അടുത്തിരിക്കുന്നയാൾ ഉറക്കെ ചവയ്ക്കുന്നതും ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുന്നതും കേൾക്കുമ്പോൾ വല്ലാത്തൊരു അസഹ്യത തോന്നാറുണ്ടോ? നിങ്ങൾക്ക് ഒരുപക്ഷേ, മിസോഫോണിയ എന്ന മാനസികാവസ്ഥയായിരിക്കാം. "ശബ്ദത്തോടുള്ള വെറുപ്പ്" എന്ന് അർഥമാക്കുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് മിസോഫോണിയ എന്ന പദം ഉടലെടുത്തത്. ഇത് ശബ്ദത്തോടുള്ള പൊതുവായ ഇഷ്ടക്കേടല്ല, മറിച്ച് പ്രത്യേകതരത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ അരിശം തോന്നുന്ന അവസ്ഥയാണ്.

മിസോഫോണിയ ഉള്ളവർക്ക്, പ്രത്യേക ശബ്ദങ്ങളുമായി സമ്പർക്കം പുലർത്തേണ്ടി വരുമ്പോൾ ദേഷ്യവും ഉത്കണ്ഠയും പരിഭ്രാന്തിയും വെറുപ്പുമൊക്കെ തോന്നാറുണ്ട്.

ചവയ്ക്കുന്ന ശബ്ദം, വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം, ചുണ്ടുകൾ കൂട്ടിമുട്ടുന്ന ശബ്ദം, ശ്വാസമെടുക്കുന്നത്, മൂക്ക് ചീറ്റുന്നത്, ആവർത്തിച്ചുള്ള കാലിന്റെ ചലനങ്ങൾ ഇവയൊക്കെ മിസോഫോണിയയുള്ളവർക്ക് ട്രിഗറുണ്ടാക്കുന്ന കാര്യങ്ങളാണ്. പെട്ടെന്നുള്ള അസ്വസ്ഥതകളാണ് പ്രത്യാഘാതം. അസ്വസ്ഥതയെ നിയന്ത്രിക്കാനോ പറഞ്ഞുമാറ്റാനോ സാധിച്ചെന്നു വരില്ല. ഇത്തരം ശബ്ദം കേൾക്കുമ്പോൾ ഹൃദയമിടിപ്പ് കൂടൽ, പേശികളുടെ മുറുക്കം, വിയർപ്പ്, ശബ്ദം കേൾക്കുന്ന ഇടത്തിൽ നിന്ന് ഓടിപ്പോകാനുള്ള തോന്നലോ, അതിനെതിരേ പ്രതികരിക്കാനുള്ള ശക്തമായ പ്രവണതയോ ഉണ്ടാവാം. പ്രതികരിച്ചതിന് ശേഷം ലജ്ജ തോന്നുന്നതും സ്വയം കുറ്റപ്പെടുത്തുന്നതും ഇക്കൂട്ടരിൽ സാധാരണമാണ്.

മിസോഫോണിയയെ മറ്റുള്ളവരോടുള്ള അസഹിഷ്ണുതയായി ചിലർ തെറ്റിദ്ധരിക്കാറുണ്ട്, പക്ഷേ, അതല്ല യാഥാർഥ്യം. ആവർത്തിച്ച് ഇത്തരം ശബ്ദം കേൾക്കുന്നത് വിട്ടുമാറാത്ത സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, സമൂഹത്തിൽ നിന്ന് പിൻവലിയൽ എന്നിവയിലേക്കും ആളുകളെ നയിച്ചേക്കാം.

മിസോഫോണിയയുടെ കൃത്യമായ കാരണം ഇപ്പോഴും കണ്ടെത്താനായിട്ടില്ല, ഗവേഷണങ്ങൾ നടക്കുകയാണ്. പെരുമാറ്റപരമായ കാരണങ്ങളേക്കാൾ നാഡീവ്യൂഹപരമായ കാരണങ്ങളാവാമെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ നൽകുന്ന സൂചന. മിസോഫോണിയ ഉള്ള ഒരാളുടെ തലച്ചോറ് ചില ശബ്ദങ്ങൾക്ക് അമിതമായ വൈകാരിക പ്രാധാന്യം നൽകുന്നു, യഥാർഥത്തിൽ ഭീഷണിയില്ലെങ്കിലും അമിതമായി അതിനോട് പ്രതികരിക്കാനുള്ള പ്രവണത ഇവരിലുണ്ടാകുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi