എവിടെയോ പരാജയപ്പെടുന്നു, വേണ്ടത്ര ചെയ്യുന്നില്ല, അല്ലെങ്കിൽ തന്റെ കുട്ടികൾ ഇതിലും നല്ലൊരു രക്ഷിതാവിനെ അർഹിക്കുന്നു എന്നൊക്കെയുള്ള, മനസ്സിനെ അലട്ടുന്ന തോന്നലുകൾ പല അമ്മമാർക്കും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും ജോലി ചെയ്യുന്നവർക്കിടയിൽ. അമ്മമാരിലെ കുറ്റബോധം എന്നത് പല മാതാപിതാക്കൾക്കും പരിചിതമായ ഒന്നാണ്. പലപ്പോഴും അത് അവരെ വേട്ടയാടാറുമുണ്ട്. സ്ത്രീകൾക്ക് എല്ലാം നേടാനാകുമെന്ന് പറയുകയും എന്നാൽ അതിനെ പിന്തുണയ്ക്കാനുള്ള സംവിധാനങ്ങളൊന്നും നൽകാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.

‘എല്ലാം നേടുക’ എന്നത് വിശ്രമത്തിനോ, തെറ്റുകൾക്കോ, അല്ലെങ്കിൽ മനുഷ്യസഹജമായി പെരുമാറുന്നതിനോ ഇടമില്ലാതെ ‘എല്ലാം ചെയ്യുക’ എന്നതിന്റെ ഒരു പര്യായമായി മാറിയിരിക്കുന്നു. പാചകം ചെയ്യുന്നതിന് പകരം പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യുക, ഒരു ഡെഡ്ലൈൻ പൂർത്തിയാക്കാൻ സ്‌കൂളിലെ ഒരു പരിപാടി ഒഴിവാക്കുക, അല്ലെങ്കിൽ ഉറങ്ങാൻ നേരം കഥ പറയുമ്പോൾ ശ്രദ്ധ മാറുക തുടങ്ങിയ ചെറിയ വിട്ടുവീഴ്ചകൾ പോലും പലരുടെയും ഉള്ളിൽ വലിയ കുറ്റബോധത്തിന് കാരണമാകും. ഇവയൊന്നും തെറ്റല്ല, എന്നാൽ സമൂഹം കല്പിച്ചു കൊടുത്തിട്ടുള്ള ഒരു നിശ്ചിത ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി ജീവിക്കണം എന്ന മിഥ്യാബോധം ഉള്ളിൽ പേറുന്നതാണ് പ്രശ്‌നം. അമ്മമാർ എന്ന നിലയിൽ മാത്രമല്ല, ജോലിക്കാർ, പങ്കാളികൾ, പെൺമക്കൾ, സുഹൃത്തുക്കൾ എന്നീ നിലകളിലും തങ്ങൾ പരാജയപ്പെടുന്നുവെന്ന് ഇത് സ്ത്രീകളോട് പറയുന്നു. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുക മാത്രമല്ല മാനസികാവസ്ഥയെ ബാധിക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയും വരെ ചെയ്യുന്നു.

കുറ്റബോധത്തിന് പകരം യാഥാർത്ഥ്യബോധം വീണ്ടെടുക്കാനാണ് ഓരോ അമ്മമാരും ശ്രമിക്കേണ്ടത്. ജോലി ചെയ്യുന്ന അമ്മമാർക്ക് ഈ കുറ്റബോധത്തിൽ നിന്ന് പുറത്തുവരാൻ സ്വീകരിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ആദ്യമായി നിങ്ങൾ കാഴ്ചപ്പാട് മാറ്റണം. കുഞ്ഞിനെ ഉറക്കാൻ കൂടെയിരിക്കാൻ കഴിയാത്തതിൽ എനിക്ക് കുറ്റബോധം തോന്നുമ്പോൾ നമ്മുടെ കുടുംബത്തെ പിന്തുണയ്ക്കാനാണ് ഞാൻ ജോലി ചെയ്യുന്നത് എന്ന് ചിന്തിക്കുക. ഇത് സ്വയം ഒഴികഴിവ് പറയുന്നതല്ല, മറിച്ച് ഉദ്ദേശശുദ്ധി സ്വയം മനസ്സിലാക്കുന്നതാണ്. അതുപോലെ ജോലി ചെയ്യുന്ന സ്ത്രീകൾ എല്ലാം തനിച്ച് ചെയ്ത് അവരുടെ കഴിവ് തെളിയിക്കേണ്ടതില്ല. നിങ്ങളുടെ പങ്കാളിയെ ആശ്രയിക്കുക. മുത്തശ്ശനും മുത്തശ്ശിക്കും ഇടപെടാൻ അവസരം നൽകുക. സഹായിക്കാമെന്ന് പറയുന്ന സുഹൃത്തിനോട് 'അതെ' എന്ന് പറയുക.

നമ്മൾ സ്വയംപര്യാപ്തതയെ മഹത്വവൽക്കരിക്കുന്നു. എന്നാൽ പരസ്പരാശ്രിതത്വമാണ് നമ്മളെ നിലനിർത്തുന്നത്. നിങ്ങളുടെ ഫോൺ സ്വയം വിലയിരുത്താനുള്ള ഒരു ഉപാധിയായി മാറാതെയും ശ്രദ്ധിക്കണം. സോഷ്യൽ മീഡിയ ഫീഡ് നിങ്ങളെ പിന്നിലാണെന്നോ, ഒന്നും നേടാത്തവളാണെന്നോ അല്ലെങ്കിൽ കഴിവില്ലാത്തവളാണെന്നോ തോന്നിപ്പിക്കുന്നുവെങ്കിൽ അത്തരം ഫീഡുകളിൽ മാറ്റം വരുത്തുക അല്ലെങ്കിൽ അവയെ അവഗണിക്കുക. ഡിജിറ്റൽ ഇടങ്ങൾ നിങ്ങളെ തളർത്താൻ ഉള്ളവ ആയിരിക്കരുത്. അവസാനമായി, ചുറ്റുമുള്ള എല്ലാവരോടും കാണിക്കുന്ന അതേ ദയ അവനവനോടും കാണിക്കാൻ ജോലി ചെയ്യുന്ന അമ്മമാർക്ക് സാധിക്കണം.

സ്വയം പരിഗണന ഒരിക്കലും ഒരു മോശം കാര്യമല്ല. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കൈവിട്ടുപോയ മാനസികാരോഗ്യം തിരിച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ മൂല്യം തെളിയിക്കാൻ എല്ലാം തനിച്ച് ചുമക്കേണ്ടതില്ലെന്ന് എപ്പോഴും ഓർക്കണം. കുടുംബവും വളരെ പ്രധാനപ്പെട്ടതു തന്നെയാണ്. അതിന്റെ പ്രാധാന്യത്തെ കുറച്ചുകാണിക്കുകയല്ല, മറിച്ച് കുടുംബഭാരം ഒരിക്കലും സ്ത്രീ ഒറ്റയ്ക്കു ചുമക്കേണ്ടതല്ലെന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi