ഇഷ്ടമുള്ളത് വീട്ടിലിരുന്നുതന്നെ തിരഞ്ഞെടുത്ത് മിനിട്ടുകള്‍ക്കോ ദിവസങ്ങള്‍ക്കോ അകം സാധനം കൈപ്പറ്റുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് ഇന്ന് ഏവരുടെയും ശീലമായി മാറിക്കഴിഞ്ഞു. ഷോപ്പിങ്ങ് സൈറ്റുകളുടെ വിഷ്‌ലിസ്റ്റിലും ആഡ് ടു കാര്‍ട്ടിലും കെട്ടികിടക്കുന്ന നിരവധി സാധനങ്ങള്‍ തരം പോലെ വാങ്ങിക്കൂട്ടുന്നവരാണ് നമ്മളെല്ലാവരും. പൊതുസ്ഥലത്ത് വെച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരുന്നതിന്റെ സമ്മര്‍ദം ഇല്ലാതാക്കാനും, ആള്‍ക്കൂട്ടത്തെ പേടിക്കുന്നവര്‍ക്കും യാത്ര ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇ-ഷോപ്പിങ്ങ് തിരഞ്ഞെടുക്കുന്നവരാണധികവും. വ്യാപകമായ ഈ ഓണ്‍ലൈന്‍ ഷോപ്പിങ്ങും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സാധനം വാങ്ങുന്നത് സന്തോഷം തരുന്ന കാര്യമാണെന്നിരിക്കെ കടകണ്ടുപിടിക്കലും വിലപേശലും കടക്കാരനുമായുള്ള സംസാരവും പലപ്പോഴും മടുപ്പുളവാക്കുന്ന കാര്യമായി മാറാം. എന്നാല്‍ ഇടനിലക്കാരനില്ലാതെ എളുപ്പത്തില്‍ സാധനം വാങ്ങാനുള്ള സാധ്യതയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇന്ന് ഇത്ര പ്രചാരമേറാന്‍ കാരണം. കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ സ്വകാര്യതയും സൗകര്യവും ഇത് നല്‍കുന്നു. തടസങ്ങളില്ലാതെ എളുപ്പത്തില്‍ സാധനം വാങ്ങുന്നതിലൂടെ ഡോപമിന്റെ അളവ് കൂടുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍ മറ്റുചിലർക്ക് ഈ ശീലം സന്തോഷത്തിനുപകരം ആശ്വാസമാണ് നൽകുന്നത്. സാമൂഹിക ഉത്കണ്ഠ (social anxiety) ആളുകളെ പൊതുസ്ഥലങ്ങളിലെ ഇടപെടലുകൾ ഒഴിവാക്കാന്‍ പ്രേരിപ്പിക്കും. സമ്മര്‍ദം മറികടക്കാനുള്ള ഒരു മാര്‍ഗമായി ഓൺലെെൻ ഷോപ്പിങ് ചെയ്യാനുള്ള ഈ പ്രവണതയാണ് കംപള്‍സീവ് ബയിങ് ഡിസോര്‍ഡര്‍ (Compulsive buying disorder). ഇതൊരു ക്ലിനിക്കല്‍ ഡിപ്രഷന്റെ ലക്ഷണം കൂടിയാകാം. അത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് ഒരു ചെറിയ ആശ്വാസം നല്‍കിയേക്കാം.

ഓണ്‍ലൈന്‍ ഷോപ്പിങ് ഇഷ്ടപ്പെടുന്നവര്‍ സൗകര്യം, സമയം, സാമ്പത്തിക ക്ഷമത എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നവരാണെന്നും പറയപ്പെടുന്നു. ആളുകള്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ അറിവ് നേടുന്നതായും വിലയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാനും ഇത്തരം ഷോപ്പിങ് സഹായിക്കുന്നു.

എന്നാല്‍ ചെലവഴിക്കുന്നതിന്റെ കുറ്റബോധം ഇല്ലാതാക്കാനായി ഓണ്‍ലൈന്‍ ഷോപ്പിങ് തിരഞ്ഞെടുക്കുന്നവരുമുണ്ട്. ഏതാനും ക്ലിക്കുകളില്‍ സാധനം വാങ്ങുന്ന ഈ ഷോപ്പിങ് രീതി ചെലവഴിക്കുന്ന പണത്തെക്കുറിച്ചുള്ള ബോധം ആളുകളിൽ ഉണ്ടാക്കുന്നില്ല, അത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും കാലക്രമേണ ഈ രീതി നിങ്ങളെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിയിട്ടേക്കാം.

അമിതച്ചെലവ് കുറച്ച് ക്യത്യമായ രീതിയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യാന്‍ ചില വഴികള്‍

  • മുന്‍കൂട്ടി ആസൂത്രണം ചെയ്ത് സാധനങ്ങള്‍ വാങ്ങുക. എന്തെങ്കിലും വാങ്ങുന്നതിന് മുന്‍പ് ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതനുസരിച്ച് മാത്രം വാങ്ങുക. ഇത് അനാവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള പ്രവണത കുറയ്ക്കാൻ സഹായിക്കുന്നു.
  • എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക. അത് പണത്തിനൊത്ത മൂല്യമുള്ളതാണോ എന്ന് ഉറപ്പാക്കാന്‍ റിവ്യൂകള്‍ വായിക്കുകയും ചെയ്യാം.
  • ഒരു ബഡ്ജറ്റ് നിശ്ചയിക്കുക. നിങ്ങളുടെ അത്യാവശ്യ ചെലവുകള്‍ക്ക് ആവശ്യമായ ഒരു തുക മാറ്റിവെച്ചശേഷം മാത്രം ഷോപ്പിങ്ങിനായി പണം കരുതുക.
  • വിലകൂടിയ സാധനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ലിസ്റ്റ് തയ്യാറാക്കുക. വിലകൂടിയ എല്ലാ സാധനങ്ങളുടെയും പേര് എഴുതി വെക്കുകയും ഒരു മാസത്തിനുശേഷം മാത്രം അത് വാങ്ങുകയും ചെയ്യുക.
  • എന്തിനാണ് നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നത് എന്ന് പരിശോധിക്കുക. ജോലിസ്ഥലത്തോ വീട്ടിലോ ഉള്ള പ്രശ്‌നങ്ങളാണോ നിങ്ങളുടെ ഷോപ്പിങ് ശീലത്തെ സ്വാധീനിക്കുന്നതെന്ന് കൃത്യമായി മനസിലാക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi