ചൊവ്വാഴ്ചയാണ് സംവിധായകൻ സഞ്ജയ് ലീല ഭൻസാലി തന്റെ 63-ാം ജന്മദിനം ആഘോഷിച്ചത്. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിന്റെ നിർമ്മാണ ജോലികളുടെ തിരക്കിലായിരുന്നു അദ്ദേഹം. എന്നാൽ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ ഹൃദയാഘാതം സംഭവിച്ചുവെന്ന തരത്തിൽ ഓൺലൈനിൽ വാർത്തകൾ പ്രചരിക്കുകയാണിപ്പോൾ.

'മാമരാസി' എന്ന സോഷ്യൽ മീഡിയാ പേജിലൂടെയാണ് ജന്മദിനത്തിൽ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നത്. ആഘോഷവേള ഒരു പ്രതിസന്ധി ഘട്ടമായി മാറിയെന്നും, ഡോക്ടർമാർ അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

വാർത്ത പരന്നതോടെ അദ്ദേഹത്തിന്റെ കുടുംബം വിഷയത്തിൽ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഭൻസാലി പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം ഒരു സാധാരണ മെഡിക്കൽ പരിശോധനയ്ക്കുവേണ്ടിയാണ് ആശുപത്രിയിൽ പോയതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. "എല്ലാവരും കാണിച്ച സ്നേഹത്തിനും കരുതലിനും സഹായത്തിനും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി," പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഭൻസാലി പ്രൊഡക്ഷൻസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രസ്താവന പുറത്തു വന്നത്.

നിർമ്മാതാവ്, തിരക്കഥാകൃത്ത്, എഡിറ്റർ, സംഗീത സംവിധായകൻ എന്നീ നിലകളിലും പേരെടുത്ത വ്യക്തിയാണ് ഭൻസാലി. ഏഴ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2015-ൽ പത്മശ്രീ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു. 1996-ൽ 'ഖാമോഷി: ദ മ്യൂസിക്കൽ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi