ലോകകപ്പിൽ (Fifa World Cup 2026) ഏറെ സൂപ്പർതാരങ്ങളുണ്ട്. എങ്കിലും ലോകകപ്പ് തുടങ്ങുംമുമ്പേ ചർച്ച ചെയ്യപ്പെട്ടവർ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരാണ്. 39-കാരനായ മെസ്സിക്കും (Lionel Messi), 41 വയസ്സുള്ള റൊണാൾഡോയ്ക്കും (Cristiano Ronaldo), 34 വയസ്സുള്ള നെയ്മറിനും (Neymar) ഇത് അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ആരാധകർക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. ക്വാർട്ടർ പോലും കടക്കാൻ കഴിയാതെ പോർച്ചുഗലും ബ്രസീലും പുറത്തായപ്പോൾ, കണ്ണീരോടെ ഗ്രൗണ്ടിൽനിന്ന റൊണാൾഡോയും നെയ്മറും ആരാധകർക്ക് നോവായി മാറിയതും ഇക്കാരണം കൊണ്ടുതന്നെയാണ്.
തോൽവിക്കുപിന്നാലെ നെയ്മർ ഫുട്‌ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അവസാന ലോകകപ്പാണെന്ന് പറഞ്ഞ റൊണാൾഡോ, എടുത്തുചാടിയുള്ള തീരുമാനങ്ങളൊന്നും എടുക്കില്ലെന്നാണ് വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞത്. ആവേശത്തിന്റെയോ പെട്ടെന്നുള്ള വികാരത്തിന്റെയോ പുറത്ത് തീരുമാനമെടുക്കുന്നയാളല്ല താനെന്നും റൊണാൾഡോ വെളിപ്പെടുത്തി. ഇനിയുള്ളത് മെസ്സിയാണ്. കഴിഞ്ഞദിവസം പ്രീ-ക്വാർട്ടറിൽ വിജയിച്ച അർജന്റീന, ക്വാർട്ടറിൽ നേരിടേണ്ടത് സ്വിറ്റ്‌സർലൻഡിനെയാണ്. മെസ്സിയുടെ ഭാവി എന്തെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതിനിടയിൽ ഈ മൂന്ന് താരങ്ങളുടെയും ആസ്തികളും ചർച്ചയാവുന്നുണ്ട്.
ഫോർബ്സിന്റെ കണക്കനുസരിച്ച്, 2026-ൽ മെസ്സിയുടെ ആസ്തി 1.1 ബില്യൺ യുഎസ് ഡോളറാണ്. ഏകദേശം 10,450 കോടി രൂപ വരുമിത്. ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന കായികതാരങ്ങളിലൊരാളാണ് മെസ്സി. ഫോർബ്‌സ് ലിസ്റ്റ് പ്രകാരം അദ്ദേഹത്തിന്റെ വാർഷികവരുമാനം 140 മില്യൺ യുഎസ് ഡോളറാണ്. ഇത് 1300 കോടിയോളം വരും. കളിയിൽനിന്ന് മാത്രം ലഭിക്കുന്നത് 600 കോടിയിലേറെയാണ്. ബാക്കിയുള്ളത് മറ്റ് കരാറുകളിൽനിന്നും. നോർത്ത് അമേരിക്കൻ പ്രൊഫഷണൽ സോക്കർ ലീഗായ മേജർ ലീഗ് സോക്കറിൽ (MLS) കളിക്കുന്നുണ്ട് മെസ്സി. ഇന്റർ മയാമി സിഎഫ് ടീമിന്റെ ഭാഗമായിട്ടാണ് ലീഗിൽ മെസ്സി കളിക്കുന്നത്. 2023-ലാണ് അദ്ദേഹം അതിൽ ചേരുന്നത്. 2026-ലെ എംഎൽഎസ് പ്ലെയേഴ്‌സ് അസോസിയേഷന്റെ സാലറി ഗൈഡ് പ്രകാരം അദ്ദേഹത്തിന്റെ അടിസ്ഥാനശമ്പളം 239 കോടിയാണ്. മാത്രമല്ല, 2028 വരെയുള്ള കരാറിൽ മെസ്സി ഒപ്പുവെച്ചതായും ഇന്റർ മയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
മാത്രമല്ല റിപ്പോർട്ടുകൾ പ്രകാരം സ്‌പെയിൻ, അർജന്റീന, അമേരിക്ക എന്നിവിടങ്ങളിൽ ആഡംബരവീടുകൾ, സ്വത്തുക്കൾ എന്നിവയും അദ്ദേഹത്തിനുണ്ട്. മെസ്സിയുടെ ഉടമസ്ഥതയിൽ മിം (MiM) ഹോട്ടൽസ് എന്ന ബുട്ടീക്ക് ഹോട്ടൽ ബ്രാൻഡുമുണ്ട്. 2006-ൽ അഡിഡാസുമായി കരാറിലേർപ്പെട്ട മെസ്സി, 2017-ൽ ആ കമ്പനിയുമായി ആജീവനാന്ത കരാറിൽ (lifeterm contract) ഒപ്പുവെച്ചു. അഡിഡാസിൽ നിന്ന് പ്രതിവർഷം ഏകദേശം 239 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് പറയപ്പെടുന്നു. മറ്റ് മൾട്ടിനാഷണൽ ബ്രാൻഡുകളുമായുള്ള കരാറുകളിലൂടെയും ബ്രാൻഡ് അംബാസഡർ എന്ന പേരിലും അദ്ദേഹത്തിന് പ്രതിവർഷം ലഭിക്കുന്നത് 47 കോടി മുതൽ 93 കോടി രൂപവരെയാണ്.
റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ആസ്തി 1.2 ബില്യൺ യുഎസ് ഡോളറിനും 1.4 ബില്യൺ യുഎസ് ഡോളറിനുമിടയ്ക്കാണ്. 11,455 കോടി മുതൽ 13,370 കോടിക്കുമിടയിലാണിത്. സൗദി ക്ലബായ അൽ നസറിലേക്കുള്ള മാറ്റം റൊണാൾഡോയുടെ ആസ്തിയിലും വലിയ മാറ്റമാണുണ്ടാക്കിയത്. 2022 ഡിസംബറിലാണ് ക്ലബുമായുള്ള കരാറിലൊപ്പിട്ടത്. 2023 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന രീതിയിലായിരുന്നുവത്.
രണ്ടുവർഷത്തെ കരാറിനുശേഷം 2025-ൽ വീണ്ടും കരാർ പുതുക്കി. അതും രണ്ടുവർഷത്തേക്ക് തന്നെ. ക്ലബിൽനിന്ന് മാത്രമുള്ള അദ്ദേഹത്തിന്റെ വാർഷികശമ്പളം 1900-ലേറെ കോടി രൂപയാണ്. ഇതിനെല്ലാം പുറമെ നൈക്കിയുമായി (Nike) ആജീവനാന്തകരാറിലേർപ്പെട്ടിട്ടുണ്ട് അദ്ദേഹം. കൂടാതെ CR7 എന്ന പേരിൽ സ്വന്തമായൊരു ബ്രാൻഡുമുണ്ട് റൊണാൾഡോയ്ക്ക്. ഹോട്ടലുകൾ, ക്ലോത്തിങ്, ജിം തുടങ്ങിയവയാണ് ഈ ബ്രാൻഡിനുകീഴിൽ വരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള സ്‌പോൺസർഷിപ്പ് വഴിയും കോടികളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
ഇതിൽ താരതമ്യേന കുറവ് ആസ്തിയുള്ളത് നെയ്മറിനാണ്. റിപ്പോർട്ടുകളനുസരിച്ച് അദ്ദേഹത്തിന്റെ ആകെ ആസ്തി 4285 കോടി രൂപയാണ്. നെയ്മറിന്റെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം സാന്റോസ്, ബാഴ്സലോണ, പാരീസ് സെന്റ്-ജർമെയ്ൻ, അൽ ഹിലാൽ എന്നിവയുമായുള്ള അദ്ദേഹത്തിന്റെ പാർട്ണർഷിപ്പിൽ നിന്നാണ്. 2017-ൽ പാരീസ് സെന്റ്-ജർമെയ്ൻ ടീമിലേക്ക് അദ്ദേഹം മാറിയത് റെക്കോഡ് തുകയ്ക്കാണ്. 222 മില്യൺ പൗണ്ടായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ട്രാൻസ്ഫറായിരുന്നുവത്. അന്നുമുതൽ, നെയ്മറിന്റെ വരുമാനം കുതിച്ചുയർന്നു. ഇപ്പോൾ പ്രതിവർഷം അദ്ദേഹത്തിന് ലഭിക്കുന്നത് 600-ലേറെ കോടിയാണെന്ന് പറയപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lionel Messi's 2026 net worth is estimated at $1.1 billion with significant income from Inter Miami and Adidas. Cristiano Ronaldo commands an annual salary of over 1900 crore INR at Al Nassr.
Published: 09 Jul 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented