2017-ലാണ് അമേരിക്കക്കാരനായ ഓസ്റ്റിന്‍ പെട്ടന്ന് കുഴഞ്ഞുവീണത്. ഭാര്യ ബ്രിയാന അന്ന് ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തിരിച്ചറിഞ്ഞു, മസ്തിഷ്‌കാഘാതമാണ് വില്ലന്‍. കാരണമായതോ, ഇടതടവില്ലാതെ എനര്‍ജി ഡ്രിംഗ് കുടിയ്ക്കുന്ന സ്വഭാവവും. നിരന്തരമായ ചികിത്സയും ശസ്ത്രക്രിയകളും ഓസ്റ്റിന് ജീവന്‍ തിരിച്ചുനല്‍കിയെങ്കിലും ഒരിക്കലും ജീവിതം പഴയപോലെയായില്ല. കുഞ്ഞിനെയും ഭര്‍ത്താവിനെയും ബ്രിയാന ഒരുപോലെ പരിപാലിച്ചു. ശസ്ത്രക്രിയകളുടെയും ആഘാതങ്ങളുടെയും ബാക്കിപത്രമെന്നപോലെ നഷ്ടമായ തലയോട്ടി തിരിച്ചുകിട്ടാതെ, തലയില്‍ വലിയൊരു കുഴിയുമായി ഓസ്റ്റിന്‍ ഇന്നും വീല്‍ചെയറില്‍ ജീവിതം മുന്നോട്ടുനീക്കുന്നു. 

ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ നഷ്ടപ്പെടാന്‍ സാധ്യതയില്ലാതിരുന്ന ഒരു ജീവിതമാണ് ഇന്ന് കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നത്. മസ്തിഷ്‌കാഘാതം വരുന്ന നേരവും സമയവും ആര്‍ക്കും ഗണിക്കാനാവില്ലെങ്കിലും വരാതിരിക്കാനായി ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുമുണ്ട്. ഇത്തവണത്തെ ലോക സ്‌ട്രോക്ക് ദിനത്തിന്റെ സന്ദേശവും അതുതന്നെയാണ്. 'പ്രതിരോധത്തിനാണ് ആഘാതത്തേക്കാള്‍ പ്രാധാന്യം.' ജീവിത ശൈലി രോഗമായി ഒരു പരിധി വരെ കാണാവുന്ന സ്‌ട്രോക്കിനെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29 ലോക സ്‌ട്രോക്ക് ദിനമായി ആചരിക്കുന്നത്. 

ഹൃദ്രോഗത്തിന് സമാനമായി മനുഷ്യശരീരത്തിലുണ്ടാകുന്ന മറ്റൊരു ആഘാതമാണ് സ്‌ട്രോക്ക്. മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും രണ്ടാം സ്ഥാനം കാന്‍സറിനും, മൂന്നാം സ്ഥാനം സ്‌ട്രോക്കിനുമാണ്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണിത്. 

തലച്ചോറിന്റെ ഏത് ഭാഗത്ത് എത്രത്തോളം വലിയ ആഘാതം ഉണ്ടായി എന്നതിനെ ആശ്രയിച്ചാണ് സ്‌ട്രോക്കിന്റെ കാഠിന്യം മനസ്സിലാക്കുന്നത്. സ്‌ട്രോക്ക് ശരീര ഭാഗങ്ങള്‍ തളര്‍ന്നു പോകാനും, സംസാര ശേഷി നഷ്ടമാകാനും കാരണമാകും. 80 ശതമാനത്തോളം സ്‌ട്രോക്കുകളും തടയുവാന്‍ സാധിക്കുന്നതാണ്. ലോകത്തില്‍ ആറില്‍ ഒരു പുരുഷനും അഞ്ചില്‍ ഒരു സ്ത്രീക്കും സ്‌ട്രോക്ക് വരുന്നുണ്ടെന്നും, എല്ലാ നാല്‍പത്് സെക്കന്‍ഡിലും ഒരാള്‍ സ്‌ട്രോക്ക് മൂലം മരിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്.

സ്‌ട്രോക്ക് ഇസ്‌കീമിക്, സ്‌ട്രോക്ക് ഹെമറാജിക് എന്നിങ്ങനെ രണ്ടുതരം സ്ട്രോക്കുകളാണുള്ളത്. രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെയാണ് സ്‌ട്രോക്ക് ഇസ്‌കീമിക് എന്ന് പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യും. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക്ക് ഹെമറാജിക് എന്ന് പറയുന്നു. ഇസ്‌കീമിക് സ്‌ട്രോക്കിനെക്കാള്‍ മാരകമാണ് സ്‌ട്രോക്ക് ഹെമറാജിക്. പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദം കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവ്, പ്രമേഹം, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം എന്നിവയാണ് സ്‌ട്രോക്കുണ്ടാകനുള്ള പ്രധാന കാരണങ്ങള്‍. 

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ബലക്ഷയവും തലചുറ്റലും അനുഭവപ്പെടുകയാണെങ്കില്‍ അത് സ്‌ട്രോക്കിന്റെ ലക്ഷണമായി കാണാം. മുഖത്ത് കോട്ടം ഉണ്ടാവുക, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനു ഭവപ്പെടുകയാണെങ്കില്‍ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. 
ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉള്ളവര്‍ കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കണം. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ എന്നിവയിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും. 

ബി.പി. കൂടുതലുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ആയിരിക്കും. രക്തസമ്മര്‍ദം കൂടുതലുള്ളവര്‍ എപ്പോഴും സ്‌ട്രോക്കിനെ സൂക്ഷിക്കണം. ബി.പി.യുള്ളവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ നാലു മുതല്‍ ഒമ്പതു വരെ മടങ്ങ് അധികമാണ്. 40 വയസ്സില്‍ താഴെയുള്ളവരില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള മുഖ്യകാരണങ്ങളിലൊന്ന് രക്താതിസമ്മര്‍ദമാണെന്നു പറയാം. രക്തസമ്മര്‍ദം നിയന്ത്രിച്ചാല്‍ സ്‌ട്രോക്കിന്റെ സാധ്യത 30-40 ശതമാനം വരെ കുറയും.

ത്രോംബോസിസ്
തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞും ധമനികള്‍ ചുരുങ്ങിയും മറ്റും രക്തപ്രവാഹത്തിന്റെ അളവു കുറയാം. ഇങ്ങനെ, തലച്ചോറിലേക്ക് ആവശ്യത്തിനു രക്തം കിട്ടാതെ വരുമ്പോള്‍ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താത്കാലികമായോ സ്ഥിരമായോ തളര്‍ത്താനിടയുണ്ട്. ഈ തളര്‍ച്ചയാണ് മസ്തിഷ്‌കാഘാതമായി അനുഭവപ്പെടുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നതു കൊണ്ട്, തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങിപ്പോകാറുണ്ട്. രക്തസമ്മര്‍ദം കൂടുന്നതും അതിനു കാരണമാകാം. രക്തക്കുഴലിനുള്ളില്‍ രക്തം കട്ടപിടിക്കുന്നതു കൊണ്ടും ഇങ്ങനെ വരാം.
ത്രോംബോസിസ് മൂലം സ്‌ട്രോക്ക് ഉണ്ടാകുമ്പോള്‍ തലവേദന പോലുള്ള ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.

placeholder
hemorrhagic stroke
അമിത രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമാണിത്. രക്തസമ്മര്‍ദം വല്ലാതെ കൂടി തലച്ചോറിലേക്കുള്ള രക്തധ മനികള്‍ പൊട്ടി തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്ന രോഗമാണിത്. അതിസങ്കീര്‍ണമായ ഈ അവസ്ഥയില്‍ മരണം സുനിശ്ചിതമാണെന്നു പറയാം. കുഴഞ്ഞുവീണു മരിച്ചു എന്നു കേള്‍ക്കുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്കും സെറിബ്രല്‍ ഹെമറേജ് മൂലമുള്ള മരണങ്ങളാണ്. അതിശക്തമായ തലവേദനയോടെ പെട്ടെന്ന് തലച്ചോറില്‍ ഒരു പൊട്ടിത്തെറി പോലെ ഇതുണ്ടാകുന്നു. ചിലപ്പോള്‍ ഛര്‍ദ്ദിയും വരാം. ഈ രോഗത്തിന്റെ ഏറ്റവും പ്രധാന കാരണം രക്താതിമര്‍ദം തന്നെ. രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടുന്നതും ഷുഗര്‍ കൂടുന്നതും രോഗസാധ്യത പതിന്മടങ്ങായി വര്‍ധിപ്പിക്കും. 

അപൂര്‍വം ചിലരില്‍ ജന്മനാ രക്തക്കുഴലുകള്‍ ദുര്‍ബലമായി കാണാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് നേരിയ രക്താതിമര്‍ദമുണ്ടായാല്‍ പോലും സെറിബ്രല്‍ ഹെമറേജ് വരാം. പാരമ്പര്യമായി സ്‌ട്രോക്ക് ഉള്ളവരും ബി.പി. ഉള്ളവരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ കുഴലുകള്‍ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. വലിയ രക്തക്കുഴലുകള്‍ മിക്കവയും പേശികളോടു ചേര്‍ന്ന് അവയുടെ സംരക്ഷണത്തിലാണു നില്‍ക്കുന്നതെന്നു പറയാം. എന്നാല്‍ ചെറിയ ചെറിയ ശുദ്ധരക്തക്കുഴലുകള്‍ക്ക് ഈ സംരക്ഷണമില്ല. രക്തസമ്മര്‍ദം ക്രമത്തിലധികമാകുമ്പോള്‍ ലോലമായ ഈ ചെറുധമനികള്‍ വീര്‍ത്തുവരും. ഇങ്ങനെ വീര്‍ക്കുന്നതിനെ അന്യൂറിസം എന്നാണു പറയുന്നത്. അന്യൂറിസം ബാധിച്ച ചെറുധമനികള്‍ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ജന്മനാ തന്നെ ഉണ്ടാകുന്ന പ്രശ്‌നമാണ്. ചിലരില്‍ ശുദ്ധരക്തവും അശുദ്ധരക്തവും ഇടകലര്‍ന്നുപോകും. ശുദ്ധരക്തം വഹിക്കുന്ന വലിയ ധമനികളില്‍ നിന്ന് അതിന്റെ തന്നെ ചെറുശാഖകളിലേക്ക് ഒഴുകുന്നതിനു പകരം അശുദ്ധ രക്തമൊഴുകുന്ന കുഴലുകളിലേക്ക് രക്തം ഇരച്ചുകയറും. 

ശുദ്ധരക്തം ഒഴുകിവരുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ അശുദ്ധരക്തം പേറുന്ന സിരകള്‍ക്കു കഴിയില്ല. അതിനാല്‍ അവ പൊട്ടാനുള്ള സാധ്യത കൂടും (ഇതിനെ ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍ എന്നു പറയുന്നു. ഇതും ജന്മനാ ഉണ്ടാകുന്നതാണ്). 40 വയസ്സില്‍ താഴെയുള്ളവരില്‍ സെറിബ്രല്‍ ഹെമറേജുണ്ടാകുന്നതിനുള്ള ഒരു മുഖ്യകാരണമാണിത്.

ഹൃദയത്തിന്റെ അറകളില്‍ നിന്നോ വലിയ ധമനികളില്‍ നിന്നോ ഉണ്ടാകുന്ന ചെറിയ രക്തക്കട്ടകള്‍ ത്രോംബസ്) തലച്ചോറിലെ രക്തക്കുഴലുകളില്‍ എത്തി തടസ്സങ്ങളുണ്ടാക്കി രക്തപ്രവാഹം നിലച്ച് സ്‌ട്രോക്ക് ഉണ്ടാകുന്നതിനാണ് എംബോളിസം എന്നു പറയുന്നത്. രക്തക്കട്ടകള്‍, കൊഴുപ്പുകട്ടകള്‍, വായുകുമിളകള്‍ തുടങ്ങിയവയാണ് മുഖ്യമായും ഇങ്ങനെ തടസ്സമുണ്ടാക്കുന്ന ത്. രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്ക് ബി.പി. കൂടിയുണ്ടെങ്കില്‍ എംബോളിസത്തിനു സാധ്യത കൂടും. എംബോളിസം മൂലമുള്ള സ്‌ട്രോക്ക് കൂടുതലായുണ്ടാകുന്ന ത് 40നു താഴെ പ്രായമുള്ളവരിലാണ്.
എന്‍ഡോവാലാര്‍ കീ ഹോള്‍ ചികിത്സ, ശസ്ത്രക്രിയ, ഇസ്‌കീമിക് സ്‌ട്രോക്കിനായി ചെയ്യുന്ന ടിഷ്യു പ്‌ളാസിനോജന്‍ ആക്ടിവേറ്റര്‍, മെക്കാനിക്കല്‍ ത്രോംബെക്ടോമി എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിനായി ചെയ്തു വരുന്ന ചികിത്സകള്‍. സ്‌ട്രോക്കില്‍ നിന്നു രക്ഷ നേടാന്‍ ആദ്യം ചെയ്യേണ്ടത് രക്ത സമ്മര്‍ദം നിയന്ത്രിക്കുക എന്നതാണ്. ബി.പി.യുള്ളവര്‍ മരുന്ന് കൃത്യമായി കഴിക്കുക. വ്യായാമവും ഭക്ഷണക്രമം, ജീവിതചര്യ എന്നിവയും ക്രമമായി പാലിക്കുക. സ്‌ട്രേക്കുണ്ടായാല്‍ ഏറ്റവും നേരത്തേ മികച്ച വൈദ്യസഹാ യം തേടണം. ആദ്യത്തെ മണിക്കൂറുകള്‍ ഇതിന്റ ചികിത്സയില്‍ തികച്ചും നിര്‍ണായകമാണ്. 

സ്‌ട്രോക്ക് പൊതുവെ വാര്‍ധക്യത്തിലുണ്ടാകുന്ന അസുഖമാണെങ്കിലും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ 45 വയസ്സിനു താഴെയുള്ളവരില്‍ സ്‌ട്രോക്ക് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ 45 വയസ്സില്‍ താഴെയുള്ളവരില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രം സ്‌ട്രോക്കുണ്ടാകുമ്പോള്‍ ഇന്ത്യയില്‍ ഇത് 10-12 ശതമാനമാണ്. 

അപകടങ്ങളിലെ പരിക്കുകള്‍ 
അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ രക്തക്കുഴലുകള്‍ക്ക് മൂന്നു തരത്തില്‍ ക്ഷതങ്ങളുണ്ടാകാനുള്ള സാധ്യതയാണുള്ളത്. വാഹനാപകടങ്ങളില്‍ കഴുത്തിന്റെ ഭാഗത്ത് നേരിട്ട് ഇടിയേല്‍ ക്കുന്നതുമൂലം രക്തക്കുഴലുകള്‍ക്ക് ക്ഷതമുണ്ടാകാം. മറ്റൊന്ന് കഴുത്തിന് സംഭവിക്കുന്ന ശക്തമായ ചലനങ്ങളാണ്. അപകടത്തില്‍പ്പെട്ടയാള്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെങ്കില്‍ പോലും കഴുത്ത് അതി ശക്തമായി ഉലയുകയോ തിരിയുകയോ ചെയ്തിട്ടുണ്ടെങ്കിലും രക്തക്കുഴലുകള്‍ പൊട്ടാം. ഭാരമുള്ള വസ്തുക്കള്‍ കഴുത്തില്‍ വന്ന് പതിക്കുന്നതുമൂലമുണ്ടാകു ന്ന അപകടങ്ങളിലും രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ച് സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്.