ധുരന്ധർ-2 കാണാൻ സ്യൂട്ട്കെയ്സും തലയിണയും പാക്ക് ചെയ്യാം, ട്രോളുകളിൽ നിറഞ്ഞ് സിനിമ

ധുരന്ധർ
ധുരന്ധർ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ് 'ധുരന്ധർ 2' നായി. ഒന്നാം ഭാഗം വൻ ഹിറ്റായതിനാൽ രണ്ടാം ഭാഗം തിയേറ്ററുകളിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അതേ സമയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള മീമുകളും (memes) ട്രോളുകളും ഉയരുന്നുണ്ട്.

‘നിങ്ങൾ തിയേറ്ററിൽ പോയി 'ധുരന്ധർ: ദി റിവഞ്ച്' കാണാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ വെറും പോപ്‌കോൺ മാത്രം കരുതിയാൽ പോരാ’ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു ചെറിയ സ്യൂട്ട്‌കേസും ലഘുഭക്ഷണവും, ഒരുപക്ഷേ ഒരു തലയണയും കൂടി കയ്യിൽ കരുതുന്നത് നന്നായിരിക്കും എന്നാണ് വൈറൽ മീമുകൾ.

ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനാകുന്ന ഈ സ്പൈ ത്രില്ലർ സിനിമ, അതിന്റെ അമിതദൈർഘ്യം കാരണമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന ട്രോളുകൾക്ക് വഴിയൊരുക്കിയത്. 

സിനിമയുടെ ദൈർഘ്യം ഏകദേശം 3 മണിക്കൂർ 55 മിനിറ്റ് ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ (ഇന്റർവെല്ലും പരസ്യങ്ങളും കൂടാതെ), സോഷ്യൽ മീഡിയ ഉപയോക്താക്കൾ തിയേറ്റർ സന്ദർശനത്തെ ഒരു കോമഡി സ്കെച്ച് ആക്കി മാറ്റിയിരിക്കുകയാണ്.

പല വൈറൽ വീഡിയോകളിലും, സിനിമയ്ക്ക് പോകുന്നതിന് മുൻപ് വലിയ യാത്രയ്ക്ക് പോകുന്നതുപോലെ ആളുകൾ സ്യൂട്ട്‌കേസ് പാക്ക് ചെയ്യുന്നത് കാണാം. ചിലർ ബ്ലാങ്കറ്റുകളും തലയണകളും വരെ ബാഗിൽ നിറയ്ക്കുന്നു. ഒരു "സിനിമാറ്റിക് നൈറ്റ് ഔട്ട്" എന്നാണ് തമാശയായി ഇതിനെ വിശേഷിപ്പിക്കുന്നത്. സിനിമയുടെ ഇടവേള (Interval) വെറും പോപ്‌കോൺ കഴിക്കാനുള്ള സമയമല്ല, മറിച്ച് ഒരു ഫുൾ ഡിന്നർ കഴിക്കാനുള്ള സമയമാണെന്ന് പല മീമുകളും പരിഹസിക്കുന്നു.

ട്രോളുകൾ ഒരു വശത്ത് നടക്കുമ്പോഴും സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ ഭേദിക്കുകയാണ്. മാർച്ച് 19-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്ന് മാത്രം ഏകദേശം 37.11 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു.

ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗം എത്തുന്നത്. ഹംസ അലി മസാരിയും മേജർ ഇഖ്ബാലും തമ്മിലുള്ള പോരാട്ടമാണ് ഇതിവൃത്തം. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C

Content Highlights: Dhurandhar 2 has a massive runtime of 3 hours and 55 minutes., Social media is flooded with memes comparing the movie experience to a long trip., Despite the trolls, the film is breaking advance booking records., The movie features a star-studded cast including Ranveer Singh, Sanjay Dutt, and R. Madhavan., Official release date is March 19th with a multi-language rollout.