അസ്ഥിക്ഷയം ആണ്‍പെണ്‍ ഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഇതുമൂലം അസ്ഥികളില്‍ പൊട്ടലുണ്ടാവുകയും നടുവേദന, മുതുക് കുനിഞ്ഞുപോവുക എന്നീ പ്രയാസങ്ങള്‍ നേരിടുകയും ചെയ്‌തേക്കാം. ജീവിതശൈലിയിലെ മാറ്റങ്ങളും കാല്‍സ്യം കുറവായ ആഹാരശീലങ്ങളുമാണ് അസ്ഥിക്ഷയത്തിന് കാരണമാകാറുള്ളത്.

പുതുക്കപ്പെടുന്ന അസ്ഥികള്‍

മനുഷ്യശരീരത്തിലെ അസ്ഥികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവ ജീവിതകാലം മുഴുവന്‍ പുതുക്കിക്കൊണ്ടിരിക്കും. പഴയ അസ്ഥികോശങ്ങള്‍ക്ക് പകരം പുതിയവ രൂപപ്പെട്ടുകൊണ്ടിരിക്കും. ഏതാണ്ട് 30 വയസ്സാവുന്നതോടെ പുതിയ അസ്ഥികോശങ്ങളുണ്ടാവുന്നത് കുറയും. ഇത് അസ്ഥിക്ഷയം അഥവ ഓസ്റ്റിയോ പൊറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും.

മെലിഞ്ഞ ശരീരമുള്ളവര്‍ക്കും 45 വയസ്സിന് മുന്‍പ് ആര്‍ത്തവവിരാമമായവര്‍ക്കും ഓസ്റ്റിയോ പൊറോസിസ് നേരത്തേ ബാധിച്ചേക്കാം. കാല്‍ഷ്യം അടങ്ങിയ ഭക്ഷണങ്ങളുടെ കുറവും  ജീവകം ഡിയുടെ അപര്യാപ്തതയും വ്യായാമക്കുറവും കാര്യങ്ങളെ ഗുരുതരമാക്കും.

ഇവ കഴിക്കാം

ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ കാല്‍സ്യം ഉള്‍പ്പെടുത്തുന്നതിലൂടെ അസ്ഥിക്ഷയം തടയാന്‍ കഴിയും.

* 50 വയസ്സില്‍ മുകളിലുള്ളവര്‍ക്ക് ദിവസം 1000-1500 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്.

* മുത്താറി, മത്സ്യം, ഇലക്കറികള്‍, എള്ള്, പാല്‍, കൊഴുപ്പുനീക്കിയ പാലുത്പന്നങ്ങള്‍ തുടങ്ങിയവ കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സുകളാണ്.

* കാല്‍സ്യത്തിന് കുടലിന്റെ ഭിത്തി കടന്ന് രക്തത്തിലെത്താന്‍ വിറ്റാമിന്‍ ഡിയും ആവശ്യമാണ്.

* വിറ്റാമിന്‍ ഡി ദഹനവ്യൂഹത്തിന്റെ ഭിത്തികളുടെ താക്കോലായി പ്രവര്‍ത്തിക്കുന്നു.

* മതിയായ സൂര്യപ്രകാശം ലഭിക്കുന്നതുവഴി വിറ്റാമിന്‍ ഡി നിര്‍മ്മിക്കാന്‍ ശരീരത്തിന് സാധിക്കും.

* ദിവസവും 15-20 മിനിറ്റ് നേരം വെയില്‍കൊള്ളുന്നത് നല്ലതാണ്.

* രോഗപ്രതിരോധശേഷിക്കും മറ്റ് ഘടകങ്ങളുടെ ആഗിരണത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്.

* ഇതോടൊപ്പം അരമണിക്കൂറെങ്കിലും ലഘുവ്യായാമങ്ങളും ചെയ്യണം.