ദഹനം നടക്കുന്നത് വയറിലാണ് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ദഹനം തുടങ്ങുന്നത് വായിലാണ്. ഭക്ഷണം ചവയ്ക്കുന്നതാണ് ദഹനത്തിന്റെ ആദ്യ പടി. തുടക്കം പിഴച്ചാല്‍ പിന്നെല്ലാം തകിടം മറിയുമല്ലോ. അതുപോലെ ചവയ്ക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ ദഹനമാകെ അവതാളത്തിലാകും. ശരിയായ ചവയ്ക്കല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും ദന്താരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശരിയായി ചവയ്ക്കുന്നതെങ്ങനെ ?

1. കൈയിലോ സ്പൂണിലോ ഫോര്‍ക്കിലോ അമിതമായി ഭക്ഷണം എടുക്കരുത്. ചെറിയ അളവില്‍ മാത്രം ഭക്ഷണമെടുക്കുക

2. വായടച്ചുവേണം ചവയ്ക്കാന്‍. നാവ് ഇരുവശങ്ങളിലേക്കും ചലിക്കണം. താടിയെല്ല് ചെറുതായി ചലിപ്പിക്കണം.

3. 32 തവണയെങ്കിലും ഭക്ഷണം ചവയ്ക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. മാംസം, നട്സ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ 40 തവണ വരെ ചവയ്ക്കണം. തണ്ണിമത്തന്‍ പോലെ മൃദുവും ജലാംശമുള്ളതുമായ ഭക്ഷണങ്ങള്‍ക്കിത് 10-15 തവണ മാത്രം മതിയാകും.

4. ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായി, തരികള്‍ ഇല്ലാതായാല്‍ മാത്രം വിഴുങ്ങുക.

5. ചവയ്ക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വിഴുങ്ങിയതിന് ശേഷം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കുന്നു.

ശരിയായി ചവയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

1. മികച്ച ദഹനവും കുടലിന് കുറഞ്ഞ ആയാസവും- ചവയ്ക്കുന്നത് ഭക്ഷണത്തെ ആമാശയത്തിന് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള കഷണങ്ങളാക്കി മാറ്റുന്നു. ഇത് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ജോലിഭാരം കുറയ്ക്കും.

2. പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് വര്‍ധിക്കുന്നു- ഉമിനീരില്‍ അടങ്ങിയിട്ടുള്ള ദഹനരസങ്ങള്‍ കൊഴുപ്പുകളെയും മറ്റ് പോഷകങ്ങളെയും വിഘടിപ്പിക്കാന്‍ തുടങ്ങുന്നു. നന്നായി ചവയ്ക്കുന്നത് പ്രോട്ടീനുകളെ ശരിയായി വിഘടിപ്പിച്ച് വളര്‍ച്ചയ്ക്കും, കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും, ഊര്‍ജ്ജത്തിനും ആവശ്യമായ അമിനോ ആസിഡുകളാക്കി മാറ്റുന്നു. കൂടാതെ വിറ്റാമിനുകളും ധാതുക്കളും നന്നായി ആഗിരണം ചെയ്യാനും സഹായിക്കുന്നു.

3. ശരീരഭാര നിയന്ത്രണം- സാവധാനത്തില്‍ ചവയ്ക്കുന്നത്, വയറ് നിറഞ്ഞെന്ന സന്ദേശം തലച്ചോറിലെത്താന്‍ ആവശ്യമായ സമയം നല്‍കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം കുറയ്ക്കാനും ഭക്ഷണത്തില്‍ സംതൃപ്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

4. മെച്ചപ്പെട്ട ദന്താരോഗ്യം-ചവയ്ക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് ഭക്ഷണാവശിഷ്ടങ്ങളെ കഴുകിക്കളയുകയും ആസിഡുകളെ നിര്‍വീര്യമാക്കുകയും ചെയ്ത് വായിലെ പി.എച്ച് (pH) സന്തുലിതമാക്കുന്നു. പല്ലുകള്‍ക്ക് ധാതുക്കള്‍ തിരികെ നല്‍കാന്‍ സഹായിക്കുന്നതിനൊപ്പം പ്ലാക്ക് (plaque) അടിഞ്ഞുകൂടുന്നതും ദന്തക്ഷയവും കുറയ്ക്കുന്നു.

5. മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രകടനത്തിനുമുള്ള ഗുണങ്ങള്‍- മെച്ചപ്പെട്ട ദഹനം ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നു. കായിക പ്രകടനം,  മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിച്ചേക്കാം.

ഭക്ഷണം ശരിയായി ചവച്ചില്ലെങ്കില്‍ ഉണ്ടാകുന്ന
ആരോഗ്യപ്രശ്‌നങ്ങള്‍

നന്നായി ചവച്ചില്ലെങ്കില്‍ ദഹനവ്യവസ്ഥ ആകെ കുഴപ്പത്തിലാകും. ഭക്ഷണം വലിയ കഷണങ്ങളായി ആമാശയത്തിലെത്തുകയും ആവശ്യമായ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇത് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും:

1.ദഹനപരമായ പ്രശ്‌നങ്ങള്‍

  • ദഹനക്കേട്
  • വയറുവീര്‍പ്പ്
  • ഗ്യാസ്
  • വയറുവേദന
  • വയറിളക്കം
  • നെഞ്ചെരിച്ചില്‍
  • ആസിഡ് റിഫ്‌ലക്‌സ്
  • ഓക്കാനം

2.മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍
തലവേദന
അസ്വസ്ഥത
ചര്‍മ്മപ്രശ്‌നങ്ങള്‍
ശ്വാസംമുട്ടല്‍
ആസ്പിരേഷന്‍ (ഭക്ഷണം ശ്വാസനാളത്തില്‍ പ്രവേശിക്കുന്നത്)
പോഷകാഹാരക്കുറവ് (പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യാത്തത്)

നിര്‍ജ്ജലീകരണം

ഭക്ഷണം ശരിയായി വിഘടിക്കാത്തപ്പോള്‍, പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ശരീരത്തിന് പ്രയാസമുണ്ടാകുന്നു. ഇത് ഊര്‍ജ്ജക്കുറവിനും മോശം ആരോഗ്യത്തിനും കാരണമാകുന്നു.