'ആ പരാജയത്തോടെ ബോളിവുഡ് എനിക്കുമുന്നിൽ വാതിൽ കൊട്ടിയടച്ചു': ജ്യോതിക

ജ്യോതിക | Instagram
ജ്യോതിക | Instagram

നല്ല വേഷങ്ങളുമായി വീണ്ടും സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് ജ്യോതിക. ഏറ്റവുമൊടുവിൽ 'സിസ്റ്റം' എന്ന ആമസോൺ പ്രൈം വീഡിയോയിലാണ് ജ്യോതിക അഭിനയിച്ചത്. അതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് താരം. ടൈംസ് എന്റർടെയിൻമെന്റുമായി സംസാരിക്കുകയായിരുന്നു ജ്യോതിക.

''എന്റെ ആദ്യത്തെ ഹിന്ദിചിത്രം ബോക്‌സോഫീസിൽ പരാജയപ്പെട്ടപ്പോൾ, ബോളിവുഡ് എനിക്കുമുന്നിൽ വാതിൽ കൊട്ടിയടച്ചു. എന്റെ ആദ്യ തമിഴ്ചിത്രവും പരാജയമായിരുന്നു. പക്ഷേ അവർ എന്റെ അഭിനയത്തെയാണ് നോക്കിയത്. എനിക്ക് കുറേ അവസരങ്ങൾ നൽകുകയും ചെയ്തു. ഇതാണ് ബോളിവുഡും കോളിവുഡും തമ്മിലുള്ള വിശ്വാസം''.

ഇപ്പോൾ കൂടുതൽ അവസരങ്ങൾ ബോളിവുഡിൽ കിട്ടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ''അന്നത്തെ ബോളിവുഡിൽനിന്ന് ഒരുപാട് മാറ്റംവന്നു. നാൽപ്പതുകളിലുള്ള സ്ത്രീകൾക്കായി അവർ എഴുതുന്ന തരത്തിലുള്ള തിരക്കഥകൾ നോക്കൂ. ദക്ഷിണേന്ത്യ എന്തായാലും ആ ഭാഗം ഇതുവരെ എക്‌സ്‌പ്ലോർ ചെയ്തിട്ടില്ല. ബോളിവുഡിനും കോളിവുഡിനും അവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് എനിക്ക് തോന്നുന്നു''. രണ്ട് വ്യവസായങ്ങൾക്കിടയിലുള്ള ജോലി സമയത്തിലെ വ്യത്യാസവും ജ്യോതിക എടുത്തുകാണിച്ചു.

ദീപിക പദുകോണിന്റെ എട്ടുമണിക്കൂർ ഷിഫ്റ്റിനെയും അഭിമുഖത്തിൽ ജ്യോതിക പിന്തുണച്ചു. ജോലി സമയക്രമത്തിന്റെ കാര്യത്തിൽ ബോളിവുഡും ദക്ഷിണേന്ത്യൻ സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും താരം സംസാരിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ ജോലി ചെയ്യുമ്പോൾ ഒരിക്കലും പ്രത്യേകമായി അത് ആവശ്യപ്പെടേണ്ടി വന്നിട്ടില്ലെന്ന് ജ്യോതിക വെളിപ്പെടുത്തി. ''സൗത്ത് സിനിമകളിൽ ഞങ്ങളുടെ ഷിഫ്റ്റുകൾ ആറുമണിക്ക് തീരും. 99 ശതമാനം സിനിമകളിലും അവർ ആറ് മണിക്ക് പാക്കപ്പ് ചെയ്യും. ഞങ്ങൾ അതിരാവിലെ തുടങ്ങും-ഇത് മിക്കപ്പോഴും ഏഴ് മുതൽ ആറ് വരെ അല്ലെങ്കിൽ ഒമ്പത് മുതൽ ആറ് വരെ ആയിരിക്കും''. ദീപികയ്ക്ക് എട്ട് മണിക്കൂർ ഷിഫ്റ്റിന് അർഹതയുണ്ടെന്നും, കാരണം അവർക്കൊരു കൊച്ചുകുഞ്ഞ് ഉണ്ടെന്നും ജ്യോതിക കൂട്ടിച്ചേർത്തു.

1998-ൽ പുറത്തിറങ്ങിയ 'ഡോളി സജാ കെ രഖ്‌ന' എന്ന പ്രിയദർശൻ സിനിമയിലൂടെയാണ് ജ്യോതിക അഭിനയത്തിലേക്ക് കടക്കുന്നത്. അക്ഷയ് ഖന്നയായിരുന്നു അതിലെ നായകൻ. ഇന്നും ഏറെ സ്‌നേഹത്തോടെയാണ് ജ്യോതിക ആ സിനിമയെ ഓർക്കുന്നത്. എങ്കിലും അതിന്റെ പരാജയമാണ് അവരെ തമിഴിലേക്ക് അടുപ്പിക്കുന്നത്. കാതൽ: ദ കോർ, ശെയ്ത്താൻ, ശ്രീകാന്ത്, ദബ്ബാ കാർട്ടൽ എന്നിവയാണ് ജ്യോതിക ഈയടുത്ത് അഭിനയിച്ച സിനിമകളും നെറ്റ്ഫ്‌ളിക്‌സ് സീരീസുകളും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jyothika discusses the professional rejection she faced in Bollywood early in her career. Contrast between the evolving Bollywood scripts for women and South Indian cinema practices.