മധ്യവയസ്സിലെ സ്ത്രീകളുടെ ഉറക്കശീലത്തിന് ഹൃദയാരോഗ്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പഠനം. ദിവസവും ഏഴുമണിക്കൂറില്‍ താഴെ മാത്രമേ ഉറങ്ങുന്നുള്ളൂവെങ്കിലും ഉറക്കംതീരാതെ രാവിലെ നേരത്തേ എഴുന്നേല്‍ക്കേണ്ടി വരുന്നുണ്ടെങ്കിലുമൊക്കെ ഭാവിയില്‍ ഹൃദ്രോഗസാധ്യത കൂടുമെന്നാണ് സെര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്.
സ്ത്രീകളില്‍ മരണത്തിന് പ്രധാനകാരണങ്ങളിലൊന്നാണ് കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ്. സ്‌ട്രോക്ക്, ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ സ്ത്രീകളിലുണ്ടാവുന്നതില്‍ ഉറക്കക്കുറവിന് കാര്യമായ പങ്കുണ്ട്. പ്രത്യേകിച്ചും മധ്യവയസ്സിലെ സ്ത്രീകളുടെ ഉറക്കം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കൂടുതല്‍ ഹൃദ്രോഗങ്ങള്‍ വരുന്നതെന്നും ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത പുരുഷന്‍മാരേക്കാളും സ്ത്രീകളില്‍ കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ദീര്‍ഘകാലം രാത്രിയുറങ്ങാതിരിക്കുന്നത് സ്ത്രീകളില്‍ അത്രകണ്ട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. നേരത്തേ തന്നെ ഉറക്കം ശരിയാക്കി ശരീരത്തെ ശ്രദ്ധയോടെ കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ കാണിക്കുന്നത്. അര്‍ബുദത്തേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നത് ഹൃദ്രോഗം വന്നിട്ടാണ്. വേണ്ട രീതിയില്‍ മുന്‍കരുതലുകളെടുത്താല്‍ ഹൃദ്രോഗങ്ങളെ തടയാനാവുമെന്ന് സ്റ്റാന്‍ഫോര്‍ഡ് മെഡിസിനിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. എലീനര്‍ ലെവിന്‍ പറയുന്നു.
മെനോപോസിനു മുമ്പുള്ളവരും പെരിമെനോപോസിന്റെ തുടക്കത്തിലുള്ളവരുമടക്കം 42-നും 52-നും ഇടയില്‍ പ്രായമുള്ള 2964 സ്ത്രീകളെയാണ് സംഘം പഠനത്തിനു വിധേയരാക്കിയത്. ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളുണ്ടോ, അവര്‍ സാധാരണയായി എത്രനേരം ഉറങ്ങുന്നു, വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യാവലികള്‍ അവര്‍ക്കു നല്‍കി. ഉയരവും ഭാരവും ഹൃദ്രോഗസൂചനകളുമെല്ലാം നിരീക്ഷിച്ചു. വര്‍ഷങ്ങളോളം നീണ്ട നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
നാലില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങള്‍ പതിവായി അനുഭവപ്പെടുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ട്, രാത്രിയില്‍ ഉണര്‍ന്നുപോവുക, രാവിലെ വിചാരിച്ചതിലും നേരത്തെ ഉണരുക തുടങ്ങിയ പ്രശ്‌നങ്ങള്‍. കൂടാതെ 14 ശതമാനം പേര്‍ക്ക് സ്ഥിരമായി ഉറക്കപ്രശ്‌നങ്ങളുണ്ട്. അവര്‍ക്ക് പിന്നീട് ഹൃദ്രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിലൂടെ മനസ്സിലായത്. സ്ഥിരമായി അഞ്ചു മണിക്കൂര്‍ മാത്രം രാത്രിയുറങ്ങുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത മറ്റുള്ളവരേക്കാള്‍ വളരെയധികമാണ്.
തുടര്‍ച്ചയായി വലിയ തോതില്‍ ഉറക്കക്കുറവ് നേരിടുന്നവരും രാത്രിയില്‍ അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുമായ വ്യക്തികള്‍ക്ക് ഹൃദ്രോഗ സാധ്യത 75 ശതമാനം കൂടുതലാണെന്ന നിഗമനത്തിലും സംഘമെത്തി.
Content Highlights: poor sleep can increase women's risk of heart disease by 75%
Published: 17 Feb 2024, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented