
തിലക് വർമ്മ, ഇൻസ്റ്റഗ്രാം(tilakvarma9)/ പ്രതീകാത്മക ചിത്രം, Freepik
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് തിലക് വർമ്മ. എന്നാൽ 2022-ൽ താൻ അനുഭവിച്ച മാരകമായ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
കഠിനമായ പരിശീലനം, വിശ്രമമില്ലായ്മ, സമ്മർദ്ദം എന്നിവയാണ് തൻ്റെ മോശം ആരോഗ്യത്തിന് കാരണമായതെന്ന് ‘ബ്രേക്ക് വിത്ത് ചാമ്പ്യൻസ്’ എന്ന പരിപാടിയിൽ സംസാരിക്കവേ തിലക് വർമ്മ വ്യക്തമാക്കി. പേശികൾ തകരുമ്പോൾ സംഭവിക്കുന്ന അപൂർവ രോഗമായ റാബ്ഡോമയോളിസിസ് എന്ന അവസ്ഥയുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് ഇടംകൈയ്യൻ ബാറ്ററായ തിലക് പങ്കുവെച്ചു.
2022-ൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ കളിക്കുമ്പോഴാണ് തനിക്ക് ആദ്യമായി രോഗലക്ഷണങ്ങൾ തിരിച്ചറിയാനായതെന്നും അദ്ദേഹം പറയുന്നു “പെട്ടെന്ന് ബാറ്റ് ഉയർത്താൻ പോലും കഴിയാത്ത ഒരവസ്ഥ വന്നു. വിരലുകൾ അനക്കാൻ കഴിയാതെ ഞരമ്പുകൾ വലിഞ്ഞു മുറുകി.”
എന്നാൽ രോഗനിർണയത്തിനു ശേഷമുള്ള ആ കഠിനമായ ഘട്ടത്തിൽ ബിസിസിഐയും മുംബൈ ഇന്ത്യൻസും സഹായിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയർ അപകടത്തിലാകുമായിരുന്നു.
“വിശ്രമ ദിവസങ്ങളിലും ഞാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അതിനാൽ, പേശികൾക്ക് അമിത സമ്മർദ്ദമുണ്ടാവുകയും അത് തകരാറിലാകുകയും ചെയ്തു. ഞരമ്പുകൾ വല്ലാതെ മുറുകി. മുംബൈ ഇന്ത്യൻസ് എൻ്റെ കൂടെയുണ്ടായിരുന്നു. ഞാൻ ബംഗ്ലാദേശിൽ എ സീരീസ് കളിക്കുകയായിരുന്നു.100 പന്തുകൾ വരെ കളിച്ചു, പക്ഷേ പിന്നീട് വിരലുകൾ ഒട്ടും ചലിപ്പിക്കാനായില്ല.
ഗ്ലൗസുകൾ മുറിച്ചുമാറ്റേണ്ടി വന്നു. ഒടുവിൽ എനിക്ക് റിട്ടയേർഡ് ഹർട്ട്(പരുക്കേറ്റതിനെ തുടർന്നോ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നോ ബാറ്റർ ക്രീസ് വിടുന്നത്) ആകേണ്ടി വന്നു.ആകാശ് ഭായ് (ആകാശ് അംബാനി) അവിടെയുണ്ടായിരുന്നു. അദ്ദേഹം ബിസിസിഐയോട് സംസാരിച്ചു, അവരും ഒരുപാട് സഹായിച്ചു.
ജയ് ഷാ സാറിനും സിഒഇക്കും ഒരുപാട് നന്ദി. ആശുപത്രിയിലെത്തിയപ്പോൾ കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ പ്രത്യാഘാതങ്ങൾ ഭയാനകമാകുമായിരുന്നു എന്നവർ പറഞ്ഞു.”
അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ തിലക് കളത്തിലിറങ്ങും.
യു എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അത്‌ലറ്റുകള്‍ മുതല്‍ സാധാരണക്കാരായവര്‍ വരെ ആര്‍ക്കും ഈ അസുഖം വരാന്‍ സാധ്യതയുണ്ട്. പക്ഷേ ചിലരില്‍ അപകടസാധ്യത കൂടുതലാണ്. ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുന്നതോ കഠിനമായ ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവരോ ആയ ആളുകള്‍ക്ക് റാബ്‌ഡോമയോളിസിസ് വരാനുള്ള സാധ്യത കൂടുതലാണ്.
രണ്ട് തരത്തിലാണ് ഈ അവസ്ഥ വരുന്നത്.പേശീകലകൾക്ക് നേരിട്ടുണ്ടാകുന്ന പരിക്കുകൾ. ഉദാഹരണത്തിന് അപകടമോ വീഴ്ചയോ മൂലമുണ്ടാകുന്ന പരിക്കുകൾ. മറ്റൊന്ന് അമിതമായ വർക്ക് ഔട്ടുകളും മരുന്നുകളുടെ പാർശ്വഫലം തുടങ്ങിയവയും മൂലമുണ്ടാകുന്ന പരിക്കുകൾ.
എന്താണ് റാബ്ഡോമയോളിസിസ്?
റാബ്ഡോമയോളിസിസ് ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. ഇത് വൃക്ക തകരാറ്, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, ആന്തരാവയവങ്ങളുടെ സ്തംഭനം തുടങ്ങിയ സങ്കീർണ്ണതകൾക്ക് കാരണമാകും. ഈ രോഗത്തിൽ, പേശീകലകൾ അതിവേഗം തകരുകയും മയോഗ്ലോബിൻ പോലുള്ള പ്രോട്ടീനുകളും ഇലക്ട്രോലൈറ്റുകളും രക്തത്തിലേക്ക് പുറന്തള്ളുകയും ചെയ്യുന്നു. നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയുമാണ് ഇതിന് വേണ്ടത്.
കഠിനമായ പേശി വലിവ്, ഇരുണ്ട നിറമുള്ള മൂത്രം, ബലഹീനത, ക്ഷീണം ഇവയൊക്കെയാണ് ലക്ഷണങ്ങള്‍. വൃക്കകളുടെ പ്രവർത്തനം ഗുരുതരമായി തകരാറിലാകുന്ന സന്ദർഭങ്ങളിൽ, രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡയാലിസിസ് ചികിത്സ അനിവാര്യമായി വന്നേക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Indian cricketer Tilak Varma opens up about his life-threatening Rhabdomyolysis diagnosis in 2022.
Published: 26 Oct 2025, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented