പ്രായം വെറും അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷൻ. 71-ാം വയസ്സിലും കൃത്യമായ വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്ന പിങ്കിയുടെ പുതിയ വർക്ക്ഔട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഡംബൽ സ്‌ക്വാട്ട് മുതൽ പ്ലാങ്ക് വരെ അനായാസം ചെയ്യുന്ന പിങ്കിയെ കണ്ട് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു, 'Mam's always tough'.
ബോളിവുഡിലെ ഏറ്റവും ഫിറ്റായ താരങ്ങളുടെ പട്ടികയിൽ വർഷങ്ങളായി ഇടംപിടിക്കുന്ന ഹൃത്വിക് റോഷന്റെ കരുത്തും അച്ചടക്കവും എവിടെ നിന്നാണ് വന്നതെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ഒരുപക്ഷേ ഈ വീഡിയോ തന്നെയാകാം. കാരണം, മകന്റെ ഫിറ്റ്‌നസ് യാത്രയ്ക്ക് പിന്നിലെ ഏറ്റവും വലിയ പ്രചോദനം അമ്മ പിങ്കി റോഷനാണെന്ന് ഹൃത്വിക് പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പിങ്കി റോഷൻ ചെയ്യുന്ന ഓരോ വ്യായാമവും ശ്രദ്ധേയമാണ്. ഡംബൽ സ്‌ക്വാട്ട്, ക്രോസ് ലഞ്ച്, സീറ്റഡ് ഡംബൽ ഷോൾഡർ പ്രസ്സ്, കെറ്റിൽബെൽ ബെന്റ്-ഓവർ റോ... തുടങ്ങി കരുത്തും ബാലൻസും ആവശ്യമായ വ്യായാമങ്ങളാണ് അവയെല്ലാം. എന്നാൽ ഏറ്റവും കൂടുതൽ കൈയടി നേടിയത് പ്ലാങ്ക് പ്രകടനത്തിനാണ്. 71-ാം വയസിലും മികച്ച നിയന്ത്രണത്തോടെയും സ്റ്റാമിനയോടെയും പ്ലാങ്ക് ചെയ്യുന്ന പിങ്കിയെ കണ്ട് നിരവധി പേർ അത്ഭുതം പ്രകടിപ്പിച്ചു. 
വീഡിയോയ്ക്കൊപ്പം അവർ പങ്കുവെച്ച ക്യാപ്ഷനും ശ്രദ്ധേയമായി. 'Head, Heart, Hand എന്ന മൂന്ന് H-കളെ ഒന്നിപ്പിക്കൂ. മനസ്സും ഹൃദയവും പ്രവൃത്തിയും ഒരുമിച്ചാൽ ജീവിതം സന്തുലിതമാകും. സ്വയം വിശ്വസിക്കൂ,' എന്നാണ് പിങ്കി കുറിച്ചത്. 

ബോളിവുഡിൽ ശരീരസൗന്ദര്യത്തിന്റെയും ഫിറ്റ്‌നസിന്റെയും പ്രതീകമാണ് ഹൃത്വിക് റോഷൻ. ഓരോ സിനിമയ്ക്കുമനുസരിച്ച് ശരീരം മാറ്റിമറിക്കുന്ന അദ്ദേഹത്തിന്റെ അച്ചടക്കത്തിന് പിന്നിൽ വർഷങ്ങളുടെ പരിശീലനവും കൃത്യമായ ജീവിതക്രമവുമുണ്ട്. അതിന്റെയെല്ലാം അടിത്തറ വീട്ടിൽ നിന്നുതന്നെയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

പിങ്കി റോഷനും ഭർത്താവ് രാകേഷ് റോഷനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നതാണ് തനിക്കും പ്രചോദനമായതെന്ന് ഹൃത്വിക് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ ഓരോ ഫിറ്റ്‌നസ് പോസ്റ്റും അദ്ദേഹത്തിന്റെ ആരാധകരും ഏറ്റെടുക്കാറുണ്ട്.

വീഡിയോ വൈറലായതോടെ കമന്റ് ബോക്‌സും നിറഞ്ഞു. ഹൃത്വിക്കിന്റെ മുൻ ഭാര്യ സൂസൻ ഖാന്റെ സഹോദരി ഇറ ഖാൻ 'Woohoo' എന്ന് കമന്റ് ചെയ്തപ്പോൾ, മറ്റുള്ളവർ 'നിങ്ങളുടെ സ്ഥിരതയാണ് ഏറ്റവും വലിയ പ്രചോദനം', 'ഇതാണല്ലോ യഥാർഥ ഫിറ്റ്‌നസ് ഗോൾ', 'Mam's always tough' എന്നിങ്ങനെ അഭിനന്ദനങ്ങളറിയിച്ചു.

പിങ്കി റോഷന്റെ വീഡിയോ ഒരു സെലിബ്രിറ്റി വർക്കൗട്ട് ക്ലിപ്പ് മാത്രമല്ല. ആരോഗ്യം സംരക്ഷിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്നും പ്രായം ഒരു തടസമല്ലെന്നും ഓർമ്മിപ്പിക്കുന്ന ഒരു സന്ദേശം കൂടിയാണ്. ശരീരത്തെ കരുത്തുറ്റതാക്കുന്നതിനൊപ്പം മനസ്സിനെയും ആരോഗ്യകരമായി നിലനിർത്താൻ കൃത്യമായ വ്യായാമവും അച്ചടക്കവും എത്ര പ്രധാനമാണെന്ന് പിങ്കി വീണ്ടും തെളിയിച്ചിരിക്കുന്നു.
അതേസമയം, ആലിയ ഭട്ടും ബോബി ഡിയോളും പ്രധാന വേഷങ്ങളിലെത്തുന്ന 'ആൽഫ' എന്ന ചിത്രത്തിലെ ഹൃത്വിക് റോഷന്റെ അതിഥി വേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi