
'ഭാര്യയെ എത്രസമയം നോക്കിനില്‍ക്കും?' ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം, ഞായറാഴ്ചയും വീട്ടിലിരിക്കേണ്ടതില്ല, രാവിലെ ഓഫീസിലെത്തി പതിവു ജോലികള്‍ ചെയ്തുകൊള്ളുക, ആഴ്ചയില്‍ ഒരു അവധിപോലും ആവശ്യമില്ല, എല്‍ ആന്‍ ടി ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്മണ്യത്തിന്റെ ഈ ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിയിച്ചിരിക്കുന്നത്. സ്വകാര്യകമ്പനികളിലെ കഠിനമായ വര്‍ക്ക് ടാസ്‌കുകള്‍ ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യം തകര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഒരു പ്രധാനപ്പെട്ട കമ്പനിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയില്‍ നിന്ന് ഇങ്ങനെയൊരു പ്രസ്താവന വന്നിരിക്കുന്നത്.
തൊഴിലാളികളുടെ മാനസികാരോഗ്യത്തെ അല്‍പംപോലും കണക്കിലെടുക്കാതെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്നു വ്യക്തം. അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ് പ്രസ്താവന. ഇ.വൈ. കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളിപ്പെണ്‍കുട്ടി അന്ന സെബാസ്റ്റ്യന്‍ പേരയില്‍ ജോലിഭാരം മൂലം മരിച്ചത് അടുത്തിടെയാണ്. എപ്പോഴും ജോലി ചെയ്യാനും ഓണ്‍ലൈനില്‍ എപ്പോഴും എവെയ്‌ലബിള്‍ ആവാനും ജീവനക്കാര്‍ തയ്യാറാവണമെന്ന നിര്‍ബന്ധം ഓണ്‍ലൈന്‍ മീഡിയയുടെ കാലത്ത് തൊഴിലുടമകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. വ്യക്തിജീവിതം ത്യജിക്കലാണ് ജോലിയില്‍ മേന്മ കാട്ടാനുള്ള വഴിയെന്ന ധാരണയാണ് കമ്പനികള്‍ ആളുകളില്‍ വളര്‍ത്തിയെടുക്കുന്നത്. പക്ഷേ, തൊഴിലും ജീവിതവും ബാലന്‍സ് ചെയ്യാനാവാതെ ജീവനക്കാര്‍ വലിയ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
സുബ്രഹ്മണ്യന്റെ വാക്കുകള്‍ക്കു സമാനമായിരുന്നു ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി നേരത്തേ നടത്തിയ പ്രസ്താവന. യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒല സ്ഥാപകന്‍ ഭവിഷ് അഗര്‍വാളും അതിനെ പിന്താങ്ങി.
തന്റെ ഭാര്യ വിസ്മയിപ്പിക്കുന്നവളാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനില്‍ക്കുന്നത് ഇഷ്ടമാണെന്നുമായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇതിനു നല്‍കിയ മറുപടി. ജോലിയുടെ അളവിലല്ല ഗുണനിലവാരത്തിലാണ് വിശ്വസിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം 90 മണിക്കൂര്‍ ജോലിയെന്ന ആവശ്യം തള്ളിക്കളഞ്ഞത് പ്രതീക്ഷാവഹമാണ്. അതോടൊപ്പം തന്നെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ തലവന്മാരും ഇക്കാര്യത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കി.
'അതെ ആനന്ദ് മഹീന്ദ്ര, എന്റെ ഭാര്യ നതാഷ പൂനാവാല പോലും ഞാന്‍ വണ്ടര്‍ഫുള്‍ ആണെന്ന് കരുതുന്നു, ഞായറാഴ്ചകളില്‍ എന്നെ നോക്കിയിരിക്കുന്നത് അവള്‍ ഇഷ്ടപ്പെടുന്നു.'- എന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാര്‍ പൂനാവാല ആന്ദ് മഹീന്ദ്രയെ പിന്തുണച്ചുകൊണ്ട് പറഞ്ഞത്. 90 മണിക്കൂര്‍ ജോലിയെ കളിയാക്കുകയായിരുന്നു അദ്ദേഹം.
എങ്കില്‍ പിന്നെ സണ്‍ഡേ എന്നത് 'സണ്‍ ഡ്യൂട്ടി' എന്നാക്കി മാറ്റിക്കൂടേ എന്നായിരുന്നു ആര്‍.പി.ജി. എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയുടെ പരിഹാസം. സ്മാര്‍ട്ട് ആയി ജോലിചെയ്യുന്നതിലാണ് വിജയമിരിക്കുന്നതെന്നും കൂടുതല്‍ സമയം ഓഫീസിലിരിക്കുന്നതിലല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ജോലിയും ജീവിതവും ബാലന്‍സ് ചെയ്യേണ്ടത് നമ്മുടെ തിരഞ്ഞെടുപ്പു പോലുമല്ലെന്നും അതൊരു ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മാരികോ ലിമിറ്റഡ് ചെയര്‍മാന്‍ ഹര്‍ഷ് മാരിവാലയ്ക്കും സമാനമായ അഭിപ്രായമാണുള്ളത്. ജോലിസമയം കൂട്ടുന്നുവെങ്കില്‍ ആ നിയമം ഏറ്റവും ഉന്നതതലത്തില്‍ നിന്ന് തുടങ്ങണമെന്നും അവിടെ അത് ഫലം കാണുമെങ്കില്‍ മാത്രം ജീവനക്കാരിലേക്ക് കൊണ്ടുവരണമെന്നുമാണ് ബജാജ് ഓട്ടോയുടെ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞത്.
ഗൗതം അദാനിയും ദീപികാ പദുകോണും
ലോകത്തെ തന്നെ വലിയ ബിസിനസ് സാമ്രാജ്യം ഭരിക്കുന്ന ഗൗതം അദാനിയും ഇതിനോട് യോജിക്കുന്നില്ല. ആരുടെയും ജോലി-ജീവിത ബാലന്‍സ് മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് അദാനിയുടെ പക്ഷം. കുടുംബത്തോടൊപ്പം നാല് മണിക്കൂര്‍ ചെലവഴിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നവരുണ്ടാകാം, മറ്റൊരാള്‍ക്ക് ഒരുപക്ഷേ അത് എട്ട് മണിക്കൂര്‍ ആയിരിക്കാം. ഓരോരുത്തരുടെയും ബാലന്‍സ് ഓരോ തരത്തിലാണ്. വ്യക്തിപരമായ സന്തോഷത്തിലും പ്രിയപ്പെട്ടവരുടെ ക്ഷേമത്തിലുമാണ് തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെ നിലനില്‍പ്പെന്നും അദാനി ഗ്രൂപ്പ് മേധാവി അഭിപ്രായപ്പെട്ടു.
ഷാദി ഡോട്‌കോം സ്ഥാപകനും സി.ഇ.ഒ.യുമായ അനുപം മീത്തലും സുബ്രഹ്മണ്യത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. ഭര്‍ത്താവും ഭാര്യയും പരസ്പരം നോക്കിയില്ലെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യയെങ്ങനെ തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസച്ചോദ്യം. ഷാര്‍ക് ടാങ്ക് ഇന്ത്യയുടെ നിക്ഷേപകരിലൊരാള്‍ കൂടിയാണ് അദ്ദേഹം.
ബോളിവുഡ് താരം ദീപിക പദുകോണും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും അടുത്തിടെ സുബ്രഹ്മണ്യനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഞെട്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നാണ് ദീപിക പറഞ്ഞത്.
വന്‍കിട സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന ഇത്തരം വിദ്യാസമ്പന്നര്‍ മാനസികാരോഗ്യവും മാനസികവിശ്രമവും ഗൗരവമായി എടുക്കുന്നില്ല, ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും സ്വയം തുറന്നുകാട്ടുകയും ചെയ്യുന്നത് സങ്കടകരവും അവിശ്വസനീയവും ഭയപ്പെടുത്തുന്നതുമാണെന്ന് ജ്വാല ഗുട്ട പറയുന്നു.
'ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു, അതിന് സാധിച്ചാല്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരിക്കും. കാരണം ഞാന്‍ ഞായറാഴ്ചകളില്‍ പണിയെടുക്കുന്നുണ്ട്, വീട്ടിലിരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങള്‍ ഭാര്യയെ നോക്കിയിരിക്കും? ഓഫീസില്‍ വന്ന് ജോലിയെടുക്കൂ.'-എന്നായിരുന്നു എസ്.എന്‍. സുബ്രഹ്മണ്യന്റെ പരാമര്‍ശം.
Content Highlights: work-life balance l and t chainrman sn subrahmanyan working hours
Published: 13 Jan 2025, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented