ബ്രഹ്മാണ്ഡചിത്രം ധുരന്ധറിന്റെ രണ്ടാംഭാഗമായ 'ധുരന്ധർ ദി റിവഞ്ച്' റിലീസ് ചെയ്യാൻ ഇനി മൂന്നുദിവസം മാത്രം. രൺവീർ സിങ്-ആദിത്യ ധർ കൂട്ടുകെട്ടിൽ പിറക്കുന്ന സ്പൈ ത്രില്ലർ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇതിനകം നൂറുകോടി രൂപ കടന്നുവെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് ആറിന് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനൊപ്പം പ്രിവ്യൂകളും ആരംഭിച്ചെങ്കിലും, അഡ്വാൻസ് ബുക്കിങ് ഈ വാരാന്ത്യത്തിലാണ് കുതിച്ചുകയറിയത്. പ്രീ-സെയിൽസ് റെക്കോർഡ് തകർത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് സിനിമ.

To advertise here,

മാർച്ച് 19-നാണ് തിയേറ്റർ റിലീസ്. മാർച്ച് 18 വൈകുന്നേരത്തേക്ക് പെയ്ഡ് പ്രിവ്യൂ ഷോകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പ്രിവ്യൂ ഷോകളിൽ നിന്ന് 32.44 കോടി രൂപ നേടിയതോടെ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രീമിയർ എന്ന റെക്കോർഡ് സീക്വലിന് സ്വന്തമായി. കഴിഞ്ഞ വർഷം 25 കോടി നേടിയ പവൻ കല്യാണിന്റെ OG ആയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ് ഉടമ.

വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന റെഗുലർ ഷോകൾക്കുള്ള (regular show) അഡ്വാൻസ് ബുക്കിങ് ശനിയാഴ്ച ആരംഭിച്ചു. ആദ്യ ദിവസത്തെ പ്രീ-സെയിൽസിലൂടെ ചിത്രം ഇതിനോടകം 14.66 കോടി രൂപ നേടിയിട്ടുണ്ട്. വെറും രണ്ട് ദിവസംകൊണ്ടുമാത്രം ഏകദേശം 10 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി.

വിദേശത്തും ധുരന്ധർ രണ്ടാംഭാഗം തരംഗമാണ്. അമേരിക്കയിൽ പ്രീ-സെയിൽസിൽ 5 ദശലക്ഷം ഡോളർ എന്ന കടമ്പ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി രൺവീർ സിംഗ് ചിത്രം മാറി. ഇത് പത്താൻ, ആർആർആർ, ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളെ ഇതോടെ സിനിമ മറികടന്നു, 4 ദശലക്ഷം ഡോളറിന് മുകളിലായിരുന്നു മുൻ റെക്കോഡ്. ലോകമെമ്പാടും, ധുരന്ധർ രണ്ടാംഭാഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ച തുക 120 കോടി രൂപയാണ്. റിലീസിന് രണ്ടു ദിവസം ബാക്കി നിൽക്കെ, ഈ കണക്ക് 150 കോടി രൂപയിലേക്ക് എളുപ്പത്തിൽ എത്താനും 200 കോടിയോടടുക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം സ്പോട്ട് ബുക്കിങ്ങും ചേർത്താൽ, ബാഹുബലി കാലം മുതൽ ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്തത്രയും ശക്തമായ മുന്നേറ്റമാണ് ധുരന്ധർ രണ്ടാംഭാഗം നടത്തുന്നത്.

ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ധുരന്ധറിന്റെ ഒന്നാംഭാഗം ലോകമെമ്പാടും 1300 കോടി രൂപയുടെ നേട്ടമുണ്ടാക്കിയിരുന്നു. സീക്വൽ 2000 കോടി രൂപ മറികടന്നേക്കുമെന്നാണ് പ്രവചനം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi