
പ്രേമിക്കുമ്പോഴും കല്യാണം കഴിക്കുമ്പോഴും സെക്ഷ്വല്‍ ഓറിയന്റേഷന്‍ കൂടി മനസ്സിലാക്കുകയും അതിനുള്ള സ്‌പേസ് നല്‍കി ആദരിക്കുകയും ചെയ്യുന്ന ഒരു കാലത്തിലേക്ക് സമൂഹം മാറേണ്ടതുണ്ട്. മിഥ്യാധാരണകളുടെ വാളേന്തി ഹോമോസെക്ഷ്വാലിറ്റിക്കെതിരെ പടനയിക്കുന്നവര്‍ക്കുള്ള ബോധവത്ക്കരണമാണ് ഇവിടെ ഉണ്ടാകേണ്ടത്. ഒരു മകനോ മകളോ താന്‍ ഹോമോസെക്ഷ്വലാണെന്ന് പറയുമ്പോള്‍ എന്തിനാണ് ഇത്രയും വൈകാരികമായി അതിനെ സമീപിക്കുന്നത്. ക്വിര്‍ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള അജ്ഞതയാകാം ഒരു പക്ഷേ അവരെ അതിലേക്ക് നയിക്കുന്നത്. പരമ്പരാഗത ധാര്‍മ്മികബോധവും ഒരു കാരണമാകാം. എന്നാല്‍ അത്തരം അബദ്ധങ്ങൾ അവസാനിക്കുന്നത് മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിച്ച് സ്വയം എരിഞ്ഞ് തീരുന്ന ശിഷ്ടകാലത്തിലേക്കാണ്. അതിന്റെ ബാക്കിപത്രങ്ങളാകുന്നത് കുറേ മനുഷ്യരും... കാലഘട്ടത്തിനൊത്ത് കാഴ്ചപ്പാടുകളും മാറണം. സമൂഹത്തെ നവീകരിക്കാന്‍ ചര്‍ച്ചകള്‍ സൃഷ്ടിക്കപ്പെടണം. പുരോഗമനത്തിന്റെ ചുവടുപിടിച്ച് മാത്രം സ്വഭാവിക ലൈംഗിക വ്യതിയാനത്തെക്കാണുന്നതുകൊണ്ടാകാം ഇത്തരം വിഷയങ്ങള്‍ ഇന്നും സങ്കീര്‍ണ്ണമാകുന്നത്.
സ്വന്തം കുട്ടി ഹോമോസെക്ഷ്വല്‍ ആണെന്ന് പറയുമ്പോള്‍ മാതാപിതാക്കള്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍?
Also Read
തന്റെ മകന്‍/മകള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറയുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന അമ്പരപ്പും വേവലാതിയും സ്വഭാവികമാണ്. ഇത്രയേറെ പ്രചാരം ഉണ്ടായിട്ടും സ്വവര്‍ഗാനുരാഗം ലൈംഗികതയുടെ സ്വഭാവിക വ്യതിയാനം ആണെന്നുള്ള ശാസ്ത്രീയമായിട്ടുള്ള കാഴ്ചപ്പാടുകള്‍ സമൂഹം ഉള്‍ക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് സെക്ഷ്വൽ ഓറിയന്റേഷനെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വൈകുന്നത്. പലപ്പോഴും അതുള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്ക് കഴിയാതെ വരുന്നു. എന്നാല്‍ ഇത്തരം അറിവില്ലായ്മകള്‍ മൂലമുള്ള സംഘര്‍ഷം പലപ്പോഴും ആത്മഹത്യയിലേക്ക് പോലും നയിക്കാം. ഒത്തുതീര്‍പ്പെന്ന നിലയില്‍ എതിര്‍ലിംഗക്കാരെ വിവാഹം കഴിക്കുന്നതിലേക്കും നയിക്കാം. മരണത്തേക്കാള്‍ തീവ്രമായ മറ്റൊരു ജീവപര്യന്തത്തിലേക്കാണ് അവര്‍ മക്കളെ തള്ളിവിടുന്നത്.
- ഇന്ന് കൗമാരത്തില്‍തന്നെ സ്വര്‍വഗാനുരാഗം തിരിച്ചറിയുന്നുണ്ടെങ്കിലും പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാകും. മക്കളുടെ തുറന്നുപറച്ചില്‍ മാതാപിതാക്കള്‍ക്ക് അമ്പരപ്പ് ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പുതിയ കാലത്തെ ശാസ്ത്രീയ നിരീക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാനും ശ്രമിക്കുക.
- കല്യാണം കഴിക്കുമ്പോള്‍ ഇതെല്ലാം മാറും,കല്യാണം കഴിച്ചില്ലെങ്കിൽ ഞങ്ങള്‍ ആത്മഹത്യ ചെയ്യും എന്ന രീതിയില്‍ അതിവൈകാരികതയോടെ പ്രതികരിക്കാതെ മക്കളെ ചേര്‍ത്തുനിര്‍ത്തണം. ഈ സ്വാഭാവിക അവസ്ഥയുമായി ഒത്തു ചേര്‍ന്ന് ജീവിതത്തെ അര്‍ത്ഥവത്തായി മുമ്പോട്ട് നയിക്കണം. കുറ്റപ്പെടുത്തലും ശാപവാക്കുകളും പാടില്ല.
- പെട്ടെന്ന് കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാനാകുന്നില്ല എന്ന യാഥാര്‍ഥ്യം അവരോട് തന്നെ തുറന്നുപറയുക. അത് കൈകാര്യം ചെയ്യുവാനുള്ള സാവകാശം ചോദിക്കാം.
- നിങ്ങളുടെ മകനോ/മകളോ ആണ് നാളെ ഹോമോസെക്ഷ്വലായ ഒരാളെ കല്യാണം കഴിക്കുന്നതെങ്കില്‍ അവര്‍ ആ ദാമ്പത്യത്തില്‍ നേരിടാന്‍ പോകുന്ന ലൈംഗിക പ്രതിസന്ധികള്‍ ഓര്‍ക്കുക. അത് ആ സ്വവര്‍ഗാനുരാഗിയായ പങ്കാളിക്ക് നല്‍കുന്ന വിഷമങ്ങള്‍ മനസ്സിലാക്കുക. കുട്ടികളെ സമ്മര്‍ദ്ദം ചെലുത്തി വിവാഹത്തിലേക്ക് തള്ളിവിടാതിരിക്കുക.
- കേട്ടുകേള്‍വികളും പരസ്യങ്ങളും കണ്ട് കുട്ടികളെ നിര്‍ബന്ധിച്ച് ധ്യാനത്തിനും കൗണ്‍സിലിങ്ങിനും കണ്‍വെര്‍ഷന്‍ ചികിത്സയ്ക്കും കൊണ്ടുപോകരുത്. അതൊന്നും നൈതീകമല്ല. ശാസ്ത്രീയവുമല്ല. മകന്റെ/മകളുടെ അവസ്ഥ സ്വഭാവികമാണ് എന്ന് തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കുക. കൂടുതല്‍ അറിയാനായി വിദഗ്ധരുടെ സഹായം തേടുക.
സ്വവര്‍ഗാനുരാഗിയായ ഒരാളെ കല്യാണം കഴിക്കുമ്പോള്‍ പങ്കാളിക്കുണ്ടാകുന്ന മാനസിക- ബുദ്ധിമുട്ടുകള്‍?
സ്വവര്‍ഗാനുരാഗിയായ ഒരാള്‍ എതിര്‍ലിംഗാഭിമുഖ്യമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്കിടയില്‍ നല്ല സൗഹൃദം രൂപപ്പെട്ടേക്കാം. പക്ഷേ, ലൈംഗികതയുടെ കാര്യത്തില്‍ ആ വ്യക്തികള്‍ നിസ്സഹായരായിരിക്കും. സ്വവര്‍ഗാനുരാഗിയായ ഒരാള്‍ക്ക് അതൊരു സ്വഭാവിക വ്യതിയാനം ആയതിനാല്‍ പങ്കാളിയുടെ അഭിരുചിക്കനുസരിച്ചുള്ള ലൈംഗികാസ്വാദനം നല്‍കാന്‍ സാധിക്കില്ല. ആ ബന്ധത്തില്‍ പലപ്പോഴും പങ്കാളിക്ക് സംതൃപ്തി ഉണ്ടാകില്ല. ആ വ്യക്തിയും സംതൃപ്തരാകില്ല. സൗഹൃദം കൊണ്ട് മാത്രം ഇത്തരം ദാമ്പത്യങ്ങള്‍ കെട്ടുറപ്പോടെ നില്‍ക്കണമെന്നില്ല.
- സമൂഹിക സമ്മര്‍ദ്ദത്തിന്റെ പേരില്‍ വിവാഹം കഴിക്കാനുള്ള ആലോചന വരുമ്പോള്‍ തന്നെ തുറന്നുപറച്ചില്‍ അത്യാവശ്യമാണ്. ഞാന്‍ സ്വവര്‍ഗാനുരാഗം താത്പര്യപ്പെടുന്ന ഒരു വ്യക്തിയാണ്, എനിക്ക് എതിര്‍ലിംഗാഭിമുഖ്യമില്ല എന്ന കാര്യം മറ്റേയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. അത് കേള്‍ക്കുന്ന വ്യക്തിയും മാനസികപക്വതയോടെ, തുറന്നുപറഞ്ഞ വ്യക്തിയോടുള്ള ആദരവ് പോകാതെ തന്നെ ഈ വിവാഹത്തില്‍ നിന്നും പിന്മാറേണ്ടതാണ്. സ്വകാര്യത അനുവദിക്കുകയും വേണം.
- ഇഷ്ടമല്ലാത്ത വിവാഹജീവിതത്തിനൊപ്പം സമാന്തരമായി സ്വവര്‍ഗബന്ധം പുലര്‍ത്തുന്ന ഒരു വ്യക്തി പലപ്പോഴും നിര്‍ബന്ധ ലൈംഗികബന്ധത്തിന് തയ്യാറാകേണ്ടിവരുന്നു. ഇത് അയാളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കും. ഒരു കുട്ടിയായിക്കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ മാറും എന്ന ചിന്ത വിഡ്ഢിത്തമാണ്. സ്വാഭാവികമായ ലൈംഗിക വ്യതിയാനങ്ങളെ ഒരിക്കലും മാറ്റിയെടുക്കാനാകില്ല. അതിനെ ഉള്‍ക്കൊള്ളുക മാത്രമാണ് പോംവഴി. കുട്ടിയുണ്ടായതിന് ശേഷം പൂര്‍ണ്ണമായും ഇണയുമായുള്ള രതിയില്‍ നിന്നും വിട്ട് നില്‍ക്കുന്നവരാണ് മിക്കവാറും എല്ലാവരും. തുറന്നുപറച്ചില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇത് എന്ത് കൊണ്ടെന്നറിയാതെ മറ്റേ പങ്കാളി ആശയക്കുഴപ്പത്തിലാകും. സ്‌നേഹ ശൂന്യതയെന്ന് തെറ്റിദ്ധരിക്കും. ലൈംഗികാഭിമുഖ്യത്തെ കുറിച്ച് സുതാര്യത പുലര്‍ത്തുന്ന സംസ്‌കാരമുണ്ടായാല്‍ മാത്രമേ ഈ വക പ്രതിസന്ധികള്‍ ഇല്ലാതാകൂ. ഇത്തരമൊരു വിഷയം പ്രതിസന്ധി സൃഷ്ടിച്ചാല്‍ ദാമ്പത്യത്തിന്റെ ഭാവി തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ പങ്കാളികള്‍ക്ക് കഴിഞ്ഞാല്‍ നന്നായേനെ.
- കുട്ടിയുണ്ടായിക്കഴിഞ്ഞാല്‍ ഇവരുടെ ശല്യം തീരുമല്ലോ, എന്ന രീതിയില്‍ ബോധപൂര്‍വ്വം ശാരീരിക ബന്ധത്തിലേര്‍പ്പടുകയും പിന്നീട് ലൈംഗികമായി പൂര്‍ണ്ണമായി നിരാകരിക്കുകയും ചെയ്യുന്ന ഹോമോസെക്ഷ്വല്‍ പങ്കാളി തന്റെ ഭര്‍ത്താവ് / ഭാര്യയുടെ പിന്നീടുള്ള മാനസികാവസ്ഥ കൂടി പരിഗണിക്കണം.
- പരസ്പരം വ്യക്തമായ ധാരണയോടെയുള്ള തുറന്നുപറച്ചിലാണ് വേണ്ടത്. ലൈംഗികാഭിമുഖ്യത്തെ കുറിച്ച് സുതാര്യത പുലര്‍ത്തുന്ന സംസ്‌കാരമുണ്ടാകണം. വിവാഹാലോചനയുടെ ഘട്ടത്തില്‍ തന്നെ തുറന്നുപറച്ചില്‍ ഉണ്ടാകണം. സ്വവര്‍ഗ്ഗ ലൈംഗികാഭിമുഖ്യം സ്വാഭാവികവും നോര്‍മലുമായ അവസ്ഥയെന്ന് മനസ്സിലാക്കുന്ന സാഹചര്യം ഉണ്ടാകണം.
- പങ്കാളിയുടെ ലൈംഗികാവശ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതിരിക്കുമ്പോള്‍ സ്വഭാവികമായും അത് അവരെ വിവാഹേതര ബന്ധത്തിലേക്ക് നയിക്കും.
- വിവാഹത്തിനുശേഷം ഇത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ മാതാപിതാക്കള്‍ അവരുടെ അവസ്ഥ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുക. ഒരു കുട്ടിയുണ്ടായതുകൊണ്ട് ഈ ബന്ധത്തില്‍ തുടരണം എന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. ഒരു വ്യക്തിയുടെ ലൈംഗികാവശ്യങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്ന ബോധ്യത്തോടെ പെരുമാറണം. ഒത്തുപോകാന്‍ പറ്റില്ലെന്ന സന്ദര്‍ഭങ്ങളില്‍ അന്തസ്സോടെ വേര്‍പിരിയാനുള്ള സാഹചര്യം ഒരുക്കണം. നേരത്തെ പറയാതിരിക്കുന്നത് ഇത്തരം അവസ്ഥകളെ കുറിച്ച് സമൂഹം പുലര്‍ത്തുന്ന വിവരക്കേടുകള്‍ മൂലമാണല്ലോ?
- സ്വവര്‍ഗ്ഗാഭിമുഖ്യമുള്ള സ്ത്രീകള്‍ പലരും ഒത്തുതീര്‍പ്പ് ദാമ്പത്യത്തില്‍ പെട്ട് പോകാറുണ്ട്. ആണ്‍ മേല്‍ക്കോയ്മയുള്ള സാഹചര്യങ്ങളില്‍ എതിര്‍പ്പിനോ തുറന്നുപറച്ചിലിനോ സാധിക്കാന്‍ പറ്റാതെ, നിസ്സഹായാവസ്ഥയില്‍ കഴിയേണ്ടി വരുന്നു. ലൈംഗികതയില്‍ ഇണയുടെ മനസ്സറിയാന്‍ ശ്രമിക്കാത്ത പുരുഷന്‍ ഇതിനെ താല്പര്യക്കുറവെന്ന് കരുതുകയും ചെയ്യും. ഇത്തരം ജീവിതങ്ങളില്‍ വല്ലാത്ത നോവുകളുണ്ട്, സഹനമുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സി.ജെ. ജോണ്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്, സൈക്യാട്രി,
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി
Content Highlights: psychological aspects about sexual orientation
Published: 28 Nov 2023, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented