ആരോഗ്യകരമായി ഭക്ഷണം കഴിക്കുക എന്നാൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നാണ് പൊതുവേയുള്ള വിശ്വാസം. ശരീരഭാരം കൂടാൻ കാരണമാകുന്ന പഞ്ചസാര, അതേസമയം ശരീരത്തിന്റെ പ്രധാനപ്പെട്ട മെറ്റബോളിക് പ്രവർത്തനങ്ങളെ സഹായിക്കുക കൂടി ചെയ്യുന്നുണ്ട്. ആരോഗ്യ രംഗത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പദാർഥങ്ങളിൽ ഒന്നാണ് പഞ്ചസാര എന്നു പറയുകയാണ് ന്യൂട്രിഷനിസ്റ്റായ അതീന കെന്നൽ ഇപ്പോൾ.

"രോഗങ്ങളുടെയെല്ലാം അടിസ്ഥാന കാരണം പഞ്ചസാരയാണ് എന്നാണ് എപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ എന്റെ കാഴ്ചപ്പാടിൽ, പഞ്ചസാര വിരുദ്ധത ജീവിത വിരുദ്ധമാണ്, പ്രത്യേകിച്ച് സ്ത്രീ ശരീരത്തിൽ; പ്രത്യുത്പാദനശേഷിയുണ്ടാകാനും, ശാന്തരാകാനും, പോഷിപ്പിക്കപ്പെടാനും, സുന്ദരിയാകാനും ആഗ്രഹിക്കുന്നവരിൽ. പഴുത്ത പഴം, ധാരാളം തേൻ ചേർത്ത ചായ, ചീസ് കേക്ക്, ഒരു വലിയ ഗ്ലാസ് ചോക്ലേറ്റ് മിൽക്ക് എന്നിവയേക്കാൾ എന്നെ ഞാനായി തോന്നിക്കുന്ന മറ്റൊന്നുമില്ല"-ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റിൽ അവർ പറയുന്നു.

അതീനയുടെ അഭിപ്രായത്തിൽ, മിക്ക സ്ത്രീകൾക്കും ആരോഗ്യത്തിന്റെയും ചർമ്മത്തിന്റെയും കാര്യത്തിൽ ലഭിക്കുന്ന ഉപദേശം, പതിവായി കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കാനും സങ്കീർണ്ണവും ചെലവേറിയതുമായ കൊളാജൻ പൗഡറുകൾ ചേർക്കാനുമാണ്. എന്നാലിത് സ്വാഭാവിക മാറ്റം കൊണ്ടുവരില്ലെന്ന് അവർ പറയുന്നു. കാരണം, കൊളാജൻ എന്നത് കഴിച്ചാൽ പെട്ടെന്ന് ഗുണങ്ങൾ ലഭിക്കുന്ന ഒരു സംയുക്തമല്ല. അത് ശരീരത്തിന് നിരന്തരം നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യേണ്ട ഒരുതരം പ്രോട്ടീനാണ്. "കൊളാജനിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർത്ത് 'ടോപ്പ് അപ്പ്' ചെയ്യാൻ കഴിയുന്ന ഒന്നല്ല. അത് ശരീരത്തിന് അസംസ്കൃത വസ്തുക്കളിൽ നിന്ന് നിരന്തരം ഉത്പാദിപ്പിക്കേണ്ട ഒന്നാണ്," ന്യൂട്രിഷനിസ്റ്റ് പറഞ്ഞു. "ഇതിനായി അതിന് ATP (ഊർജ്ജം) ആവശ്യമാണ്. ATP കൊളാജൻ പൗഡറുകളിൽ ലഭ്യമല്ല. അത് പ്രധാനമായും ഗ്ലൂക്കോസിൽ (പഞ്ചസാര) നിന്നാണ് നിർമ്മിക്കുന്നത്."

പഞ്ചസാര അഥവാ ഗ്ലൂക്കോസ് തലച്ചോറിനുള്ള ഇന്ധനമാണെന്നും അവർ പറയുന്നു. അതിന്റെ അഭാവം നമ്മെ scattered ആക്കും, സന്തോഷമില്ലാത്തവരാക്കും. പഞ്ചസാര ഉത്പാദിപ്പിക്കുന്ന ഊർജ്ജം ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങൾ നന്നായി നിർവഹിക്കാൻ സഹായിക്കുന്നു, അതിൽ ചർമ്മത്തിന്റെ ആരോഗ്യത്തിനായി കൊളാജൻ നിലനിർത്തുന്നതും ഉൾപ്പെടുന്നു. ഗ്ലൂക്കോസ് ലഭ്യമല്ലാത്തപ്പോൾ, ഊർജ്ജം നിലനിർത്തുന്നതിനായി ശരീരം സമ്മർദ്ദ ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയെ കൂടുതൽ ആശ്രയിക്കുന്നുവെന്നും അവർ പറയുന്നു. ഊർജ്ജത്തിന്റെ അഭാവം അനുഭവപ്പെടുന്ന അവസ്ഥയിൽ, ശരീരം ചർമ്മത്തെ നന്നാക്കുന്നതിന് പകരം വിഘടിപ്പിക്കാൻ തുടങ്ങും. അതിനാൽ, ഒരാൾ ഭക്ഷണത്തിൽ ചേർക്കുന്ന കൊളാജൻ ഉദ്ദേശിച്ച ഫലം നൽകില്ലെന്നും അതീന പറയുന്നു.

(ശ്രദ്ധിക്കുക, ഈ വിവരങ്ങൾ ഒരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശമല്ല, ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനു മുമ്പ് ഡോക്ടറുടെ നിർദേശം തേടുക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi