സമീപ വർഷങ്ങളിൽ ആരോഗ്യമുള്ളവരെന്ന് തോന്നുന്ന ചെറുപ്പക്കാർ പോലും ടെസ്റ്റോസ്റ്റിറോൺ സപ്ലിമെന്റുകളിലേക്കും കുത്തിവയ്പ്പുകളിലേക്കും തിരിഞ്ഞിട്ടുണ്ട്. ശരീരം പുഷ്ടിപ്പെടുത്തുന്നതിനും സ്റ്റാമിന വർദ്ധിപ്പിക്കുന്നതിനും അല്ലെങ്കിൽ ലൈംഗികാസക്തി കൂട്ടുന്നതിനുമാണ് ഇവർ ഇത്തരം രീതികൾ തിരഞ്ഞെടുക്കുന്നത്. മസിൽ വളർച്ച വർധിപ്പിക്കുന്നതിനായി ഫിറ്റ്‌നസ് പരിശീലകരാണ് പലപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മെച്ചപ്പെട്ട ലൈംഗിക താൽപ്പര്യം, ഊർജ്ജം, മാനസികാവസ്ഥ എന്നിവ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളുടെ നിരന്തരമായ പ്രവാഹവും ഇതിനോടൊപ്പം ചേരുമ്പോൾ ഇത്തരം വസ്തുക്കളുടെ വിപണി അതിവേഗത്തിൽ ഉയരുന്നതും കാണാം.
ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഹെർബൽ സപ്ലിമെന്റുകൾ മുതൽ പ്രോട്ടീൻ പൗഡറുകൾ, ഗുളികകൾ, ഹോർമോൺ കുത്തിവയ്പ്പുകൾ വരെയുള്ള ഉത്പന്നങ്ങൾ കൊണ്ട് ഇന്നത്തെ വിപണി നിറഞ്ഞിരിക്കുന്നു. ഇന്ത്യയിൽ ടെസ്റ്റോസ്റ്റിറോൺ ബൂസ്റ്റർ വിപണി അതിവേഗം വളരുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ ഈ ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നിൽ പലരും അറിയാതെ പോകുന്ന അപകടങ്ങളുണ്ട്. ടെസ്റ്റോസ്റ്റിറോൺ ഒരു അത്ഭുത മരുന്നല്ലെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെ ഉപയോഗിക്കാൻ പാടില്ലെന്നും വിദഗ്ദർ നിർദേശിക്കുന്നു.
എന്താണ് ടെസ്റ്റോസ്റ്റിറോൺ, അത് നിങ്ങളുടെ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് വരുത്തുന്നത്?പ്രധാനമായും വൃഷണങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു സ്വാഭാവിക പുരുഷ ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. പുരുഷ സ്വഭാവങ്ങൾ വികസിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുന്നു. കൗമാരം മുതൽ പേശികളുടെ അളവ് വർധിപ്പിക്കുന്നതിനും ശബ്ദത്തിന് ഗാംഭീര്യം നൽകുന്നതിനും മുഖത്തും ശരീരത്തിലും രോമങ്ങൾ വളർത്തുന്നതിനും ലൈംഗികാസക്തിയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനും ഇത് ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യം, മാനസികാരോഗ്യം, ഊർജ്ജനില എന്നിവയിലും ഇത് സംഭാവന നൽകുന്നു. പുരുഷന്മാരിൽ ഈ ഹോർമോൺ കുറയുന്നതിന് ആധുനിക ജീവിതശൈലി ഘടകങ്ങൾ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഹൈപ്പോഗൊനാഡിസം അതായത് ശരീരം ആവശ്യത്തിന് ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കാത്ത അവസ്ഥ പോലുള്ള മെഡിക്കൽ കാരണങ്ങൾക്ക് ഈ ഹോർമോൺ കൃത്രിമമായി എടുക്കാറുണ്ട്.
ഫിറ്റ്‌നസ് സംസ്‌കാരം, സോഷ്യൽ മീഡിയ സ്വാധീനം, ഇ-കൊമേഴ്സ് ലഭ്യത തുടങ്ങിയവ യുവാക്കൾക്കിടയിലെ നിർദ്ദേശിക്കപ്പെടാത്ത ഹോർമോൺ ഉപയോഗം എന്ന പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. പക്ഷെ ഇത് പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ അപകടസാധ്യതകൾ വർധിപ്പിക്കുന്നു. പ്രായം കൂടുന്തോറും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സാധാരണമാണ്. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്വാഭാവികമായും പ്രായത്തിനനുസരിച്ച് കുറയും. സാധാരണയായി 30 വയസ്സിൽ തുടങ്ങി ഓരോ വർഷവും ഏകദേശം 1-2% എന്ന തോതിലാണ് ക്രമേണ കുറയുക. എന്നാൽ സമ്മർദ്ദം അല്ലെങ്കിൽ മോശം ഭക്ഷണക്രമം പോലുള്ള മറ്റ് കാരണങ്ങൾ ഈ കുറവിന്റെ വേഗത കൂട്ടാം. ലളിതമായ ഒരു രക്തപരിശോധനയിലൂടെ നിങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ നില കുറവാണോ എന്ന് നിർണ്ണയിക്കാനാകും. ഡോക്ടറുടെ നിർദേശമില്ലാതെ ടെസ്റ്റോസ്റ്റിറോൺ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ടെസ്റ്റോസ്റ്റിറോൺ ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്നത് പലതരം പാർശ്വഫലങ്ങൾക്ക് കാരണമാകും. ലൈംഗിക പ്രവർത്തനത്തിലെ മാറ്റങ്ങൾ, ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ, ഹൃദയസംബന്ധമായ ആരോഗ്യത്തിലും പ്രോസ്റ്റേറ്റ് ആരോഗ്യത്തിലുമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിങ്ങനെയുള്ള സാധാരണവും കൂടുതൽ ഗുരുതരവുമായ പ്രശ്‌നങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ കൃത്രിമഹോർമോൺ ഉപയോഗം കൊണ്ട് തടസ്സപ്പെട്ടേക്കാം. ഇങ്ങനെ സ്വാഭാവികമായ ഹോർമോണിനെ അടിച്ചമർത്തുന്നത് ചിലപ്പോൾ വൃഷണങ്ങൾ ചുരുങ്ങുന്നതിനും, ബീജങ്ങളുടെ എണ്ണം കുറയുന്നതിനും, ദീർഘകാല വന്ധ്യതയ്ക്കും വരെ കാരണമായേക്കാം. സ്‌പെർമാറ്റോജെനിസിസ് എന്ന് വിളിക്കപ്പെടുന്ന ബീജോത്പാദനത്തെ ഇത് തടയാൻ സാധ്യതയുണ്ട്. 60 ശതമാനം മുതൽ 75 ശതമാനം വരെ പുരുഷന്മാരിൽ ഇത് കാര്യമായ വന്ധ്യതയ്ക്ക് വരെ കാരണമാകുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C
Content Highlights: Learn about the dangers of unnecessary testosterone supplements and injections. Understand the risks and side effects before considering testosterone boosters.
Published: 23 Jul 2025, 07:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented