ആളുകള്‍ക്ക് എറിയാന്‍ തോന്നുന്ന നല്ല കുലയാണ് ഞാന്‍, നല്ലോണം ഏറുകൊണ്ടു: ബാലചന്ദ്രമേനോന്‍

#കെ.വിശ്വനാഥ്‌
ബാലചന്ദ്രമേനോന്‍ / ഫോട്ടോ: മധുരാജ്‌
ബാലചന്ദ്രമേനോന്‍ / ഫോട്ടോ: മധുരാജ്‌

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ ബാലചന്ദ്രമേനോന്‍ എന്ന പേരില്‍ ഒരു അധ്യായം തന്നെ വേണ്ടിവരും. അത്രയ്ക്ക് വിശാലമാണ് നാല്‍പ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്ന സിനിമാജീവിതത്തിനിടെ മേനോന്‍ നല്‍കിയ സംഭാവനകള്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം, സംഗീതം, അഭിനയം, ആലാപനം ഇങ്ങനെ സിനിമയുടെ സകല മേഖലയിലും വ്യാപിച്ചുകിടക്കുന്നു മേനോന്റെ കര്‍മകാണ്ഡം. അടിസ്ഥാനപരമായി താനൊരു സംവിധായകനാണെന്ന് മേനോന്‍ പറയുന്നു. സംവിധാനം ചെയ്ത 38 സിനിമകളില്‍ മിക്കതും ബോക്‌സോഫീസില്‍ വിജയമായി. കാര്യം നിസ്സാരം, ഏപ്രില്‍ 18 തുടങ്ങിയ സിനിമകള്‍ വന്‍ഹിറ്റുകള്‍. അഭിനയിക്കണമെന്ന് ഒരിക്കലും കരുതിയതല്ലെന്നും സാഹചര്യങ്ങളുടെ സമര്‍ദം കാരണം നടനായി മാറിയതാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് മേനോന് ദേശീയ അവാര്‍ഡ് ലഭിച്ചു. സംവിധായകനാവും മുമ്പ് സിനിമാപത്രപ്രവര്‍ത്തകനായിരുന്ന മേനോന്‍ ഉറപ്പിച്ചു പറയുന്നു. ''അവസാനദിനം വരെ സിനിമയില്‍ തന്നെയായിരിക്കും എന്റെ ജീവിതം.''  മോനോന്‍ പറയുന്നു. 

ഇപ്പോള്‍ മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യമെന്താണ്? എല്ലാം ചെയ്തു കഴിഞ്ഞോ?

ആത്മാര്‍ഥമായി പറയട്ടെ, എല്ലാം ചെയ്തുകഴിഞ്ഞു എന്നൊരു തോന്നല്‍ എന്റെ ഉള്ളിലില്ല. ഇതൊക്കെ ഒരു പ്രസവം പോലെയാണ്. കഴിഞ്ഞാല്‍ മറക്കും. എം.ടി. വാസുദേവന്‍ നായര്‍ എന്നെ താരതമ്യപ്പെടുത്തിയത് ഇംഗ്ലീഷ് സാഹിത്യത്തിലെ ചാള്‍സ് ലാംബോയുമായിട്ടാണ്. എന്റെ കാണാത്ത സുല്‍ത്താന് സ്‌നേഹപൂര്‍വം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് വി.ജെ.ടി ഹാളില്‍ ഒ.എന്‍.വി സാറിരിക്കുമ്പോള്‍ പുള്ളി പറയുന്നു, അക്ഷരമറിയാവുന്ന ആര്‍ക്കും എഴുത്തുകാരനാകാം. എന്നാല്‍ എഴുതാന്‍ മൗലികമായ ആശയങ്ങളും അതവതരിപ്പിക്കാന്‍ മാസ്മരികമായ ഒരു ശൈലിയുമുണ്ടെങ്കില്‍ മാത്രമേ അയാളെ ഞാനൊരു നല്ല എഴുത്തുകാരനായി അംഗീകരിക്കൂ. ഈ ഇരിക്കുന്ന ബാലചന്ദ്രമേനോനെ ഞാനൊരു നല്ല എഴുത്തുകാരനായി അംഗീകരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. 

എനിക്ക് ചാള്‍സ് ലാംബോയെ അറിഞ്ഞുകൂടാ. ഞാന്‍ പിറ്റേന്നു ബ്രിട്ടീഷ് ലൈബ്രറിയില്‍ പോയി അദ്ദേഹത്തിന്റെ ആത്മകഥയെടുത്തു വായിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നയാളാണ്. എം.ടി സാറിന്റെ വായനാപ്പരപ്പ് നോക്കുക. ആ ചടങ്ങ് റെക്കോര്‍ഡ് ചെയ്യാന്‍ ഒരു വീഡിയോഗ്രാഫറെ ഏല്‍പിച്ചിരുന്നു. കഷ്ടകാലത്തിന് ക്യാമറ വര്‍ക്ക് ചെയ്തില്ല. ദൈവം ചില സമയത്ത് എന്നെ നന്നായി കളിപ്പിക്കും.

ജീവനുള്ളിടത്തോളം കാലം ഞാന്‍ സിനിമ ചെയ്യും. ഓരോ മാസവും എന്നൊന്നുമല്ല. എന്റെ ജീവിതത്തില്‍ ഞാനിപ്പോള്‍ എന്താണോ, അത് മുഴുവന്‍ സിനിമ തന്നതാണ്. തിരുവനന്തപുരത്ത് ഞാന്‍ ആദ്യമായി വെച്ച വീടിന്റെ നെയിംപ്ലേറ്റ് ക്ലാപ് ആയിരുന്നു. ഞാന്‍ ചോദിച്ചത് ഒരു പൂവാണ്. ദൈവം എനിക്കൊരു പൂന്തോട്ടം തന്നെ തന്നു. ആരോടും പരാതിയില്ല. വിരോധമില്ല. പക്ഷെ ഞാനെന്തു ചെയ്യണമെന്ന്, ഇതുമതി എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ പല ആള്‍ക്കാരും എന്നെ കളിയാക്കി. അയാള്‍ക്ക് അഭിനയിക്കേണ്ട ആവശ്യമെന്താ എന്ന്. ഇതൊക്കെ വെറും അസൂയയാണ്. അതിനെയൊക്കെ ആ അര്‍ഹതയില്‍ വിടും. ഇപ്പോഴിതാ എല്ലാവരും ചെയ്യുന്നില്ലേ. ഇപ്പോ വരുന്ന ആള്‍ക്കാരില്‍ പലരും അനര്‍ഹമായി അത് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനൊന്നും ആരും ഒന്നും പറയുന്നില്ലല്ലോ. അപ്പോള്‍ എറിയാന്‍ ഞാന്‍ നല്ലൊരു കുലയായിരുന്നു. നല്ലോണം ഏറ് കൊണ്ടു. 
 

സമാന്തരങ്ങള്‍ എന്ന സിനിമയില്‍നിന്ന്‌

നാല് പതിറ്റാണ്ടുകൊണ്ട് ഒരുപാട് മാറ്റങ്ങള്‍ നമ്മുടെ സിനിമയിലും ജീവിതത്തിലും സംഭവിച്ചു. പെട്ടെന്ന് അനുഭവപ്പെടുന്ന മാറ്റം എന്താണ്? 

ഇന്ന് ഒരു മൊബൈല്‍ ഫോണില്‍ സിനിമയെടുക്കാം. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ചലിക്കുന്ന സ്വന്തം രൂപം നമുക്കുകാണാന്‍ കഴിയുമായിരുന്നോ? സ്റ്റില്ലുകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ചലിക്കുന്ന സ്വന്തം രൂപങ്ങള്‍ കാണാന്‍ സാധിച്ചിരുന്നത് സിനിമാക്കാര്‍ക്കും പിന്നെ ന്യൂസ് റീലുകളിലൂടെ രാഷ്ട്രീയക്കാര്‍ക്കുമാണ്. സാധാരണക്കാരന് അപ്രാപ്യമായിരുന്നു. ഇപ്പോ ആദ്യരാത്രി ഒഴികെയുള്ളതെല്ലാം ഷൂട്ട് ചെയ്തുകളയും. അപ്പോള്‍ തന്നെ അതിന്റെ ചാരുത പോയി. പണ്ട് സിനിമയെന്നാല്‍ താരങ്ങളായിരുന്നു. അവരെ സിനിമയിലല്ലാതെ എങ്ങും കാണാന്‍ കഴിയില്ല. ഇന്നോ? മദ്രാസിലെ സ്റ്റുഡിയോകളില്‍ വെച്ച് പടം ഷൂട്ട് ചെയ്യും. ഒരു ഫൈറ്റ് സീനിനോ ഗാനരംഗത്തിനോ വേണ്ടി പുറത്തെവിടെയെങ്കിലും വന്ന് മിന്നിയേച്ച് പോകും. അവരെ ആരും കാണുന്നില്ല. ഇന്ന് വലിയ ഹോട്ടലുകളില്‍ ചെന്നാല്‍ എല്ലാ താരങ്ങളെയും കാണാം. അവരെ എളുപ്പത്തില്‍ നമ്മുടെ കണ്‍മുന്നില്‍ കിട്ടും. അതിനോടുള്ള കൗതുകവും സ്വാഭാവികമായും കുറയും. സിനിമ കൂടുതല്‍ ജനകീയമായി. അതിനോടൊപ്പം സീരിയലും വന്നു. സിനിമാതാരങ്ങളേക്കാള്‍ പോപ്പുലറായിട്ടുള്ള ടെലിവിഷന്‍പ്രതിഭകളുണ്ട് ഇപ്പോള്‍.

അമ്പലപ്പുഴയില്‍ അമ്പതുകളുടെ അവസാനത്തിലാണ് അല്ലെങ്കില്‍ അറുപതുകളുടെ തുടക്കത്തിലാണ് താങ്കളുടെ ബാല്യം. സ്വാഭാവികമായിട്ടും അന്നത്തെ ഒരു കാലഘട്ടം, നാട്, സിനിമാകുതുകിയായ ചെറുപ്പക്കാരനെ പ്രചോദിപ്പിച്ചുകാണുമല്ലോ?

എന്റെ ഓര്‍മയിലെ ആദ്യ കലണ്ടര്‍ 1959-ലേതാണ്. പിന്നീട് 60, 61 എന്നിങ്ങനെ മാറുന്നത് ഓര്‍മയിലുണ്ട്. അന്ന് ഞാന്‍ സിനിമാകുതുകിയൊന്നുമല്ല. ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴൊന്നും എനിക്ക് സിനിമയെപ്പറ്റി അറിയില്ല. പിന്നെ അതിനുപറ്റിയ പശ്ചാത്തലമൊന്നും വീട്ടിലില്ലായിരുന്നു. കുടുംബത്തില്‍ എല്ലാവരും കലാവാസനയുള്ളവരാണ്. അച്ഛനും അമ്മയും നന്നായി പാടും. വീടിനകത്തു പാടുമെങ്കിലും അച്ഛന്‍ പാടുമെന്ന് പുറത്താര്‍ക്കുമറിയില്ല. അമ്മ ദിവസവും ഡയറിയെഴുതും. പക്ഷെ ഡയറിയെഴുതുന്ന ഒരാളെ ഒരിക്കലും എഴുത്തുകാരിയായി കാണാന്‍ കഴിയില്ലല്ലോ. പത്രവും ആനുകാലികപ്രസിദ്ധീകരണങ്ങളുമല്ലാതെ ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല. വായിച്ച പുസ്തകങ്ങളുടെ എണ്ണമെടുത്താന്‍ വിരലിലെണ്ണാന്‍ പോലുമില്ല. എനിക്കൊരു സമ്പന്നമായ ലൈബ്രറിയില്ല. 

വിവേകാനന്ദവിലാസം ലൈബ്രറിയില്‍ നിന്ന് എന്നെവിട്ട് വാരാവാരം അമ്മ പുസ്തകമെടുപ്പിക്കുമായിരുന്നു. അങ്ങനെയാണ് മുട്ടത്തുവര്‍ക്കിയൊക്കെ എന്റെ കൈയിലൂടെ പോയത്. ഞാന്‍ വായിച്ചിട്ടില്ല. ഞാന്‍ വായിച്ചതിനേക്കാള്‍ ഏറെ പുസ്തകങ്ങള്‍ എന്റെ അമ്മ വായിച്ചിട്ടുണ്ട്. വായനയും കലാഭിരുചിയുമൊക്കെ നിശബ്ദമായ രീതിയില്‍ വീട്ടിലുണ്ടായിരുന്നു എന്നു മാത്രം. അച്ഛന്‍ ശിവശങ്കരപ്പിള്ള സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. പറവൂരും കൊട്ടാരക്കരയും എടവയുമാണ് ഓര്‍മയിലുള്ള മൂന്നുസ്ഥലങ്ങള്‍. അപ്പോഴേയ്ക്കും ഞാന്‍ കോളേജിലെത്തി. 

സിനിമ എന്നൊരു സംഭവത്തെക്കുറിച്ച് അന്നറിയില്ല. പക്ഷെ ഉള്ളത് വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരന്‍ എന്ന പേര് അന്നേയുണ്ട്. അതിനൊരുപാട് പീഡനം അന്നത്തെക്കാലത്ത് അനുഭവിച്ചിട്ടുമുണ്ട്. ഒരു അമ്മാവന്‍ വന്നുപോയാല്‍ അദ്ദേഹത്തെ വിമര്‍ശിക്കുക, അദ്ദേഹത്തിന്റെ സംസാരരീതി അനുകരിക്കുക അങ്ങനെയൊക്കെ. അതുകൊണ്ട് എന്നെക്കൊണ്ട് ഇങ്ങനെ എന്തെങ്കിലും പറയിപ്പിക്കാനും അഭിനയിപ്പിക്കാനും അന്നത്തെ കൂട്ടുകുടുംബത്തില്‍ ഒരു സംഘമാളുകള്‍ ഉണ്ടായിരുന്നു. അതായിരുന്നു ആദ്യത്തെ ഓഡിയന്‍സ്. അവരതൊക്കെ ഇഷ്ടപ്പെടുന്നു എന്നു മനസ്സിലായപ്പോള്‍ ഞാന്‍ കുറച്ചൊക്കെ കൈയില്‍ നിന്നിട്ട്, അല്പം കാല്പനികതയൊക്കെ കൂട്ടിച്ചേര്‍ത്ത്, ഒരു വേഷക്കാരനാകും. ചെറിയ പ്രായത്തില്‍ തന്നെ. അപ്പോഴും സിനിമ മനസ്സിലില്ല. 

പന്ത്രണ്ടാമത്തെയോ പതിമൂന്നാമത്തെയോ വയസ്സില്‍ ഞാനൊരു സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ചു. ഭീഷ്മര്‍. ആ നാടകം സംവിധാനം ചെയ്തത് അവിടുത്തെ മലയാളം അധ്യാപകനായിരുന്നു. സാര്‍ കാര്യങ്ങള്‍ പറയുമ്പോള്‍ ഞാന്‍ എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കും. പുള്ളിക്കത് തീരെ ഇഷ്ടപ്പെടുന്നില്ല. 'നീയതങ്ങ് ചെയ്താമതി'. ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ പറഞ്ഞു, 'നീ നടനാണ്. സംവിധായകന്‍ ഞാനാ. ഞാന്‍ പറയുന്നത് അങ്ങ് കേട്ടാമതി' എന്ന്. അന്നാണ് സംവിധാനം എന്നൊന്നുണ്ടെങ്കില്‍ എനിക്കത് മതി എന്നു തീരുമാനിച്ചത്. അന്നാണ് സംവിധായകന്‍ എന്ന വാക്ക് ചെവിയില്‍ ആദ്യമായി വരുന്നത്. 
ഇതേപോലെ ജേര്‍ണലിസം എന്നൊരു വാക്ക് ചെവിയിലെത്തുന്നത് ഒ.എന്‍.വി.സാറില്‍ നിന്നാണ്. സംവിധാനം പഠിക്കണം. പുണെയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്. അവിടെ പഠിച്ചതാണ് എം.ആസാദ് എന്നൊക്കെ പതിയെ കേട്ടറിവുണ്ടായി. മെയ്മാസപ്പുലരിയൊക്കെ എടുത്ത വി.ആര്‍. ഗോപിനാഥ് അന്നവിടെ പഠിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട് ഞാന്‍, എന്താണ് അവിടുത്തെ രീതികള്‍ എന്നറിയാന്‍. അദ്ദേഹം മറുപടിയുമയച്ചിരുന്നു. 
 

പത്മശ്രീ പുരസ്‌കാരം സ്വീകരിക്കുന്നവേളയില്‍

അങ്ങനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സംവിധാനം പഠിക്കണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിപ്പെടുന്നത്. അവിടെ രാഷ്ട്രീയത്തില്‍ പെട്ടു. കോളേജ് ചെയര്‍മാനായി. അവിടെ വച്ച് ഒ.എന്‍.വി സാറിനോട് ഞാന്‍ പറഞ്ഞു, 'സിനിമയില്‍ പോകാന്‍ താല്പര്യമുണ്ട്, സാറിന്റെ പരിചയത്തില്‍ ആരോടെങ്കിലും ഒന്നു പറയുമോ' എന്ന്. അദ്ദേഹം പറഞ്ഞു, 'ബാലചന്ദ്രമേനോന്‍ ഞാന്‍ നിങ്ങളെ മൂന്നു വര്‍ഷമായി കാണുന്നു. നിങ്ങളുടെ മാനസികമായുള്ള വളര്‍ച്ചയും രീതികളും എല്ലാം കണ്ട ഒരാളെന്ന നിലയില്‍ പറയുകയാണ്, ഈ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു സഹായിയാകാന്‍ കഴിയില്ല. നിങ്ങളെ ആരും സഹായിയായി നിര്‍ത്തുകയുമില്ല. നിങ്ങളുടെ ശരീരകൂടം അതാണ്'. പഠിക്കാന്‍ എന്താണ് മാര്‍ഗം എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ജേര്‍ണലിസം പഠിക്കാന്‍ പറഞ്ഞു. ആ വാക്ക് ഞാനാദ്യമായി കേള്‍ക്കുന്നത് അന്നാണ്. 

ചെന്നൈയാണ് അന്ന് സിനിമയുടെ തട്ടകം. പത്രപ്രവര്‍ത്തകനായാല്‍ അതുവെച്ച് അവിടെ പോയി എല്ലാവരെയും കാണാം. അദ്ദേഹം പറഞ്ഞപടി ബോംബെ ഭാരതിയാര്‍ വിദ്യാഭവന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരുവനന്തപുരത്ത് പഠിച്ചു. ഫസ്റ്റ് റാങ്ക് ഉണ്ടായിരുന്നു. റിപ്പോര്‍ട്ടിങ്ങിന് കേരളകൗമുദിയുടെ ഗോള്‍ഡ് മെഡല്‍ കിട്ടി. ഹിന്ദുസ്ഥാന്‍ ടൈംസിലെ ജോലി കളഞ്ഞിട്ടാണ് നാനയുടെ മദ്രാസ് പ്രതിനിധിയായി പോയത്. 250 രൂപയായിരുന്നു ശമ്പളം. അതുകൊണ്ട് എങ്ങനെ കഴിയും എന്നൊന്നും ചിന്തിച്ചില്ല. പോയില്ലെങ്കില്‍ ശരിയാകില്ല എന്നു തോന്നി. അതൊരു തീരുമാനമായിരുന്നു. 1975-ലാണ് നാനയില്‍ ചേരുന്നത്. 1978-ല്‍ ആദ്യ സിനിമയിറങ്ങി. ശ്രമിച്ചു, അതുകൊണ്ട് കിട്ടി എന്നു പലരും പറയാറുണ്ട്. അതിനോടെനിക്കു യോജിപ്പില്ല. എന്തിലും ഒരു വിധിയുണ്ട്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളാണ്. ആരു വിചാരിച്ചാലും നമ്മളെ മേക്ക് ചെയ്യാനും അണ്‍മേക്ക് ചെയ്യാനും സാധിക്കില്ല. 

യൂണിവേഴ്‌സിറ്റി കോളേജില്‍ വാചകമടിച്ചു നടക്കുന്ന കാലത്ത് എന്റെ അച്ഛന്‍ മരിച്ചു പോയിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു. അച്ഛന്റെ ഔദ്യോഗിക പദവിയിലേക്ക് ഞാന്‍ കയറേണ്ടി വന്നേനെ, കുടുംബത്തെ നോക്കാന്‍. ചെന്നൈയില്‍ പോയതാണ് ടേണിങ് പോയിന്റ്. പലരും അന്ന് ചോദിക്കുമായിരുന്നു എന്തിനാണ് നിങ്ങള്‍ ഈ പണിക്ക് വന്നത്. നിങ്ങളുടെ യോഗ്യതകളൊന്നും ഈ പണിക്ക് ആവശ്യമില്ലെന്ന്. ഞാനിപ്പോ ചെന്നയുടനെ പ്രേംനസീര്‍ കൈ തരുന്നു, ഹലോ, ബാലചന്ദ്രമേനോന്‍ സുഖമാണോ. ഞാന്‍ അദ്ദേഹത്തെ പറ്റി കുറെ പുകഴ്ത്തും. പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ചായകുടിയൊക്കെ കഴിയുമ്പോള്‍ അദ്ദേഹം പതുക്കെ ഒരു പൊതിയെടുത്തു തരും. ഈ ഒരു പൊതിയായിരുന്നു അന്നത്തെ പത്രക്കാരുടെ ജീവിതം. ഈ അവസ്ഥയിലേക്കാണ് ഞാന്‍ ലാന്‍ഡ് ചെയ്യുന്നത്. കോളേജ് ചെയര്‍മാന്‍, ബെസ്റ്റ് ആക്ടര്‍, പഠിച്ച മൂന്നു കൊല്ലവും ബെസ്റ്റ് സ്റ്റുഡന്റ്, പാട്ടുകാരന്‍... എന്റെ വിദ്യാഭ്യാസജീവിതത്തില്‍ ഞാന്‍ എന്തായിരുന്നോ അതിന്റെ പത്തിലൊന്നു പോലും ഞാന്‍ സിനിമയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

ജിയോളജിയിലായിരുന്നു ഡിഗ്രി ചെയ്തത്. ബി.എസ്.സി. നിങ്ങള്‍ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാല്‍ അത് സാധ്യമാക്കാന്‍ ഈ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് എഴുത്തുകാരന്‍ പറഞ്ഞതിനെ വാര്‍ത്തയാക്കുന്നതും ആഘോഷിക്കുന്നതും കാണുമ്പോള്‍ ചിരി വരും. ഇതൊക്കെ ഞാനെന്റെ പതിനേഴാം വയസ്സില്‍ പ്രാക്ടിക്കലാക്കിയതാണ്. കാരണം ഇതെനിക്ക് പഠിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എനിക്കൊരു ലോകമില്ല എന്നു പറഞ്ഞ് അതിന് പിന്നാലെ പോകുകയാണ്, വരുംവരായ്കകള്‍ ഒന്നും ചിന്തിക്കാതെ. താമസിക്കുന്ന ലോഡ്ജില്‍ സുഹൃത്തുക്കളോട് ഇരുന്ന് ഒരു കഥ പറയുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു, നമുക്കിത് സിനിമയാക്കിയാലോ എന്ന്. അദ്ദേഹം സൗത്തിന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചിരുന്നത്. അവിടെയാണ് രജനികാന്തൊക്കെ പഠിച്ചത്. നിര്‍മിക്കാം, പക്ഷെ പ്രധാനകഥാപാത്രമാകണം എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ സമ്മതിച്ചു. അങ്ങനെ പുള്ളിയെ നായകനാക്കി എടുത്ത സിനിമയാണ് ഉത്രാടരാത്രി. അദ്ദേഹത്തിന്റെ പേര് ശശി. ഇപ്പോള്‍ എറണാകുളത്തുണ്ട്. എന്റെ ഇരുപത്തഞ്ചാമത്തെ പടമായ അച്ചുവേട്ടന്റെ വീട്ടില്‍ അദ്ദേഹത്തെ കൊണ്ടു വന്ന് അഭിനയിപ്പിച്ചിരുന്നു. 

അങ്ങനെയാണ് 'ഉത്രാടരാത്രി' സംഭവിക്കുന്നത്. എന്ത് അനുഭവപരിചയത്തിന്റെ പേരിലായിരുന്നു അത്?

അറിവില്ലായ്മയായിരുന്നു എന്റെ ധൈര്യം. അതിനെപ്പറ്റി കൂടുതല്‍ പഠിച്ചിരുന്നെങ്കില്‍ ഞാനത് ചെയ്യില്ല. പക്ഷെ ഇന്ന പോലെ വേണം എന്നു പറയാനും പണിയെടുപ്പിക്കാനും അറിയാം. അന്നത്തെ കാലത്ത് തിളങ്ങിനിന്നിരുന്ന മധുസാര്‍, സുകുമാരന്‍, കുതിരവട്ടം പപ്പു, കവിയൂര്‍ പൊന്നമ്മ, കനകദുര്‍ഗ എന്നിവരാണ് ആ പടത്തിലുള്ളത്. അവരെല്ലാം എനിക്ക് വലിയ പരിഗണന തന്നു. ഒരു പരിധിവരെ അത് പത്രപ്രവര്‍ത്തനത്തിലൂടെ കിട്ടിയതാണ്. നോണ്‍സെന്‍സ് അല്ല പറയുന്നത് എന്ന ബോധ്യം അവരില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അക്കാലത്ത് ചെറിയ ബജറ്റില്‍ ചെയ്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ. നല്ല അഭിപ്രായം നേടി അത്. മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ ഒരു പുതിയ സംവിധായകന്‍ എന്ന നിലയില്‍ ഒരേ സ്വരത്തില്‍ പ്രകീര്‍ത്തിച്ച പടമാണ്. പക്ഷെ സാമ്പത്തികവിജയമായിരുന്നില്ല. സ്വാഭാവികമായും നമ്മള്‍ വിസ്മൃതിയിലായി. പിന്നെ ആള്‍ക്കാര്‍ ചോദ്യം തുടങ്ങി. എന്തു ചെയ്യാന്‍ പോകുന്നു. എന്തു ചെയ്യാനാ? ജോലി കളഞ്ഞിട്ടാണ് സിനിമയില്‍ വന്നത്. 
 

ഒരു വര്‍ഷം കൊല്ലത്തെ വീട്ടില്‍ വെറുതെയിരുന്നു. എന്റെ ജാതകത്തിലുണ്ട് അക്കാലത്തെ അവഗണന. അങ്ങനെ ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. കൊല്ലത്ത് ചിന്നക്കടയിലേക്ക് നടന്നു പോകും വഴി നാനയുടെ ഉടമസ്ഥന്‍ കൃഷ്ണസ്വാമി റെഡ്ഡിയാരുടെ കാര്‍ അടുത്തുനിര്‍ത്തി. കൊച്ചിവരെ പോകുകയാണ് എന്നുപറഞ്ഞു. പാസ്‌പോര്‍ട്ട് എടുക്കാനുള്ള പോക്കാണ് എന്നുപറഞ്ഞില്ല. കാറില്‍ കയറി, ഓഫീസിലെത്തി. എന്റെ സിനിമയെപ്പറ്റി ചോദിച്ചു. അദ്ദേഹത്തിന് സിനിമ കാണണം എന്നുപറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കാണാന്‍ പറ്റുമോ എന്നായി. ജനറല്‍ പിക്‌ചേഴ്‌സില്‍ നിന്ന് പ്രിന്റെടുത്ത് ചവറയില്‍ പോയി തിയേറ്ററില്‍ നിന്ന് പടം കണ്ടു. ഡ്രൈവറോട് സ്വാമി ചോദിച്ചു, പടം എങ്ങനെയുണ്ട്. പടം കൊള്ളാം, പക്ഷെ ചിലതൊന്നും മനസ്സിലായില്ല എന്നു മറുപടി.

എന്നോട് സ്വാമി പറഞ്ഞു, ബാലചന്ദ്രാ പടത്തിന് പ്രശ്‌നമുണ്ട്, രാമചന്ദ്രനെപ്പോലുള്ള ആള്‍ക്കാര്‍ക്ക് മനസ്സിലാകണം. ആളുകളുടെ മനസ്സില്‍ സ്പര്‍ശിക്കുന്നതാകണം സിനിമ. ബുദ്ധി ഉപയോഗിച്ച് സിനിമയെടുക്കരുത് എന്ന്. പാവം മന്നിപ്പ്, പാസമലര്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളൊക്കെ കാണണം. അങ്ങനെ മനസ്സില്‍ സ്പര്‍ശിക്കുന്ന കഥയെഴുതണം. തന്റെ മനസ്സില്‍ കഥയുണ്ടല്ലോ, പറയ് എന്നു അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് രാധ എന്ന പെണ്‍കുട്ടിയുടെ കഥ അദ്ദേഹത്തോട് പറയുന്നത്. കഥ കേട്ടപാടെ അദ്ദേഹം അത് നിര്‍മിക്കാമെന്നേറ്റു. അദ്ദേഹത്തിന്റെ വീട്ടില്‍ സിനിമയെടുക്കുന്നതിനോട് വലിയ എതിര്‍പ്പായിരുന്നു. കുടുംബത്തിന്റെ സമാധാനം കളഞ്ഞിട്ട് സിനിമയെടുക്കരുത് എന്ന് ഞാന്‍ സ്വാമിയോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ വാശിയില്‍ ഉറച്ചുനിന്നു. ലക്ഷ്മിപ്രിയ എന്ന ബാനറില്‍ ഈ സിനിമ എടുക്കും. 

അദ്ദേഹത്തെ മാത്രമേ ഞാന്‍ ജീവിതത്തില്‍ മുതലാളി എന്നു വിളിച്ചിട്ടുള്ളൂ. അന്നും എന്നും. കാരണം അദ്ദേഹമാണ് എന്നെ നാനയിലേക്ക് കയറ്റിവിടുന്നത്. അദ്ദേഹത്തിന്റെ മകളാണ് കുമാരിയമ്മ. അവരുടെ ഭര്‍ത്താവ് ഡോ.ബി.എ. രാജാകൃഷ്ണന്‍ അവര്‍ക്ക് ഈ സിനിമയുടെ പേരില്‍ വിഷമമുണ്ടാകില്ല എന്ന് എന്നോട് പറയണം. എങ്കിലേ ഈ സിനിമയെടുക്കൂ എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണ് 'രാധയെന്ന പെണ്‍കുട്ടി' ചെയ്തത്. അത് 25 ദിവസം ഓടി. അതുകഴിഞ്ഞിട്ടും എന്നെ വിട്ടില്ല അവര്‍. ആ പടമാണ് കലിക. ആ സമയത്താണ് അവരുമായി തെറ്റുന്നത്. ബാലചന്ദ്രമേനോന്റെ പേരില്ലാതെയാണ് ആ സിനിമയിറങ്ങുന്നത്. 

അതിന്റെ പിന്നിലെ കഥ എന്താണ്?

അളുകള്‍ക്ക് നമ്മളെ വിമര്‍ശിക്കാം. പക്ഷെ നമ്മളെപ്പറ്റി നമുക്കൊരു കാഴ്ചപ്പാടുണ്ടായിരിക്കണം. അല്ലാത്തപക്ഷം വെറം പാവയായിപ്പോകും. കലിക എന്ന നോവല്‍ വളരെ പോപ്പുലറായ സമയത്ത് മുതലാളി എന്നെ വിളിച്ച് അത് സിനിമയാക്കണം എന്നു പറഞ്ഞു. അത് സിനിമയാക്കാന്‍ പറ്റിയ ഒന്നല്ല, പക്ഷെ അതില്‍ ഒരു സ്പാര്‍ക്ക് ഉണ്ട്. അത് എന്റേതായ രീതിയില്‍ വികസിപ്പിക്കാന്‍ സ്വാതന്ത്ര്യം തന്നാല്‍ ഈ സിനിമ ചെയ്യാം എന്നു പറഞ്ഞു. അങ്ങനെ നോവലിന്റെ രചയിതാവ് മോഹനചന്ദ്രന്‍ സിംഗപ്പൂരില്‍ നിന്നെത്തി. അദ്ദേഹം ഇന്നും എന്റെ സുഹൃത്താണ്. അദ്ദേഹം എന്റെ സംസാരത്തില്‍ മതിപ്പു കാണിച്ചു. 'ബാലാ, ഞാന്‍ കലികയെഴുതി. നിങ്ങളാണത് സിനിമയാക്കുന്നത്. നിങ്ങള്‍ക്ക് അതില്‍ എന്തുമാറ്റവും വരുത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും' എന്നു പറഞ്ഞു. പറഞ്ഞാല്‍ പോരാ, എഴുതിത്തരണം എന്നായി ഞാന്‍. ആ എഴുത്ത് ഇപ്പോഴും എന്റെ കൈയിലുണ്ട്. ഇടപെടില്ല എന്നു പറഞ്ഞിടത്ത് ചില ഇടപെടലുകളുണ്ടായപ്പോഴാണ് പ്രശ്‌നമുണ്ടായത്. 

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് വിഷമമുണ്ടാക്കുന്നതായിരുന്നു അത്. ഉള്ളില്‍ തോന്നുന്നത് അതേപോലെ പറയുന്ന ആളാണ് ഞാന്‍. പടം മുഴുവന്‍ തീര്‍ത്തു. എന്റെ പേരില്ലാതെ ഈ പടം ഇറക്കിയിട്ട് അവര്‍ പിന്നെ 'നട്ടുച്ചയ്ക്ക് ഇരുട്ട്' എന്ന പേരിലൊരു പടം ചെയ്തു. ഫസ്റ്റ് ഷോ കഴിഞ്ഞ് ആളില്ലാത്തതിനാല്‍ വീണ്ടും തിയേറ്ററില്‍ കലിക തന്നെ ഇടേണ്ടി വന്നു. അത് ദൈവത്തിന്റെ കളിയാണ്. 'കലിക'യില്‍ ഞാന്‍ കുരിശിലേറ്റപ്പെടുകയായിരുന്നു. കലിക എന്ന സിനിമയെപ്പറ്റി ഇറക്കുന്ന പ്രത്യേകപതിപ്പില്‍ സംവിധായകന്റെ പേര് കൊടുക്കാതെ കവറില്‍ ഷീലയെയും വിപിന്‍ദാസിനെയും കാണിച്ച് വിപിന്‍ദാസ് അണിയിച്ചൊരുക്കുന്നു എന്ന് കാണിച്ചാല്‍ അതിന്റെ അര്‍ഥമെന്താണ്? കൂടാതെ അതിന്റെ എഡിറ്റോറിയല്‍ പേജിലെഴുതി ഇടതും വലതുമറിയാത്ത സംവിധായകന്‍ എന്ന്. എന്നെപ്പോലെ പരീക്ഷണങ്ങള്‍ നടത്തിയ ഒരു സംവിധായകന്‍ വേറെയാരുമില്ല. 'കലിക' ഹിറ്റായി. 

അതോടു കൂടി ആ ചരിത്രം കഴിഞ്ഞപ്പോഴാണ് എന്‍.ബി. അബു എന്ന അവതാരമുണ്ടാകുന്നത്. അതാണ് പറഞ്ഞത് ആര്‍ക്കും ആരെയും തടയാനാകില്ല. അദ്ദേഹം സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയമായിരുന്നു. ഞങ്ങള്‍ ഒന്നിച്ചെടുത്ത സിനിമയാണ് 'അണിയാത്ത വളകള്‍'. ആ സിനിമയാണ് എന്നെ ആളുകളിലേക്ക് അടുപ്പിച്ചത്. അപ്പോഴും മലയാളി സമൂഹം എന്നെ അംഗീകരിച്ചില്ല എന്നോര്‍ക്കണം. 'അണിയാത്ത വളകളു'ടെ എഡിറ്റര്‍ രാമന്‍ നായരായിരുന്നു. ഒരു സഹായിയായി നില്‍ക്കാതെ എങ്ങനെ സംവിധായകനായി എന്ന് സംശയമുണ്ടായില്ലേ.  ഇതേ സംശയം പൊതുജനത്തിനുമുണ്ടായിരുന്നു. അവര്‍ പറഞ്ഞു, രാമന്‍ നായരല്ലേ ഡയറക്ടര്‍, അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചു വന്ന ആളല്ലേ എന്ന്. ശരി. ആകട്ടെ. ഇത് കഴിഞ്ഞപ്പോള്‍ വിപിന്‍ദാസ് വന്നു. അപ്പോള്‍ പറയുന്നു, വിപിന്‍ദാസല്ലേ ക്യാമറ. പിന്നെന്തു ഡയറക്ഷന്‍ എന്ന്. സുകുമാരന്റെ ഡയലോഗ് അദ്ദേഹം തന്നെയല്ലേ എഴുതുന്നത്, കേട്ടാലറിഞ്ഞു കൂടെ. അങ്ങനെ അങ്ങനെ. മലയാളിയുടെ അംഗീകാരം കിട്ടാന്‍ എന്തു പാടാണെന്നോ. ബാലചന്ദ്രമേനോന്‍ തന്നെയാണ് ഇതൊക്കെ ചെയ്തതെന്ന് മലയാളിയെക്കൊണ്ട് കൈയടിപ്പിക്കാന്‍ 'ഏപ്രില്‍ 18' വരെ കാത്തിരിക്കേണ്ടി വന്നു. ഇന്നും ഞാനൊരു സിനിമ ചെയ്യുമ്പോള്‍ അതിനെക്കുറിച്ചറിയാനുള്ള താല്പര്യം ഞാന്‍ ഇപ്പോഴും അവശേഷിപ്പിച്ചിട്ടുണ്ട്. എനിക്ക് മലയാളികളോട് കടപ്പാടുണ്ട്. ഒരു പ്രവണതകള്‍ക്കും, ഒരു താരത്തിന്റെയും പിന്നാലെ പോകാത്ത ബാലചന്ദ്രമേനോന്‍ ഇപ്പോഴും നിങ്ങളുടെ മുന്നിലിരിക്കുന്നുണ്ട്.  

ആദ്യം അഭിനയിക്കുന്നത് മണിയന്‍ പിള്ള അഥവാ മണിയന്‍ പിളളയിലല്ലേ? 1981ല്‍?

അല്ല, ഉത്രാടരാത്രിയിലാണ്. കൈയടിവാങ്ങുന്ന ഒരു ഷോട്ടിലാണ് ആദ്യം അഭിനയിച്ചത്. ശശിയുടെ കഥാപാത്രമായ ഗോപനെ വേലക്കാരിയുടെ മുറിയിലേക്ക് പോകാന്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകനായിരുന്നു ആ കഥാപാത്രം. കാമലീലകളുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ആ കഥാപാത്രത്തിന്റെ അടുത്ത വളര്‍ച്ചയായിരുന്നു 'തകര'യിലെ ചെല്ലപ്പനാശാരി. ഞാന്‍ ചെയ്ത ആദ്യത്തെകാര്യങ്ങളൊക്കെ എല്ലാവരും മറക്കും. 'ഉത്രാടരാത്രി'യിലെ കഥാപാത്രത്തിന്റെ ആവര്‍ത്തനമായിരുന്നു ചെല്ലപ്പനാശാരി. പിന്നെ ചെല്ലപ്പനാശാരിയുടെ ആവര്‍ത്തനമാരംഭിച്ചു. ഞാന്‍ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങളി'ല്‍ ജോണ്‍സണ്‍ എന്ന കഥാപാത്രമുണ്ടായിരുന്നു. നെടുമുടി വേണു തന്നെയാണ് അത് ചെയ്തത്. 'ചിരിയോ ചിരി' എന്ന സിനിമയുടെ മറ്റൊരു പതിപ്പല്ലേ, 'നാടോടിക്കാറ്റ്'. ഒറിജിനല്‍ 'ചിരിയോചിരി' തന്നെയാണ്. ആരും പറയാറില്ല. മോഹന്‍ലാല്‍ ടീമിന്റെ ഒരു പ്രഭാവം വന്നത് കൊണ്ട് ആദ്യചിത്രം പിന്നിലേയ്ക്ക് പോയി. ജനം അതിനെ ആഘോഷിച്ചു.

ഒരു സംവിധായകനാണ് എന്നു സ്വയം വിശ്വസിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തതിനുശേഷം അഭിനയത്തിലേക്ക് കടന്നതെങ്ങനെയാണ്?

അന്നും ഇന്നും ഞാന്‍ അഭിനയിക്കാന്‍ വന്നയാളല്ല. ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാണ്. പടത്തിന്റെ പേര് പറയില്ല. നിര്‍മാതാവിന്റെ മനസ്സില്‍ എന്തൊക്കെയാണ് എന്നു നമുക്കറിയില്ല. ശങ്കറിനെ നായകവേഷത്തില്‍ വേണമെന്നായിരുന്നു എന്റെ താല്പര്യം. ചര്‍ച്ചകള്‍ക്കിടയില്‍ ശങ്കറിന്റെ ഡേറ്റ് വാങ്ങുന്ന കാര്യം പറയുമ്പോള്‍ നിര്‍മാതാവ് ഉഴപ്പുന്നു. എനിക്ക് സംശയമായി. ഷൂട്ടിങ് അടുത്തുവരികയാണ്. ബാക്കിയെല്ലാവരുടെയും ഡേറ്റുണ്ട്. ശങ്കറിനെ കിട്ടുന്നില്ല എന്ന മുടക്കുന്യായം. ഷൂട്ട് തുടങ്ങി. ഞാന്‍ നിര്‍മാതാവിനെ വിളിച്ചു പറഞ്ഞു, പത്തു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം.

ഒരു ദിവസം സെറ്റിലെത്തിയപ്പോള്‍ അതില്‍ അഭിനയിക്കുന്ന ഒരു സുഹൃത്ത് വന്നു പറഞ്ഞു, എടോ നിങ്ങളുടെ പ്രൊഡ്യൂസറെ കൊണ്ട് വലിയ ശല്യമാണ്. രാത്രിയായാല്‍ ഒരു പൈന്റുമായി മുറിയില്‍ വരും. രണ്ടെണ്ണം അടിച്ചിട്ട് അഭിനയിച്ചു കാണിച്ചിട്ട് ചോദിക്കും എങ്ങനുണ്ട് ഞാന്‍ കൊള്ളാമോ. അയാള്‍ക്ക് അഭിനയിക്കാനൊന്നും അറിഞ്ഞൂടാ, പക്ഷെ ഞങ്ങള്‍ പൊക്കിവിടും കൊള്ളാമെന്ന്. ഒരിടത്തല്ല പല മുറിയിലും പോകുന്നുണ്ട്. ഈ പടത്തില്‍ പുള്ളി അഭിനയിക്കുമോ എന്ന് ബലമായ സംശയമുണ്ടെന്നുപറഞ്ഞു. അപ്പോഴേ ഞാന്‍ അപകടം മണത്തു. നല്ല വേഷമാണ്. ഒരു ദിവസം ഞാന്‍ അയാളോട് ശങ്കറിന്റെ ഡേറ്റിനെക്കുറിച്ച് ചോദിച്ചു. അയാളോട് പോകാന്‍ പറ, ഇവനെയൊക്കെ താങ്ങിനടക്കേണ്ട ആവശ്യമെന്താണെന്നായി നിര്‍മാതാവ്. എനിക്ക് അയാളെയൊന്നും വേണ്ട. നിങ്ങളെ വിശ്വാസമാണെന്നും എന്നോട് പറഞ്ഞു. ഞാനതില്‍ പിടിച്ചു. ഇനി ഒരാളെ കണ്ടെത്തി ആ വേഷം ചെയ്യിക്കുക ബുദ്ധിമുട്ടായതിനാല്‍ ഞാന്‍ തന്നെ ആ വേഷം ചെയ്‌തോളാമെന്ന് ഒറ്റയടിക്ക് പറഞ്ഞു. പുള്ളി അതുകേട്ട് പെട്ടെന്നങ്ങ് നിന്നുപോയി. അങ്ങനെ ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം ചെയ്തു. അത് ക്ലിക്കായി. അത് പ്രതീക്ഷിച്ച് ചെയ്തതൊന്നുമല്ല. അല്ലെങ്കില്‍ മറ്റെയാള്‍ കേറി അഭിനയിക്കും. പടം അതോടെ തീരും. 

ബാലചന്ദ്രമേനോന്‍ മലയാളികളുടെ മനസ്സില്‍ ഇത്രത്തോളം നിലനില്‍ക്കുന്നത് നടനായതുകൊണ്ടു കൂടിയാണ്?

തീര്‍ച്ചയായും. പ്രേക്ഷകര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതുകൊടുത്താല്‍ അവര്‍ ഹാപ്പിയാണ്. വലിയ പരീക്ഷണങ്ങള്‍ക്കൊന്നും പോകാറില്ല. പിന്നെ വലിയൊരു ഗൗരവം അഭിനയത്തിന് കൊടുക്കാന്‍ എനിക്ക് സാധിക്കാറില്ല. കാരണം എന്റെ പ്രൊഫഷന്‍ വേറെയാണ്. പരിഗണനകള്‍ വേറെയാണ്. സ്‌ക്രീനില്‍ എന്നെ കാണുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ് എന്നറിയാം. പ്രായം മറന്നൊന്നും അവിടെ ചെയ്യാറുമില്ല. 


(തുടരും)

Content Highlights: balachandra menon talking about his life and cinema