ഫിറ്റ്നെസിലും ഡയറ്റിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് താരമാണ് ജോണ്‍ എബ്രഹാം. പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലബാദിയയുമായുള്ള സംഭാഷണത്തില്‍, നടന്‍ തന്റെ ഫിറ്റ്നെസ്സ് രഹസ്യങ്ങള്‍ പങ്കുവെച്ചിരുന്നു.

''യുവതലമുറയോട് എനിക്ക് ഒരു കാര്യം മാത്രമേ പറയാനുളളു, മയക്കുമരുന്ന് ഉപയോഗിക്കരുത്. രണ്ടാമതായി, നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ഏത് പദാര്‍ത്ഥമായാലും, അത് നിയന്ത്രിതമായി മാത്രം ഉപയോഗിക്കുക. എങ്കിലും വര്‍ഷത്തിലൊരിക്കല്‍, ആഘോഷവേളകളിലും മറ്റും ഒരു അല്‍പ്പം ഷാംപെയ്ന്‍ കഴിക്കുന്നത് എനിക്കിഷ്ടമാണ്. എന്നാല്‍ അച്ചടക്കം വളരെ പ്രധാനമാണ്. ഞാന്‍ എല്ലാ ദിവസവും ജിമ്മില്‍ പോകും. ഇത് ഞാന്‍ 34 വര്‍ഷമായി തുടരുന്നു,'' താരം പറഞ്ഞു.

“കാജു കട്ലി അദ്ദേഹത്തിന് വളരെയിഷ്ടമാണ്. 30 വര്‍ഷമായി അദ്ദേഹം ഫിറ്റ്നെസിന്റെ പേരില്‍ അത് കഴിച്ചിട്ടില്ല. ഫിറ്റനെസിന്റെ കാര്യത്തില്‍ അദ്ദേഹം പിന്തുടരുന്ന രീതി വിസ്മയിപ്പിക്കുന്നതാണ്” എന്ന് ജോണിന്റെ ഫിറ്റ്നെസിനെ കുറിച്ച് നടന്‍ രോഹിത് റോയി ഒരു പോഡ്കാസ്റ്റ് പരിപാടിയില്‍ പറഞ്ഞിരുന്നു.

ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ജോണ്‍, താന്‍ മധുരം കഴിക്കാറില്ലെന്നും, ഒരു ദിവസം പോലും വ്യായാമം മുടക്കാറില്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ട്.

സിനിമയെ മാത്രം ഉപജീവനമാക്കാതെ, നിക്ഷേപങ്ങളിലൂടെ തന്റെ സമ്പത്ത് സുരക്ഷിതമാക്കിയ ബോളിവുഡ് താരമാണ് ജോണ്‍ എബ്രഹാം. മുംബൈയിലെ പ്രധാന ഇടങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സമ്പത്തുകള്‍ക്ക് പുറമേ, ജെഎ എന്റര്‍ടൈന്‍മെന്റ് എന്ന പ്രൊഡക്ഷന്‍ ഹൗസ്, ഫുട്‌ബോള്‍ ക്ലബ്, റേസിംഗ് ടീം എന്നിവയുള്‍പ്പെടെ വിവിധ ബിസിനസ് സംരംഭങ്ങളില്‍ ജോണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്റെ പ്രധാന വസതി മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള 'വില്ല ഇന്‍ ദി സ്‌കൈ' എന്ന സീ വ്യൂ പെന്റ്ഹൗസാണ്. താരത്തിന് 251 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെഹ്റാന്‍, ഡിപ്ലോമാറ്റ് എന്നിവയാണ് ജോണിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആക്ഷന്‍ ചിത്രമായ ‘താരിഖ്’ ആണ് അടുത്തതായി റീലീസിനൊരുങ്ങുന്ന ചിത്രം. ഷാരൂഖ് ഖാൻ ചിത്രം ‘പത്താനി’ലും, ജോൺ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi