
കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണമാണ് പല ജോലിസ്ഥാപനങ്ങളിലെയും അമിതജോലിഭാരത്തെപ്പറ്റിയുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ജോലിഭാരമേൽപ്പിച്ച കമ്പനിയാണ് തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ചെയര്‍മാന് അമ്മ അനിത അയച്ച കത്തിലൂടെയായിരുന്നു അന്നയുടെ മരണകാരണം ലോകമറിഞ്ഞത്.
പുതുതായി ജോലിക്കെത്തുന്നവരെ അമിത ജോലിഭാരം നല്‍കി, മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന ധാരാളം ജോലിസ്ഥാപനങ്ങള്‍ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ തികയാത്ത തുച്ഛമായ ശമ്പളത്തിനുവേണ്ടി രാപകലുകളില്ലാതെ ജോലി ചെയ്യുന്ന ധാരാളംപേരും. അടിസ്ഥാന ശമ്പളം പോലും ലഭിക്കാതിരുന്നിട്ടും പേരിനെങ്കിലുമൊരു ജോലി എന്ന രീതിയിലാണ് അധികമാളുകളും ജീവന്‍ ഹോമിച്ച് ജോലി ചെയ്യുന്നത്. ഇത് മുതലെടുക്കുകയാണ് വര്‍ക്ക് സ്‌പേസ് സേഫ്റ്റിയോ, ഇന്റേണല്‍ കംപ്ലയന്‍സ് കമ്മിറ്റിയോ പ്രവര്‍ത്തിക്കാത്ത കമ്പനികള്ളൾ. അമിത ജോലി ഭാരത്തെ തിരിച്ചരിയാതെ പോകരുത്, അതിജീവിക്കേണ്ടത് നിങ്ങളാണ്.
തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദവും ബേണ്‍ ഔട്ടും
ഒരു വ്യക്തിക്ക് താങ്ങാനാവുന്നതിലുമധികം ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ് തൊഴിലിടങ്ങളിലെ സ്‌ട്രെസ്സിന് കാരണം. തൊഴിലുമായി ബന്ധപ്പെട്ട സ്‌ട്രെസ്സ് സാധാരണമാണ്. എന്നാല്‍ ഒരു പരിധി കഴിയുമ്പോള്‍ അത് ബേണ്‍ ഔട്ട് ആയി മാറുന്നു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ജോലി സ്‌ട്രെസ്സ് കാരണം മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളര്‍ച്ചയാണ് ബേണ്‍ ഔട്ട്. അമിത ജോലിഭാരം, ജോലി ചെയ്തുതീര്‍ക്കാന്‍ ആവശ്യത്തിന് സമയമില്ലാത്ത അവസ്ഥ, ജോലിസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുള്ള പിന്തുണക്കുറവ്, സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ എന്നിവ ബേണ്‍ ഔട്ടിന് കാരണമാകാം.
- നിരന്തരം അനുഭവപ്പെടുന്ന ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനാകാത്ത അവസ്ഥ
- ചെയ്യുന്ന ജോലിയോടും സഹപ്രവര്‍ത്തകരോടും സ്ഥാപനത്തോടും നീരസത്തോടെയുള്ള സമീപനം, എപ്പോഴും കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന പ്രവണത
- ചെയ്യുന്ന ജോലിക്ക് യാതൊരു അര്‍ഥവുമില്ലെന്ന തോന്നല്‍, ഈ ചിന്ത കാരണം നമ്മുടെ പ്രവര്‍ത്തനക്ഷമത കുറയുകയും ഒരു നേട്ടവും ഉണ്ടാവുന്നില്ല എന്ന തോന്നല്‍ കൂടുകയും ചെയ്യുന്നു.
എന്നിവയാണ് ബേണ്‍ ഔട്ടിന്റെ പ്രധാന ലക്ഷണങ്ങള്‍. വേണ്ട വിധം പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന അവസ്ഥയാണിത്. ജോലിയിലെ പ്രകടനം മോശമാവുകയും, ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും, ആരോഗ്യം മോശമാവുകയും ചെയ്യാം. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉയരുകയും ചെയ്യുന്നു.
ബേണ്‍ ഔട്ട് വഴിവെക്കുന്ന പ്രശ്‌നങ്ങള്‍
വൈകാരികവും ബൗദ്ധികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ, സ്വഭാവത്തിലും ബേണ്‍ ഔട്ട് സാരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
വൈകാരിക മാറ്റം: ജോലി ചെയ്യണമെന്ന് സ്വയമുണ്ടാവുന്ന തോന്നല്‍ ബേണ്‍ ഔട്ട് ഉണ്ടാവുമ്പോള്‍ നഷ്ടമായേക്കാം. അതോടെ ജോലിയില്‍ തുടരേണ്ട ആത്മാര്‍ഥതയും ഇഷ്ട ജോലികള്‍ ചെയ്യുമ്പോഴുണ്ടാവേണ്ട സന്തോഷവും ഇല്ലാതായി ആശങ്ക, ദേഷ്യം, ഒറ്റപ്പെടല്‍, നിസ്സഹായാവസ്ഥ എന്നിവയ്ക്കും കാരണമാവാം. സ്വന്തം നേട്ടങ്ങളില്‍പോലും സന്തോഷിക്കാത്ത അവസ്ഥയിലേക്കും എത്താം.
ചിന്തകളിലെ മാറ്റം: ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റുപോലും വലിയ കാര്യമാക്കും. സഹപ്രവര്‍ത്തകരില്‍നിന്നും മാറി ഒറ്റയ്ക്കിരിക്കാനുള്ള പ്രവണതയും കാണിക്കാം. ഓര്‍മ്മക്കുറവ്, തീരുമാനങ്ങളെടുക്കുന്നതിലെ പിഴവുകള്‍, ആത്മവിശ്വാസക്കുറവ് എന്നിവ പോകെപ്പോകെ കൂടിക്കൂടിവരും.
സ്വഭാവത്തിലെ മാറ്റം: ഏൽപ്പിച്ച ജോലി പിന്നേക്ക് മാറ്റിവയ്ക്കുന്ന പ്രവണത, ഫലപ്രദമായി ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയാതെ വരിക, ഇതുവഴി തൊഴില്‍ക്ഷമത കുറയുക. സ്ഥിരമായി ചെയ്തിരുന്ന നിസാരജോലികള്‍ പോലും ചെയ്തുതീര്‍ക്കാനുള്ള ബുദ്ധിമുട്ട്
ശാരീരികമായ മാറ്റങ്ങള്‍: കടുത്ത ക്ഷീണം, തളര്‍ച്ച, പേശിവേദന, തലവേദന, വയറിലെ അസ്വസ്ഥതകള്‍, അണുബാധകള്‍, ഉറക്കക്കുറവ്. കൂടുതല്‍ ഗുരുതരമായാല്‍ ഉദരരോഗങ്ങള്‍ക്കും ചില ത്വക്കു രോഗങ്ങള്‍ക്കും വരെ അത് കാരണമാകാം.
എല്ലാ കാര്യവും കുറ്റമറ്റതും പെര്‍ഫെക്ടുമാവണമെന്ന് വാശിപിടിക്കുന്ന പെര്‍ഫെക്ഷനിസ്റ്റുകള്‍, ജോലിയെ ഒരു ലഹരിപോലെ കാണുന്ന വര്‍ക്കഹോളിക്കുകള്‍, സ്വന്തമായി അതിരുകള്‍ നിര്‍ണയിക്കാതെ മറ്റുള്ളവരെ തന്നോട് എങ്ങനെവേണമെങ്കിലും പെരുമാറാന്‍ അനുവദിക്കുന്നവര്‍ എന്നിവരില്‍ ബേണ്‍ ഔട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളോടും പുതിയ സാഹചര്യങ്ങളോടും പൊരുത്തപ്പെടാനാകാത്തവര്‍, എപ്പോഴും ജോലിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, വ്യക്തിജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കും ബേണ്‍ ഔട്ടിനുള്ള സാധ്യത കൂടുതലാണ്. ടോക്‌സിക്കായ തൊഴിലന്തരീക്ഷം, അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ ലഭിക്കാത്ത അവസ്ഥ, സ്വന്തം അഭിപ്രായങ്ങള്‍ക്ക് വില ലഭിക്കാതിരിക്കുക, സ്വന്തം നിലപാടുകളും മറ്റുമായുള്ള സംഘര്‍ഷം എന്നിവ മനസികസമ്മര്‍ദ്ദവും ബേണ്‍ ഔട്ടും കൂടുതലാക്കും. അതുകൊണ്ടുതന്നെ, വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും ബേണ്‍ ഔട്ടിനു വഴിയൊരുക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി പരിഹരിക്കണം.
ബേണ്‍ ഔട്ട് പരിഹാരിക്കാനുള്ള വഴികള്‍
ബേണ്‍ ഔട്ട് ഇല്ലാതാക്കാന്‍ തൊഴിലിടങ്ങളില്‍ മാറ്റം വരണം. ജോലി ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തിയും, ആവശ്യത്തിന് ഇടവേളകള്‍ എടുത്തും, ഓവര്‍ടൈം ജോലി ചെയ്യുന്നത് കുറച്ചുകൊണ്ടും ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കാം. സമയക്രമീകരണത്തിലൂടെ മികച്ച തീരുമാനങ്ങളെടുക്കാനും പ്രശ്‌നപരിഹാരത്തിനുമുള്ള കഴിവ് സ്വായത്തമാക്കണം. സെല്‍ഫ് കെയറിനാണ് പ്രാധാന്യം നല്‍കേണ്ടത്. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കാം. മനസ്സും ശരീരവും റിലാക്‌സ് ആവാനുള്ള വഴികള്‍ കണ്ടെത്താം. ആഹാരശീലത്തിലും മാറ്റം വരുത്താം. വീട്ടിലും ജോലി സ്ഥാപനത്തിലും മാനസ്സിക, വൈകാരിക പിന്തുണ നല്കുന്നവരുമായി ആരോഗ്യപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാം. മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ല ഉറക്കവും അനിവാര്യമാണ്.
വ്യക്തിയില്‍ മാത്രം മാറ്റങ്ങള്‍ വരുത്തിയാല്‍ ബേണ്‍ ഔട്ടിന് പൂര്‍ണപരിഹാരമാവില്ല. ആരോഗ്യപരമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ ജോലി സ്ഥാപനത്തിന് വലിയ പങ്കുണ്ട്. തൊഴിലിടങ്ങളിലെ തീരുമാനങ്ങളെടുക്കുമ്പോള്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ജീവനക്കാർക്കിടയിൽ പോസിറ്റീവും ഹെൽത്തിയുമായ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാം. ആശയവിനിമയം, പരസ്പരബഹുമാനം, ജീവനക്കാരുടെ ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന തൊഴിലിടം സൃഷ്ടിക്കാനാണ് സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കേണ്ടത്.
ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒക്കുപേഷണല്‍ തെറാപ്പി
ജോലിയിലെ സ്‌ട്രെസ്സും ബേണ്‍ ഔട്ടും ഒക്കുപ്പേഷണല്‍ തെറാപ്പിയിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. ജീവിതവും തൊഴിലും തമ്മിലുള്ള സന്തുലിതാവസ്ഥ അഥവാ വര്‍ക്ക്-ലൈഫ് ബാലന്‍സ് ഉണ്ടാക്കാനുള്ള വഴികളും ഒക്കുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും സൈക്കോളജിസ്റ്റുകള്‍ക്കും നിര്‍ദ്ദേശിക്കാനാവും. ബേണ്‍ ഔട്ട് കുറയ്ക്കാന്‍ വിദഗ്ധര്‍ക്ക് എന്തെല്ലാം സഹായം ചെയ്യാനാവുമെന്ന് നോക്കാം.
- ഫലപ്രദമായ തെറാപ്പിയിലൂടെ ജോലിയില്‍ തനിക്ക് സാധിക്കുന്നതരം ടാര്‍ഗെറ്റുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുകയും അതിലൂടെ അനാവശ്യ തിരിച്ചടികള്‍ ഒഴിവാക്കാനുമാവും.
- ഓരോ വ്യക്തിയിലും സ്ട്രെസ് ഉണ്ടാക്കുന്ന കാരണങ്ങള്‍ (ട്രിഗറുകള്‍) വ്യത്യസ്തമാണ്. അവ കണ്ടെത്തി, അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ട വിധം നിര്‍ദ്ദേശിക്കാന്‍ തെറാപ്പിയിലൂടെ സാധിക്കും.
- ജോലിഭാരം ബാലന്‍സ് ചെയ്യാനും സ്‌ട്രെസ്സ് കുറക്കാനും ഈസന്‍ഹോവര്‍ മെട്രിക്‌സ് (Eisenhower Matrix) പോലുള്ള വഴികള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ചെയ്യാനുള്ള ഓരോ ജോലിയും അവയുടെ പ്രാധാന്യത്തിനും ആവശ്യകതയ്ക്കും അനുസരിച്ച് വെവ്വേറെ പരിഗണിക്കുന്ന രീതിയാണിത്.
- മനസ്സിന് ആശ്വാസമേകുന്ന ധ്യാനം, പ്രോഗ്രസീവ് മ്യൂസിക് റിലാക്‌സേഷന്‍, മൈന്‍ഡ്ഫുള്‍നെസ്സ് ട്രെയിനിങ് തുടങ്ങിയ വഴികള്‍ സ്വീകരിക്കാം.
- ജോലിക്കൊപ്പം വിശ്രമത്തിനും വിനോദത്തിനും സമയം കണ്ടെത്താം. ജോലിക്കൊപ്പംതന്നെ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും വിശ്രമവേളകള്‍ കണ്ടെത്താനും പ്രത്യേക പ്ലാനിങ് ആവശ്യമാണ്. സെല്‍ഫ് കെയര്‍, പ്രൊഡക്ടിവിറ്റി, വിനോദം, വിശ്രമം എന്നിവയ്ക്കിടയില്‍ ആരോഗ്യകരമായ ഒരു ബാലന്‍സ് കണ്ടെത്താന്‍ തെറാപ്പിസ്റ്റുകള്‍ സഹായിക്കും.
- ജോലി സ്ഥാപനങ്ങളും തെറാപ്പിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ആരോഗ്യമുള്ള തൊഴിലന്തരീക്ഷം സൃഷ്ടിക്കാനും, ജീവനക്കാര്‍ക്കിടയില്‍ അടുപ്പവും ആശയവിനിമയവും വര്‍ധിപ്പിക്കാനും, പരസ്പരം അഭിനന്ദിക്കാനും പിന്തുണ നല്‍കാനുമെല്ലാം ഇത് സഹായിക്കും. സഹപ്രവര്‍ത്തകരുമായും മാനേജര്‍മാരുമായുമുള്ള തുറന്ന സംസാരങ്ങള്‍ക്ക് ഇടമൊരുക്കണം.
- സമൂഹവുമായി ഇടപഴകാനുള്ള കഴിവ് വികസിപ്പിച്ചെടുക്കാം. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കാം.
- ജോലിയെ പോസിറ്റീവ് രീതിയില്‍ സമീപിക്കാന്‍ കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയിലൂടെ സാധിക്കും.
- സ്വന്തം കഴിവുകളെക്കുറിച്ച് തിരിച്ചറിയാന്‍ സഹായിക്കുന്ന നിരവധി സൈക്കോതെറാപ്യൂട്ടിക്ക് രീതികള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിലൂടെ ഇമോഷണല്‍ ഇന്റലിജന്‍സ് വളര്‍ത്തിക്കൊണ്ട് നമ്മുടെ വികാരങ്ങളെ കൂടുതല്‍ നന്നായി നിയന്ത്രിക്കാന്‍ കഴിയും.
വൈകിപ്പോകുന്നതിന് മുന്‍പേ ബേണ്‍ ഔട്ട് തിരിച്ചറിയാം
വ്യക്തിജീവിതത്തെയും കരിയറിനെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ് തൊഴിലിടത്തിലെ സംഘര്‍ഷങ്ങള്‍. അതിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് സഹായം തേടേണ്ടത് മാനസ്സിക-ശാരീരികാരോഗ്യത്തിന് പ്രധാനമാണ്. പ്രൊഫഷണലുകളുടെ സഹായത്തോടെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും ബാലന്‍സ് കണ്ടെത്താനും ബേണ്‍ ഔട്ട് പ്രതിരോധിക്കാനും കഴിയും.
തയ്യാറാക്കിയത്:
ഡോ. ലിഷ പി ബാലന്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഒക്കുപേഷണല്‍ തെറപ്പിസ്റ്റുകള്‍:
അനഖ പിഷാരടി, നിവേദിത വര്‍മ്മ, ബിയോണ റേച്ചല്‍
പ്രയത്‌ന, കൊച്ചി
Content Highlights: occupational therapy for work pressure
Published: 25 Sept 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented