
ശരീരകോശങ്ങള്‍ അനാവശ്യമായി വളരുന്ന അവസ്ഥയാണ് കാന്‍സര്‍. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് ഇത്. ഇന്ന് കാന്‍സര്‍ ചികിത്സ ഏറെ പുരോഗമിച്ചിട്ടുണ്ട്. റേഡിയേഷനും കീമോതെറാപ്പിയും വഴി ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ ഏറെ. എങ്കിലും സങ്കീര്‍ണമായ ഈ ചികിത്സകളിലേക്ക് കടക്കുമ്പോള്‍ പലര്‍ക്കും ആശങ്കയാണ്. പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങളെക്കുറിച്ചാകും ആകുലതകള്‍. അത്തരം പ്രയാസങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത്, കാന്‍സറിനെതിരായ പോരാട്ടത്തില്‍ പ്രധാനമാണ്.
കീമോ ചെയ്യുമ്പോള്‍
കാന്‍സറിന് സാധാരണയായി നല്‍കുന്ന ചികിത്സയാണ് കീമോതെറാപ്പി. വളരെവേഗം വിഭജിക്കുന്ന കാന്‍സര്‍ കോശങ്ങളുടെ ഡി.എന്‍.എയില്‍ തടസ്സങ്ങളുണ്ടാക്കുകയാണ് ഇതുവഴി ചെയ്യുന്നത്. എന്നാല്‍ ശരീരത്തില്‍, വേഗത്തില്‍ വളരുന്ന, കാന്‍സറിന് കാരണമാകാത്ത മറ്റ് കോശങ്ങളുമുണ്ട്. ചിലപ്പോള്‍ അവയെയും കീമോതെറാപ്പി ബാധിക്കും. ഉദാഹരണത്തിന് മുടിയുടെ കോശങ്ങള്‍, വായിലെ കോശങ്ങള്‍, മജ്ജയ്ക്കുള്ളിലെ കോശങ്ങള്‍ എന്നിവ. സ്വാഭാവികമായും അവയുടെ പ്രവര്‍ത്തനത്തിലും പ്രശ്‌നം നേരിടും. ചിലരിലെല്ലാം മുടി പൊഴിയുകയും രക്താണുക്കളുടെ സംഖ്യകുറയുകയും വായില്‍ മുറിവുകളുണ്ടാവുകയും ചെയ്യും.
കടുത്ത ക്ഷീണം, ഛര്‍ദി, ഉന്‍മേഷക്കുറവ് എന്നിവയും കീമോയുടെ പാര്‍ശ്വഫലങ്ങളായി കണ്ടേക്കാം. കൈകാലുകളിലെ ഞരമ്പുകള്‍ക്ക് തളര്‍ച്ചയും മരവിപ്പും (ന്യൂറൈറ്റിസ്) കീമോ ചെയ്യുന്നവരില്‍ കാണാറുണ്ട്.
റേഡിയേഷനും പ്രയാസങ്ങളും
തീവ്രമായ വികിരണങ്ങള്‍ ഉപയോഗിച്ച് അര്‍ബുദബാധിതമായ കോശങ്ങളെ ചികിത്സിക്കുന്ന രീതിയാണ് റേഡിയേഷന്‍ അഥവാ റേഡിയോ തെറാപ്പി. ചിലപ്പോള്‍ ഈ വികിരണങ്ങള്‍ കാന്‍സര്‍ ബാധിതമല്ലാത്ത കോശങ്ങളെയും ബാധിക്കാറുണ്ട്. ഉദാഹരണത്തിന് മലാശയ കാന്‍സറിന് റേഡിയേഷന്‍ നല്‍കുമ്പോള്‍, ചിലപ്പോള്‍ മൂത്രസഞ്ചിയെയും ബാധിച്ചേക്കാം.
ശരീരത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന ആവരണകലകളെയും (മ്യൂക്കോസ) ചില സാഹചര്യങ്ങളില്‍ റേഡിയേഷന്‍ ബാധിച്ചേക്കാം. വായിലെ കാന്‍സറിന് റേഡിയേഷന്‍ നല്‍കുമ്പോള്‍, വായിലെ മ്യൂക്കോസയ്ക്ക് ദോഷം വരാം. അതുവഴി വായ വരണ്ടുപോകാം.
ചുറ്റുമുള്ള അവയവങ്ങള്‍ക്കും ചിലസമയങ്ങളില്‍ റേഡിയേഷന്‍ തെറാപ്പി അപകടമുണ്ടാക്കും. ഉദാഹരണത്തിന് ഇടത് സ്തനത്തിലെ അര്‍ബുദത്തിനാണ് റേഡിയേഷന്‍ നല്‍കുന്നതെങ്കില്‍ തൊട്ടുപിറകിലുള്ള ഹൃദയത്തെയും നേരിയതോതില്‍ ബാധിച്ചേക്കാം. തുടര്‍ച്ചയായ റേഡിയേഷന്‍മൂലം വളരെ അപൂര്‍വമായി കാന്‍സര്‍ വരാനും സാധ്യതയുണ്ട്.
പ്രായമായവരിലും കുട്ടികളിലും ഇത്തരം പാര്‍ശ്വഫലങ്ങളില്‍ വ്യത്യാസം വരാം. പ്രായമുള്ളവര്‍ക്ക് ഇത്തരം പ്രയാസങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. എന്നാല്‍ കുട്ടികളില്‍ അങ്ങനെയല്ല.
പേടിവേണ്ട
പലപ്പോഴും ഇത്തരം പാര്‍ശ്വഫലങ്ങള്‍ വളരെക്കാലം നീണ്ടുനില്‍ക്കില്ല. കീമോ നിര്‍ത്തി അധികം വൈകാതെതന്നെ മുടികൊഴിയുന്നത് നില്‍ക്കുകയും പുതിയ മുടി വളരുകയും ചെയ്യും. ഛര്‍ദി, രക്താണുക്കളുടെ കുറവ് എന്നിവ ചികിത്സയുടെ രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ശരിയാകും. എന്നാല്‍ ചില പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കും. ഉദാഹരണത്തിന് ഞരമ്പിന് തളര്‍ച്ച പോലുള്ളവ. ഇത്തരം പ്രയാസങ്ങള്‍ മാറാന്‍ കാലതാമസമെടുത്തേക്കാം. പതുക്കെ മാത്രമേ റേഡിയേഷന്റെ പ്രയാസങ്ങള്‍ പ്രകടമാവുകയുള്ളൂ.
നേരത്തേ കണ്ടെത്താം
കാന്‍സര്‍ നേരത്തേ കണ്ടെത്താന്‍ സഹായിക്കുന്ന സ്‌ക്രീനിങ് ടെസ്റ്റുകള്‍ നിലവിലുണ്ട്. എന്നാല്‍ ഇവ ചില സൂചനകള്‍ നല്‍കുക മാത്രമേ ചെയ്യൂ.
- സ്തനാര്‍ബുദം തിരിച്ചറിയാന്‍ സ്വയം പരിശോധനകള്‍ക്ക് പുറമേ മാമോഗ്രഫിയും ചെയ്യാം.
- 25-40 വയസ്സുവരെയുള്ളവര്‍ ഓരോ മാസവും സ്തനങ്ങള്‍ സ്വയം പരിശോധിക്കണം.
- അസ്വാഭാവികതകളോ തടിപ്പോ കണ്ടാല്‍ ഡോക്ടറെ സമീപിക്കാം.
- ഗര്‍ഭാശയമുഖ കാന്‍സര്‍ സാധ്യത തിരിച്ചറിയാന്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് സഹായിക്കും.
- കൊളനോസ്‌കോപ്പി, മലപരിശോധന എന്നിവയിലൂടെ വന്‍കുടലിലെ കാന്‍സര്‍ അറിയാം.
- പ്രോസ്‌റ്റേറ്റ് കാന്‍സര്‍ മനസ്സിലാക്കാന്‍ പി.എസ്.എ (പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍) ടെസ്റ്റും നടത്താം.
മനസ്സിന് കരുത്തുവേണം
കീമോയും റേഡിയേഷനും ഉള്‍പ്പടെയുള്ള ചികിത്സയിലൂടെ പോകുമ്പോള്‍ പലപ്പോഴും രോഗികള്‍ മാനസികമായി തളരാറുണ്ട്. അത് പരിഹരിക്കാന്‍കൂടി ലക്ഷ്യമിട്ടുള്ള ചികിത്സകളാണ് ഇപ്പോള്‍ നല്‍കാറുള്ളത്. രോഗബാധിതമായ അവയവം നിലനിര്‍ത്തിക്കൊണ്ടുതന്നെയുള്ള ശസ്ത്രക്രിയകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഇത് രോഗിക്ക് മാനസികമായ കരുത്ത് പകരും. പ്രത്യേകിച്ച് സ്തനാര്‍ബുദത്തിന്റെയും കൈകാലുകളിലെ അര്‍ബുദത്തിന്റെയും കാര്യത്തില്‍.
- ചികിത്സയുടെ ഭാഗമായി ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് രോഗി മനസ്സിലാക്കണം. ഇക്കാര്യം വീട്ടുകാരും ബന്ധുക്കളും പറഞ്ഞുകൊടുക്കണം.
- രോഗിക്കുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍, വിഷാദങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കൂടെയുള്ളവര്‍ ഒപ്പം നില്‍ക്കണം.
- മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ആവശ്യമാണെങ്കില്‍ നല്‍കണം.
- ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം.
- എട്ടുമണിക്കൂര്‍ ഉറക്കം, വിശ്രമം എന്നിവ ആവശ്യമാണ്.
- പ്രോട്ടീന്‍ അടങ്ങിയ ആഹാരം ശീലമാക്കുക.
- ചെറിയ നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം.
- എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറോട് തുറന്നുപറയാം.
- എല്ലാറ്റിനുമുപരിയായി ശുഭാപ്തിവിശ്വാസമുള്ളവരാവുക.
കടപ്പാട്: ഡോ. ചന്ദ്രമോഹന്‍ കെ.
സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്
എസ്.പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍
തിരുവനന്തപുരം
Content Highlights: side effects of cancer treatment chemotherapy
Published: 26 Feb 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented