
അനുഷ്ക ഷെട്ടി, ഐശ്വര്യ ലക്ഷ്മി | PTI, Mbi library
സോഷ്യൽ മീഡിയയെന്ന ഓട്ടമത്സരത്തിൽ നിന്ന് അല്പമൊന്ന് ഇടവേളയെടുക്കാമെന്ന് നടിമാരായ അനുഷ്ക ഷെട്ടിയും ഐശ്വര്യ ലക്ഷ്മിയും നസ്രിയയുമൊക്കെ തീരുമാനിച്ചത് അടുത്തിടെയാണ്. മനസ്സിന് അങ്ങേയറ്റത്തെ സന്തോഷവും നിർവൃതിയും തരാൻ ശേഷിയുള്ള സോഷ്യൽ മീഡിയകൾ എവിടെയൊക്കെയോ വില്ലൻ സ്വഭാവമെടുത്ത് അപകടകാരിയുമാവുന്നുണ്ട്, ആളുകൾക്കത് അറിയുകയും ചെയ്യാം. ചിലർക്കത് സ്വകാര്യതയുടെ ലംഘനമാവാം, ഉത്കണ്ഠയാവാം, അഡിക്ഷനാവാം, മറ്റുള്ളവരെക്കാൾ മോശമാണെന്ന തോന്നലാവാം, ജീവിതത്തിൽ നിന്ന് മാറ്റിനിർത്തിയ ഇഷ്ടമില്ലാത്ത ആളുകളെ അവിടെ കാണുന്നതാവാം, ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങൾ നിരന്തരം ഓർമപ്പെടുത്തുന്നതാവാം..
മരിച്ചവരുടെ ചിത്രങ്ങൾ സ്റ്റോറിയിടുന്നത് വാർത്ത മറ്റുള്ളവരെ അറിയിക്കാനാണെങ്കിലും നിരന്തരം അതു കാണുമ്പോൾ ഭയത്തിലേക്കും വിഷാദത്തിലേക്കും പോവുന്നവരുണ്ട്. ഇതിനെപ്പറ്റിയെല്ലാം സംസാരിക്കുകയാണ് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്രൊഫസറും സൈക്യാട്രി വിഭാഗം തലവനുമായ ഡോ. ദയാൽ.
പ്രശസ്തിയിൽ നിൽക്കുമ്പോൾ വീഴ്ചകൾ ആഘാതം കൂട്ടാനിടയുണ്ട്
ഒരാൾ പ്രിവിലെജ്ഡ് ആയതുകൊണ്ടോ മറ്റ് പ്രത്യേകതകൾ ഉള്ളതുകൊണ്ടോ സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളും മത്സരങ്ങളുമെല്ലാം പ്രതിരോധിക്കാൻ അവർ പ്രാപ്തരാണെന്ന് അർഥമില്ല. വിജയിച്ചവരെ വിജയം മാത്രം വെച്ചിട്ടായിരിക്കും ആളുകൾ വിലയിരുത്തുക. ചില പ്രത്യേക, മാനസിക ശാരീരിക ശേഷിയിലാണ് അവരുടെ പ്രസിദ്ധിയെന്നും മറുവശത്ത് പരിമിതികളുണ്ടാകുമെന്നും ഉൾക്കൊള്ളണം. സ്വയം തങ്ങളുടെ സാധ്യതകളും അവസരങ്ങളും പരിമിതിയും മനസ്സിലാക്കി, അതിനൊത്ത് മുന്നോട്ടുപോകുന്നിടത്താണ് വിജയം.
കഴിവുള്ള മേഖല കണ്ടെത്തി അതിൽ ശോഭിക്കുക, കഴിവില്ലാത്ത രംഗങ്ങളിൽ അപകടമുണ്ടെന്ന് മനസ്സിലാക്കി മുൻകരുതലെടുക്കാം. ചെറുപ്രായത്തിൽ പബ്ലിസിറ്റിയിലേക്ക് കടന്നുവരുന്ന ആളുകളില്ലേ. കല, കായിക രംഗത്ത് ചെറുതിലേ അതിഗംഭീരമായി കഴിവുകൾ തെളിയിച്ച പലരും പിന്നീട് ചില പ്രശ്നങ്ങൾ വന്ന് പിന്തള്ളപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യാറുണ്ട്. അഡിക്ഷൻ, ബന്ധങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ അങ്ങനെ പലതുമാവാം കാരണം.
പ്രസിദ്ധിക്കപ്പുറം ചില തലങ്ങളിലുള്ള പരിമിതികൾ തിരിച്ചറിയാതെ എടുത്തുചാടുന്നതും ചിലരെ വീഴ്ചയിലെത്തിക്കാറുണ്ട്. വിജയിച്ചുനിൽക്കുമ്പോൾ വീഴ്ചകളുടെ ആഘാതവും കൂടുമല്ലോ. അതുകൊണ്ട് ചിലതൊക്കെ വേണ്ടെന്നുവെക്കുകയുമാവാം. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുന്നവരുടെ ചെറിയൊരു വീഴ്ചപോലും ശ്രദ്ധിക്കപ്പെടും. അതുണ്ടാക്കുന്ന മാനസികാഘാതത്തിൽ നിന്നുള്ള തിരിച്ചുവരവ് എളുപ്പമാകണമെന്നില്ല. പോരായ്മകളെ ഉൾക്കൊള്ളാൻ തയ്യാറായാൽ അതെളുപ്പം സാധിക്കുകയും ചെയ്യും.
ദീർഘകാലം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു വ്യക്തിയെ എങ്ങനെയാണ് ബാധിക്കുക? പ്രത്യേകിച്ചും കൗമാരക്കാരെയും യുവാക്കളെയും
അറിഞ്ഞോ അറിയാതെയോ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആളുകളിൽ ശീലമുണ്ടാക്കും. അത് നല്ലതാണെങ്കിലും, ചീത്തയാണെങ്കിലും. ജീവിതത്തിലെ അടിസ്ഥാനപരമായ തത്വമാണത്. സോഷ്യൽ മീഡിയയും അതുപോലെത്തന്നെ. ഇൻസ്റ്റന്റ് നേച്ചർ, അതാണ് സോഷ്യൽ മീഡിയയുടെ അട്രാക്ഷൻ. അത്തരം പ്ലാറ്റ്ഫോമുകൾക്കും കണ്ടന്റുകൾക്കും അട്രാക്ഷനുണ്ട്.
ആളുകൾക്കിഷ്ടപ്പെടുന്ന ഫീഡുകളാണ് അവിടെ വരുന്നത്. ഒരു കാര്യം ചെയ്യുമ്പോൾ ഇഷ്ടവും സംതൃപ്തിയും സന്തോഷവുമൊക്കെ തോന്നിയാൽ നമ്മുടെ തലച്ചോർ വീണ്ടും ആ പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിക്കും. ഉള്ളിൽനിന്ന് അത്തരം പ്രേരണയുണ്ടാവുകയും ഒപ്പം ചെയ്യാനുള്ള അവസരങ്ങൾ വരികയും ചെയ്യുമ്പോൾ അത്തരം കാര്യങ്ങളിൽ കുടുങ്ങിക്കിടക്കും. സോഷ്യൽ മീഡിയയിൽ കോണ്ടന്റ് തീരുന്നില്ലല്ലോ, ഒന്നുകഴിഞ്ഞാൽ വേറൊന്ന്, ഇഷ്ടപ്പെടുന്ന കാര്യത്തിന് അൺലിമിറ്റഡ് ആക്സസ്. പതിയെ അതൊരു ശീലമാവുകയാണ്. ഇവിടെയാണ് റിസ്ക്.
ആരിത് ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. എല്ലാ മനുഷ്യരും ഒരേപോലെയല്ലല്ലോ സോഷ്യൽ മീഡിയയെ കാണുന്നതും ഉപയോഗിക്കുന്നതും. ചിലർ ഏതു ബിഹേവിയറിലേക്കും പെട്ടെന്ന് അഡിക്റ്റഡ് ആവാൻ പ്രവണതയുള്ളവരാണ്. അവരുടെ തലച്ചോറിന്റെയും മനസ്സിന്റെയും സവിശേഷതയങ്ങനെയാണ്. നിയന്ത്രിച്ചുനിർത്താനുള്ള കഴിവ് വേണ്ടത്ര പ്രവർത്തിക്കാത്തവരിൽ സോഷ്യൽ മീഡിയയുടെ സ്വാധീനവും കൂടുതലായിരിക്കും. നിയന്ത്രണം ശീലിക്കുന്നവർക്ക് സോഷ്യൽ മീഡിയയും ആരോഗ്യകരമായി ഉപയോഗിക്കാനാവും.
സോഷ്യൽ മീഡിയയിലൂടെ ഉണ്ടാക്കിവെച്ച ഇമേജ് നേരിട്ട് കാണുമ്പോൾ തകരുമോ എന്ന് ഭയക്കുന്നവരുണ്ട്. അതെങ്ങനെ ഡീൽ ചെയ്യാം?
മറ്റുള്ളവരുടെ മുമ്പിൽ സ്വയം നല്ലരീതിയിൽ കാണിക്കുമ്പോൾ സംതൃപ്തിയുണ്ടാവും. എല്ലാവർക്കും അംഗീകാരവും പ്രോത്സാഹനവും ഇഷ്ടമാണല്ലോ. പോരായ്മകൾ മറ്റുള്ളവരെ അറിയിക്കാൻ പൊതുവെയാർക്കും താത്പര്യമുണ്ടാവാറില്ല. എല്ലാവരുടെയും ശൈലിയതുതന്നെ. ആക്സപ്റ്റൻസ് ലെവലിവേക്ക് എത്താനുള്ള ശ്രമങ്ങളാണ് ഏറ്റവും നല്ലതുമാത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള പ്രേരണയ്ക്കു പിന്നിൽ.
അതേസമയം, മറ്റൊരു കാര്യം ഇവിടെ ശ്രദ്ധിക്കണം. നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ഇമേജ് നമ്മുടെ മാത്രം ഭാവനയാണ്. നമ്മൾ നൽകുന്ന ചിത്രമനുസരിച്ചായിരിക്കില്ല ഒരുപക്ഷേ മറ്റുള്ളവർ നമ്മളെ വിലയിരുത്തുന്നത്. ഞാൻ സോഷ്യൽ മീഡിയയിൽ വലിയൊരു ആളാണെന്നും ആളുകൾക്ക് ആരാധനയുണ്ടെന്നുമാണ് എനിക്ക് എന്നെപ്പറ്റിയുള്ള വിചാരമെങ്കിൽ എന്റെ ഫോളേവേഴ്സിന് അത് തോന്നണമെന്നില്ല. റിയൽ ഫീഡ്ബാക്ക് നമുക്കെവിടെയും കിട്ടണമെന്നുമില്ല. ഒന്നെങ്കിൽ എക്സ്ട്രീംലി പോസിറ്റീവ്, അല്ലെങ്കിൽ നെഗറ്റീവ് ആയിട്ടുള്ള ഫീഡ്ബാക്കായിരിക്കുമുണ്ടാവുക. യാഥാർഥ്യം മനസ്സിലാവില്ല.
സ്വയം എങ്ങനെയാണോ അതിനെ അംഗീകരിക്കുക എന്നതുതന്നെ പ്രധാനം. സ്വന്തം ഇമേജിൽ ഒരു വഞ്ചന കാണിക്കുമ്പോഴാണല്ലോ നമുക്ക് പേടി വരുന്നത്. സത്യത്തിൽ അതിന്റെ ആവശ്യമുണ്ടോ? ഇല്ലാത്ത മേന്മ ഉണ്ടെന്ന് തോന്നിപ്പിച്ചതുകൊണ്ട് കാര്യമുണ്ടോ? ആത്യന്തികമായി നേട്ടമൊന്നുമില്ല. കഴിവുണ്ടെങ്കിൽ മാത്രമേ ആ നേട്ടമുള്ളൂ. കഴിവില്ലാത്തിടത്തോളം കാലം നമ്മൾ അഭിനയിക്കേണ്ടിവരും.
വിജയവും സൗന്ദര്യവും അളന്നുനോക്കുന്ന സോഷ്യൽ മീഡിയയിലെ സാഹചര്യത്തെ മറികടക്കാൻ വഴിയുണ്ടോ?
ഒരിക്കലും അളവ്തൂക്കമില്ലാത്തതാണ് വിജയവും സൗന്ദര്യവും. രണ്ടും ആപേക്ഷികമാണ്. അതുകൊണ്ടുതന്നെ കൺസെപ്റ്റുകളിൽ തകരാറുകളുണ്ടെന്നും അതിനപ്പുറം അവിടെയൊരു മാർക്കറ്റിങ് തന്ത്രമുണ്ടെന്നും തിരിച്ചറിയണം. നിറംമാറ്റാനുള്ള പരസ്യങ്ങൾ ഉദാഹരണം. നിറമുണ്ടെങ്കിലേ സൗന്ദര്യമുള്ളൂ എന്നുതോന്നിപ്പിച്ച് ആളുകളിൽ ഒരു മത്സരമുണ്ടാക്കിയതുകൊണ്ടാണ് സൗന്ദര്യവിപണികൾ ഇത്രകണ്ട് വളരുന്നത്.
തടി കുറയ്ക്കലും ശരീരത്തിന് ആകൃതി വരുത്തലും മറ്റൊരു ഉദാഹരണം. മെലിഞ്ഞ് പോഷകാഹാരക്കുറവിലെത്തിയിട്ടുപോലും അതിന്റെ പ്രശ്നങ്ങളെപ്പറ്റി ചിലർക്ക് മനസ്സിലാവാറില്ല. പരസ്യങ്ങളുടെയും മാർക്കറ്റിന്റെയും സ്വാധീനമാണത്. അത്രമാത്രം പണമൊഴുക്കുന്ന മേഖലയാണിത്. പ്രകോപനങ്ങളിൽ പെടാതിരിക്കുക എന്നതാണ് നമ്മുടെ കഴിവ്. നിങ്ങൾ പ്രശ്നത്തിലാണെന്ന് സ്വയം മനസ്സിലാക്കുക.
അതേസമയം, മറ്റു പ്രോഡക്ടുകൾ പോലെ സോഷ്യൽ മീഡിയയും ഒരു പ്രോഡക്ടാണ്. കൂടുതൽ സമയം നമ്മളത് ഉപയോഗിക്കണമെന്നത് നിർമാതാക്കളുടെ ആവശ്യവും. അതിനുവേണ്ട എല്ലാ എളുപ്പവഴിയും അവർ നോക്കും. ആ സ്ട്രാറ്റജിയിൽ നമ്മളെ പെടുത്താനും നോക്കും. നിത്യോപയോഗത്തിൽ ആവശ്യമില്ലാത്ത ഒട്ടേറെ വസ്തുക്കൾ സോഷ്യൽ മീഡിയയിൽ കണ്ടതുകൊണ്ട് മാത്രം നമ്മൾ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കണമെന്ന തോന്നൽ നമ്മളിലുണ്ടാക്കുകയാണ്.
പുറകിലാവുമെന്ന തോന്നലിൽ മറ്റുള്ളവർ ചെയ്യുന്നത് പകർത്താൻ ശ്രമിക്കുന്നവരുണ്ട്, അതിനെ ഏതു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്.
മറ്റുള്ളവർ ചെയ്യുന്ന പലതും പ്രകോപനമായി തോന്നി അതിനു പുറകേ പോവാനുള്ള പ്രവണതയുണ്ടാകാം. പക്ഷേ, മറ്റുള്ളവർ ചെയ്യുന്നതുകൊണ്ടുമാത്രം നമ്മളൊന്നും ചെയ്യേണ്ടതില്ല. നമുക്കത് യോജിച്ചതാണോ അല്ലയോ എന്ന് തിരിച്ചറിയണം. എല്ലാത്തിനും സ്വന്തമായ ഒരു രീതി കണ്ടെത്തുക. സമയവും റിസോഴ്സുമെല്ലാം പൂർണമായെടുക്കുന്ന സ്ഥലമാണ് സോഷ്യൽ മീഡിയ. നമുക്ക് നമ്മൾ തന്നെ നിയന്ത്രണം കൊണ്ടുവന്നാലേ രക്ഷപ്പെടുള്ളൂ. ചിലർക്ക് നിയന്ത്രണങ്ങൾ ഭംഗിയായി ചെയ്യാനാവും. അവരുടെ മാനസികാവസ്ഥ അതിന് യോജിച്ചാണ്. അവർ ഏത് വിഷയത്തിലും അങ്ങനെയേ പോവൂ. സ്വയം ചെയ്യാനാവുന്നില്ലെന്ന് തിരിച്ചറിഞ്ഞാൽ തെറാപ്പിയിലൂടെയും അതിന് പരിഹാരം കണ്ടെത്താം.
സമയനഷ്ടം, ചെയ്യേണ്ട മറ്റു കാര്യങ്ങൾ ചെയ്യാതാവുക, ഭാവനാലോകത്തേക്ക് ചെന്ന് റിയാലിറ്റിയിൽ നിന്ന് മാറിപ്പോവുക ഇതൊക്കെ സോഷ്യൽ മീഡിയയുടെ കുഴപ്പങ്ങളാണ്. ചിലർക്ക് പല പ്ലാനുകളുമുണ്ടെങ്കിലും മറ്റുകാര്യങ്ങളിൽ നിയന്ത്രണമില്ലാത്തതുകൊണ്ട് അത് നടപ്പാക്കാൻ സാധിക്കാതെ പോവും. നമ്മുടെ സവിശേഷതകൾ മനസ്സിലാക്കി അതിനെ രൂപപ്പെടുത്താനുള്ള കഴിവ് നേടുക.
കുട്ടികളെ എങ്ങനെ നിയന്ത്രിക്കാം? പ്രത്യേകിച്ച് രക്ഷിതാക്കളും ഈ ലൂപ്പിൽ പെട്ടുകിടക്കുമ്പോൾ
രണ്ടുകൂട്ടരിലും രണ്ട് തലത്തിലുള്ള അവബോധമാണ് വേണ്ടത്. കണ്ണടച്ച് നിയന്ത്രണം പ്രഖ്യാപിക്കാനാവില്ല. കുട്ടികളോട് പലതും നോക്കരുത്, കാണരുത് എന്നൊക്കെ പറഞ്ഞ് മാതാപിതാക്കൾ അത് തുടരുമ്പോൾ പ്രശ്നമാവും. അവർക്ക് മുമ്പിൽ ഉദാഹരണം കാണിക്കണം. അതുകണ്ടേ അവർ പഠിക്കുകയുള്ളൂ. കുട്ടികൾക്ക് ചോയ്സ് വേറെയും കൊടുക്കണം. സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് പറയുമ്പോൾ പകരം എന്തുചെയ്യും എന്നുകൂടി പാരന്റ്സ് അവർക്ക് കാണിച്ചുകൊടുക്കണം. കളിക്കാനും മറ്റു കാര്യങ്ങളിലേർപ്പെടാനുമെല്ലാം പ്രേരിപ്പിക്കാം. കളിക്കാനും സ്പോർട്സിനും അവസരമില്ലാത്ത കുട്ടിക്ക് ഫോണും കൂടി കൊടുക്കാതിരുന്നാൽ അവർ അനുസരിച്ചെന്നു വരില്ല.
സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും അകലുന്നത് നല്ലതാണോ
പൂർണമായും ഒഴിവാക്കണോ വേണ്ടതോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ഒരു വ്യക്തിക്ക് അങ്ങനെ തീരുമാനമെടുത്ത് നടപ്പാക്കാൻ പറ്റുന്നുണ്ടെങ്കിൽ അവരത് ചെയ്യട്ടേ. പക്ഷേ, വേണ്ടത്ര തയ്യാറെടുപ്പോ വിശകലനമോ ഇല്ലാത്തതിനാൽ തീരുമാനം നിലനിർത്താനാവാതെ പോവുന്നവരുണ്ട്, അത്തരക്കാർ പെട്ടെന്ന് തിരിച്ചുവന്ന് കൂടുതലായി സോഷ്യൽ മീഡിയയോട് അഡിക്ഷൻ കാണിക്കും. അതുകൊണ്ട് സാധിക്കുന്നവർ മാത്രം അത്തരം തീരുമാനമെടുക്കുക. അതൊരു മാതൃകയല്ല. നിയന്ത്രിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല പോംവഴി.
എല്ലാ സാഹചര്യത്തിലും പോസിറ്റീവായിരിക്കണമെന്ന് നിർബന്ധമുള്ള സോഷ്യൽ മീഡിയ സ്റ്റാൻഡേർഡുകൾ വ്യക്തികൾക്ക് അമിതഭാരമാവാറുണ്ട്. എപ്പോഴും പോസിറ്റീവാവണോ?
പോസിറ്റീവിറ്റി എന്നുപറയുന്നത് ഉണ്ടാക്കിയെടുക്കേണ്ടതല്ല, നമുക്ക് അനുഭവപ്പെടേണ്ട കാര്യമാണ്. അനുഭവപ്പെടാനുള്ള സാഹചര്യങ്ങളുണ്ടെങ്കിൽ അതുപയോഗിക്കുക. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന പോസിറ്റിവിറ്റി കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല. അത് ഉള്ളില്ലാത്ത കാര്യമാണെന്ന് നമുക്ക് തന്നെ അറിയാമല്ലോ. ദുഖം വന്നാലും ചിരിച്ചിരിക്കണം എന്നൊന്നും ആർക്കും പറയാനാവില്ല. വികാരങ്ങൾ പ്രകടിപ്പിക്കണം. അതിന് ഒരുപാട് വശങ്ങളുണ്ട്. ഓരോരുത്തരും അവരുടെ മാനസികഘടനയനുസരിച്ചായിരിക്കും വികാരങ്ങൾ പുറത്തുകാണിക്കുക. ആ രീതിയിൽ അവർ കംഫർട്ടബിളായിരിക്കട്ടെ. എല്ലാവരും ഒരേപോലെയത് ചെയ്യണമെന്ന് നിർബന്ധങ്ങളില്ല. മറ്റുള്ളവർക്ക് നമ്മുടെ പ്രതികരണങ്ങൾ ബുദ്ധിമുട്ടാവാതിരിക്കുക എന്നുമാത്രം. ബാക്കിയുള്ളതൊക്കെ സ്വന്തം ശൈലിയാണ്.
റീൽസ് അഡിക്ഷനാണെന്ന് അറിയാം, പക്ഷേ, രക്ഷപ്പെടാനാവുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ?
ഫോൺ കൈയിൽ നിന്ന് മാറ്റിവെക്കുകയും ടൈമർ വെക്കുകയുമൊക്കെയല്ലാതെ ഷോർട്ട്കട്ടൊന്നുമില്ല. നമുക്ക് ഏറ്റവും ഇഷ്ടമുള്ള രീതിയിലാണല്ലോ ഫീഡുകൾ വരുന്നത്. സ്വയം അറിഞ്ഞ് നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actresses like Anushka Shetty, Aishwarya Lekshmi, and Nazriya took a break from social media. Dr. Dayal discusses the dangers and benefits of social media use, especially for youth.
Published: 02 Oct 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented