ഷാര്‍കോ മേരി ടൂത്ത് എന്ന രോഗത്തിന്‌റെ പേരു കേള്‍ക്കുമ്പോള്‍ പല്ലിനെ ബാധിക്കുന്ന രോഗമാണെന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇത് ഒരു ന്യൂറോളജിക്കല്‍ രോഗമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക്കിന്റെ അഭിപ്രായത്തില്‍, തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നാഡികളെ തകരാറിലാക്കുന്ന ഒരു ജനിതക അവസ്ഥയാണ് ഷാര്‍കോ മേരി ടൂത്ത് രോഗം.

പാരമ്പര്യമായി വരുന്ന ഏറ്റവും സാധാരണമായ ന്യൂറോപ്പതിയാണിത്. സാധാരണയായി കൈകളിലും കാലുകളിലും തുടങ്ങി, വേദന, മരവിപ്പ്, തരിപ്പ്, അല്ലെങ്കില്‍ പേശികളുടെ ബലക്കുറവ് എന്നിവയ്ക്ക് കാരണമാകുന്ന നാഡീതകരാറാണ് ന്യൂറോപ്പതി. പഠനങ്ങള്‍ പ്രകാരം ഇത് 2500 പേരില്‍ ഒരാളെ മാത്രമാണ് ബാധിക്കുന്നത്. പാരമ്പര്യ മോട്ടോര്‍ ആന്‍ഡ് സെന്‍സറി ന്യൂറോപ്പതി അല്ലെങ്കില്‍ പെറോണിയല്‍ മസ്‌കുലര്‍ അട്രോഫി എന്നും ഈ രോഗം അറിയപ്പെടുന്നു.

കൈകള്‍, കാലുകള്‍, പാദങ്ങള്‍ എന്നിവയിലെ സെന്‍സറി, മോട്ടോര്‍ നാഡികളെയാണ് സിഎംടി ബാധിക്കുന്നത്. സ്പര്‍ശനം, താപനില, വേദന അല്ലെങ്കില്‍ മര്‍ദ്ദം തുടങ്ങിയ സംവേദനങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ തലച്ചോറിലേക്ക് അയയ്ക്കുന്നത് സെന്‍സറി നാഡികളാണ്. മോട്ടോര്‍ നാഡികള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍, പേശികളുമായി ആശയവിനിമയം നടത്താനുള്ള കഴിവ് അവയ്ക്ക് നഷ്ടപ്പെടുന്നു. സിഎംടിയില്‍ ഇത് കൈകളിലെയും കാലുകളിലെയും പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്നു. സെന്‍സറി നാഡികള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍, വ്യക്തിക്ക് മരവിപ്പ്, തരിപ്പ്, അല്ലെങ്കില്‍ വേദന എന്നിവ അനുഭവപ്പെടാം.

പാദത്തിലെയും കാലിന്റെ താഴ്ഭാഗത്തെയും പേശികള്‍ക്ക് ബലക്കുറവോ തളര്‍ച്ചയോ ഉണ്ടാവുന്നത് പാദം ഉയര്‍ത്താന്‍ പ്രയാസമുണ്ടാക്കുന്നു (ഫൂട്ട് ഡ്രോപ്പ്). കാല്‍ ഉയര്‍ത്തിവെച്ചുള്ള നടത്തം, കൂടെക്കൂടെ കാല്‍ തട്ടി വീഴുകയോ മറിഞ്ഞുവീഴുകയോ ചെയ്യുക, ബാലന്‍സ് നിലനിര്‍ത്താനുള്ള ബുദ്ധിമുട്ടുകള്‍

ഉയര്‍ന്ന കാല്‍പ്പാദങ്ങള്‍, വളഞ്ഞ കാല്‍വിരലുകള്‍ (ഹാമര്‍ ടോസ്) പോലുള്ള പാദങ്ങളിലെ വൈകല്യങ്ങള്‍, പേശികള്‍ ശോഷിക്കുന്നത് കാരണം കാലിന്റെ താഴ്ഭാഗത്തിന് 'തലകീഴായി വെച്ച ഷാംപെയ്ന്‍ കുപ്പിയുടെ' ആകൃതി കൈവരിക എന്നിവയൊക്കെ ഇതിന്‌റെ ലക്ഷണങ്ങളാണ്. ചൂട്, തണുപ്പ്, സ്പര്‍ശനം എന്നിവ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, നട്ടെല്ലിന് വളവ് (സ്‌കോളിയോസിസ്), ഇടുപ്പെല്ല് സ്ഥാനഭ്രംശം സംഭവിക്കുക (ഹിപ് ഡിസ്‌പ്ലേസ്‌മെന്റ്), സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളോ ഞരമ്പുകളോ സ്ഥിരമായി ചുരുങ്ങുന്ന അവസ്ഥ (കണ്‍ട്രാക്ച്ചറുകള്‍), പേശീവലിവ്, ഞരമ്പുവേദന എന്നിവയും കൂടെ ഉണ്ടാവുന്നു.

സിഎംടി ഉള്ള ചില ആളുകള്‍ക്ക് ചലനശേഷി നിലനിര്‍ത്താന്‍ കാലിലോ പാദത്തിലോ ധരിക്കുന്ന ബ്രേസുകളോ മറ്റ് സഹായക ഉപകരണങ്ങളോ ആവശ്യമായി വന്നേക്കാം. ശ്വാസമെടുക്കാന്‍ സഹായിക്കുന്ന ഡയഫ്രം പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിച്ചാല്‍, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ശ്വാസതടസ്സവും ഉണ്ടാകാം. ഒരേ ജീന്‍ മ്യൂട്ടേഷനുള്ള, സിഎംടി ബാധിച്ച ഒരു കുടുംബത്തിലെ അംഗങ്ങളില്‍ പോലും രോഗലക്ഷണങ്ങളുടെ തീവ്രത ഓരോ വ്യക്തിയിലും വളരെ വ്യത്യസ്തമായിരിക്കും. രോഗലക്ഷണങ്ങള്‍ കാലക്രമേണ സാവധാനം വര്‍ധിക്കുന്നു.

സിഎംടിക്ക് പൂര്‍ണ്ണമായ ചികിത്സയില്ല, എന്നാല്‍ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ചികിത്സകള്‍ സഹായിക്കും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കുന്നത് ജീവിതനിലവാരം നിലനിര്‍ത്താന്‍ സഹായിക്കും. ഫിസിക്കല്‍, ഒക്യുപേഷണല്‍ തെറാപ്പി, ബ്രേസുകളും മറ്റ് ഓര്‍ത്തോപീഡിക് ഉപകരണങ്ങളും, ഓര്‍ത്തോപീഡിക് ശസ്ത്രക്രിയ എന്നിവ സിഎംടിയുടെ രോഗലക്ഷണങ്ങള്‍ക്ക് സഹായകമായേക്കാം.

(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ആരോഗ്യവിദഗ്ദന്റെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോവുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi