താരങ്ങളായ അയേഷ ദത്തിന്റെയും ജാക്കി ഷ്‌റോഫിന്റെയും മകനായ ടൈഗർ ഷ്‌റോഫിനും ചെറുപ്പംമുതൽ തന്നെ സിനിമയോടായിരുന്നു താത്പര്യം. 'ഹീറോപന്തി' എന്ന സിനിമയിലൂടെയാണ് ടൈഗർ സിനിമാഭിനയത്തിലേക്ക് കടക്കുന്നത്. അതിനുശേഷം ബാഗി, ബാഗി 2, വാർ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ചു താരം.

അതിനുപിന്നാലെ ടൈഗർ അഭിനയിച്ച സിനിമകളിലേറെയും പരാജയപ്പെട്ടു. ഹീറോപന്തി 2, ഗണപത്, ബഡേ മിയാ ഛോട്ടേ മിയാ, ബാഗി 4 എല്ലാം ബോക്‌സോഫീസിൽ തകർന്നടിഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കരിയറിനെയും വല്ലാതെ ബാധിച്ചു. അപ്പോഴും പരസ്യചിത്രങ്ങളിൽ സജീവമാണ് താരം. 'ലഗ് ജാ ഗലേ' എന്ന സിനിമയാണ് ടൈഗറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

അതിനിടെ തന്റെ ഒരസുഖത്തെക്കുറിച്ച് തുറന്നുപറയുകയാണ് ടൈഗർ ഇപ്പോൾ. തനിക്ക് എയ്‌റോഫോബിയ (Aerophobia) ആണെന്നാണ് താരം പറയുന്നത്. ''എനിക്ക് എയ്‌റോഫോബിയ ഉള്ളതിനാൽ ഒരു തെറാപ്പിസ്റ്റിനെ കാണാൻ ഞാൻ പദ്ധതിയിടുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാനൊരു ഫ്‌ളൈറ്റ് യാത്രയിലായിരുന്നു. അതിനിടയിൽ ആകാശച്ചുഴിയിൽ പെട്ടു. വിമാനം ആകെ കുലുങ്ങാനും മറ്റും തുടങ്ങി. അതിനുശേഷവും എത്രയോ തവണ എനിക്ക് വിമാനത്തിൽ യാത്ര ചെയ്യേണ്ട സന്ദർഭങ്ങളുണ്ടാവാറുണ്ട്. അങ്ങനെയുള്ളപ്പോൾ യാത്രയ്ക്ക് രണ്ടുദിവസം മുമ്പ് എനിക്ക് ഉത്കണ്ഠ അനുഭവപ്പെടാൻ തുടങ്ങും. ഇപ്പോഴും എനിക്കതിൽനിന്ന് മുക്തി നേടാൻ കഴിഞ്ഞിട്ടില്ല'', ടൈഗർ വിവരിക്കുന്നു.

വിമാനയാത്രയിലെ സുരക്ഷയെക്കുറിച്ച് അറിയാമെങ്കിലും, തന്റെ മനസ്സിനെ നിയന്ത്രണത്തിലാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. ''കുറേ പൈലറ്റുമാരോട് ഞാൻ സംസാരിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ പോലെ തന്നെയാണ് ആകാശച്ചുഴിയുമെന്ന് അവരൊക്കെ എനിക്ക് പറഞ്ഞ് മനസ്സിലാക്കിത്തന്നു. പക്ഷേ ഇതൊക്കെ ഞാനെന്റെ മനസ്സിനോട് എങ്ങനെയാണ് പറയാൻ പോകുന്നത്? എനിക്കതിൽ നിയന്ത്രണം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും നിയന്ത്രിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു''.

ഇക്കാര്യമൊക്കെ തന്റെ ജീവിതത്തിലെ മറ്റ് വശങ്ങളിലേക്ക് എങ്ങനെയാണ് വ്യാപിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അമിതമായി ചിന്തിക്കുന്നത് തന്റെ ജീവിതത്തിന്റെ മറ്റ് മേഖലകളിലേക്കും വ്യാപിക്കുന്നുവെന്നും, പതിവ് തീരുമാനങ്ങളെ പോലും ഇത് ബാധിക്കുന്നുവെന്നും താരം തുറന്നുപറയുന്നു. ''ചിലപ്പോഴിത് വളരെ നിരാശാജനകമാണ് (frustrating). കാരണം ചില സമയങ്ങളിൽ ഞാൻ വളരെ അനിശ്ചിതത്വത്തിലാണ്. എന്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ എന്റെ ഒരുദിവസം എങ്ങനെ ഷെഡ്യൂൾ ചെയ്യണമെന്ന കാര്യത്തിൽ പോലും ഈ അനിശ്ചിതാവസ്ഥയുണ്ട്'', ടൈഗറിന്റെ വാക്കുകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi