പതിവിലും നീണ്ടുപോയ ഉച്ച കഴിഞ്ഞുള്ള സമയത്ത് ബെംഗളൂരുവില്‍ നിന്ന് ഒരു ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ വന്നു. അയാള്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി വിശദീകരിച്ചു: “ഞാന്‍ ഒരു ഐടി കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു. ഇപ്പോള്‍ സമാധാനമായി ജോലി ചെയ്യാന്‍ പോലും സാധിക്കുന്നില്ല ഡോക്ടര്‍. വളരെ വര്‍ഷങ്ങളായി സൈനസൈറ്റിസ് ഉണ്ട്. കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല.” 

അദ്ദേഹം തലയില്‍ ഭാരം, കണ്ണ് മങ്ങല്‍, എപ്പോഴും മന്ദിപ്പ്, വായില്‍ മധുരരസം, മുഖവും ചെവിയും അടഞ്ഞിരിക്കല്‍, തുമ്മല്‍ എന്നിങ്ങനെ ഓരോ ലക്ഷണങ്ങളായി പറഞ്ഞു. ആയുര്‍വേദത്തില്‍ സൈനസൈറ്റിസിനെ പീനസം എന്ന് പറയും. നമ്മുടെ മുഖത്തുള്ള വായു നിറഞ്ഞ ചെറിയ അറകളാണ് സൈനസുകള്‍ (sinuses). നെറ്റിയിലും കവിളുകളിലും മൂക്കിലുമുള്ള ഈ ചെറിയ സൈനസുകളില്‍ ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ കാരണം വീക്കം വരും.

ചികിത്സാരീതികള്‍

1. വീട്ടില്‍ ചെയ്യാവുന്ന ലളിതമായ ചികിത്സകള്‍

  •  രാവിലെ: എഴുന്നേറ്റു ഫ്രഷായതിനു ശേഷം മഞ്ഞളും തുളസിയിലയും ഇട്ട വെള്ളം ഉപയോഗിച്ച് നന്നായി ആവി പിടിക്കുക.
  • ധൂമപാനം: ഉണങ്ങിയ മഞ്ഞളിന്റെ അറ്റം ചെറുതായി കത്തിച്ച് അതില്‍ നിന്നുള്ള പുക മൂക്കിലൂടെ വലിക്കുക. ഇത് അല്പം രൂക്ഷമായി തോന്നാമെങ്കിലും സൈനസൈറ്റിസിന് വളരെ ഉത്തമമാണ്.
  • തലകുളി: ആഴ്ചയില്‍ ഒരിക്കല്‍ മാത്രം തലയില്‍ വെള്ളമൊഴിക്കുക. സൈനസൈറ്റിസ് ഉള്ളവര്‍ക്ക് നിത്യവും തലയില്‍ വെള്ളമൊഴിക്കുന്നത് ഉചിതമല്ല.
  • രാത്രിയില്‍: കിടക്കുന്ന സമയത്ത് ചെവി ഒരു കോട്ടണ്‍ തുണികൊണ്ട് അടയ്ക്കുക. ഇത് മൂക്ക്, ചെവി, വായ എന്നിവിടങ്ങളില്‍ നിന്നുള്ള അണുബാധയെ തടയുന്നു.

2. ആയുര്‍വേദ മരുന്നുകളും ചികിത്സകളും

  • നസ്യകര്‍മ്മം: ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സയായ നസ്യകര്‍മ്മം സൈനസൈറ്റിസിന് വളരെ ഫലപ്രദമാണ്.
  • ആയുര്‍വേദ മരുന്നുകള്‍: ദശമൂലകടുത്രയം, ധന്വന്തരം ഗുളിക, പഥ്യക്ഷ ധാത്ര്യദി കഷായം, ത്രിഫല ചൂര്‍ണം എന്നിവ സൈനസൈറ്റിസ് ചികിത്സയില്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്.
  • തലയില്‍ പുരട്ടാനുള്ള തൈലം: സൈനസൈറ്റിസ് ഉള്ളവര്‍ സാധാരണ എണ്ണ ഉപയോഗിക്കുമ്പോള്‍ രോഗം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബലഹഠാദി തൈലം, ആസന വില്വാദി തൈലം, ആസനമഞ്ജിഷ്ഠാദി തൈലം എന്നിവയാണ് തലയില്‍ പുരട്ടാനായി നല്‍കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൈനസൈറ്റിസ് ഒരു അവസ്ഥയോചിതമായ രോഗമാണ്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ തന്നെ ആവി പിടിക്കുന്നത് മുതല്‍ ശ്രദ്ധിക്കുക. കഫം വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ (രാത്രികാലങ്ങളില്‍ കഴിക്കുന്നത്), രാത്രിയില്‍ കുളിക്കുന്നത്, അമിതമായി പൊടി ഏല്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സൈനസൈറ്റിസ് കൂടാന്‍ കാരണമാകും. ഇവയെല്ലാം അറിഞ്ഞ് ഒഴിവാക്കുക. ചെറിയ രീതിയില്‍ വരുന്ന തുമ്മല്‍, ജലദോഷം, തലവേദന, തൊണ്ടവേദന എന്നിവ തുടക്കത്തില്‍ത്തന്നെ മരുന്ന് കഴിക്കാതെ ആവി പിടിച്ചും, ഗാര്‍ഗിള്‍ ചെയ്തും ഒഴിവാക്കാന്‍ ശ്രമിക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi