ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (viral hepatitis). പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം ധാരാളമായി കണ്ടുവരുന്നു. പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ ബാധിച്ച് കരള്‍വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ (Hepatitis A, B, C, D, E) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇതില്‍ ഹെപ്പറ്റൈറ്റിസ് ബി, സി വകഭേദങ്ങളാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ഈ രണ്ട് വൈറസുകള്‍ കാരണം മാത്രം വര്‍ഷംതോറും പതിനൊന്നു ലക്ഷത്തിലധികം പേര്‍ മരിക്കുകയും ഏകദേശം 30 ലക്ഷത്തിലധികം പേര്‍ പുതുതായി രോഗബാധിതരാവുകയും ചെയ്യുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ആയതിനാല്‍ സമൂഹത്തില്‍ ഇതിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുവേണ്ടി ആഗോളതലത്തില്‍ എല്ലാ വര്‍ഷവും ജൂലായ് 28-ന് ലോക കരള്‍വീക്കദിനം അഥവാ ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വൈറല്‍ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ദിവസവും 3000 പേരെങ്കിലും മരിക്കുന്ന ഭീതിജനകമായ അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ പരിശോധനയും ചികിത്സത്സയും വൈകിപ്പിക്കരുത്. നവജാത ശിശുക്കളില്‍ ഹെപ്പറ്റൈറ്റിസ് വരാതിരിക്കാനുള്ള വാക്സിന്‍ കൃത്യസമയത്തു നല്‍കണം. ഗര്‍ഭിണികള്‍ രോഗത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കുകയും കൃത്യസമയത്ത് പരിശോധന നടത്തുകയും വേണം. ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശവും ഇതുതന്നെയാണ്.

വിവിധതരം ഹെപ്പറ്റൈറ്റിസ്
1. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C)
വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണുന്നതും സങ്കീര്‍ണതകള്‍ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരശ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞുങ്ങളിലേക്കും രോഗം പകര്‍ന്നേക്കും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചില രോഗികളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ നിമിത്തമാവുകയും ചെയ്യുന്നു.

2. ഹെപ്പറ്റൈറ്റിസ് ഡി (Hepatitis D)
ഹെപ്പറ്റൈറ്റിസ് ബി രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി വൈറസ്. ഈ രണ്ടു വൈറസ് ബാധയും ഒന്നിച്ചുവന്നാല്‍ രോഗബാധ വളരെ തീവ്രതയുള്ളതും അപകടകരവുമാണ്. 

3. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ് (Hepatitis A, E)
വൈറസ് ബാധയാല്‍ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാര്‍ഥങ്ങളിലൂടെയോ ആണ് ഈ രോഗങ്ങള്‍ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയില്‍ ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്ക് ഈ രോഗങ്ങള്‍ കാരണമാകാറില്ല.
 
രോഗ ലക്ഷണങ്ങള്‍ 
മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ പരിശോധനകള്‍ക്ക് വിധേയരാവുക. 
 
ചികിത്സാ മാര്‍ഗ്ഗങ്ങള്‍  
ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ക്ക് ഫലപ്രദമായ ആന്റി വൈറല്‍ ചികിത്സ ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് തടയാനുമാവും. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങള്‍ക്ക് പ്രത്യേക ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്പ്പെടുത്താം. 
 
എങ്ങനെ പ്രതിരോധിക്കാം?
വൃത്തിയുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ രോഗബാധ വരാതെ നോക്കാം. പ്രത്യേകിച്ചും യാത്രാവേളകളില്‍ വൃത്തിഹീനമായ ഭക്ഷണവും വെള്ളവും കഴിവതും ഒഴിവാക്കുക. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

  • രക്തവുമായി സമ്പര്‍ക്കം വരുന്ന ഉപകരണങ്ങള്‍ (സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ) ഒരിക്കല്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാം 
  • ഷേവിങ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കാം
  • ടാറ്റു, അക്യുപങ്ചര്‍ (tattoo, acupuncture) തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നു മാത്രം സ്വീകരിക്കുക.
  • സുരക്ഷിതമായി മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക.
  • രോഗസാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് വിധേയരാവുക.

 
വാക്സിനുകള്‍ 
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്സിനുകള്‍ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം. വൈറല്‍ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളില്‍ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂര്‍ണ്ണമായും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

 

(Dr. Subhash R., Consultant Surgical Gastroenterologist, SUT Hospital, Pattom