ചില ദിവസങ്ങൾ അങ്ങനെയാണ്. ഒന്നും ചെയ്യാൻ തോന്നാതെ, എന്തിനും ഒരു മടുപ്പ്. ചെറിയ കാര്യങ്ങൾ പോലും അസഹനീയമായി തോന്നുന്ന അവസ്ഥ. തിരക്കുകൾക്കിടയിലും ഉത്തരവാദിത്തങ്ങൾക്കിടയിലും നമ്മളെ നമ്മൾ തന്നെ മറന്നുപോകുമ്പോഴാണ് ഇത്തരം മാനസിക ക്ഷീണം കൂടുതൽ അനുഭവപ്പെടുന്നത്. അത്തരം ദിവസങ്ങളിൽ സ്വയം കുറ്റപ്പെടുത്തുന്നതിനേക്കാൾ, മനസ്സിന് ഇഷ്ടമുള്ള ചെറിയ കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുകയാണ് വേണ്ടത്. മനസ്സിനെ ശാന്തമാക്കുകയും ദിവസം മുഴുവൻ ഉത്സാഹത്തോടെയുമിരിക്കാൻ ചില വിദ്യകളുണ്ട്.
സ്‌പെഷ്യൽ ബ്രേക്ക്ഫാസ്റ്റ്
രാവിലെ എഴുന്നേറ്റ ഉടൻ ഇഷ്ടപ്പെട്ട പാട്ടുകൾ പ്ലേ ചെയ്യാം. പിന്നെ പതിവിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും സ്‌പെഷ്യൽ വിഭവം തയ്യാറാക്കാൻ നോക്കാം. ഹെൽത്തി സ്മൂത്തി, സാൻവിച്ച്, പാൻകേക്ക്, അല്ലെങ്കിൽ ഇതുവരെ പരീക്ഷിക്കാത്ത ഏതെങ്കിലും വിഭവം. പാചകം ഒരു ജോലിയായി കാണാതെ ഒരു ചെറിയ ആഘോഷമാക്കി മാറ്റാം. ഇഷ്ടസംഗീതവും രുചികരമായ ഭക്ഷണവും ചേർന്നാൽ ദിവസം തുടങ്ങുന്നത് തന്നെ കൂടുതൽ ഉന്മേഷത്തോടെയാകും.
Also Read
വീട്ടിൽ തന്നെ ഒരു സ്പാ അനുഭവം
ചർമസംരക്ഷണത്തിനും സ്പായ്ക്കും മറ്റുമായി എപ്പോഴും സലൂണിലേക്ക് പോകണമെന്നില്ല. ഒരു ദിവസം വീട്ടിൽ തന്നെ നിങ്ങൾക്കായി മാറ്റിവെക്കാം. ഹെയർ ഓയിൽ മസാജ്, ഫേസ് മാസ്‌ക്, ബോഡി സ്‌ക്രബ്, ചൂടുവെള്ളത്തിലുള്ള കുളി, നഖം മിനുക്കി നെയിൽപോളിഷ് ഇടൽ... ഇതെല്ലാംതന്നെ മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസം നൽകും. സുഗന്ധമുള്ള മെഴുകുതിരി കത്തിച്ച് കോഫി ഡേറ്റ് നടത്താം. ഇഷ്ടപ്പെട്ട ചായയോ കാപ്പിയോ പ്രിയപ്പെട്ടവർക്കൊപ്പം പങ്കുവെച്ച് കുടിക്കുന്നതും സ്‌പെഷ്യലാണ്.
സോളോ ഡേറ്റ്
ചിലർക്ക് പുറത്തുപോകുമ്പോൾ എപ്പോഴും കൂടെയൊരാളുവേണം. ഷോപ്പിങ്ങിനായാലും ഭക്ഷണം കഴിക്കാനായാലും യാത്ര പോവാനാണെങ്കിലും സുഹൃത്തിനൊപ്പമോ പങ്കാളിക്കൊപ്പമോ പോകാൻ ഇഷ്ടപ്പെടുന്നവരാവാം. എന്നാൽ ഇടയ്‌ക്കെങ്കിലും ഒറ്റയ്ക്ക്, നിങ്ങൾക്കിഷ്ടമുള്ള റെസ്റ്റോറന്റിൽ പോയി ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുനോക്കൂ. കാണാൻ ആഗ്രഹിച്ച സിനിമ ഒറ്റയ്ക്ക് കാണൂ. ഒരു പുസ്തകശാലയിലോ കഫേയിലോ ഒറ്റയ്ക്കിരുന്ന് സമയം ചെലവഴിക്കാം. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാം. ഒറ്റയ്ക്ക് ചെലവഴിക്കുന്ന സമയം പലപ്പോഴും നമ്മെ കൂടുതൽ ശക്തരാക്കുകയും സ്വയം മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യും.
ഉള്ളിലെ കലാകാരിയെ പുറത്തുകൊണ്ടുവരൂ
പെയിന്റിങ്, സ്‌കെച്ചിങ്, കളറിങ്, ക്രാഫ്റ്റ്, എംബ്രോയിഡറി ...തുടങ്ങി ഇഷ്ടമുള്ള എന്തും പരീക്ഷിക്കാം. ചിത്രം മനോഹരമാകണമെന്നില്ല, അത് വരയ്ക്കുന്ന പ്രക്രിയ ആസ്വദിച്ചാൽ മതി. പുതിയ എന്തെങ്കിലും സൃഷ്ടിക്കുന്ന ഒരു സന്തോഷം മനസ്സിന് വലിയ ആശ്വാസമാണ് നൽകുന്നത്.
ഡിജിറ്റൽ ലോകത്തിൽ നിന്ന് ഒരു ചെറിയ ഇടവേള
മൊബൈൽ ഫോൺ കുറച്ചുനേരത്തേക്ക് മാറ്റിവയ്ക്കാം. സോഷ്യൽ മീഡിയ സ്‌ക്രോളിങ്ങിൽ നിന്ന് വിട്ടുനിന്ന് പകരം വീടിന് പുറത്തോ ടെറസിലോ ചെറിയൊരു നടത്തമാവാം. ചെടികൾക്ക് വെള്ളമൊഴിക്കാം. ചുറ്റുപാടുകൾ ശ്രദ്ധിക്കാം. ഇത്തരത്തിലുള്ള ചെറിയ ഡിജിറ്റൽ ഡിറ്റോക്‌സ് പോലും മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
മാറ്റിവെച്ച കാര്യങ്ങൾ പൂർത്തിയാക്കൂ
നാളുകളായി ചെയ്യണമെന്ന് വിചാരിച്ചിരുന്ന ചെറിയ കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം കണ്ടെത്താം. പുസ്തകം വായിക്കുക, അലമാര വൃത്തിയാക്കുക, സുഹൃത്തിനെ വിളിക്കുക, ചെടി നട്ടുപിടിപ്പിക്കുക, പുതിയൊരു ഹോബി തുടങ്ങുക... ഇവയെല്ലാം മനസ്സിന് പുതുമ നൽകും. ഒന്നും ചെയ്യാൻ തോന്നുന്നില്ലെങ്കിൽ 10 മുതൽ 15 മിനിറ്റ് വരെ ധ്യാനം ചെയ്യുന്നതും നല്ലതാണ്.
ആകാശവും താരങ്ങളും
രാത്രിയിൽ കുറച്ചുസമയം മുറ്റത്തിരുന്ന് ആകാശം നോക്കൂ. നക്ഷത്രങ്ങളെ നിരീക്ഷിക്കൂ. മനസ്സിനെ ശാന്തമാക്കാനും ചിന്തകളെ ക്രമപ്പെടുത്താനും ഇത് സഹായിക്കും. ഒരു ചെറിയ ഡയറിയിൽ അന്നത്തെ അനുഭവങ്ങളോ നന്ദിയുള്ള കാര്യങ്ങളോ കുറിച്ചുവയ്ക്കുന്നതും നല്ല ശീലമാണ്.
കൂട്ടുകാർക്കൊപ്പം രസകരമായ ഒരു വൈകുന്നേരം
സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ച് ഒരു ചെറിയ തീം പാർട്ടി നടത്താം. പൈജാമ പാർട്ടി, നൈറ്റി പാർട്ടി, മൂവി നൈറ്റ്, ബോർഡ് ഗെയിം, കരോക്കെ, ഒരുമിച്ച് പാചകം ചെയ്യൽ...തുടങ്ങി എന്തുമാകാം. ചിരിയും സംഭാഷണങ്ങളും പങ്കുവെക്കുന്ന നിമിഷങ്ങൾ മാനസിക സമ്മർദം കുറയ്ക്കാൻ ഏറ്റവും നല്ല മരുന്നാണ്.
മനസ്സ് സന്തോഷിപ്പിക്കുന്ന കുറച്ച് ചെറിയ ശീലങ്ങൾ കൂടി…
ഇഷ്ടപ്പെട്ട പുസ്തകം വായിക്കാം.
ഒരു ചെടി നട്ടുപിടിപ്പിക്കുകയോ നിലവിലുള്ള ചെടികളെ പരിപാലിക്കുകയോ ചെയ്യാം.
നന്ദിയുള്ള മൂന്ന് കാര്യങ്ങൾ ഓരോ ദിവസവും എഴുതിവയ്ക്കാം.
പ്രിയപ്പെട്ട വളർത്തുമൃഗത്തോടൊപ്പം സമയം ചെലവഴിക്കാം.
അല്പസമയം നൃത്തം ചെയ്യുകയോ ലഘുവായ വ്യായാമം ചെയ്യുകയോ ആവാം.
പഴയ ഫോട്ടോകൾ നോക്കി നല്ല ഓർമ്മകൾ പങ്കുവെക്കാം.
ഇഷ്ടപ്പെട്ട സുഗന്ധമുള്ള മെഴുകുതിരിയോ അരോമ ഓയിലോ ഉപയോഗിച്ച് വീടിന്റെ അന്തരീക്ഷം മനോഹരമാക്കാം.
എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. ചില ദിവസങ്ങളിൽ മനസ്സ് ക്ഷീണിക്കുന്നത് സ്വാഭാവികമാണ്. അത്തരം സമയങ്ങളിൽ സ്വയം സ്‌നേഹിക്കാനും ചെറിയ സന്തോഷങ്ങൾ കണ്ടെത്താനും ശ്രമിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്കായി ദിവസത്തിൽ കുറച്ചുസമയം മാറ്റിവെക്കുന്നത് ആഡംബരമല്ല, മറിച്ച് മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഒരു നല്ല ശീലമാണ്. ചെറിയ മാറ്റങ്ങൾ പോലും വലിയ സന്തോഷങ്ങൾക്ക് വഴിയൊരുക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: tips-to-stay-energetic-and-happy-all-day
Published: 11 Jul 2026, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented