“ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എന്നെ വിശ്വസിച്ചവരെയൊന്നും സന്തോഷിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല.”
ഒ. പി. യിലേക്ക് കയറി വന്ന ശ്രീലക്ഷ്മി ടീച്ചറാണ് ആ കുറിപ്പ് എന്റെ കയ്യിലേക്ക് തന്നത്. ഒപ്പമുള്ളത് മകനാണ്. പേര് അരുണ്‍. അവനെഴുതിയ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളാണിത്. ഒ. പി യിലേക്ക് കടന്ന് വരുമ്പോള്‍ അരുണിന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ന്യൂജെന്‍ ജോലികള്‍ക്ക് ലഭിക്കുന്ന ട്രെയിനിങ്ങിന്റെ ഭാഗമായി ശീലിച്ചതായിരിക്കണം ആ ചിരി. ചുണ്ടുകളില്‍ ചിരിവിരിഞ്ഞെങ്കിലും ആ പുഞ്ചിരി കണ്ണുകളില്‍ പ്രതിഫലിച്ചില്ല എന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭംഗിയായി വസ്ത്രം ധരിച്ചിട്ടുണ്ട്. പെരുമാറ്റത്തില്‍ വിനയമുണ്ട്, ആദ്യത്തെ ചിരിക്ക് ശേഷം അദ്ദേഹം എന്റെ മുഖത്ത് നിന്ന് കണ്ണുകളെടുത്തു, തറയിലേക്കായി തുടര്‍നോട്ടം.
ടീച്ചറാണ് കാര്യങ്ങള്‍ പറഞ്ഞത്. പഠനത്തില്‍ അവന്‍ മിടുക്കനാണ്. സ്പോര്‍ട്സിലും കലാപരിപാടികളിലുമൊക്കെ സജീവം. ബിടെക്ക് കഴിഞ്ഞ ഉടന്‍ തന്നെ ബാംഗ്ലൂരില്‍ ഐടി കമ്പനിയില്‍ ജോലി ലഭിച്ചു. മികച്ച ശമ്പളം, അവിടെ തന്നെ ഒരു ഫ്ളാറ്റെടുത്തു. കൃത്യമായി അമ്മയ്ക്ക് പണമയച്ച് കൊടുക്കും. അച്ഛമ്മയായിരുന്നു അവന് ഏറ്റവും പ്രിയപ്പെട്ട വ്യക്തി. ദിവസവും രാത്രി അച്ഛമ്മയോട് ഫോണില്‍ സംസാരിക്കും. കൃത്യമായ ഇടവേളകളില്‍ വീട്ടിലേക്ക് ലീവിന് വരും. ജോലിക്ക് കൃത്യമായി നിര്‍ണ്ണയിച്ച ടാർഗറ്റുകളുണ്ട്. ഓരോ തവണയും അവന്‍ ടാര്‍ജറ്റ് അനായാസേന കീഴടക്കി, ദീര്‍ഘങ്ങളായ മീറ്റിങ്ങുകള്‍ ഊര്‍ജ്ജസ്വലതയോടെ അറ്റന്റ് ചെയ്തു. ഓരോ തവണ ടാർഗറ്റ് കീഴടക്കുമ്പോഴും കമ്പനി അവന്റെ മുന്നില്‍ പുതിയ ലക്ഷ്യങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ആദ്യകാലത്തെ ആവേശം അവന് സാവധാനത്തില്‍ നഷ്ടപ്പെട്ടുതുടങ്ങി. ലക്ഷ്യം പലപ്പോഴും കീഴടക്കാന്‍ സാധിക്കാതെ അകന്നുകൊണ്ടിരുന്നു.
ദിവസേനയുള്ള അച്ഛമ്മയ്ക്കുള്ള ഫോണ്‍വിളികള്‍ കുറഞ്ഞ് തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിക്കാനാരംഭിച്ചത്. അരുണിന്റെ ജോലിയുടെ സ്വഭാവവും വെല്ലുവിളികളുമെല്ലാം അറിയുന്നതിനാലാണ് അമ്മ അവനോട് വേഗം തിരിച്ച് വരാനാവശ്യപ്പെട്ടത്. അപ്പോഴേക്കും അവന്റെ ജോലി ഏറെക്കുറെ നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തിയിരുന്നു. കുറച്ച് നാളുകള്‍ ജോലിയില്‍ നിന്ന് മാറിനിന്നാല്‍ എല്ലാം താനേ ശരിയാകും എന്ന ചിന്തയില്‍ അവന്‍ ജോലി രാജിവെച്ചു. കുറേ നാളുകള്‍ വെറുതെ ഇരുന്നപ്പോഴേക്കും അവന്റെ മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഒന്നിലും താല്‍പര്യമില്ലാത്ത അവസ്ഥ, മറ്റുള്ളവര്‍ക്ക് മുഖം കൊടുക്കുന്നില്ല, ആരോടും സംസാരിക്കുന്നില്ല, ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ശ്രീലക്ഷ്മി ടീച്ചര്‍ പറഞ്ഞ് നിര്‍ത്തി.
അരുണിന്റെ അവസ്ഥ അത്ര അപൂര്‍വമായതൊന്നുമല്ല. പൊതുവെ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ അമിതമായി ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യും. പക്ഷേ, അരുണിന്റെ കാര്യത്തില്‍ ഇത് രണ്ടുമില്ല. പകരം നിശ്ശബ്ദതയും മൗനവുമാണുള്ളത്. അത് അത്ര നല്ല ലക്ഷണമല്ല. അതിന്റെ സൂചനയാണ് ടീച്ചര്‍ എനിക്ക് ആദ്യം കൈമാറിയ എഴുത്തിലുള്ളത്.
അവരുമായി കുറച്ചധികം സമയം സംസാരിച്ചു. തൊഴില്‍പരമായ സമ്മര്‍ദത്തിന്റെയും യാഥാര്‍ത്ഥ്യബോധമില്ലാത്ത കോര്‍പ്പറേറ്റ് ജീവിതശൈലിയുടേയും, സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടുപോകുന്നു എന്ന ഭയത്തിന്റെയുമൊക്കെ ഭാഗമായി ഉടലെടുത്ത സങ്കീര്‍ണ്ണമായ ഡിപ്രസീവ് ഡിസോര്‍ഡറാണ് അദ്ദേഹത്തിന്റെത്. ന്യൂജെന്‍ ജോലി ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് ഈ ഒരു മാനസികാവസ്ഥ സംഭവിക്കാറുണ്ട്. വളരെ കുറച്ചുപേര്‍ ചികിത്സ തേടി അവസ്ഥയെ അതിജീവിക്കും. ഭൂരിഭാഗം പേരും അസുഖത്തിന്റെ ഭാഗമായി ജീവിതത്തിന്റെ സന്തോഷങ്ങളെ നശിപ്പിക്കുകയും ചെയ്യും. കാര്യത്തിന്റെ ഗൗരവവും ചികിത്സയുടെ പ്രാധാന്യവും ഇരുവരേയും പറഞ്ഞ് മനസ്സിലാക്കി.
ചികിത്സ
രണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് അരുണിന് ചികിത്സ പൂര്‍ത്തീകരിച്ചത്. ഇതില്‍ ആദ്യഘട്ടം കോഗ്‌നറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സി ബി ടി) യായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലുള്ള നെഗറ്റീവ് ചിന്തകളെ പിഴുതെടുക്കുകയായിരുന്നു ലക്ഷ്യം.
'ഞാന്‍ മികച്ചവനല്ല'
'ഞാന്‍ പരാജിതനാണ്'
'എനിക്ക് ജീവിതത്തില്‍ ഒന്നും നേടാന്‍ സാധിച്ചില്ല'
'എന്റെ മാതാപിതാക്കള്‍ ഞാന്‍ കാരണം ദു:ഖിക്കുന്നു'
'എന്റെ ജീവിതം കൊണ്ട് യാതൊരു കാര്യവുമില്ല'
എന്ന് തുടങ്ങി അദ്ദേഹത്തിന്റെ മനസ്സില്‍ വേരുടക്കി നിന്നിരുന്ന ചിന്തകളെയൊക്കെ പിഴുത് മാറ്റാന്‍ ഈ ഘട്ടത്തില്‍ സാധിച്ചു. ആഴ്ചകള്‍ സമയമെടുത്താണ് ഇത് സാധിച്ചത്. അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തിറങ്ങുവാനും, മറ്റുള്ളവരുമായി സംസാരിച്ച് തുടങ്ങുവാനുമൊക്കെ ഈ ഘട്ടത്തില്‍ അദ്ദേഹം പ്രാപ്തനായി മാറി.
മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ഇതിന്റെ ഭാഗമായി പ്രയോഗിച്ചിരുന്നു. താരതമ്യേന ഡോസ് കുറഞ്ഞ എസ്.എസ്.ആര്‍.ഐ (Selective Serotonin Reuptake Inhibitor) ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൂഡ് മാറ്റിയെടുത്തു. മരുന്ന് കഴിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ അദ്ദേഹത്തിന് വിമുഖതയുണ്ടായിരുന്നു. 'ഞാന്‍ അഡിക്ടായിപ്പോകുമോ ഡോക്ടര്‍?' എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംശയം. ഇത് മയക്കുമരുന്നല്ലെന്നും തലച്ചോറിന്റെ രസതന്ത്രം നേരെയാക്കാനുള്ള മരുന്നാണെന്നും അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ അല്‍പസമയമെടുത്തു. എങ്കിലും സാവധാനം അദ്ദേഹം അതുമായി പൊരുത്തപ്പെടുകയും മരുന്ന് കഴിച്ചുതുടങ്ങുകയും ചെയ്തു. ജീവിതശൈലിയിലും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചു. വ്യായാമങ്ങളും ഭക്ഷണക്രമീകരണങ്ങളുമൊക്കെ ഇതിന്റെ ഭാഗമായി അദ്ദേഹം ശീലിച്ചു.
ഏതാണ്ട് ഒരു ആറാഴ്ച കഴിഞ്ഞ ശേഷമാണ് അരുണും അമ്മയും പിന്നീട് ഒ.പി.യില്‍ വന്നത്. വലിയ മാറ്റങ്ങള്‍ തന്നെ ഈ കാലയളവിനിടയില്‍ സംഭവിച്ചിരിക്കുന്നു. നഷ്ടപ്പെട്ട ജോലി അദ്ദേഹത്തിന് തിരികെ ലഭിച്ചു. അടുത്ത ദിവസം ബാംഗ്ലൂരിലേക്ക് തിരികെ പോകും. സത്യത്തില്‍ അരുണിന്റെ അമ്മയെയാണ് ഇവിടെ അഭിനന്ദിക്കേണ്ടത്. അവര്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ന്യൂജെന്‍ തൊഴിലിടങ്ങളില്‍ അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ പൊലിഞ്ഞുപോകുന്ന അനേകായിരങ്ങളില്‍ ഒന്ന് മാത്രമായി അരുണും മാറുമായിരുന്നു.
(കോഴിക്കോട് വിവേക ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റും സൈക്യാട്രിക് വിഭാഗം മേധാവിയുമാണ് ലേഖകന്‍).
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: new gen professionals face stress from targets, they deserve support
Published: 07 Aug 2025, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented