
ഒരു കുഞ്ഞുപിറന്നാലുള്ള സന്തോഷത്തോളം തന്നെയുണ്ടാകും അമ്മമാരുടെ സംശയങ്ങളും. പ്രസവശേഷം മുലപ്പാല്‍ ആവശ്യത്തിനുണ്ടോ, മുലയൂട്ടാന്‍ കുഞ്ഞിനെ എങ്ങനെ പിടിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ കഴിക്കണം, കുഞ്ഞിന് വിശപ്പുമാറുന്നുണ്ടോ... എന്നൊക്കെ നൂറുകൂട്ടം സംശയങ്ങള്‍. അമ്മയ്ക്കു മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും ഉണ്ടാവും അവ. ഒരു സ്ത്രീ ഗര്‍ഭിണി ആകുമ്പോള്‍ തന്നെ മുലപ്പാലിന്റെയും മുലയൂട്ടലിന്റെയും പ്രാധാന്യത്തെപ്പറ്റി അവളും കുടുംബാംഗങ്ങളും മനസ്സിലാക്കിയിരിക്കണം.
മുലയൂട്ടല്‍ വാരം
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ ഓഗസ്റ്റ് ഒന്നുമതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരമായി ആഘോഷിക്കുന്നത്. വിവേചനമൊന്നുമില്ലാതെ എല്ലാവര്‍ക്കും മുലയൂട്ടാനുള്ള പിന്തുണ നല്‍കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. എവിടെയും ഏത് സമയത്തും കുഞ്ഞിനെ മുലയൂട്ടാനുള്ള സൗകര്യം അമ്മമാര്‍ക്ക് വേണ്ടിയൊരുക്കാന്‍ സമൂഹമൊന്നാകെ കൈക്കോര്‍ക്കണമെന്നാണ് വാരാചരണം നല്‍കുന്ന ആഹ്വാനം. പൊതുവിടങ്ങള്‍, മാളുകള്‍, പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടുകള്‍, ഓഫീസുകള്‍, മറ്റ് തൊഴിലിടങ്ങള്‍... എന്നിവിടങ്ങളിലെല്ലാം മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നുണ്ട്.
എപ്പോഴാണ് മുലയൂട്ടല്‍ തുടങ്ങേണ്ടത്
സാധാരണ പ്രസവത്തില്‍ കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ അമ്മയ്ക്ക് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മുലയൂട്ടിത്തുടങ്ങാം. അങ്ങനെ സാധിച്ചില്ലെങ്കില്‍ കുഞ്ഞുപിറന്ന് അരമണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും മുലയൂട്ടണം. സിസേറിയന്‍ പ്രസവങ്ങളില്‍ പ്രസവം നടന്ന് അമ്മയുടെ ആരോഗ്യനില നോര്‍മലായാല്‍ ഉടനെ മുലയൂട്ടുന്നതാണ് നല്ലത്. നാല് മണിക്കൂറിനുള്ളില്‍ മുലയൂട്ടുകയും വേണം.
മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, എന്‍സൈമുകള്‍, ഷുഗര്‍ എല്ലാം കുഞ്ഞിന് വേഗത്തില്‍ ദഹിപ്പിക്കാന്‍ കഴിയുന്നതും അവരുടെ ശരീരത്തിന് ഏറെ ആവശ്യമുള്ളവയുമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റിബോഡികളും മുലപ്പാലില്‍ ധാരാളമുണ്ട്. ഏറ്റവും ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണമായാണ് മുലപ്പാലിനെ കാണുന്നത്. ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം മതിയാവും. മറ്റ് വെള്ളമോ ദ്രാവകങ്ങളോ ഒന്നും നല്‍കരുത്. ജനിച്ചയുടനേ തേന്‍, വയമ്പ് പോലുള്ളവ കുഞ്ഞിന് കൊടുക്കുന്നതും നല്ലതല്ല. അണുബാധകളൊക്കെ ഉണ്ടാകാന്‍ കാരണമാകും.
എന്താണ് കൊളസ്ട്രം
അമ്മയില്‍ ആദ്യത്തെ ഒന്നുമുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാലാണ് കൊളസ്ട്രം. മഞ്ഞനിറമാണ് ഇതിന്. ഏറ്റവും ഉയര്‍ന്ന അളവില്‍ കുഞ്ഞിന് ആന്റിബോഡികളെയും ആന്റി ഓക്‌സിഡന്റുകളും ലഭ്യമാക്കാന്‍ ഈ പാലിലൂടെ സഹായിക്കും. നവജാതശിശുക്കളുടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. കുഞ്ഞിന് ഏറ്റവും ആദ്യം ലഭിക്കേണ്ട എല്ലാ പോഷകങ്ങളും ഇതിലുണ്ട്.
മുലയൂട്ടാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുന്ന സാഹചര്യങ്ങള്‍
മുലയൂട്ടാന്‍പറ്റാത്ത അവസ്ഥകള്‍ വളരെക്കുറച്ച് മാത്രമാണ് ഉള്ളത്. ജനിതരോഗമായ ഗാലക്ടോസീമിയ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കില്ല. കുഞ്ഞുങ്ങളെ ബാധിക്കുന്ന തരം എന്തെങ്കിലും മരുന്നുകള്‍ ( ചില ആന്റി ബയോട്ടിക്കുകള്‍, കീമോത്തെറാപ്പി മരുന്നുകള്‍, ചിലതരം വേദനസംഹാരികള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍) അമ്മമാര്‍ കഴിക്കുന്നുണ്ടെങ്കില്‍ മുലയൂട്ടരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അമ്മയക്ക് ചെറിയ പനിയോ ജലദോഷമോ കുഞ്ഞിന് പനിയോ മറ്റോ ഉണ്ടെങ്കിലും മുലയൂട്ടലിന് മുടക്കുവരുത്തേണ്ട.
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടുന്നുണ്ടോ?
ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കുഞ്ഞിന്റെ ഭാരം ജനനസമയത്തെ ഭാരത്തില്‍നിന്ന് ഗണ്യമായി കുറയും. പത്ത് മുതല്‍ പതിനാല് ദിവസംകൊണ്ട് കുറഞ്ഞ ഭാരം തിരിച്ച് ലഭിക്കണം. ശേഷം 20 മുതല്‍ 30 ഗ്രാം വരെ ഭാരം ഓരോ ദിവസമായി കൂടി വരും. പാല്‍ കൃത്യമായി കിട്ടുന്നുണ്ടോ എന്നറിയാന്‍ കുഞ്ഞിന്റെ ഭാരം കൂടുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. ഒരു ദിവസം കുറഞ്ഞത് ആറ് തവണയെങ്കിലും കുഞ്ഞ് മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ നന്നായി മുലപ്പാല്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. പാല് കുടിച്ചുകഴിഞ്ഞാല്‍ അസ്വസ്ഥതകളൊന്നുമില്ലാതെ രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങുന്നതും ആവശ്യമുള്ള അളവില്‍ മുലപ്പാല്‍ ലഭിക്കുന്നതിന്റെ ലക്ഷണമാണ്.
എത്രസമയം ഇടവിട്ട് മുലപ്പാല്‍ നല്‍കണം
നവജാതശിശുക്കള്‍ക്ക് രണ്ട് മണിക്കൂര്‍ ഇടവിട്ട് പാല്‍ നല്‍കണം. തൊണ്ണൂറുശതമാനം മുലപ്പാലും ആദ്യം അഞ്ച് മിനിറ്റിനുള്ളില്‍ കുഞ്ഞിന് ലഭിക്കും. പിന്നീടുള്ള പാല്‍ ഹൈന്‍ഡ്മില്‍ക്ക് (Foremilk and Hindmilk) എന്നാണ് അറിയപ്പെടുന്നത്. ആദ്യഘട്ടത്തിലെ ഫോര്‍മില്‍ക്കിലൂടെ ന്യൂട്രിയന്റ്‌സ് എല്ലാം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കും. പിന്നീട് രണ്ടാം ഘട്ടത്തിലെ ഹൈന്‍ഡ് മില്‍ക്കിലൂടെയാണ് കൂടുതല്‍ കൊഴുപ്പ് കുഞ്ഞിന് ലഭിക്കുക. കുഞ്ഞിന് ഭാരം കൂടാന്‍ സഹായിക്കുന്നത് ഈ പാലാണ്. 15 മിനിറ്റെങ്കിലും ഇങ്ങനെ പാല്‍കുടിച്ചാല്‍ കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിക്കും. രണ്ട് സ്തനങ്ങളും ചെറിയ ഇടവേളയില്‍ മാറിമാറി പാല്‍കുടിപ്പിക്കുന്നതിന് പകരം ഒന്നിലെ പാല്‍പൂര്‍ണമായും കുഞ്ഞ് കുടിച്ചുവെന്ന് ഉറപ്പാക്കിയശേഷം മാത്രം അടുത്തതില്‍ നിന്ന് പാല്‍ നല്‍കാം.
കുഞ്ഞിന്റെ കരച്ചിലുകളെല്ലാം പാലിനുവേണ്ടിയാണോ
കുഞ്ഞ് കരയുമ്പോഴെല്ലാം പാല്‍നല്‍കേണ്ടതില്ല. ഓരോ തവണ പാല്‍കുടിച്ചു കഴിഞ്ഞും രണ്ട് മണിക്കൂര്‍ സമയമെങ്കിലും വേണം സ്തനങ്ങളില്‍ പാല്‍ നിറയാന്‍. എന്നാല്‍ എപ്പോഴും പാല്‍കുടിക്കാന്‍ ശ്രമിച്ചാല്‍ പാലിന് പകരം വായുവായിരിക്കും കൂടുതലായി കുഞ്ഞ് ഉള്ളിലേക്കെടുക്കുക. ഇത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാം. പ്രസവശേഷം പാല് ശരിയായി ഉത്പാദിപ്പിക്കപ്പെടാന്‍ അഞ്ച് ദിവസം വരെ സമയമെടുക്കും. കുഞ്ഞ്
എത്രകൂടുതല്‍ പാല്‍ കുടിക്കുന്നുവോ അത്രയും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ആദ്യം തന്നെ പാലില്ലെന്നുള്ള ടെന്‍ഷനോ കുറ്റപ്പെടുത്തലോ ഇല്ലാതെ ക്ഷമയോടെ മുലയൂട്ടാന്‍ അമ്മമാരും അവര്‍ക്കേ് വേണ്ട പിന്തുണ നല്‍കാന്‍ ഒപ്പമുള്ളവരും ശ്രദ്ധിക്കണം. കുഞ്ഞ് കരയുന്നതെല്ലാം വിശന്നിട്ടല്ല. അമ്മയുടെ സാന്നിദ്ധ്യത്തിന് വേണ്ടിയാവും കൂടുതല്‍ കരച്ചിലും. വയറില്‍ ഗ്യാസ് കെട്ടുന്നത് കരച്ചിലിനിടയാക്കും. കുഞ്ഞുങ്ങള്‍ മൂത്രമൊഴിക്കുന്നതിനു മുമ്പ് കരയുന്നത് സാധാരണമാണ്. ശേഷം നാപ്കിനോ തുണിയോ നനഞ്ഞാലും അവര്‍കരയും. തണുപ്പോ ചൂടോ അമിതമായാല്‍ കരയാം. നമ്മുടെ നാട്ടിലെ കാലാവസ്ഥയനുസരിച്ച് കുഞ്ഞിനെ അധികം മൂടിപൊതിഞ്ഞുവയ്‌ക്കേണ്ടതില്ല.
ഇരട്ടക്കുട്ടികളെ മുലയൂട്ടുമ്പോള്‍
അമ്മയക്ക് നന്നായി പാലുണ്ടെങ്കില്‍ ഇരട്ടക്കുട്ടികളെ ഇരുഭാഗത്തുമായി മുലയൂട്ടാം. കുഞ്ഞുങ്ങള്‍ക്ക് ഒരേപോലെ പാല്‍ ലഭിക്കുമെന്ന ഗുണമുണ്ട്. അല്ലെങ്കില്‍ ഒരാളെ മുലയുട്ടിയ ശേഷം അടുത്തയാള്‍ക്ക് പാല്‍ നല്‍കാം. അല്ലെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഊഴംവെച്ച് മുലയൂട്ടുകയും ചെയ്യാം.
അമ്മമാര്‍ക്ക് പാല്‍ കുറവാണെങ്കില്‍
പാല് കുറയാനുള്ള ഒരു കാരണം അമ്മയക്കുണ്ടാകുന്ന സ്‌ട്രെസ്സാണ്. കുഞ്ഞിന് ആവശ്യത്തിന് പാലുകിട്ടുന്നില്ല, കുഞ്ഞ് കരച്ചിലാണല്ലോ,മെലിഞ്ഞിട്ടാണല്ലോ തുടങ്ങിയ ആരോപണങ്ങള്‍ അമ്മയുടെ മുന്നില്‍ നിന്ന് പറയുന്നത് നമ്മുടെ നാട്ടിലെ സര്‍വസാധാരണ്. എന്നാല്‍ ഇത്തരം സംസാരങ്ങള്‍ അമ്മാരെ മാനസികസമ്മര്‍ദ്ദത്തിലാക്കാറുണ്ട്. അമ്മയ്ക്ക് മാനസികമായും ശാരീരികമായും സ്വസ്ഥമായും സമാധാനമായും ഇരിക്കാനുള്ള അവസരമൊരുക്കികൊടുക്കുകയാണ് ആദ്യം വേണ്ടത്. അമ്മയ്ക്ക് മികച്ച പോഷകാഹാരം ഉറപ്പാക്കാനും ശ്രദ്ധിക്കണം. ചിലപ്പോള്‍ മറ്റുചില ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അമ്മയ്ക്ക് പാല് കുറയാം. ഇത്തരം അവസരങ്ങളില്‍ മുലപ്പാല്‍ ബാങ്കുകള്‍ പോലുള്ളവയെ ആശ്രയിക്കാം. അല്ലെങ്കില്‍ കുടുംബത്തിലോ പരിചയത്തിലോ ഉള്ള മുലയൂട്ടുന്ന മറ്റ് അമ്മമാരെ ആശ്രയിക്കാം. അങ്ങനെയൊന്നും സാധിക്കാതെ വന്നാല്‍ മാത്രം ഫോര്‍മുലഫീഡ് നല്‍കാം.
ഫോര്‍മുല ഫീഡ് നല്‍കുമ്പോള്‍ ബോട്ടിലില്‍ നല്‍കുന്നത് ഒഴിവാക്കാം. കാരണം പിന്നീട് മുലപ്പാല്‍ നല്‍കേണ്ടി വന്നാല്‍ പാല്‍ വലിച്ചുകുടിക്കുന്നതെങ്ങനെയെന്ന് കുഞ്ഞുങ്ങള്‍ മറന്നുപോകാന്‍ ഇടയുണ്ട്. നിപ്പിള്‍ കണ്‍ഫ്യൂഷന്‍ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. അത് പൂര്‍ണമായും മുലയൂട്ടല്‍ നിലയ്ക്കുന്നതിലേക്കാണ് എത്തുക. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പാലട(ഒരു തരം ബേബി ഫീഡര്‍) ഉപയോഗിച്ച് ഫോര്‍മുല നല്‍കാം.
പാല്‍തികട്ടി വരുന്നത് ഒഴിവാക്കാന്‍
പാല് നല്‍കി കഴിഞ്ഞാല്‍ തോളത്തിട്ട് പുറത്ത് തട്ടി ഗ്യാസ് കളയണം. ബര്‍പ്പ് ചെയ്യുക എന്നാണ് ഇതിന് പറയുക. വയറില്‍ ഗ്യാസ് നിറഞ്ഞാല്‍ കുടിച്ച പാല്‍ ശര്‍ദ്ധിക്കാനുള്ള പ്രവണതയുണ്ട്. കുഞ്ഞ് പാല്‍ ശര്‍ദ്ധിച്ചാല്‍ കുഞ്ഞിനെ ചെരിച്ച് കിടത്തുക. പാല്‍ പൂര്‍ണമായും വായില്‍ നിന്ന് ഒഴുകിപോകാന്‍ ഇത് സഹായിക്കും. ഇല്ലെങ്കില്‍ പാല്‍ ചിലപ്പോള്‍ തൊണ്ടയില്‍ കുരുങ്ങാം. ചില കുഞ്ഞുങ്ങളുടെ ആമാശയവും അന്നനാളവും തമ്മില്‍ വേര്‍തിരിക്കുന്ന പാളിയ്ക്ക് വേണ്ടത്രബലമുണ്ടാവില്ല. ഇത്തരം കുഞ്ഞുങ്ങളിലും കുടിക്കുന്ന പാല്‍ മുഴുവനായി തിരിച്ച് വായിലേക്കെത്താം. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്കും പാല്‍നല്‍കി കഴിഞ്ഞ് 45 ഡിഗ്രി തല ഉയര്‍ത്തിവെച്ച് കിടത്തുക.
ആറ് മാസം കഴിയുമ്പോള്‍
ആറുമാസം തികയുന്നതുവരെ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതി. ആദ്യം കുറുക്കുകള്‍- മുത്താറി, വാഴക്കായപ്പൊടി എന്നിവയെല്ലാം ചൂടുവെള്ളത്തില്‍ നന്നായി വേവിച്ച് കുറുക്കി നല്‍കാം. ഏത് പുതിയ ഭക്ഷണം നല്‍കുമ്പോഴും അത് ഒരാഴ്ച തുടര്‍ന്ന ശേഷം മാത്രമേ അടുത്ത ഭക്ഷണം നല്‍കാന്‍ പാടുള്ളൂ. ഭക്ഷണത്തിനോടുള്ള അലര്‍ജ്ജിയും മറ്റും ഇങ്ങനെ ചെയ്യുന്നതിലൂടെ തിരിച്ചറിയാനാവും. നിര്‍ബന്ധിച്ചും പേടിപ്പിച്ചും കുട്ടികളെ ഭക്ഷണം കഴിപ്പിക്കരുത്. ഒരു വയസ്സാകുമ്പോഴേക്കും വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും കുഞ്ഞ് കഴിച്ചുതുടങ്ങണം. ജങ്ക് ഫുഡുകള്‍, എരിവ് അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ പാടെ ഒഴിവാക്കാം. പശുവിന്‍പാല്‍, മുട്ട പോലുള്ള മൃഗങ്ങളില്‍ നിന്നുള്ള മാംസ്യം (Animal Protein) കുഞ്ഞുങ്ങള്‍ക്ക് ഒരു വയസ്സിന് ശേഷം മാത്രം നല്‍കുന്നതാണ് നല്ലത്.
പ്രസവാവധിക്ക് ശേഷം ജോലിയിലേക്ക് തിരിച്ചുപോകുന്ന അമ്മമാര്‍
ആറുമാസത്തെ പ്രസവാവധിക്കു ശേഷമാണ് തിരിച്ചുജോലിയിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ കുഞ്ഞിന് മറ്റ് ഭക്ഷണം നല്‍കിത്തുടങ്ങുന്നതുകൊണ്ട് അത്ര ടെന്‍ഷന്‍ വേണ്ട. എങ്കിലും മുലപ്പാല്‍ എടുത്തുവയ്ക്കാനുള്ള സൗകര്യങ്ങളെക്കൂടി പ്രയോജനപ്പെടുത്താം. ബ്രെസ്റ്റ് പംപ് ഉപയോഗിച്ച് പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. 24 മണിക്കൂര്‍വരെ ഈ പാല്‍ കേടുകൂടാതെ സൂക്ഷിക്കാനാവും. നാല് മണിക്കൂര്‍ വരെ സാധാരണതാപനിലയില്‍ പാല്‍ സൂക്ഷിക്കാം. മുലപ്പാല്‍ ഫ്രിഡ്ജില്‍നിന്ന് പുറത്തെടുത്ത് സാധാരണതാപനിലയിലായതിന് ശേഷം മാത്രം നല്‍കുക. ചെറുചൂടുള്ള വെള്ളത്തില്‍ ബോട്ടില്‍ ഇറക്കിവെച്ച് തണുപ്പ് കളയാം. ഈ പാല്‍ തിളപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യരുത്. ഫ്രീസറില്‍ പാല്‍ മൂന്നുമുതല്‍ ആറ്മാസം വരെ കേടാകാതെ സൂക്ഷിക്കാനാവും.
മുലയൂട്ടല്‍ നിര്‍ത്തുമ്പോള്‍
മുലയൂട്ടല്‍ നിര്‍ത്തുക എന്നാല്‍ മുഴുവനായും കുഞ്ഞ് ഖരഭക്ഷണത്തിലേക്ക് മാറുന്ന ആദ്യപടിയാണ്. രണ്ടര വയസ്സുമുതൽ നാല് വയസ്സുവരെയുള്ള കാലഘട്ടമാണ് മുലയൂട്ടൽ നിർത്താൻ പറ്റുന്ന സമയം.
കയ്‌പ്പോ, അരുചിയോ ഉള്ള പദാര്‍ത്ഥങ്ങള്‍ പുരട്ടി പാല്‍കുടി നിര്‍ത്തുന്നത് സാധാരണമാണ്. എന്നാല്‍ അത്തരത്തിലുള്ള വഴികള്‍ കുഞ്ഞുങ്ങളെ മാനസികമായി ഏറെ ബാധിക്കാം. ഒറ്റയടിക്ക് നിര്‍ത്തികളയാവുന്ന ബന്ധമല്ല അത്. മുലയൂട്ടല്‍ എന്നത്. കുഞ്ഞുങ്ങള്‍ക്ക് മാനസികമായും ശാരീരികമായും സുരക്ഷനല്‍കുന്ന ഒന്നില്‍നിന്നുള്ള വിട്ടുപോകല്‍ കൂടിയാണ് അത്. അതുകൊണ്ടുതന്നെ സമയമെടുത്ത് ക്ഷമയോടെ വേണം മുലയൂട്ടല്‍ നിര്‍ത്താന്‍.
ചില കുഞ്ഞുങ്ങള്‍ തനിയെ പാലുകുടി നിര്‍ത്താറുണ്ട്. അമ്മയ്‌ക്കോ കുഞ്ഞിനോ ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് മുലയൂട്ടല്‍ നില്‍ക്കുന്നതെങ്കില്‍ അത് സ്വഭാവികമായി കണ്ടാല്‍മതി. ടെന്‍ഷനുകളൊന്നും ആവശ്യമില്ല.
മുലയൂട്ടലിനെപ്പറ്റിയുള്ള തെറ്റായ ധാരണങ്ങള്‍
1. വളരെക്കാലം മുലയൂട്ടിയാല്‍ അത് കുഞ്ഞിന് ദുശ്ശീലമാകും എന്ന് പറയുന്നവരുണ്ട്. എന്നാല്‍ വളര്‍ച്ചാഘട്ടങ്ങളുടെ ഒരു ഭാഗമാണ് മുലയൂട്ടല്‍. കുട്ടികള്‍ക്ക് പാല്‍പ്പല്ല് നഷ്ടമാകുന്നതോടെ അമ്മയുടെ പാല്‍കുടിക്കുക എന്ന സ്വഭാവത്തില്‍ നിന്ന് അവര്‍ പിന്‍മാറിത്തുടങ്ങും.
2. പനിപോലുള്ള രോഗങ്ങളുള്ളപ്പോള്‍ കുഞ്ഞിന് പാല്‍ നല്‍കരുത് എന്ന് പറയുന്നവരുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ധാരാളം ആന്റി ബോഡികള്‍ മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കും.
3. പാല്‍കുടിക്കുന്ന കാലത്ത് കുഞ്ഞുങ്ങള്‍ മറ്റ് ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും. ഇത് അനാരോഗ്യത്തിലേക്ക് നയിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അതും തെറ്റായ ധാരണയാണ്. മുലപ്പാലിലൂടെ കുഞ്ഞിന് ധാരാളം പോഷകാംശവും ആന്റിബോഡികളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുലപ്പാല്‍ കുടിക്കുന്ന, പ്രായത്തിന് അനുസരിച്ച് ഭാരവും പൊക്കവുമുള്ള എന്നാല്‍ മെലിഞ്ഞിരിക്കുന്ന കുഞ്ഞ് തികച്ചും ആരോഗ്യവാനാണെന്നു തന്നെ പറയാം.
4. മുലയൂട്ടല്‍ സ്തനങ്ങളുടെ ഭംഗി നഷ്ടമാക്കും എന്നൊരു ധാരണയുണ്ട്. ഇതും തെറ്റാണ്. മുലയൂട്ടല്‍ക്കാലത്ത് ആവശ്യത്തിന് സപ്പോര്‍ട്ട് ലഭിക്കുന്ന നഴസിങ് ബ്രാകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി.
5. ആദ്യത്തെ പാലായ കൊളസ്ട്രം കുഞ്ഞുങ്ങള്‍ക്ക് നല്‍കാതെ പിഴിഞ്ഞ് കളയണമെന്ന് പറയുന്നവരുണ്ട്. നവജാത ശിശുക്കള്‍ക്ക് ഏറ്റവും ആദ്യം ആവശ്യമുള്ള മിനറലുകളും ആന്റിബോഡികളും ലഭ്യമാകുന്നത് കൊളസ്ട്രത്തിലൂടെയാണ്.
മുലയൂട്ടല്‍കൊണ്ട് അമ്മയ്ക്കുള്ള ഗുണങ്ങള്‍
1. ഗര്‍ഭകാലത്ത് ഉണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് മുലയൂട്ടുന്നത്ത് വഴി അമ്മക്ക് മുക്തി ലഭിക്കുന്നു. ഗര്‍ഭകാലത്തും പ്രസവസമയത്തും അനുഭവിച്ച വേദനകളെ ഒരു പരിധിവരെ അമ്മ മറക്കുന്നത് മുലയൂട്ടലിലൂടെയാണ്
2. ഗര്‍ഭ പാത്രം ചുരുങ്ങുന്നതിന് പ്രസവാനന്തരം മുലയൂട്ടല്‍ സഹായിക്കും
3. പ്രസവശേഷം ഉണ്ടാകാറുള്ള ഏറെ ബുദ്ധിമുട്ടുണ്ടായ്ക്കുന്ന രക്തസ്രാവത്തിനുള്ള സാധ്യത മുലയൂട്ടല്‍ കുറയ്ക്കുന്നു.
4. പ്രസവശേഷമുള്ള അണ്ഡോല്പാദനം വേഗത്തിലാക്കാന്‍ മുലയൂട്ടല്‍ സഹായിക്കും. സാധാരണയായി പ്രസവശേഷം ആര്‍ത്തവം നടക്കുന്നതിന് കാലതാമസം നേരിടാറുണ്ട്. മുലയൂട്ടല്‍ ഈ കാലദൈര്‍ഘ്യം കുറയ്ക്കുന്നു
5. മുലയൂട്ടുന്നതു വഴി സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനാവും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്
കടപ്പാട്
ഡോ. ഷാജി തോമസ് ജോണ്‍
ചീഫ് ഓഫ് പീഡിയാട്രിക്ക്‌സ് ആന്‍ഡ് ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കോഴിക്കോട്
Content Highlights: world breastfeeding week and importance of breastfeeding
Published: 01 Aug 2024, 11:41 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented