ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റാണ് വിംബിൾഡൺ (Wimbledon). പുൽകോർട്ടിൽ (grass courts) നടക്കുന്ന ഏക ഗ്രാൻഡ്സ്ലാം ടൂർണമെന്റും ഇതുതന്നെ. പുല്ലുകളുടെ ആരോഗ്യം കൃത്യമായി നോക്കാൻ ഇവിടെ ആളുകളുമുണ്ട്. അതിനായി മാത്രം 15-ഓളം പേരാണുള്ളത്. തൂവെള്ളനിറങ്ങൾ ധരിച്ച് മാത്രമേ താരങ്ങൾക്ക് വിംബിൾഡണിൽ മത്സരിക്കാനാവൂ. അതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വിംബിൾഡൺ ടവ്വലുകൾ.
1987 മുതൽ, വിംബിൾഡണിന്റെ ഈ ഐക്കോണിക് ടവലുകൾ നിർമിക്കുന്നത് ക്രിസ്റ്റി എന്ന മാഞ്ചസ്റ്റർ കമ്പനിയാണ്. ഇന്ത്യൻ ടെക്‌സ്‌റ്റൈൽ ഭീമനായ വെൽസ്പൺ (welspun) 17 വർഷങ്ങൾക്ക് മുമ്പ് ക്രിസ്റ്റി ബ്രാൻഡ് സ്വന്തമാക്കുന്നതിന് മുമ്പ്, വിംബിൾഡൺ ടവലുകൾ നിർമ്മിച്ചിരുന്നതും ബ്രിട്ടനിൽ തന്നെ. എന്നാൽ പിന്നീട് കഥ മാറി. ഇപ്പോൾ വിംബിൾഡൺ ടവ്വലുകൾക്ക് ഒരു വലിയ ഇന്ത്യൻബന്ധമുണ്ട്. വെൽസ്പൺ ഏറ്റെടുത്തതോടെ, ടവ്വൽ നിർമാണം പൂർണമായും ഇന്ത്യയിലേക്ക് മാറി. ഗുജറാത്തിലെ വാപിയിലാണ് ഇത് കൂടുതലായും നിർമിക്കപ്പെടുന്നത്.
വിംബിൾഡൺ മത്സരങ്ങൾ തുടങ്ങുന്നതിനു 18 മാസങ്ങൾക്കുമുമ്പ് തന്നെ ഇവിടെ ടവ്വൽ നിർമാണം ആരംഭിക്കും. ഓരോ ടവ്വലിനുമായി ആവശ്യമായി വരുന്നത് ഏഴുദിവസമാണ്. ഓരോ വർഷവും അവയുടെ നിറം മാറിക്കൊണ്ടേയിരിക്കും. അത് തീരുമാനിക്കുന്നത് ക്രിസ്റ്റിയിൽനിന്നുള്ള ഡിസൈനർമാരാണ്. പുരുഷൻമാരുടെ ടവ്വലുകൾ കടുംപച്ച, പർപ്പിൾ, ഗോൾഡ് എന്നീ നിറങ്ങളിലാണ് പ്രധാനമായും ഉണ്ടാവുക. എന്നാൽ, സ്ത്രീകളുടെ ടവ്വലുകളുടെ നിറം ഓരോ വർഷവും മാറിക്കൊണ്ടേയിരിക്കും. ഈ വർഷം ചുവപ്പും വെള്ളയുമാണ് വുമൺസ് ടവ്വലിന്റെ നിറം.
പ്രത്യേകതരം പ്രീമിയം കോട്ടൺനൂലിലാണ് ഇത് നിർമിക്കുന്നത്. വേഗത്തിൽ ഉണങ്ങുന്ന വളരെ മൃദുവായ തുണിയാണ് ഉപയോഗിക്കുന്നത്. എത്ര ഈർപ്പം വേണമെങ്കിലും ആഗിരണം ചെയ്യാനും ഈ തുണിക്ക് കഴിയും.
കളിക്കാർക്ക് കോർട്ടിലും ലോക്കർ റൂമുകളിലുമുപയോഗിക്കാൻ ഈ ടവ്വലുകൾ നൽകാറുണ്ട്. ടൂർണമെന്റിനുശേഷം അത് തിരികെ നൽകണമെന്നാണ്. എന്നാൽ, ഓരോ സീസണിലും 15 ശതമാനം മാത്രമേ തിരിച്ച് കിട്ടാറുള്ളൂ. ഓരോ വർഷവും 500 ടവ്വലുകളാണത്രെ, ദിവസംതോറും അപ്രത്യക്ഷമാവുന്നത്.
'ദ ടൈംസ്' റിപ്പോർട്ട് അനുസരിച്ച്, 2026-ലെ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ആഴ്ചയിൽ മാത്രം താരങ്ങൾ 3,000-ത്തിലധികം ടവ്വലുകളാണ് കൈക്കലാക്കിയത്.
ചില കളിക്കാർ സമ്മാനമെന്ന പേരിലും അത് വീട്ടിൽ കൊണ്ടുപോവാറുണ്ട്. മറ്റു ചിലർക്ക് അമൂല്യമായ മൊമന്റോയാണ്. ചില കളിക്കാർ അത് കാണികൾക്കിടയിലേക്ക് വലിച്ചെറിയും. അവരത് അമൂല്യസമ്മാനമായി കരുതി എടുക്കുകയും ചെയ്യും. കഴിഞ്ഞവർഷം ഒരു പോളിഷ് താരം തന്റെ ടെന്നീസ് ബാഗിൽ ഈ ടവ്വലുകൾ തിരുകുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അതിനുശേഷം റോയ്‌ട്ടേഴ്‌സുമായുള്ള അഭിമുഖത്തിൽ അവർ പറഞ്ഞതിങ്ങനെ, ''ഞാൻ ഒരു ഗ്രാൻഡ് സ്ലാമിൽ നിന്ന് തിരിച്ചെത്തുമ്പോഴെല്ലാം, സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ ടവ്വലുകൾ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നു. അതിനാൽ, ക്ഷമിക്കണം സുഹൃത്തുക്കളെ. ക്ഷമിക്കണം, വിംബിൾഡൺ. ഞാൻ അത് ചെയ്യാമോ എന്ന് എനിക്കറിയില്ല''.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നൊവാക് ജോക്കോവിച്ചും തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ടവലുകൾ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് തമാശ പറഞ്ഞിരുന്നു. വിംബിൾഡണിൽനിന്ന് സ്വന്തം കൈവശം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും വസ്തുവുണ്ടെങ്കിൽ, അത് ഈ ടവ്വലാണെന്ന് ഒരിക്കൽ റോജർ ഫെഡററും പറഞ്ഞിട്ടുണ്ട്.
മുൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നുള്ള അധികമായ ടവ്വലുകളെ ടോട്ട് ബാഗുകളും റോബുകളുമായി മാറ്റുന്ന ഒരു പ്രത്യേകടീമുണ്ട് ക്രിസ്റ്റിക്കൊപ്പം. എല്ലാ വർഷവും അങ്ങനെ മാറ്റിയെടുക്കാറുമുണ്ട്. ഒരിക്കൽ ഓൺലൈനിൽ ഈ ബാഗുകൾ വിൽപ്പനയ്‌ക്കെത്തിയപ്പോൾ 5000 രൂപയായിരുന്നു അതിന്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Wimbledon 2026 towels are manufactured in Vapi, India, by Welspun-owned Christy. Over 3,000 towels went missing in the first week of the 2026 championship alone
Published: 10 Jul 2026, 06:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented