ഡ്യൂപ്പില്ലാതെ 20 മണിക്കൂർ വെള്ളത്തിനടിയിൽ; വെല്ലുവിളി നിറഞ്ഞ കാര്യമെന്ന് രശ്മിക മന്ദാന

നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹശേഷം 'രണബാലി' എന്ന സിനിമയുടെ സെറ്റിലേക്കാണ് രശ്മിക മന്ദാനയെത്തിയത്. വിജയ്‌യും രശ്മികയും ഒരുമിക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ് 'രണബാലി'. 2019-ൽ റിലീസായ 'ഡിയർ കൊമ്രേഡ്' എന്ന ചിത്രത്തിനുശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ നടന്ന വിവാഹാഘോഷങ്ങൾക്കുശേഷം മാർച്ച് 27-നാണ് ഇരുവരും സെറ്റിലെത്തിയത്.

ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർക്കൊപ്പം രശ്മിക പ്രധാനവേഷത്തിലെത്തിയ 'കോക്ടെയിൽ 2' ജൂണിലാണ് റിലീസായത്. സമ്മിശ്രപ്രതികരമാണ് ചിത്രം നേടിയത്. നിലവിൽ 'മൈസ' (Mysaa) എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് രശ്മിക. സിനിമയിലെ വെള്ളത്തിനുള്ളിൽനിന്നുള്ള ആക്ഷൻസീക്വൻസുമായി (Underwater Fight Sequence) ശ്രദ്ധപിടിച്ചുപറ്റുകയാണ് താരം. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു നടി ഇത്തരം ആക്ഷൻസീൻ ചെയ്യുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഡ്യൂപ്പില്ലാതെയാണ് രശ്മിക ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയതെന്നും അവർ പറയുന്നു.

ആ ചിത്രീകരണത്തിന്റെ ഒരു സീക്വൻസ് അണിയറപ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. അതിനവർ നൽകിയ ക്യാപ്ഷനിങ്ങനെ, ''രശ്മിക മന്ദാന നയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ അണ്ടർവാട്ടർ ആക്ഷൻസീക്വൻസ്. ഉപരിതലം ഒരിക്കലും പരിധിയായിരുന്നില്ല. ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത ഒരു യുദ്ധമാണ് ആഴത്തിനടിയിൽ''.

രശ്മികയും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചു. ''ഞാൻ കുറച്ചു നാളായി ഒരിടത്തും പ്രത്യക്ഷപ്പെടാതിരിക്കുകയായിരുന്നു. എന്നാൽ ഇതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഞാൻ ഏറ്റെടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണിത്! ഇതിനോട് ഞങ്ങൾക്ക് അത്രയേറെ ആവേശമാണ്. നമുക്ക് തുടങ്ങാം, മൈസാ''.

ഈ ആക്ഷൻ സീക്വൻസ് പൂർത്തിയാക്കാനായി രണ്ടുദിവസമാണത്രെ എടുത്തത്. അതിനായി രശ്മിക 20 മണിക്കൂറോളം വെള്ളത്തിനടിയിൽ ചെലവഴിക്കേണ്ടിയും വന്നു. ബാങ്കോക്കിലെ കഠിനപരിശീലനത്തിനുശേഷമാണ് രശ്മിക ഈ വെല്ലുവിളിയേറ്റെടുത്തത്. രവീന്ദ്ര പുല്ലെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിർമിക്കുന്നത് അൺഫോർമുല ഫിലിംസും. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത് 2025 ജൂലായിലാണ്. ഈ വർഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna performs a record-breaking underwater action sequence for 'Mysaa'. The actress spent 20 hours underwater without using a stunt double