രുപാട് പേര്‍ ഒരുപാട് തവണ ഒരുപാട് ഭക്ഷണം തന്നിട്ടുണ്ട്. അവരുടെ മുഖമെല്ലാം ഓര്‍മയില്‍ ചിന്നിച്ചിതറി കിടക്കുന്നുണ്ടുതാനും. വെറുതെ ഒരു ചിരിയിലൂടെ തുടങ്ങിയ പല സൗഹൃദങ്ങളും പിന്നീട് ഹൃദയത്തോളം വേര് പിടിച്ചിട്ടുണ്ട്, അവയ്ക്കു വെള്ളവും വളവും കൊടുക്കാന്‍ ഓര്‍മ്മകള്‍ ഇടയ്ക്കിടയ്ക്ക് അയവിറക്കുന്നതും നല്ലതു തന്നെയല്ലേ. അങ്ങനെ തന്നെയാണ് ഷീലചേച്ചിയുടെ സൗഹൃദം എന്നെ പഠിപ്പിച്ചത്. കോളേജിലെ ഒരു സ്റ്റാഫ്, മുറികള്‍  തൂക്കുവാനും തുടക്കുവാനും വരുമ്പോള്‍ കാണും, കുശലപ്രശ്‌നങ്ങള്‍ ഒക്കെ നടത്തും. കുശലപ്രശ്‌നം രണ്ടുമൂന്നു തരത്തിലാകാം. ഒന്ന്  വെറുതെ, ചുമ്മാ അങ്ങ് സുഖമാണോ എന്ന് ചോദിക്കാം, ചോദിക്കുന്ന ആള്‍ക്കൊരു സുഖം, ചോദ്യം കേട്ട ആളിന്റെ സുഖമോ സുഖക്കുറവോ അവരെ ബാധിക്കുന്നില്ല, അവര്‍ക്കു അതറിയേണ്ടതുമില്ല, പക്ഷെ എന്തെങ്കിലും ഒന്ന് ചോദിക്കേണ്ടേ അതിനു വേണ്ടി മാത്രം, മറ്റു ചിലര്‍ കുറച്ചു കുല്‌സിതരാണ്, ശരിക്കും 

To advertise here,

സുഖമാണോ എന്നറിയാന്‍ ചോദിക്കുന്നു, സുഖമാണെങ്കില്‍ സന്തോഷം, അല്ലെങ്കില്‍ നമ്മൊളൊടൊത്ത്  അവരും വിഷമിക്കും, മൂന്നാമത്തവര്‍ വെറുതെയല്ല ചോദിക്കുന്നത്, നമ്മുടെ സുഖമോ സുഖക്കുറവോ അല്ല പ്രശ്‌നം, അവര്‍ക്കു പക്ഷേ എന്തോ കാര്യമായി സാധിക്കാനുണ്ട്, അതിനുള്ള പ്രാരംഭ പണിയാണിത്, വെളുക്കെ ചിരിച്ചു കൊണ്ട് ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ലാതെയാണ്  സുഖമാണോ എന്ന് ചോദിക്കുന്നത്.

ഇവിടെ ദിവസക്കൂലിക്ക് ജോലിക്കു വരുന്ന സ്ത്രീകളെല്ലാം അപാരമായ സഹനങ്ങള്‍ ഏറ്റുവാങ്ങിയവരാണ്, അതിജീവനത്തിന്റെ മാതൃകകളാണ്, അവര്‍ക്കു ഈ ജോലി ടൈംപാസ്സല്ല, മറിച്ചു ജീവിതമാര്‍ഗ്ഗമാണ്. ഷീല ചേച്ചിയെ ഞാന്‍ പരിചയപ്പെടുമ്പോള്‍ അവര്‍  ചെറുപ്പമാണ്, പക്ഷെ ചെറുപ്പക്കാരിയായ ഒരു മകളുടെ അമ്മ കൂടിയാണ്, പിന്നീട് മകളെ കല്യാണം കഴിപ്പിച്ചു വിട്ടു, അവള്‍ക്ക് ഒരു മകനുമായി. മരുമകന് ഒരപകടം പറ്റി  കിടപ്പിലായതും, ചികില്‍സിച്ചു ഭേദമായതും ഒക്കെ അവര്‍ വിവരിക്കുമായിരുന്നു, പക്ഷേ പണമോ ഒന്നും ആവശ്യപ്പെട്ടിട്ടില്ലായിരുന്നു. സാമ്പത്തികമായി അവര്‍ ഞെരുക്കം അനുഭവിക്കുന്നു എന്ന് എനിക്ക് മനസ്സിലായിരുന്നു. 

അങ്ങനെയിരിക്കെ കോവിഡ് കാലമായി. എനിക്കും പണി കിട്ടി. കുറെയേറെ നാള്‍ വീട്ടിലിരുന്നതിനു ശേഷം കോളേജില്‍ എത്തിയപ്പോള്‍ ഷീലചേച്ചി വിശേഷങ്ങള്‍ ചോദിച്ചു വന്നിരുന്നു. അങ്ങനെ ഒരിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലേക്കു പോകാനായി കോളജ് ഗേറ്റിനടുത്തു നില്‍ക്കുകയായിരുന്നു ഞാന്‍. കോളേജിന്റെ ഒരു വശത്തുള്ള വീട്ടുമുറ്റത്തു വലിയ ഒരു അഗസ്ത്യച്ചീര (അഗത്തി ചീര) പൂത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആ വീടിന്റെ ടെറസില്‍  നിന്നും ഒരു നീളന്‍ തോട്ടി മുകളിലേക്കുയരുന്നതും പൂവുകള്‍ ഓരോന്നോരോന്നായി പറിക്കുന്നതും ഞാന്‍ പലപ്പോഴും വണ്ടി കാത്ത് നില്‍ക്കുമ്പോള്‍ കാണാറുണ്ടായിരുന്നു.

ഒരിക്കല്‍ ഇതേ കാഴ്ച്ച കണ്ടു നില്‍ക്കുമ്പോള്‍ എനിക്ക് പോകാനുള്ള വണ്ടിയെത്തി, കയറുവാന്‍ തുടങ്ങുമ്പോഴേക്കും ഒരു വലിയ പേപ്പര്‍ പാക്കറ്റുമായി എവിടെ നിന്നോ ഷീലച്ചേച്ചി ഓടിയെത്തി. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഷീലച്ചേച്ചിയാണ് ആ  വീടിന്റെ മുകളില്‍ തോട്ടിയുമായി നിന്നു പൂവ് പറിച്ചിരുന്നത് എന്ന്. പൊതി എന്റെ കയ്യില്‍ തന്നുകൊണ്ടു ചേച്ചി പറഞ്ഞു, 'കോവിഡൊക്കെ അല്ലെ മാഡം, ഇത്  തോരന്‍ വെച്ച് കഴിക്കൂ ആരോഗ്യത്തിന് വളരെ നല്ലതാ.'

അങ്ങനെ അന്നത്തെ അത്താഴം ചപ്പാത്തിയും അഗസ്ത്യച്ചീരയുമായിരുന്നു. പൂവ് വൃത്തിയാക്കുമ്പോഴും അരിയുമ്പോഴുമെല്ലാം ഞാന്‍ ചേച്ചിയെ പറ്റി ഓര്‍ത്തു, എന്തോരും അധ്വാനമാണ് അവരുടേത്, അവരുടെ മകള്‍ മരുമകന്‍ കൊച്ചുമകന്‍, ഇവരെയെല്ലാം പരിപാലിക്കുന്നു. മാനസികവും ശാരീരികവുമായി എത്രമാത്രം അലയുന്നുണ്ട് അവര്‍. ചില ജന്മങ്ങള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി അലഞ്ഞുകൊണ്ടേയിരിക്കും. ചീരത്തോരനും ചപ്പാത്തിയും നല്ല കോമ്പിനേഷന്‍ ആയിരുന്നു, പിറ്റേന്ന് ചോറിന്റെ കൂടെയും ഞങ്ങള്‍ അത് കഴിച്ചു, പൂവുകള്‍ തോരന്‍ വെക്കുമ്പോള്‍ ഒരുപാട് തീ വേണ്ട, ഒരുപാട് മസാലയും വേണ്ട, അതിന്റെ നൈര്‍മല്യം കളയണ്ട, പൂവല്ലേ, പാവമല്ലേ.