ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള ഒരു കൂട്ടം പകര്‍ച്ചവ്യാധികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള നിര്‍ണായക അവസരമാണിത്. 

എന്താണ് ഹെപ്പറ്റൈറ്റിസ്?
കരളിന്റെ വീക്കമാണ് ഹെപ്പറ്റൈറ്റിസ്. ഇത് പലപ്പോഴും വൈറല്‍ അണുബാധകള്‍ മൂലമാണുണ്ടാകുന്നത്. മദ്യപാനം, ചില മരുന്നുകള്‍, സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ തുടങ്ങിയ മറ്റ് ഘടകങ്ങളും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം. ഹെപ്പറ്റൈറ്റിസ് എ, ബി, സി എന്നിവയാണ് ഏറ്റവും സാധാരണയായി കണ്ടു വരാറുള്ള വൈറസുകള്‍, വ്യത്യസ്തരീതികളിലാണ് പകരുന്നത്.  

ഹെപ്പറ്റൈറ്റിസ് എ, ഇ
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നു. മലിനമായ ചുറ്റുപാടുകളില്‍ ഹെപ്പറ്റൈറ്റിസ് എ, പ്രത്യേകിച്ചും സാധാരണമാണ്. ഗുരുതരമായ കരള്‍ തകരാറിന് ചിലപ്പോഴൊക്കെ ഇത് കാരണമാകാറുണ്ട്. ഈ വര്‍ഷം കേരളത്തില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ മൂലമുണ്ടാകുന്ന മരണനിരക്കും വളരെ വലുതാണ്. പകരുന്ന തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് ഇ ഗര്‍ഭിണികള്‍ക്ക് പ്രത്യേകിച്ചും അപകടകരമാണ്.

പ്രതിരോധം
ശുദ്ധമായ കുടിവെള്ളം, ശുചിത്വം എന്നിവ പ്രധാന പ്രതിരോധ നടപടികളാണ്. ഹെപ്പറ്റൈറ്റിസ് എ-യ്ക്ക് വാക്സിനുകള്‍ ലഭ്യമാണ്. ശുചിത്വമില്ലാത്ത അന്തരീക്ഷത്തിലൂടെ സ്ഥിരമായി യാത്ര ചെയ്യേണ്ടിവരുന്നവരും നിലവില്‍ കരള്‍രോഗമുള്ളവരും ഈ വാക്‌സിനുകള്‍ എടുക്കുന്നത് നല്ലതാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി
സുരക്ഷിതമല്ലാത്ത കുത്തിവെപ്പുകള്‍, രക്തപ്പകര്‍ച്ചകള്‍, ലൈംഗിക സമ്പര്‍ക്കം തുടങ്ങിയ വഴികളിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പ്രധാനമായും പകരുന്നത്. അതായത് പ്രാഥമികമായി രക്ത-രക്ത സമ്പര്‍ക്കത്തിലൂടെ. ഇത് വിട്ടുമാറാത്ത അണുബാധകളിലേക്ക് നയിച്ചേക്കാം. ലിവര്‍ സിറോസിസും കരള്‍ അര്‍ബുദവും വരാനുള്ള സാധ്യത ഇത് ഗണ്യമായി വര്‍ധിപ്പിക്കുന്നു. 

പ്രതിരോധം
ഹെപ്പറ്റൈറ്റിസ് ബി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വാക്‌സിനേഷനാണ്. നിര്‍ഭാഗ്യവശാല്‍, ഹെപ്പറ്റൈറ്റിസ് സി-ക്ക് വാക്‌സിന്‍ ഇല്ല. അണുവിമുക്തമായ സൂചികള്‍ ഉപയോഗിക്കുക, സുരക്ഷിതമായ ലൈംഗികബന്ധം പരിശീലിക്കുക തുടങ്ങിയവയാണ് പ്രതിരോധിക്കാനുള്ള വഴികള്‍. അപകടസാധ്യതയുള്ളവര്‍ക്ക് നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിന് പതിവ് സ്‌ക്രീനിങ് അത്യാവശ്യമാണ്.

ആഗോളമായതും പ്രാദേശികമായതും
2022-ല്‍, 304 ദശലക്ഷം ആളുകളാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുമായി പൊരുതിയത്. ഫലപ്രദമായ വാക്‌സിനുകളും ചികിത്സയുമുണ്ടായിരുന്നിട്ടും ഹെപ്പറ്റൈറ്റിസ് ജീവന്‍ അപഹരിക്കുന്നത് തുടരുന്നു. ജനിച്ച് 24 മണിക്കൂറിനുള്ളില്‍ 45 ശതമാനം കുഞ്ഞുങ്ങള്‍ക്കുമാത്രമാണ് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ ലഭിച്ചത്. അതേ വര്‍ഷം തന്നെ 1.3 ദശലക്ഷം ആളുകള്‍ വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാല്‍ മരിച്ചു. ഇന്ത്യയില്‍, ദശലക്ഷക്കണക്കിന് ആളുകള്‍ രോഗബാധിതരാണ്. കേരളത്തില്‍ ബോധവല്‍ക്കരണം വര്‍ധിപ്പിക്കുകയും സ്ഥിരമായ സ്‌ക്രീനിങ്ങുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇവ തടയുന്നതിനുള്ള
സുപ്രധാന ഘട്ടങ്ങളാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
ക്ഷീണം, മഞ്ഞപ്പിത്തം (ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട മൂത്രം, വിളറിയ മലം, വയറുവേദന, പെട്ടെന്ന് ഭാരം കുറയല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, ഉടനടി വൈദ്യസഹായം തേടണം. 

ചികിത്സയും പരിഹാരവും 
വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്ക് സങ്കീര്‍ണതകള്‍ തടയാന്‍ ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമാണ്. ഹെപ്പറ്റൈറ്റിസ് സി-യെ ഡയറക്ട് ആക്ടിങ് ആന്റിവൈറലുകള്‍ ഉപയോഗിച്ച് സുഖപ്പെടുത്താന്‍ ആധുനിക ചികിത്സ സഹായിക്കുന്നു. ഉയര്‍ന്ന വിജയനിരക്കുള്ള ചികിത്സയാണിത്. 

വാക്‌സിനേഷന്റെ പങ്ക്
ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ പ്രധാന ഘടകമാണ്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ ഇന്ത്യയിലെ സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയുടെ ഭാഗമാണ്. 

സ്വീകരിക്കേണ്ട നടപടികള്‍
വാക്‌സിനേഷന്‍ എടുക്കുക, ശുചിത്വം പാലിക്കുക, സൂചികള്‍ പങ്കിടുന്നത് ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗികതയില്‍ ഏര്‍പ്പെടുക. ചിട്ടയായ പരിശോധനയിലൂടെയും നേരത്തെയുള്ള ചികിത്സയിലൂടെയും ജീവന്‍ രക്ഷിക്കാനും വിട്ടുമാറാത്ത കരള്‍ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തടയാനുമാവും. ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തില്‍ അവബോധവും അറിവും പ്രധാനമാണ്. 

(കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)