ചിലയാളുകള്‍ ചില കാര്യങ്ങള്‍ക്കുവേണ്ടിമാത്രം ജനിക്കുന്നവരാണെന്ന് പറയാറില്ലേ? അങ്ങനെയാണ് സുശീലാമ്മയും. അവര്‍ സംഗീതത്തിനുവേണ്ടിമാത്രം ജനിച്ചതാണ്. സംഗീതമാണ് അവര്‍ക്കെല്ലാം. എല്ലാ ദിവസവും വലിയ ശബ്ദത്തില്‍ അവര്‍ പാട്ടുകള്‍ വയ്ക്കും. എന്നിട്ട് ഒന്നോ രണ്ടോ മണിക്കൂര്‍ പാടി പ്രാക്ടീസ് ചെയ്യും. ഈ പ്രായത്തിലും തുടരുന്നൊരു കാര്യമാണത്. അതാണ് സുശീലാമ്മയുടെ മഹത്ത്വം. 

എന്റെ അച്ഛന്റെ അമ്മയുടെ ഇളയ അനിയത്തിയാണ് സുശീലാമ്മ. സംഗീതകുടുംബമാണ് ഞങ്ങളുടെത്. അച്ഛന്‍ രാമകൃഷ്ണനും അമ്മ ജ്യോതിയുമെല്ലാം സംഗീതജ്ഞരാണ്. അച്ഛന്‍ കുറേ തെലുഗുസിനിമകളില്‍ പാടിയിട്ടുമുണ്ട്. അച്ഛനോട് വളരെ സ്നേഹമായിരുന്നു സുശീലാമ്മയ്ക്ക്. സായ്ബാബയുടെ പിറന്നാള്‍ദിവസം പുട്ടപര്‍ത്തിയില്‍ സുശീലാമ്മയും അച്ഛനും ചേര്‍ന്ന് സംഗീതാര്‍ച്ചനയും നടത്താറുണ്ടായിരുന്നു.  

ചെറുപ്പത്തില്‍ ആഴ്ചയില്‍ പകുതിദിവസവും ഞാന്‍ അവരുടെ വീട്ടില്‍ത്തന്നെയായിരുന്നു. ഞങ്ങളന്ന് അഭിരാമപുരത്തായിരുന്നു താമസം. അവിടന്ന് അര കിലോമീറ്റര്‍ ദൂരമേയുള്ളൂ സുശീലാമ്മയുടെ വീട്ടിലേക്ക്. അതുകൊണ്ട് പെട്ടെന്ന് ഓടിച്ചെല്ലാന്‍ എളുപ്പമാണ്. അവരുടെ മക്കളുടെകൂടെ ഷട്ടില്‍ കളിച്ചും ടിവി കണ്ടും സമയം ചെലവഴിക്കും. അങ്ങനെ ചെല്ലുന്ന ദിവസങ്ങളില്‍ സുശീലാമ്മ എന്നെ സ്നേഹത്തോടെ അവരുടെ അടുത്തേക്ക് വിളിക്കും, ''ഏ, നീ വാ, രാമകൃഷ്ണന്റെ മോനേ, ഇവിടെ വന്നിരിക്ക്.'' ഞാനടുത്തുചെന്നിരിക്കുമ്പോള്‍ പാട്ടുപാടാന്‍ പറയും. ഞാന്‍ പാടുമ്പോള്‍, ഇങ്ങനെയല്ലടാ, ഇവിടെ കുറച്ച് സ്‌ട്രെസ് കൊടുക്കണം. പിന്നെ മൃദുവായി പാടണം. ഇങ്ങനെ ഉറക്കെപ്പാടിയാല്‍ ശ്രുതികിട്ടില്ല എന്നൊക്കെ പറഞ്ഞ് തിരുത്തിത്തരും. 

സുശീലാമ്മയുടെ മകന്റെ വിവാഹത്തിന് രജനീകാന്തിനെ ക്ഷണിക്കാനായി എന്റെ അച്ഛനെയാണ് സുശീലാമ്മ അയച്ചത്, ''രാമകൃഷ്ണാ, നീ പോയി രജനീകാന്ത്ക്കിട്ടെ ഇന്ത കാര്‍ഡ് കൊടുത്ത് വാ...'' എന്നു പറഞ്ഞു. രജനീകാന്ത് എന്നുകേട്ടപ്പോള്‍ ഞാനും അച്ഛന്റെ കൂടെപ്പോയി. ഏതോ സിനിമയുടെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. സംസാരത്തിനിടയില്‍ രജനീകാന്ത് എന്നെ നോക്കി, അച്ഛനോട് ചോദിച്ചു, ''ഇത് ചൈല്‍ഡ് ആര്‍ട്ടിസ്റ്റാ?'' അല്ലെന്ന് പറഞ്ഞപ്പോള്‍ ഇവന്‍ നടനാവുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയും എന്‍ജിനീയറിങ്ങും ആദ്യമേ മനസ്സിലുണ്ടെങ്കിലും, ഒരു അഭിനേതാവാകണമെന്ന് ഉറപ്പിക്കുന്നത് അന്നാണ്. അങ്ങനെ നോക്കുമ്പോള്‍, ഞാനെന്റെ മേഖല തിരഞ്ഞെടുത്തതിലും സുശീലാമ്മയ്ക്കും രജനീകാന്തിനും പങ്കുണ്ടെന്ന് പറയാം.  

placeholder
പി.സുശീലയ്‌ക്കൊപ്പം സായ്കിരണ്‍

മലയാളത്തിന്റെ 'നിറം' സിനിമയുടെ തെലുഗ് റീമേക്കിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടക്കുന്നത്. പക്ഷേ, സിനിമാഫീല്‍ഡില്‍ വരുന്നതിനോട് സുശീലാമ്മയ്ക്ക് എതിര്‍പ്പായിരുന്നു. കാണുമ്പോഴെല്ലാം പറയും, എന്നാടാ, നീ നന്നായി പഠിക്കുന്നുണ്ടല്ലോ. വിദേശത്തൊക്കെ പോയി പഠിക്ക് എന്ന്. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു നടനെന്ന നിലയില്‍ എന്റെ കഴിവ് തെളിയിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമായി. 
സംഗീതമാണ് അവരുടെ ഉള്ളിലുള്ളതെങ്കിലും, അത് കരിയറാക്കണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കാരണം, മ്യുസിഷ്യനായിട്ട് അതിജീവിക്കാന്‍ വലിയ പാടാണ്. തുടക്കകാലത്ത് പ്രതിഫലം തീരെ കുറവായിരിക്കും. ഓര്‍ക്കസ്ട്രക്കാരുടെ കാര്യവും അങ്ങനെതന്നെ. 

മോഹന്‍കുമാറിന്റെ മുത്തശ്ശി
ഏഷ്യാനെറ്റില്‍ 'വാനമ്പാടി' ടെലികാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു പരിപാടിക്കായി സുശീലാമ്മ കേരളത്തില്‍ വരുന്നത്. സീരിയലിലെ മോഹന്‍കുമാര്‍ എന്ന കഥാപാത്രത്തെയാണ് ആളുകള്‍ക്ക് അന്ന് കൂടുതല്‍ പരിചയം. എന്റെ ശരിയായ പേരുപോലുമറിയില്ല. തിരിച്ചുവന്നപ്പോള്‍ അവരെന്നോട് ചോദിച്ചു, ''ഇതെന്നാടാ, നിന്നെക്കുറിച്ച് കുറേ പുതിയ കാര്യങ്ങളൊക്കെ ഞാന്‍ കേട്ടല്ലോ.'' സുശീലാമ്മയെ സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ അവര്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തത്രേ, ''വാനമ്പാടി മോഹന്‍കുമാറിന്റെ മുത്തശ്ശി സുശീലാമ്മ'' എന്ന്. സുശീലാമ്മ ഞെട്ടി, എന്നിട്ട് അവിടെയുള്ളവരോട് ചോദിച്ചു, ''മോഹന്‍കുമാറാ, അവന്‍ യാര്?''

''അത് സായ് കിരണ്‍, ആക്ടര്‍'', എന്ന് മറുപടിയും കിട്ടി. ''ഓഹോ, അതെന്റെ പേരമകന്‍. പക്ഷേ, എന്തിനാ മോഹന്‍കുമാര്‍ എന്ന് പറയുന്നത്?'' സീരിയലിനെക്കുറിച്ചെല്ലാം ആളുകള്‍ പറഞ്ഞുകൊടുത്തു. ''ഓ കേരളത്തില്‍ അത്ര ഫെയ്മസായോ അവന്‍'', എന്ന് സുശീലാമ്മ ചോദിച്ചു. അതുവരെ എന്റെ കരിയറിനെക്കുറിച്ചൊന്നും അത്രയ്ക്ക് അറിയില്ലായിരുന്നു. കഥയെല്ലാം പറഞ്ഞിട്ട് അവരെന്നോട് ചോദിച്ചു, ''നീ ഇത്ര ഫെയ്മസായിട്ടും എന്നോടൊരു വാക്കുപോലും പറഞ്ഞില്ലല്ലോ.'' കൂടെ ഒരു ഡയലോഗും, ''അട പാവി, എന്നാലും സുശീലാമ്മേടെ പേരമകന്‍ മോഹന്‍കുമാര്‍ എന്നല്ലേ അവര് പറയേണ്ടിയിരുന്നത്?'' അവര്‍ ചിരിച്ചു. പക്ഷേ, എല്ലാവരും എന്നെ അഭിനേതാവായി അംഗീകരിക്കുന്നതിലുള്ള സന്തോഷം സുശീലാമ്മയുടെ മുഖത്തുണ്ടായിരുന്നു.