36 വയസ്സ് മാത്രം പ്രായമുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍. രസകരമായ ജോലിക്കൊപ്പം പൊതുപ്രവര്‍ത്തനവും എല്ലാംകൂടി ആസ്വാദ്യകരമായ ജീവിതം. അതിനിടയിലേക്കാണ് സമ്മതമില്ലാതെ കടന്നു വന്ന അതിഥിയെപ്പോലെ രാജേഷ്മാഷിന്റെ വലത് കാല്‍തുടയിലേക്ക് ആ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നത്. വേദനയൊന്നുമില്ലാത്തതിനാല്‍ ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലിയുടെ ഭാഗമായി പേശി തടിച്ചതോ മറ്റോ ആണെന്ന് കരുതി മാഷ് അതിനെ അവഗണിച്ചു. ആഴ്ചകള്‍ പിന്നിട്ടിട്ടും കുറവില്ലാതായപ്പോഴാണ് അദ്ദേഹം ഒരു ജനറല്‍ സര്‍ജനെ സന്ദര്‍ശിച്ചത്.

To advertise here,

ഡോക്ടര്‍ മിടുക്കനായിരുന്നു. കാന്‍സറിന്റെ സാധ്യത പരിഗണിച്ച അദ്ദേഹം മാഷിനെ നേരെ ഞങ്ങളുടെ അരികിലേക്ക് വിട്ടു. എം ആര്‍ ഐ പരിശോധനയില്‍ ആഴത്തില്‍ സാന്നിധ്യമറിയിച്ച മുഴ തിരിച്ചറിഞ്ഞു. ബയോപ്സി പരിശോധനാഫലം അദ്ദേഹം കേള്‍ക്കാനാഗ്രഹിക്കാത്തതുതന്നെ. സോഫ്റ്റ് ടിഷ്യു സര്‍കോമ. ശസ്ത്രക്രിയ തന്നെയായിരുന്നു പ്രധാന ചികിത്സ. സമയം പാഴാക്കാതെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഴ പൂര്‍ണ്ണമായി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം റേഡിയോതെറാപ്പി. മൂന്ന് മാസത്തിനകം അദ്ദേഹം ആരോഗ്യമുള്ള ജീവിതത്തിലേക്കും തൊഴിലിലേക്കും തിരികെയെത്തി.
എന്താണ് സോഫ്റ്റ് ടിഷ്യു സര്‍ക്കോമ (എസ്. ടി. എസ്)?
ശരീരത്തിലെ മൃദുകോശങ്ങളെ ബാധിക്കുന്ന അപൂര്‍വയിനം കാന്‍സറാണ് സോഫ്റ്റ് ടിഷ്യു സര്‍ക്കോമ. ഞരമ്പുകള്‍, പേശികള്‍, സന്ധികള്‍, കൊഴുപ്പ്, രക്തക്കുഴലുകള്‍, ടെന്റണുകള്‍, സന്ധികളുടെ ലൈനിങ്ങുകള്‍ തുടങ്ങിയവയെ ആണ് ഇത് പ്രധാനമായും ബാധിക്കുന്നത്. പൊതുവെ കാന്‍സറുകളില്‍ ഒരുശതമാനത്തില്‍ താഴെ മാത്രമാണ് എസ്.ടി.എസ് കാണപ്പെടുന്നത്. കൈകള്‍, കാലുകള്‍, ഉദരഭാഗം എന്നിവിടങ്ങളില്‍. അപൂര്‍വ വിഭാഗത്തില്‍പെടുന്നതിനാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചുള്ള അവബോധം കുറവാണ്. അതുകൊണ്ടുതന്നെ നേരത്തെ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും കൂടുതലാണ്.

50ല്‍ അധികം വിഭാഗങ്ങളിൽപ്പെടുന്ന എസ്.ടി.എസ് ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഇവ ഓരോന്നിനുമുള്ള ചികിത്സയും വ്യത്യസ്തമാണ്. ലിപ്പോസര്‍ക്കോമ, ലൈയോമയോസര്‍ക്കോമ, സൈനോവിയല്‍ സര്‍ക്കോമ, ആന്‍ജിയോസര്‍ക്കോമ തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.
എസ്.ടി.എസ് ചികിത്സയിലെ പ്രധാന വെല്ലുവിളി
തുടക്കത്തില്‍തന്നെ വേദനയില്ലാത്ത മുഴ കാണപ്പെടുന്നതിനാല്‍ മഹാഭൂരിഭാഗം പേരും ആദ്യം ജനറല്‍ സര്‍ജനെ സന്ദര്‍ശിക്കുന്നതാണ് പതിവ്. സ്വാഭാവികമായും മുഴ നീക്കുന്ന ശസ്ത്രക്രിയ നിര്‍വ്വഹിക്കപ്പെടും. പിന്നീടാണ് ഇത് എസ്.ടി.എസ് ആണെന്ന് തിരിച്ചറിയപ്പെടുക. ഇത്തരം ഘട്ടങ്ങളില്‍ മുഴനീക്കം ചെയ്തുവെങ്കിലും അതിനോട് ചേര്‍ന്നുള്ള മൃദുകോശങ്ങളില്‍ കാന്‍സറിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ ഇത് മറ്റെവിടേക്കെങ്കിലും പടര്‍ന്ന് പോകാനുള്ള സാധ്യതയുമുണ്ട്. മുഴ നീക്കം ചെയ്ത ശേഷം എസ്.ടി.എസ് ആണെന്ന് തിരിച്ചറിയുകയും ഞങ്ങളുടെ അരികില്‍ ചികിത്സ തേടിയെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെല്ലുവിളി പതിന്മടങ്ങാകും. നീക്കം ചെയ്ത ഭാഗത്തെ വലിയ മുറിവ് മാത്രമാണ് രോഗിയില്‍ അവശേഷിക്കുന്നത്. ഇതില്‍ നിന്നും കാന്‍സര്‍ കോശങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ? എവിടേക്കെങ്കിലും പടര്‍ന്നോ എന്നൊക്കെ മനസ്സിലാക്കുക വെല്ലുവിളിയാണ്. നേരെ മറിച്ച് മുഴ ഉണ്ടെന്ന് മനസ്സിലാക്കിയ ഉടന്‍ കാന്‍സര്‍ സര്‍ജന്റെ അരികിലെത്തുകയാണെങ്കില്‍ എംആര്‍ഐ യിലൂടെയും മറ്റും കൃത്യമായി തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നല്‍കിയാല്‍ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ ബാക്കിയാവാനുള്ള സാധ്യതകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിക്കും. ഇത് രോഗിക്ക് പതിന്മടങ്ങ് ഗുണം ചെയ്യുമെന്നതാണ് അനുഭവം.


കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍

  • എസ്.ടി.എസിന്റെ യഥാര്‍ഥ കാരണം കൃത്യമായി ചൂണ്ടിക്കാണിക്കുക എളുപ്പമല്ല. പല ഘടകങ്ങള്‍ ഈ രോഗാവസ്ഥയിലേക്ക് നയിക്കാന്‍ കാരണമാകുന്നവയുണ്ട്.
  • ലൈ-ഫ്രൊമേനി സിന്‍ഡ്രോം, ന്യൂറോഫൈബ്രോമറ്റോസിസ്, ഫമിലിയല്‍ റെറ്റിനോബ്ലാസ്റ്റോമ തുടങ്ങിയ ജനിതകപരമായ തകരാറുകളുള്ളവര്‍.
  • മറ്റുള്ള കാന്‍സറുകള്‍ക്ക് നേരത്തെ റേഡിയേഷന്‍ ചെയ്തവര്‍.
  • വിനൈല്‍ ക്ലോറൈഡ്, ഹെര്‍ബിസൈഡ്സ് മുതലായ രാസപദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍.
  • കാന്‍സര്‍ ചികിത്സയ്ക്കോ ശസ്ത്രക്രിയയ്ക്കോ ശേഷം വീക്കം (ലിംഫിഡിമ) കാണപ്പെടുന്നവര്‍.
  • മുകളില്‍ പറഞ്ഞവര്‍ക്ക് രോഗസാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും കൂടുതല്‍ പേരിലും എന്താണ് യഥാര്‍ഥ കാരണം എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

ലക്ഷണങ്ങളും രോഗനിര്‍ണ്ണയവും

  • 5 സെന്റിമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള മുഴകളാണ് പ്രധാനമായും ലക്ഷണമായി കാണപ്പെടുന്നത്. തുടക്കത്തില്‍ വലിയ വേദനയൊന്നുമുണ്ടാകില്ലെങ്കിലും കാലക്രമേണ വേദന അധികരിച്ച് വരും. മുഴ ആഴത്തില്‍ വേരുറപ്പിക്കുകയോ വേഗത്തില്‍ വളരുകയോ ചെയ്യുന്നവയായിരിക്കും. ഞരമ്പുകളേയും അവയവങ്ങളേയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ അവയുടെ പ്രവര്‍ത്തനവും തകരാറിലാകും.
  • രോഗനിര്‍ണ്ണയത്തിന് പ്രധാനമായും ആശ്രയിക്കുന്നത് എംആര്‍ഐ, സി ടി സ്‌കാനിങ് എന്നിവയാണ്. തുടര്‍ന്ന് ബയോപ്സിയിലൂടെ കാന്‍സറിന്റെ ടൈപ്പും ഗ്രേഡും നിര്‍ണ്ണയിക്കും.

ചികിത്സ
മുഴയുടെ വിഭാഗം, വലുപ്പം, ഗ്രേഡ്, ബാധിച്ചിരിക്കുന്ന ശരീരഭാഗം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ചികിത്സ നിര്‍ണ്ണയിക്കപ്പെടുന്നത്. ഇനി പറയുന്നവയാണ് പ്രധാന ചികിത്സാമാര്‍ഗ്ഗങ്ങള്‍.

ശസ്ത്രക്രിയ: എസ്.ടി.എസ് ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ശസ്ത്രക്രിയയാണ്. രോഗത്തിന്റെ സാന്നിധ്യമുള്ള മൃദുകോശങ്ങള്‍ ഉള്‍പ്പെടെ മുഴ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് ശസ്ത്രക്രിയയിലൂടെയാണ്. തുടര്‍ന്ന് (ചിലപ്പോള്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പും) റേഡിയേഷന്‍ തെറാപ്പി നല്‍കേണ്ടി വരും. ചില സാഹചര്യങ്ങളില്‍ കീമോതെറാപ്പിയും ആവശ്യമായി വരും. രോഗത്തിന്റെ പുരോഗതിയും തീവ്രതയും സ്വഭാവവുമനുസരിച്ച് ചിലരില്‍ ടാര്‍ജറ്റഡ് തെറാപ്പിയും ഇമ്യൂണോതെറാപ്പിയും ആവശ്യമായി വരാറുണ്ട്.

കയ്യിലും, കാലിലും വയറിലുമൊക്കെ രോഗവുമായി ധാരാളം പേര്‍ ചികിത്സയ്ക്കായി എത്തിച്ചേരാറുണ്ട്. ഇവരില്‍ ഓപ്പറേഷനും റേഡിയേഷനും കീമോതെറാപ്പിയും ടാര്‍ജറ്റഡ് തെറാപ്പിയുമൊക്കെ ആവശ്യത്തിനനുസരിച്ച് ചെയ്യും. എന്നാല്‍ അപൂര്‍വ്വമായി ചില കേസുകളില്‍ മുഴകൾ ചികിത്സിക്കാതെ വെച്ച് വലുതാവുകയും അസ്ഥിയിലും രക്തക്കുഴലിലുമൊക്കെ പടര്‍ന്ന് പിടിക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഴകളോടൊപ്പം ചിലരില്‍ രക്തക്കുഴലും എടുത്ത് കളയേണ്ടതായി വരും. ഈ സന്ദര്‍ഭങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മറ്റൊരു രക്തക്കുഴല്‍ സ്വീകരിച്ച് ഇവിടെ വെച്ചുപിടിപ്പിക്കേണ്ടതായും വരാറുണ്ട്.
എന്ത് ചെയ്യാന്‍ സാധിക്കും?
ശരീരത്തില്‍ ഏതെങ്കിലും മുഴകള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും ഇത് കാന്‍സര്‍ മുഴയാണോ എന്ന് ആശങ്കപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. യഥാര്‍ഥത്തില്‍ അത്തരത്തില്‍ ഒരു ആശങ്ക ആവശ്യമില്ല. നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന മുഴകളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ കാന്‍സര്‍ മുഴകളാകുന്നുള്ളൂ. ബാക്കി 90 ശതമാനത്തോളം മുഴകളും ഭയപ്പെടേണ്ടവയല്ല. ഇവ കൂടുതലായും ലൈപ്പോമ എന്നറിയപ്പെടുന്ന കൊഴുപ്പടിഞ്ഞ് കൂടുന്ന മുഴകളോ ന്യൂറോഫൈബ്രോമ എന്ന ധമനികളില്‍ കാണപ്പെടുന്ന മുഴകളോ ആകാം. ഇവയൊന്നും കാന്‍സര്‍ അല്ല എന്ന് മാത്രമല്ല ഭാവിയില്‍ കാന്‍സറായി മാറാന്‍ സാധ്യതയുള്ളവയുമല്ല. എങ്കിലും ഇത്തരത്തില്‍ മുഴകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ കാന്‍സറല്ല എന്ന് ഉറപ്പ് വരുത്തുക തന്നെവേണം. ഇതിന് ഓങ്കോളജിസ്റ്റിനെയോ ഓങ്കോ സര്‍ജനെയോ സന്ദര്‍ശിക്കുന്നത് തന്നെയാണ് നല്ലത്. അഥവാ കാന്‍സര്‍ ആണെങ്കില്‍ ഓങ്കോ സര്‍ജന്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് മുഴ നീക്കം ചെയ്യണം. ഫസ്റ്റ് സര്‍ജറി ഈസ് ദ ബെസ്റ്റ് സര്‍ജറി എന്ന തത്വം ഓര്‍ക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi