അമേരിക്കയിലെ ലോമ ലിന്‍ഡ സര്‍വകലാശാലയിലെ പ്രൊഫസറാണ് 102-കാരനായ ഡോ. ജോണ്‍ ഷാര്‍ഫെന്‍ബെര്‍ഗ്. 1923-ല്‍ ജനിച്ച അദ്ദേഹം 102-ാം വയസ്സിലും ചുറുചുറുക്കിന് ഒരു കുറവുമില്ലാതെ സ്വന്തന്ത്രമായി ജീവിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വന്തം നിലയില്‍ യാത്ര ചെയ്യുന്നു, സ്വന്തമായി വാഹനമോടിക്കുന്നു, മാനസികമായും പൂര്‍ണ ആരോഗ്യവാന്‍. ജീവിക്കാന്‍ പരസഹായം തേടേണ്ട ആവശ്യവും വന്നിട്ടില്ല.
ഏഴ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാനാവുമെന്ന് ഡോക്ടര്‍ പറയുന്നു. ജനിതകഗുണമാണ് തന്റെ ആയുസ്സിനു പിന്നിലെന്ന് അവകാശപ്പെട്ടവരോട്, അല്‍ഷിമേഴ്‌സ് ബാധിച്ച് 60-കളില്‍ പ്രായമുള്ളപ്പോള്‍ മരിച്ച അമ്മയേയും 76-ാം വയസ്സില്‍ ഹൃദയാഘാതം വന്നു മരിച്ച അച്ഛനേയും പറ്റി അദ്ദേഹം പറഞ്ഞു. അധികം സജീവമല്ലാതിരുന്ന തന്റെ സഹോദരന്മാരെയും അദ്ദേഹം അതിജീവിച്ചു.
ആരോഗ്യരഹസ്യം എന്താണെന്ന് പലരും അദ്ദേഹത്തോടു ചോദിക്കും. ഹൃദയാഘാതവും സ്‌ട്രോക്കും പ്രമേഹവുമെല്ലാമാണ് ലോകത്ത് ഇന്ന് പ്രധാനമായും ആളുകളുടെ ജീവനെടുക്കുന്നത് എന്നിരിക്കെ, ജീവിതശൈലിയില്‍ താന്‍ ശ്രദ്ധിക്കുന്ന ഏഴുകാര്യങ്ങള്‍ അഭിമുഖങ്ങളില്‍ അദ്ദേഹം ഉപദേശമായി നല്‍കും. ആ ഏഴു നിയമങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
1. ഒരിക്കലും പുകവലിക്കരുത്
ഡോക്ടര്‍ ഒരിക്കലും പുകവലിച്ചിരുന്നില്ല. എല്ലാ അവയവങ്ങള്‍ക്കും തകരാറുണ്ടാക്കുന്ന പുകവലി ലോകത്തുടനീളമുള്ളവര്‍ക്ക് പല തരം രോഗങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
2. മദ്യപാനം വേണ്ട
ലഘുവായ മദ്യപാനം ചില ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, കുറഞ്ഞ അളവിലുള്ള മദ്യപാനം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഡോ. ഷാര്‍ഫെന്‍ബര്‍ഗ് പറയുന്നു. മദ്യം ഏതു ചെറിയ അളവിലും അപകടകരമാണെന്ന ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുമുണ്ട്.
3. ശരീരം സജീവമാക്കിവെക്കുക
പോഷകങ്ങളേക്കാളും ഭക്ഷണത്തേക്കാളും ഒരുപക്ഷേ, ശരീരം എത്രത്തോളം സജീവമായിരിക്കുന്നു എന്നത് പ്രധാനമാണ്. മധ്യവയസ്സില്‍ പ്രത്യേകിച്ചു. 40 വയസ്സുതൊട്ട് 70 വയസ്സുവരെയുള്ള കാലം നന്നായി ശരീരം അധ്വാനിക്കാനായി മാറ്റിവെക്കണം. ആളുകള്‍ പണമെല്ലാം സമ്പാദിച്ച് പൊതുവെ വിശ്രമിക്കുന്ന സമയമാണത്. പക്ഷേ, ഏറ്റവുമധികം ശാരീരികഅധ്വാനം വേണ്ടത് ആ സമയത്താണ്. ഒരുദിവസം 3.22 കിലോമീറ്ററെങ്കിലും കുറഞ്ഞത് നടക്കണമെന്ന് അദ്ദേഹം പറയുന്നു.
4. സമയത്തിന് ഭക്ഷണം, സ്‌നാക്‌സ് വേണ്ട
എന്തു കഴിക്കുന്നുവെന്നത് പ്രധാനമാണ്. ആരോഗ്യകരമായ ഭാരം ശരീരത്തിന് നിലനിര്‍ത്തണം. കൃത്യസമയത്ത് കഴിക്കാം, ഇടയ്ക്കുള്ള സ്‌നാക്‌സ് ഒഴിവാക്കാം. പ്രകൃതിദത്തമായ പലതരം ഭക്ഷണങ്ങള്‍ ശീലമാക്കാം. പ്രോസസ് ചെയ്ത ഭക്ഷണം എത്രത്തോളം കഴിക്കുന്നോ അത്രത്തോളം ജീവിതത്തിലെ ആയുസ്സ് കുറയുകയാണ്. ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ്ങിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തന്റെ ഒരു ദിവസത്തെ അവസാന ഭക്ഷണം ഉച്ചകഴിഞ്ഞായിരിക്കുമെന്നും രാവിലെ 6.30 വരെ പിന്നൊന്നും കഴിക്കില്ലെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.
5. വെജിറ്റേറിയന്‍ ഭക്ഷണം
മതവിശ്വാസത്തിന്റെ ഭാഗമായി ചെറുപ്പംതൊട്ടേ സസ്യാഹാരിയാണ് അദ്ദേഹം. പിന്നീട് മാംസം പരീക്ഷിച്ചെങ്കിലും 20 വയസ്സിനു ശേഷം അത് കഴിച്ചിട്ടില്ലെന്നും പകരം സസ്യാഹാരത്തില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മാംസം കഴിക്കുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്നാണ് ഡോക്ടറുടെ പക്ഷം.
6. മൃഗക്കൊഴുപ്പ് ഒഴിവാക്കാം
മൃഗക്കൊഴുപ്പ് വയറ്റിലെത്തുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും വര്‍ധിക്കാന്‍ കാരണമാകുന്നു.
7. മധുരത്തോട് വിടപറയാം
പഞ്ചസാര അകത്തുചെല്ലുന്നതും ഹൃദ്രോഗവുമായി ബന്ധമുണ്ട്. ഒപ്പം ഭാരംകൂട്ടുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. പഞ്ചസാര കുറയ്ക്കുന്ന റെസിപ്പികള്‍ ദൗനംദിനജീവിതത്തില്‍ ഉപയോഗിക്കാം. പ്രകൃതിദത്തമായ മധുരം പകരംവെക്കാം.
Content Highlights: risk factors reducing longevity and health dr john scharffenberg
Published: 01 May 2025, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented