഞ്ചിയും തന്‍മയയും; കുഞ്ഞുനക്ഷത്രങ്ങളുടെ സല്ലാപം

#അക്ഷര അര്‍ജുന്‍
ഡാവിഞ്ചി, തന്മയ സോൾ, ഫോട്ടോ: വിവേക് ആർ. നായർ
ഡാവിഞ്ചി, തന്മയ സോൾ, ഫോട്ടോ: വിവേക് ആർ. നായർ

ഗ്രാമീണ നാടകക്കൂട്ടായ്മയിലാണ് ഡാവിഞ്ചി എന്ന അഭിനയപ്രതിഭയുടെ പിറവി. തെരുവുനാടകങ്ങളിലൂടെ നാടകത്തട്ടുകളിലേക്കും, അവിടെനിന്ന് ഹ്രസ്വചിത്രങ്ങളിലേക്കും, പിന്നെ സിനിമയുടെ വിശാല ലോകത്തേക്കും ചുവടുവെച്ച മിടുക്കന്‍. സിനിമാനടനും നാടകനടനുമായ അച്ഛന്‍ സതീഷിനൊപ്പം അഭിനയത്തിന്റെ പടവുകള്‍ കയറുകയാണവന്‍. ഫോട്ടോഗ്രാഫറായ അരുണ്‍ സോളും ഹ്രസ്വചിത്രങ്ങളുടെ സംവിധായികയായ ചേച്ചി തമന്നയും നാടക-സിനിമാ നടനായ അച്ചാച്ചന്‍ കുട്ടപ്പനുമാണ് തന്മയയെ കലയോടടുപ്പിച്ചത്. കളിച്ചും ചിരിച്ചും അവര്‍ ക്യാമറയ്ക്ക് പോസ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി തന്മയയ്ക്കും തൃശ്ശൂര്‍ സ്വദേശി ഡാവിഞ്ചിയ്ക്കും പങ്കുവെക്കാന്‍ കഥകളേറെ...
 

അവാര്‍ഡിന്റെ മധുരം
തന്മയ: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനംചെയ്ത 'വഴക്ക്' എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ് കിട്ടിയത്. സ്‌കൂളില്‍നിന്നു മടങ്ങിവരുന്നവഴി അച്ചാച്ചനും അച്ഛന്റെ കൂട്ടുകാരനും കൂടിയാണ് അവാര്‍ഡ് കിട്ടിയെന്നുപറഞ്ഞത്. ആദ്യം ഞാന്‍ വിശ്വസിച്ചില്ല. ചുമ്മാ പറഞ്ഞതാണെന്ന് കരുതി. പിന്നെ ഞെട്ടലായി. അവാര്‍ഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആശംസകളുമായി നിരവധിപേര്‍ വിളിച്ചു. അപ്രതീക്ഷിതമായാണ് 'വഴക്ക്' എന്ന സിനിമയിലേക്കെത്തുന്നത്. എന്റെ ആദ്യസിനിമയാണ്. അതിന് ഇങ്ങനെയൊരംഗീകാരം കിട്ടിയതില്‍ അഭിമാനിക്കുന്നു. ഒരുപാട് സന്തോഷം. എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂളിലെല്ലാവരും വലിയ സന്തോഷത്തിലാണ്. 

ഡാവിഞ്ചി: ''പല്ലൊട്ടി 90's kids' എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിക്കുന്നത്. സ്‌കൂളില്‍വെച്ചാണ് അവാര്‍ഡ് കിട്ടിയ കാര്യം അറിയുന്നത്. ടീച്ചര്‍ വന്നു പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. സിനിമയ്ക്ക് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എനിക്ക് കിട്ടുമെന്ന് കരുതിയില്ല. ഒരുപാട് സന്തോഷം തോന്നി. 'പല്ലൊട്ടി'എന്ന ഹ്രസ്വചിത്രത്തിന് എനിക്ക് അവാര്‍ഡ് കിട്ടിയിരുന്നു. അതിനുശേഷം പതിനേഴോളം സിനിമകളില്‍ അഭിനയിച്ചു. 'പല്ലൊട്ടി' സിനിമയായപ്പോള്‍ അതിനുതന്നെ അവാര്‍ഡ് കിട്ടി. അതില്‍ ഇരട്ടി സന്തോഷം. കഴിഞ്ഞവര്‍ഷം മികച്ച കുട്ടികളുടെ ചിത്രമായ 'കാടകലം' ത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള നോമിനേഷന്‍ പോയിരുന്നെങ്കിലും കിട്ടിയില്ല. കരൂപ്പടന്ന ഹൈസ്‌കൂളില്‍ ഒന്‍പതാംക്ലാസിലാണ് പഠിക്കുന്നത്. അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ത്തന്നെ എല്ലാവരും എന്നെ എടുത്തുപൊക്കി വലിയ ബഹളമായിരുന്നു... 

കഥാപാത്രത്തെക്കുറിച്ച്...
തന്മയ: പാവപ്പെട്ട കുടുംബത്തിലെ ഒരു ഊമപ്പെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്നു എന്റേത്. കനി കുസൃതിയുടെയും അസീസ് നെടുമങ്ങാടിന്റെയും മകളായാണ് അഭിനയിച്ചത്. എന്നും പ്രശ്‌നങ്ങളുള്ള കുടുംബത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടി. സിനിമ പൂര്‍ത്തിയായിട്ട് രണ്ടുവര്‍ഷമായി. സിനിമ ഇറങ്ങുമ്പോള്‍ എല്ലാവരും കാണണം. 

ഡാവിഞ്ചി: 'പല്ലൊട്ടി' ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതുകൊണ്ടുതന്നെ എനിക്ക് കഥയും കഥാപാത്രവുമെല്ലാം അറിയാമായിരുന്നു. തൊണ്ണൂറുകളിലെ നാട്ടിന്‍പുറത്തെ രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെ കഥയാണ്. കണ്ണന്‍ചേട്ടനും ഉണ്ണിക്കുട്ടനും. ഷോര്‍ട്ട്ഫിലിമില്‍ ചെയ്ത അതേ കഥാപാത്രം. പല സീനുകളും ചെയ്യുമ്പോള്‍ ഷോര്‍ട്ട്ഫിലിം ഓര്‍മ്മവരും. അന്ന് നന്നാക്കാമായിരുന്നുവെന്ന് സ്വയം തോന്നിയ സീനുകളെല്ലാം സിനിമചെയ്യുമ്പോള്‍ നന്നാക്കിയിട്ടുണ്ട്. കണ്ണന്‍ചേട്ടന്‍ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. അതുതന്നെയാണ് ചെയ്തതില്‍വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. 


അഭിനയത്തിന്റെ തുടക്കം 


ഡാവിഞ്ചി: തൃശ്ശൂര്‍ ജില്ലയിലെ കോണത്തുകുന്ന് എന്ന ഗ്രാമത്തിലെ വളരെ സാധാരണക്കാരനായ നാടകക്കാരന്റെ മകനാണ് ഞാന്‍. അച്ഛന്‍ ഇരുപത്തിയേഴുവര്‍ഷമായി നാടകനടനാണ്, ഇപ്പോള്‍ സിനിമയിലുമുണ്ട്. കുഞ്ഞുന്നാള്‍ മുതല്‍ അച്ഛനൊപ്പം നാടകവേദികളില്‍ പോകാറുണ്ട്. ബാലസംഘത്തിന്റെ വേനല്‍ത്തുമ്പി കലാജാഥ രണ്ടുവര്‍ഷം കോ-ഓര്‍ഡിനേറ്റ് ചെയ്തത് അച്ഛനായിരുന്നു. അതിന്റെ ഭാഗമായി ചെറിയ പ്രായത്തില്‍ത്തന്നെ തെരുവുനാടകത്തിലേക്കിറങ്ങി. വെള്ളാങ്ങല്ലൂര്‍ സംഘഗാഥ എന്ന ഗ്രാമീണ നാടകക്കൂട്ടായ്മയില്‍നിന്നാണ് നാടകത്തട്ടിലേക്കെത്തുന്നത്. അച്ഛന്റെ സുഹൃത്തായ അന്‍വറങ്കിള്‍ സംവിധാനം ചെയ്ത 'ജീന്‍വാല്‍ജീന്‍' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തുന്നത്. 'തിരിവുകള്‍' എന്ന ഷോര്‍ട്ട് ഫിലിമില്‍ അച്ഛമ്മയും ഞാനും അച്ഛനുംകൂടി അഭിനയിച്ചിട്ടുണ്ട്. 

'പല്ലൊട്ടി' ഷോര്‍ട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടു. പിന്നെ ഒരുപാട് അവസരങ്ങള്‍ കിട്ടി. 'ത്രീ കുട്ടീസ്' എന്ന ഹാസ്യപരമ്പരയില്‍ അഭിനയിച്ചു. 'പല്ലൊട്ടി' കണ്ടിട്ടാണ് 'ഫ്രഞ്ച് വിപ്ലവം' എന്ന സിനിമയിലേക്ക് വിളിക്കുന്നത്. സണ്ണി വെയ്‌ന്റെ അനിയനായിട്ടായിരുന്നു. അതുകഴിഞ്ഞും ഒരുപാട് സിനിമ വന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്തു. 'സമക്ഷം', 'കാടകലം', 'വരയന്‍', 'തൊട്ടപ്പന്‍', 'ഭീഷ്മപര്‍വം', 'ലോനപ്പന്റെ മാമോദീസ'... എന്നിങ്ങനെ പതിനേഴോളം സിനിമകളില്‍ വേഷമിട്ടു.  'ഗപ്പി'യിലെ ചേതന്‍ ചേട്ടനുമായുള്ള സാമ്യം കാരണം പല സിനിമകളും മാറിപ്പോയിട്ടുണ്ട്. 

ഡാവിഞ്ചിയുടെ പിറന്നാളിന് അച്ഛന്‍ സതീഷ് സോഷ്യല്‍ മീഡിയയില്‍ ആശംസാ പോസ്റ്റ് പങ്കുവച്ചു. അതിനു താഴെ സംവിധായകന്‍ ജിതിന്‍ രാജ് ''നിനക്കൊരു സമ്മാനവുമായി ഞാന്‍ വരുന്നുണ്ട്'' എന്ന് കുറിച്ചു. അന്നുവൈകുന്നേരംതന്നെ ജിതിന്‍ ഡാവിഞ്ചിയുടെ വീട്ടിലെത്തി. അങ്ങനെ 2017-ല്‍ പല്ലൊട്ടി എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ഹ്രസ്വചിത്രത്തിലെ അഭിനയത്തിനും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് അന്ന് ഡാവിഞ്ചിക്ക് കിട്ടി. 

തന്മയ:കലാരംഗത്ത് ആക്ടീവായിരുന്നില്ല. മോണോ ആക്ടിലൊക്കെ പങ്കെടുക്കുമായിരുന്നു. ആദ്യമായി അഭിനയിച്ചത് ചേച്ചി (തമന്ന സോള്‍) സംവിധാനം ചെയ്ത 'ലഞ്ച് ബ്രേക്ക്' എന്ന ഹ്രസ്വചിത്രത്തിലാണ്. അതിന് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടി. അച്ഛന്‍(അരുണ്‍ സോള്‍) 'വഴക്ക്' സിനിമയുടെ ചീഫ് അസോസിയേറ്റായിരുന്നു. ചേച്ചി അസോസിയേറ്റ് ഡയറക്ടറും. സിനിമയില്‍ പെണ്‍കുട്ടിയുടെ കഥാപാത്രം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ഒരുപാടുപേരെ ഓഡിഷന്‍ ചെയ്തു. പക്ഷേ, ശരിയായില്ല. 

സിനിമയുടെ കാര്യത്തിന് വീട്ടില്‍ വന്ന ഡയറക്ടര്‍ സനല്‍സാര്‍ എന്നെ കണ്ടു. കഥാപാത്രത്തിന് ഞാന്‍ ചേരും, അഭിനയിക്കാമോ എന്ന് ചോദിച്ചു. എന്റെ കാര്യത്തില്‍ അച്ഛന്‍ ഒട്ടും കോണ്‍ഫിഡന്റായിരുന്നില്ല. ഓഡിഷന്‍ നടത്തി, സാര്‍ തന്നെ എന്നെ തിരഞ്ഞെടുത്തു. സംസാരത്തിനിടയില്‍ തന്മയയുടെ അച്ഛന്‍ ചിരിക്കാന്‍ തുടങ്ങി. കാര്യം ചോദിച്ചപ്പോള്‍ രസകരമായൊരു കഥ പറഞ്ഞു. ''മൂന്നരവയസ്സുമുതല്‍ മൂത്തമകള്‍ തമന്ന ഫോട്ടോയെടുക്കും. അവള്‍ ഹ്രസ്വചിത്രങ്ങള്‍ ഡയറക്ട് ചെയ്തു. തന്മയ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നത് ട്രോഫികള്‍ വാരിക്കൂട്ടുന്ന ചേച്ചിയെയാണ്. വീട്ടില്‍ ആളുകള്‍ വരുമ്പോള്‍ മോളും എന്തെങ്കിലും വാങ്ങണമെന്ന് പറയാറുണ്ട്. അതിനെ വാശിയായെടുത്ത് പാവം പണ്ടുമുതലേ സ്‌കൂളിലെ എല്ലാ മത്സരങ്ങള്‍ക്കും പങ്കെടുക്കും. ചേച്ചിയെക്കാള്‍ മികച്ചതാകാന്‍. ഷോട്ട്പുട്ടിനുവരെ പങ്കെടുത്തു. പക്ഷേ, ഒന്നും കിട്ടിയില്ല.''

നാണംകെടുത്തല്ലേ എന്നഭാവത്തില്‍ ഇടംകണ്ണിട്ട് തന്മയ അച്ഛനെ നോക്കി. അച്ഛന്‍ മകളെ നോക്കി ചിരിച്ചു. ''അതിനെന്താ, ഇപ്പോള്‍ ഏറ്റവും വലിയ അംഗീകാരം കിട്ടിയില്ലേ...'' അച്ഛന്റെ വാക്കുകളില്‍ അഭിമാനം നിറഞ്ഞു.
 

ലൊക്കേഷന്‍ അനുഭവങ്ങള്‍
ഡാവിഞ്ചി: എന്റെ അച്ഛമ്മയാണ് 'പല്ലൊട്ടി'യില്‍ അച്ഛമ്മയായി അഭിനയിച്ചത്. ലൊക്കേഷനില്‍ അടിപൊളിയായിരുന്നു. അര്‍ജുന്‍ ചേട്ടനും ബാലുച്ചേട്ടനും, എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. ഷോര്‍ട്ട്ഫിലിമിലൂടെ നേരത്തേ പരിചയമുള്ള കഥാപാത്രമായിരുന്നതുകൊണ്ട് കൂടുതല്‍ എളുപ്പമായി. 
തന്മയ: ലൊക്കേഷനില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. എല്ലാം ലോങ് ഷോട്ടുകളായിരുന്നു. ടൊവി അങ്കിളും സനല്‍സാറും എല്ലാം പറഞ്ഞുതന്നു. അച്ഛനും ചേച്ചിയും ലൊക്കേഷനിലുണ്ടായിരുന്നു. കഥാപാത്രം ഊമയായതുകൊണ്ട് ഭാവങ്ങളില്‍നിന്നുവേണം എല്ലാം വായിച്ചെടുക്കാന്‍. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.

ഇനി ആരോടൊപ്പം
ഡാവിഞ്ചി: ഫഹദ് ഫാസിലിന്റെ അഭിനയമാണ് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരാധകനാണ് ഞാന്‍. കൂടെ അഭിനയിക്കണമെന്നുണ്ട്.  
തന്മയ: ഷറഫുദ്ദീന്റെ കട്ടഫാനാണ്. ഷറഫിക്കയുടെ ആക്ടിങ് എനിക്ക് വലിയ ഇഷ്ടമാണ്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണമെന്നത് ഒരു സ്വപ്‌നമാണ്. ഇനിയും നല്ല സിനിമകള്‍ ചെയ്യണം. 

Content Highlights: interview of child artists Davinci and thanmaya sol