മഴക്കാലം തുടങ്ങിയതോടെ പനിയും സജീവമായിത്തുടങ്ങിയിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന പനി വീടിന്റെ ആരോഗ്യംകൂടിയാണ് തകര്‍ക്കുന്നത്. ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ അകറ്റിനിര്‍ത്താവുന്ന പനികളുണ്ട്.
ഡെങ്കിപ്പനി
വൈറസ് രോഗമാണ് ഡെങ്കിപ്പനി. പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് പനിയ്ക്ക് കാരണമാകുന്നത്. കൊതുകിന്റെ കടിയേറ്റാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. രോഗമുള്ള വ്യക്തിയില്‍നിന്ന് നേരിട്ട് മറ്റൊരാള്‍ക്ക് അസുഖം പകരില്ല.
ലക്ഷണങ്ങള്‍: പനി, ശക്തമായ ശരീരവേദന, തലവേദന, ക്ഷീണം. ചിലര്‍ക്ക് ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ കാണാറുണ്ട്. ചുരുക്കം ചിലരില്‍ ഛര്‍ദി, അതിസാരം എന്നിവയും കണ്ടേക്കാം. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോള്‍ തൊലിപ്പുറത്ത് രക്തം കിനിയുന്ന കാരണം ചെറിയ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും.
പ്രതിരോധം: കൊതുകിനെ നശിപ്പിക്കുക എന്നതാണ് പ്രധാനം. ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കുക, വീടിന്റെ ജനലും വാതിലും കൊതുകിന് കടക്കാന്‍ പറ്റാത്തവിധം വല ഉപയോഗിച്ച് അടയ്ക്കുക മുതലായ ശീലങ്ങള്‍ കൊതുകുകടിയില്‍നിന്ന് ഒരളവോളം സംരക്ഷിക്കും.
ജലദോഷപ്പനി
മഴക്കാലത്ത് കാണുന്ന പകര്‍ച്ചവ്യാധിയാണ് ജലദോഷപ്പനി. വൈറസുകളാണ് പനിക്ക് കാരണം.
ലക്ഷണങ്ങള്‍: പനിയോടൊപ്പം കലശലായ ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ എന്നിവ കണ്ടേക്കാം. മറ്റു പനികളെ അപേക്ഷിച്ച് ഇതിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതായി കാണാറുണ്ട്. ഭൂരിഭാഗം ആളുകള്‍ക്കും ഈ അസുഖം കാര്യമായ കുഴപ്പങ്ങളില്ലാതെ ഒന്നു രണ്ടാഴ്ചകൊണ്ട് സുഖപ്പെടാറുണ്ട്.
പ്രതിരോധം: മഴകൊള്ളാതെ സൂക്ഷിക്കുക. പുറത്തുപോയf വരുമ്പോള്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. അസുഖം ഉള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം.
ടൈഫോയ്ഡ്
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് പനി ഉണ്ടാക്കുന്നത്.
ലക്ഷണങ്ങള്‍: പനി, തലവേദന, വയറുവേദന, മലബന്ധം/വയറിളക്കം
പ്രതിരോധം: വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, പാകംചെയ്ത ഭക്ഷണം ചൂടാറാതെ കഴിക്കുക, പാകം ചെയ്യാത്ത പച്ചക്കറികള്‍, സലാഡ് മുതലായവ കഴിക്കാതിരിക്കുക, വൃത്തിഹീനമായ പരിസരങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക മുതലായ കാര്യങ്ങള്‍ പാലിക്കണം. ടൈഫോയ്ഡിന് ഫലപ്രദമായ പ്രതിരോധകുത്തിവെപ്പ് ലഭ്യമാണ്.
മഞ്ഞപ്പിത്തം
വെള്ളത്തിലൂടെ പകരുന്ന രണ്ടുതരം വൈറസുകളാണ് സാധാരണയായി കാണുന്ന മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ, ഇ) ഉണ്ടാക്കുന്നത്. രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്ന വൈറസുകളും മഞ്ഞപ്പിത്തത്തിന് ഇടയാക്കാറുണ്ട്.
ലക്ഷണം: പനിയോടുകൂടിയോ അല്ലാതെയോ ഉള്ള ക്ഷീണം, ഛര്‍ദി, വിശപ്പില്ലായ്മ, വയറിന്റെ വലതുവശത്ത് നെഞ്ചിന് താഴെയായി ചെറിയ തോതിലുള്ള വേദന. ചിലരില്‍ കണ്ണിനും മൂത്രത്തിനും മഞ്ഞനിറം വരും. ചിലര്‍ക്ക് ശരീരത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്.
പ്രതിരോധം: ടൈഫോയ്ഡ് തടയാന്‍ ചെയ്യുന്ന മുന്‍കരുതലുകള്‍ മഞ്ഞപ്പിത്തം തടയാനും സഹായിക്കും. ഹെപ്പറ്റൈറ്റിസ് എ വൈറസിനെതിരെ പ്രതിരോധകുത്തിവെപ്പ് ലഭ്യമാണ്.
എലിപ്പനി
സ്‌പെറോക്കീറ്റ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ബാധയാണ് എലിപ്പനിക്ക് കാരണം. എലി, പശു, ആട്, പന്നി, കുതിര, നായ മുതലായ മൃഗങ്ങളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലെത്തുന്നു. നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ്, വായ മുതലായവയിലെ ശ്ലേഷ്മസ്തരം വഴിയോ ശരീരത്തില്‍ പ്രവേശിച്ച് രോഗമുണ്ടാക്കുന്നു.
ലക്ഷണങ്ങള്‍: വിറയലോടെയുള്ള പനി, ശക്തമായ പേശിവേദന, തലവേദന, കണ്ണിനു ചുവപ്പ് മുതലായവയാണ് പ്രധാനലക്ഷണങ്ങള്‍. പ്രായമായവരിലും മറ്റുരോഗങ്ങളുള്ളവരിലും മദ്യപിക്കുന്നവരിലും ചികിത്സ ആരംഭിക്കാന്‍ വൈകുന്നവരിലും രോഗം ഗുരുതരാവസ്ഥയിലേക്ക് പോകാം. ഇത്തരം രോഗികള്‍ക്ക് കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം താറുമാറായി മരണംവരെ സംഭവിക്കാം.
പ്രതിരോധം: വ്യക്തിശുചിത്വം പാലിക്കുക എന്നത് പ്രധാനമാണ്. കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പര്‍ക്കം ഒഴിവാക്കുക. ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കുക. ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, കരള്‍, വൃക്കരോഗങ്ങള്‍, കാന്‍സര്‍ രോഗികളും ശ്വാസതടസ്സം, ശക്തമായ തലവേദന, ഛര്‍ദി, അതിസാരം എന്നീ ലക്ഷണങ്ങള്‍ ഉള്ളവരും കാത്തിരിക്കാതെ വൈദ്യസഹായം തേടണം.
Content Highlights: common fever during monsoon season
Published: 30 May 2024, 11:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented