മധ്യവയസ്സ് കടക്കുന്നതോടെ പുരുഷന്മാരില്‍ കണ്ടു വരുന്ന ഒരു സാധാരണ ബുദ്ധിമുട്ടാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം. ജീവിതശൈലിയിലെ മാറ്റങ്ങളും പ്രായാധിക്യവും രോഗലക്ഷണങ്ങളുടെ ആക്കം കൂട്ടുന്നു. ഗ്രീക്ക് വാക്കായ പ്രോസ്റ്റേറ്റ് എന്ന വാക്കിനര്‍ത്ഥം protector അഥവാ രക്ഷകന്‍ എന്നാണ്. ഈ ഗ്രന്ഥിയില്‍വളര്‍ച്ചകള്‍, മുഴകള്‍, അണുബാധ എന്നിവ സാധാരണയായി കണ്ടുവരുന്നു. ഇങ്ങിനെ കാണുന്ന മുഴകളെ ബീനയിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍ പ്ലാസിയ എന്നും കാന്‍സര്‍ പ്രോസ്റ്റേറ്റ് എന്നും രണ്ടായി തിരിക്കാം. 

To advertise here,

രോഗലക്ഷണങ്ങള്‍

  •  കൂടെക്കൂടെ മൂത്രം ഒഴിക്കുക
  •  മൂത്രം മുഴുവനുംപോവാതിരിക്കുക
  •  ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ
  •  മൂത്രതടസ്സം
  •  കല്ലുകള്‍ രൂപപ്പെടുക
  •  മൂര്‍ധന്യാവസ്ഥയില്‍ ട്യൂബിടേണ്ടിവരിക

രോഗനിര്‍ണ്ണയത്തിനാവശ്യമായ പരിശോധനകള്‍

  • മൂത്ര പരിശോധനകള്‍
  • രക്തപരിശോധനകള്‍
  • പി.എസ് .എ .സ്‌ക്രീനിംഗ്
  • യൂറോഫ്‌ളോ

ചികിത്സ

പ്രാരംഭദിശയില്‍ മരുന്നുകള്‍ ഫലം ചെയ്യുമെങ്കിലും ആത്യന്തികമായി പൂര്‍ണ്ണമായും ഫലം ലഭിക്കുന്നത് ശസ്ത്രക്രിയയിലൂടെ മാത്രമാണ്. മുറിവുകളോ പാടുകളോ ഒന്നും തന്നെയില്ലാതെ ശസ്ത്രക്രിയ എന്നത് ലേസര്‍ ചികിത്സയുടെ പ്രത്യേകതയാണ്. ടിയുആര്‍ പി ഇലക്ട്രോ ക്വര്‍ട്ടറി പോലുള്ള ശസ്ത്രക്രിയകളില്‍ നിന്നും ഏറേ മുന്നേറുവാന്‍ ലേസര്‍ ശസ്ത്രക്രിയക്ക് കഴിഞ്ഞിട്ടുണ്ട്. ഹോള്‍മിയം ലേസര്‍ ഉപയോഗിച്ചിട്ടുള്ള ചികിത്സ വളരെ സൗകര്യപ്രദവും ആയാസരഹിതവും ആണ്. എന്നാല്‍ ചികിത്സകനെ സംബന്ധിച്ച് ശസ്ത്രക്രിയ വെല്ലുവിളിയുയര്‍ത്തുന്നവയാണ്.

പക്ഷാഘാതം, ഹൃദ് രോഗങ്ങള്‍ (ബൈപ്പാസ്, ആന്‍ഞ്ചിയോജിയോപ്ലാസ്റ്റി) എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്കും വളരെ ഫലപ്രദമായി  ഹോളപ്പ് ചെയ്യുവാന്‍ സാധിക്കും. രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ നിര്‍ത്താതെതന്നെ ശസ്ത്രക്രിയ ചെയ്യുവാന്‍ കഴിയും എന്നതാണ് ഈ ശസ്ത്രക്രിയയുടെ പ്രത്യേകത. ഒരു ദിവസത്തെ ആശുപത്രിവാസം, രക്തം സ്വീകരിക്കേണ്ട ആവശ്യം എന്നിവ തീരെ ഇല്ല. 10 ഗ്രാം മുതല്‍ 100 ഗ്രാം വരെയുള്ള മുഴകള്‍ ഒറ്റ പ്രവാശ്യം തന്നെ നീക്കം ചെയ്യാന്‍ കഴിയും എന്നതിനോടൊപ്പം ട്യൂബ് ഒഴിവാക്കാനും കഴിയും. എല്ലാ അതീവ ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും വളരെ കൃത്യമായി ചെയ്യാന്‍ കഴിയും എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

തുറന്ന ശസ്ത്രക്രിയയും ടിയുആര്‍പി പോലുള്ള ശസ്ത്രക്രിയകളിലും രക്തനഷ്ടം കൂടുതലായിരുന്നു. പ്രോസ്‌ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്നതിന് ആ ഭാഗത്തുള്ള രക്തക്കുഴലുകളും മുറിച്ച് മാറ്റേണ്ടതായി വരും. ഇത് രോഗികളില്‍ കടുത്ത ക്ഷീണവും രക്തനഷ്ടവും ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല ഇത്തരം ചികിത്സകളില്‍ വൈദ്യുതി തരംഗങ്ങള്‍ മാധ്യമമായി ഉപയോഗിച്ചിരുന്ന ചില ലായനികള്‍ മൂലം രോഗികളുടെ ശരീരത്തിലെ സോഡിയം വന്‍ തോതില്‍ കുറയാനും ഇടയുണ്ടായിരുന്നു. ഈ വ്യതിയാനം രോഗിയുടെ മനോനിലയില്‍ മാറ്റമുണ്ടാക്കുകയും അസാധാരണരീതിയില്‍ പെരുമാറാനിടയാക്കുകയും ചെയ്യും. ടിയുആര്‍പി ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലമായാണ് ഇത്തരത്തില്‍ സോഡിയം കുറയുന്നതും ബെയ്ന്‍ എഡിമ പോലുള്ള സിന്‍ഡ്രോം പ്രത്യക്ഷപ്പെടുന്നതും.

പുതിയ ഹോള്‍മിയം ലേസര്‍ ചികിത്സയില്‍ ശരീരഭാഗങ്ങള്‍ തുറന്നുള്ള ശസ്ത്രക്രിയയില്‍ ചെയ്യുന്നതു പോലെ പ്രോസ്‌ട്രേറ്റ് ഗ്രന്ഥി പൂര്‍ണമായും നീക്കം ചെയ്ത ശേഷം മൂത്രസഞ്ചിയില്‍ നിക്ഷേപിക്കുകയും, അവിടെ വച്ച് മോസിലേറ്റര്‍ എന്ന മെക്കാനിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ചെറിയ ഭാഗങ്ങളാക്കി മാറ്റി മൂത്രക്കുഴലിലൂടെ പുറത്തേക്ക് വലിച്ചെടുത്തുകളയുകയും ചെയ്യും. എത്ര സങ്കീര്‍ണതകളേറിയ മുഴകളും പൂര്‍ണ്ണമായും വളരെ ലഘുവായി തന്നെ നീക്കം ചെയ്യാം എന്നതാണ് ഈ രീതിയുടെ പ്രധാന നേട്ടം. പ്രോസ്‌ട്രേറ്റിന്റെ ലേസര്‍ ചികിത്സയോടൊപ്പം മൂത്രാശയകല്ലുകളും ഇതോടോപ്പം നീക്കം ചെയ്യാവുന്നതാണ്. കൂടാതെ മൂത്രസഞ്ചിയിലെ മുഴകള്‍ ചികിത്സിക്കുന്നതിനും (ബ്ലാഡര്‍ ക്യാന്‍സര്‍ )ഈ പുതിയ സംവിധാനം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത.് മൂത്രസഞ്ചിയിലോ വൃക്കകളിലോ അടിഞ്ഞുകൂടിയ ചെറിയ അംശത്തെപോലും സുരക്ഷിതമായ നീക്കം ചെയ്യാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കും.

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ എച്ച് ആൻഡ് കെ അഡ്വാൻസ്ഡ് ലേസർ ആൻഡ് റോബോട്ടിക് സെന്ററിലെ സീനിയർ കണ്‍സള്‍ട്ടന്റാണ്‌ ലേഖകൻ)