കഴിഞ്ഞദിവസം ഒരമ്മയും ചെറുപ്പക്കാരിയായ മകളും റോസ്‌കോട്ട് ബംഗ്‌ളാവിലെത്തിയിരുന്നു. വീവേഴ്‌സ് വില്ലേജിന്റെ ഉടമയും ബിഗ് ബോസ് താരവുമായ ശോഭാ വിശ്വനാഥിനോട് സംസാരിക്കാനാണ് അവര്‍ വന്നത്. വഴുതക്കാട്ടെ പഴയ റോസ്‌കോട്ട് ബംഗ്‌ളാവിപ്പോള്‍ വീവേഴ്‌സ് വില്ലേജാണ്.
ഗാര്‍ഹികപീഡനത്തിനിരയായി ജീവിതം നരകമായി മാറിക്കൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിക്ക് വിവാഹമോചിതയാകണം. സാധാരണജീവിതത്തിലേക്ക് തിരികെ വരണം.
ശോഭയോടൊന്ന് സംസാരിച്ചാല്‍ ഗുണംചെയ്യുമെന്ന് തോന്നിയത് അമ്മയ്ക്കാണ്. അങ്ങനെയാണ്, അമ്മ മോളെയുംകൊണ്ട് വരുന്നത്. ശോഭയോട് സംസാരിച്ചശേഷം പ്രതീക്ഷയോടെയാണ് അമ്മയും മകളും തിരിച്ചുപോയത്.
കേരളത്തിലെ വസ്ത്രവ്യാപാരമേഖലയില്‍ ശ്രദ്ധേയമായ പേരാണ് ശോഭയുടെതും വീവേഴ്‌സ് വില്ലേജിന്റെതും. സംരംഭക, ചൈല്‍ഡ് ആക്ടിവിസ്റ്റ്, കേരളത്തിലെ പിങ്കത്തോണിന്റെ(സ്ത്രീകളുടെ മാരത്തോണ്‍) ആദ്യ അംബാസഡര്‍, ഡിസൈനര്‍... ഒരുപാട് കാര്യങ്ങള്‍ ഒരേസമയം ചെയ്തുകൊണ്ടിരിക്കുന്നയാള്‍... ഇപ്പോഴിതാ ബിഗ് ബോസ് താരം എന്ന വിശേഷണവും. ശോഭ തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസില്‍ നൂറുദിവസം തികച്ച് ശോഭ തിരിച്ചെത്തിയത് പുതിയൊരു ബഹുമതിയുമായിട്ടാണ്. മോട്ടിവേറ്റര്‍ അഥവാ മനുഷ്യരെ പ്രചോദിപ്പിക്കാന്‍ കഴിവുള്ളവള്‍. ബിഗ് ബോസിലൂടെ ശോഭയുടെ ജീവിതം കേട്ട് പലരും, സുഹൃത്തുക്കള്‍ക്കുവേണ്ടിയും ബന്ധുക്കള്‍ക്കുവേണ്ടിയും അവരവര്‍ക്കുവേണ്ടിത്തന്നെയും ശോഭയെ വിളിച്ചുസംസാരിക്കുന്നു.
തിരക്കുകള്‍ക്കിടയിലും ശോഭയുടെ സംസാരത്തില്‍ പ്രസരിപ്പ് നിറയുന്നു. ജീവിതവും സ്വപ്‌നങ്ങളും പ്രതീക്ഷകളും ശോഭ ഗൃഹലക്ഷ്മിയുമായി പങ്കുവയ്ക്കുന്നു...

നിലപാടുള്ള ശോഭയ്ക്കാണ് കൂടുതല്‍ കൈയടി കിട്ടിയതെന്ന് തോന്നുന്നു...
നിലപാടുകള്‍ ഉറക്കെ പറഞ്ഞതുകൊണ്ടാണ് കൈയടി കിട്ടിയതെന്ന് കരുതുന്നു. ഇപ്പോള്‍ തിരിച്ചറിയപ്പെടുന്നതും അത്തരത്തിലാണ്. ഓരോ വ്യക്തിയും അനുഭവിക്കുന്ന ജീവിതം ഒരിക്കലും ഒരുപോലെയാവില്ല. ദുരിതങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊന്നും ഒരുപോലെ ആവില്ല. അത് താരതമ്യം ചെയ്യാന്‍ നില്‍ക്കുന്നതേ മണ്ടത്തരമാണ്. അക്കാര്യം ബിഗ്‌ബോസില്‍ ഉറക്കെ പറഞ്ഞുവെന്നുമാത്രം.
അഖില്‍ മാരാരുമായിട്ടാണല്ലോ കൂടുതല്‍ വഴക്ക് കൂടേണ്ടിവന്നിട്ടുള്ളത്?
അഖിലിന്റെ ചില നിലപാടുകളോട് യോജിപ്പുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. അത് തുറന്ന് പറയേണ്ടിവന്നു. എന്നാല്‍, ബിഗ് ബോസ് വീട്ടില്‍നിന്ന് പുറത്തിറങ്ങിയതോടെ, നീരസമെല്ലാം വിട്ടു. എല്ലാവരും ചേര്‍ന്ന് ഗ്രൂപ്പൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ചില പ്രോഗ്രാമുകള്‍ക്കും ഒരുമിച്ച് കൂടി.
ബാക്കിയുള്ള മത്സരാര്‍ഥികളോടൊക്കെ എങ്ങനെയാണ്?
എല്ലാവരോടും സ്‌നേഹവും ബഹുമാനവുമുണ്ട്. ബിഗ് ബോസ് വീട്ടില്‍ ചെന്നത് കളിക്കാനാണെന്ന ധാരണയില്‍ത്തന്നെയായിരുന്നു. ആരോടും വല്ലാതെ ഒട്ടിനിന്നിട്ടില്ല. അതുകൊണ്ടുതന്നെ, ഒരു ഗ്രൂപ്പിന്റെയും ഭാഗമായില്ല. ഒറ്റയ്ക്ക് കളിക്കാനായിരുന്നു തീരുമാനം. ഇടയ്ക്ക് ഒരു 'എവിക്ഷന്‍' നാടകം വന്നപ്പോള്‍, ശരിക്കും ദേഷ്യം വന്നു. ആരോടും ദേഷ്യമില്ലാതെ പുറത്തിറങ്ങിറങ്ങണമെന്ന് തീരുമാനിച്ചിരുന്നു. അതിന് കഴിഞ്ഞു.
ബിഗ് ബോസില്‍ സാരിയുടുത്ത ശോഭയെയാണ് കണ്ടത്. സാരിയുടുത്ത് ഗെയിം കളിക്കാനും ഓടാനുമൊക്കെ പ്രയാസമില്ലേ?
സാരിയുടുക്കുന്നതാണ് ഇഷ്ടം. കൈത്തറിസാരികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് പറയാം. സാരിയുടുക്കാന്‍ ബുദ്ധിമുട്ടില്ല. മറ്റേത് വസ്ത്രത്തോളംതന്നെ കംഫര്‍ട്ടബിളാണ് സാരിയും. ഓടാനും ചാടാനുമൊന്നും ബുദ്ധിമുട്ടില്ല. നൂറുദിവസത്തേക്ക് വേണ്ട സാരിയുംകൊണ്ടാണ് ബിഗ് ബോസില്‍ പോയത്. കൈത്തറിസാരികളും അമ്മയുടെയും സുഹൃത്തുക്കളുടെയും സാരികളും കൊണ്ടുപോയി. ഓരോ സാരിയും എനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടതായിരുന്നു. ഫൈനലില്‍ എന്റെ കല്യാണസാരി-'മുഹൂര്‍ത്തപ്പട്ടാ'ണ് ഉടുത്തത്.
മോഹന്‍ലാലുമൊത്തുള്ള അനുഭവങ്ങള്‍ എങ്ങനെ? സിനിമയിലഭിനയിക്കാന്‍ പ്‌ളാനുണ്ടോ?
മോഹന്‍ലാല്‍, 'ശോഭേ...' എന്ന് വിളിക്കുന്നത് കേള്‍ക്കുന്നതുതന്നെ സന്തോഷമാണ്. ഞാന്‍ ബിഗ് ബോസ് സ്റ്റേജില്‍ കയറിയപ്പോള്‍, ലാലേട്ടനോട് ഒരുരൂപ ചോദിച്ചിരുന്നു. അവസാനദിവസം സ്റ്റേജില്‍വെച്ചുതന്നെ, ആ ഒരുരൂപ തന്നു. അങ്ങനെ, ലാലേട്ടനും ഞങ്ങളുടെ 'ഭൂമിക' പദ്ധതിക്കുവേണ്ടിയുള്ള ഒരുരൂപാ ചാലഞ്ചില്‍ പങ്കാളിയായി. 'One Rupee Loom' എന്ന കാമ്പയിനുവേണ്ടിയായിരുന്നു ആ ഒരുരൂപ.
നല്ല പ്രോജക്ടുകള്‍ കിട്ടുകയാണെങ്കില്‍മാത്രം സിനിമയില്‍ വരും. കുറെ യാത്രകള്‍ ചെയ്യണം. അത് വ്‌ളോഗാക്കണം. അങ്ങനെയൊരു പ്‌ളാനുണ്ട്.
ജീവിതത്തില്‍ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് ആരൊക്കെയാണ്?
അമ്മതന്നെയാണ്. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. വരുമാനത്തിന്റെ വിലയറിയാം. പിന്നെ, അച്ഛന്‍. ചേട്ടന്‍ കൃഷ്ണകുമാര്‍. അണ്ണാച്ചി എന്നാണ് ഞാന്‍ വിളിക്കുക. ചേട്ടന്‍ എനിക്കുവേണ്ടി ബിഗ് ബോസില്‍ വോട്ട് ചെയ്‌തെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. ബിഗ് ബോസില്‍ പോകുന്നതിന് ആദ്യം ചേട്ടന് വലിയ താത്പര്യമില്ലായിരുന്നു. ഒരു ചേച്ചിയുണ്ട്, ഷീബ. ആവശ്യം വന്നാല്‍ അവരെല്ലാവരും കൂടെയുണ്ടാവും. അതൊരു ധൈര്യമാണ്.
കൈത്തറി സംരംഭകയാകുന്നതെങ്ങനെ?
അച്ഛനും അമ്മയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. അച്ഛന്‍ വിശ്വനാഥന്‍, ബി.എസ്.എന്‍.എല്ലിലും അമ്മ മീന, പോസ്റ്റല്‍ സര്‍വീസിലും.
പഠിച്ചത് എം.ബി.എ.യാണ്. പോണ്ടിച്ചേരിയില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു കല്യാണം. അതോെട ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പിന്നെ, ഭര്‍ത്താവിന്റെ കുടുംബബിസിനസില്‍ ശ്രദ്ധിച്ചുപോരുകയായിരുന്നു. ഇതിനിടെ വിവാഹജീവിതമവസാനിപ്പിച്ച് ഇറങ്ങിവന്നു. ഡിവോഴ്സ് കേസ് ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്.
ഗാര്‍ഹികപീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇനി അവിടെ തുടരുന്നത് മരിക്കുന്നതിന് തുല്യമായ അവസ്ഥയായി. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ആ ജീവിതം വേണ്ടെന്ന് തീരുമാനിക്കുന്നത്.
ബാലരാമപുരത്തെ കൈത്തറിക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൈത്തറി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് 2012-ല്‍ വീവേഴ്‌സ് വില്ലേജ് തുടങ്ങുന്നത്. നെയ്ത്ത് ഉപജീവനമാക്കിയവര്‍ക്ക് കൈത്താങ്ങായി.
ഒരു വന്‍ചതിയില്‍നിന്ന് പുറത്ത് വന്നതാണല്ലോ...
2021-ല്‍ ഒരു പഴയ സുഹൃത്തിന്റെ ചതി എന്നെ പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിച്ചു. നോ പറഞ്ഞതിന്റെ പേരിലായിരുന്നു അത്. വീവേഴ്‌സ് വില്ലേജിലെ ഒരു ജീവനക്കാരിയെ സ്വാധീനിച്ച് സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ചു. നാര്‍കോട്ടിക് കേസായിരുന്നു. വെച്ചയാള്‍ ഒടുവില്‍ സത്യം തുറന്നുപറഞ്ഞു. ഇത് ചെയ്തയാള്‍ ഇപ്പോഴും സ്വതന്ത്രനായി ജീവിക്കുന്നു. അത് വലിയൊരു പാഠമായിരുന്നു. ആരൊക്കെ കൂടെനില്‍ക്കുമെന്ന് മനസ്സിലാക്കിത്തന്ന അനുഭവം. ഇപ്പോള്‍ തൃശ്ശൂരിലെ സമാനമായ കേസിന്റെ കാര്യമറിഞ്ഞപ്പോള്‍, പഴയതൊക്കെ വീണ്ടുമോര്‍ത്തു.
ഭാവിപരിപാടികള്‍?
കുറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. ബാലരാമപുരം കൈത്തറി അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കണം. കൈത്തറിത്തൊഴിലാളികള്‍ക്ക് മാന്യമായ വേതനമുറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബെയര്‍ഫൂട്ട് മാരത്തണ്‍ റണ്ണറാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള ഗോവ ആസ്ഥാനമായ എല്‍ ശാഥായ് എന്ന സംഘടനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നു.
ഗാര്‍ഹികപീഡനം അതിജീവിച്ച സ്ത്രീകള്‍ക്ക് വേണ്ട പിന്തുണ നല്‍കണം. അനുഭവങ്ങള്‍ തുറന്നുപറയാന്‍ പ്രേരിപ്പിക്കണം... എന്റെ വിഷ്ലിസ്റ്റില്‍ ആഗ്രഹങ്ങളവസാനിക്കുന്നില്ല.
Content Highlights: big boss contestant sobha viswanath interview
Published: 02 Sept 2023, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented