ജയിലിൽനിന്നാണ് കഥ കിട്ടിയതെന്ന് സഞ്ജയ് ദത്ത്; 33 വർഷങ്ങൾക്കുശേഷം 'ഖൽനായക്' വരുന്നു

നടൻ സഞ്ജയ് ദത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 'ഖൽ നായക്' (Khal Nayak). സുഭാഷ് ഘായ് സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രത്തിൽ മാധുരി ദീക്ഷിത്, അനുപം ഖേർ, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തി.
രക്ഷപ്പെട്ട കൊടുംകുറ്റവാളിയായ ബല്ലുവിനെ പിടികൂടാൻ ശ്രമിക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ...ഇതാണ് ചിത്രത്തിന്റെ കഥ. സിനിമയിൽ ബല്ലുവായിട്ടാണ് സഞ്ജയ് ദത്ത് അഭിനയിച്ചത്. 1993-ൽ റിലീസായ ചിത്രം, ആ വർഷം ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. നടൻ അനിൽ കപൂറിന് ചിത്രത്തിൽ ബല്ലു എന്ന കഥാപാത്രമായി അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നുവത്രേ. എന്നാൽ, ആ കഥാപാത്രത്തിന് അനിൽ ചേരില്ലെന്ന് സുഭാഷ് ഘായ്ക്ക് തോന്നി. അങ്ങനെയാണ് സഞ്ജയിലെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മുംബൈ സ്‌ഫോടനങ്ങളുടെ പേരിൽ സഞ്ജയ് ദത്ത് അറസ്റ്റിലായി ജയിലിലെത്തുന്നത്.
സിനിമയിലെ പാട്ടുകളും ഏറെ ഹിറ്റായി. വിവാദങ്ങളിലിടം പിടിക്കുന്നതിനൊപ്പം ഹിറ്റ്‌ലിസ്റ്റിലുമെത്തിയ ചോളി കെ പീഛേ ക്യാ ഹെ, ഖൽ നായക് ഹേ തൂ, ആജാ സാജൻ ആജാ, ഓ മാ തുഛേ സലാം...ഇങ്ങനെ എത്രയെത്ര ഹിറ്റുകൾ. സിനിമയുടെ വിജയം തെലുഗു, തമിഴ്, പഞ്ചാബി ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ കാരണമായി.
സിനിമയുടെ സീക്വലായ 'ഖൽനായക് റിട്ടേൺസി'ന്റെ ടീസർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ബല്ലു എന്ന കഥാപാത്രമായി തന്നെയാണ് സഞ്ജയ് ഇതിലും എത്തുന്നത്.
മുംബൈ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിയുമ്പോഴാണ് സീക്വലിന്റെ ആശയം മനസ്സിലുണ്ടായതെന്ന് സഞ്ജയ് പറഞ്ഞു. 'ജയിലിൽ, എന്റെ ചുറ്റുമുള്ള എല്ലാവരോടും ഞാൻ ചോദിച്ചു, നിങ്ങളിൽ ആർക്കാണ് ഇത് കാണാൻ താത്പര്യമുള്ളതെന്ന്? 4,000 തടവുകാരും അവർക്കെല്ലാം ഇത് കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഞാൻ എല്ലാവരോടും ഇതിനെക്കുറിച്ച് ഒരു പേജ് എഴുതാൻ ആവശ്യപ്പെട്ടു (പുതിയ 'ഖൽനായക്' കഥ). 4000 പേജുകളും വായിക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു. പരോളിൽ പുറത്തിറങ്ങിയപ്പോൾ, സുഭാഷ് സാറിനോട് ഇക്കാര്യം പരിശോധിക്കാൻ ഞാൻ ആവശ്യപ്പെട്ടു. അതിനുശേഷം, ആ സിനിമ നിർമ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു'', സഞ്ജയ് കൂട്ടിച്ചേർത്തു. സംവിധാനം, നിർമാണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanjay Dutt confirms the development of Khal Nayak Returns. The sequel's plot was inspired by 4,000 inmates during Dutt's time in jail